ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങൾ: ഒരു വിശകലനം
ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങൾ: ഒരു വിശകലനം
പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര
കൊട്ടിഘോഷിക്കപ്പെടുന്ന മിഷൻ പ്രവർത്തനങ്ങളും റിപ്പോർട്ടുകളും ഇന്ന് ഇന്ത്യയിലെ മിഷന് ഗുണത്തെക്കാൾ ഏറെ ദോഷം വരുത്തിവെക്കുന്നു എന്നത് നാം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. മറ്റേതൊരു കാലഘട്ടത്തെക്കാളും വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും നടുവിലൂടെയാണ് ഇന്ന് ഇന്ത്യൻ സഭ കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ മിഷൻ പ്രവർത്തനങ്ങളെ ആത്മപരിശോധനയുടെ വെളിച്ചത്തിൽ വിലയിരുത്തേണ്ടത് അനിവാര്യമാണ്. “മീറ്റിംഗ് വേണോ… ഞങ്ങൾ റെഡി!”
കഴിഞ്ഞ ഒരു ഒറിസ്സ യാത്രയിൽ എന്നെ കാണാനായി തദ്ദേശീയരായ ചില സഭാനേതാക്കൾ എത്തി. പരിചയമില്ലാത്ത അവരുടെ ആഗമനോദ്ദേശ്യം എന്താണെന്ന് ആദ്യം മനസ്സിലായില്ല. സംസാരത്തിനൊടുവിൽ അവർ ചോദിച്ചു:
“സാർ, എത്ര വലിയ മീറ്റിംഗാണ് താങ്കൾക്ക് വേണ്ടത്? പതിനായിരങ്ങൾ പങ്കെടുക്കുന്ന മീറ്റിംഗുകൾ നടത്തി പരിചയമുള്ളവരാണ് ഞങ്ങൾ. എത്ര ആളെ വേണമെങ്കിലും പറഞ്ഞാൽ മതി. ഞങ്ങൾ റെഡിയാണ്.”
കൂടുതൽ വിശദമായി അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. നൂറു മുതൽ പതിനായിരങ്ങൾ വരെ ആളുകളെ വിവിധ സമ്മേളനങ്ങൾക്കായി സംഘടിപ്പിച്ചു നൽകുന്ന സംഘമാണവർ. പറയുന്ന സ്ഥലത്ത് ആളെക്കൂട്ടി മീറ്റിംഗ് ഒരുക്കിക്കൊടുക്കും. അതിനാവശ്യമായ തുക നൽകിയാൽ മതി. ഞാൻ അവരോട് പറഞ്ഞു: “എനിക്ക് മീറ്റിംഗുകൾ ഒന്നും വേണ്ട. നിങ്ങളുടെ സഭയിൽ മീറ്റിംഗ് ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ; അതിനെക്കുറിച്ച് ആലോചിക്കാം.” അൽപസമയത്തിനുശേഷം അവർ നിശ്ശബ്ദമായി മടങ്ങി.
ഇവരാണ് പലപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന വലിയ മീറ്റിംഗുകളുടെ അണിയറ പ്രവർത്തകർ. തരാതരം പോലെ ബോർഡ് മാറ്റുന്നവർ പല സംഘടനകളുടെയും ബോർഡുകൾ മാറിമാറി ഉപയോഗിച്ച് പണം സമാഹരിക്കുന്നത് ഇന്ന് ഒരു പ്രവണതയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏത് സംഘടനയുടെ പേരിലായാലും ആളുകളെ എത്തിച്ചുകൊടുക്കാം; ചെറിയൊരു “അഡ്ജസ്റ്റ്മെന്റ്” മതി—ഫോട്ടോ എടുക്കാനായാൽ മതി എന്ന സമീപനവും വർദ്ധിച്ചുവരുന്നു.
വടക്കേ ഇന്ത്യൻ മിഷനുവേണ്ടി പലരും നൽകുന്ന സഹായം 1000, 2000, 3000 രൂപയൊക്കെയാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഒരു ഗ്യാസ് സിലിണ്ടറിന്റെ വില തന്നെ ഏകദേശം 1000 രൂപയാണ്.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പോലും കഴിയാതെ വിഷമിക്കുന്ന സുവിശേഷകർക്ക് പലപ്പോഴും സഹായം തേടി അലയേണ്ടി വരുന്ന സാഹചര്യം സൃഷ്ടിച്ചതിൽ നമ്മുടെ പങ്കും നിഷേധിക്കാനാവില്ല.
അവരോട് “ജോലി ചെയ്ത് ജീവിച്ചുകൂടെ?” എന്ന് ചോദിക്കുന്നവർ ഒരു കാര്യം ഓർക്കണം. “വലയും പടകും വിട്ട് എന്നെ അനുഗമിക്കൂ” എന്ന ആഹ്വാനം നൽകിയതും നാം തന്നെയല്ലേ?
എന്തെങ്കിലും ഒരു വരുമാനമാർഗം കണ്ടെത്താൻ അവർ ശ്രമിച്ചാൽ അത് ശുശ്രൂഷാവിരുദ്ധമാണെന്ന മനോഭാവം ഇന്നും കേരളത്തിലെ ചില ഇടങ്ങളിൽ നിലനിൽക്കുന്നു.
അമേരിക്കയിൽ ഒരു പാസ്റ്റർ ബിസിനസ് നടത്തിയാലും റിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചാലും അത് സ്വീകാര്യമാണ്. എന്നാൽ ഇന്ത്യയിൽ അതേ കാര്യം വലിയ പാപമായി കണക്കാക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
ഇരട്ടത്താപ്പുകളും പ്രഹസനങ്ങളും വർദ്ധിച്ചുവരുന്നുവെന്നതാണ് യാഥാർഥ്യം.
ഫേസ്‌ബുക്കിലും റിപ്പോർട്ടിലും മാത്രം ഒതുങ്ങുന്നവർ ഇന്ന് സോഷ്യൽ മീഡിയ പലപ്പോഴും പ്രഹസനങ്ങളുടെ വേദിയായി മാറിയിരിക്കുന്നു. ഫോട്ടോയ്ക്കുവേണ്ടി മാത്രം സംഘടിപ്പിക്കപ്പെടുന്ന “മിഷൻ ട്രിപ്പുകളുടെ” എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
അതുമാത്രമല്ല, സഭയിലെ ആരാധനയും അന്യഭാഷാ ശുശ്രൂഷകളും ഉൾപ്പെടെ പല വിശുദ്ധ നിമിഷങ്ങളും ലൈവിലൂടെ പ്രദർശിപ്പിക്കുന്ന പ്രവണതയും വ്യാപകമാകുന്നു. കള്ളപ്രവചനങ്ങളും പണപ്പിരിവുകളും തമ്മിലടികളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ലൈക്കുകളും കാഴ്ചക്കാരെയും നേടാൻ ശ്രമിക്കുന്നവർ ഒരു കാര്യം ഓർക്കണം—ഇതിലൂടെ നാം ദൈവനാമത്തെ മഹത്വപ്പെടുത്തുകയല്ല, മറിച്ച് ദുഷിപ്പിക്കുകയാണ്.
പെരുപ്പിച്ച കണക്കുകളും ഊതിവീർപ്പിച്ച ബജറ്റുകളും വീഡിയോകളാക്കി വിദേശരാജ്യങ്ങളിൽ പ്രചരിപ്പിക്കുന്നത്, “പന്നികളുടെ മുമ്പിൽ മുത്ത് ഇടുന്നത്” പോലെയാണെന്നത് മറക്കരുത്. പ്രവചനത്തിന്റെയും രോഗശാന്തിയുടെയും പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല വീഡിയോകളും വചനവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമാണ്.
“ന്യൂജെൻ” എന്ന പേരിൽ നടക്കുന്ന പല ആരാധനകളിലും പ്രത്യാശയ്ക്കു പകരം ശാപവും ഭയവും വിപത്തുമാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇത്തരം പ്രവണതകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അതേസമയം, വചനത്തിനും ദൈവിക സാന്നിധ്യത്തിനും പ്രാധാന്യം നൽകുന്ന, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ചില ന്യൂജെൻ സഭകളും ശുശ്രൂഷകളും ഉണ്ടെന്ന കാര്യം മറക്കുന്നതുമല്ല.
കണ്ണടച്ച് ഇരുട്ടാക്കുന്നവർ…
1999-ൽ ഞാൻ പഠിച്ചിരുന്ന സെമിനാരിയിൽ തിരുവത്താഴ ശുശ്രൂഷയിൽ ആദ്യമായി എല്ലാവർക്കും പ്രത്യേകം കപ്പുകൾ ഉപയോഗിച്ച സമയമാണ്.
550-ലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ആ സെമിനാരിയിലെ ഏകദേശം 60 ശതമാനം പേരും തിരുവത്താഴത്തിൽ പങ്കെടുത്തില്ല. കാരണം, “ഒരേ കപ്പിൽ നിന്നു മാത്രമേ കുടിക്കാവൂ” എന്ന് വചനം പറയുന്നു എന്നായിരുന്നു അവരുടെ വാദം.
എന്നാൽ കോവിഡ് മഹാമാരി വന്നതോടെ എല്ലായിടത്തും ഓരോരുത്തരുടെയും കയ്യിൽ അപ്പവും കപ്പും എത്തി. പിന്നീട് അപ്പവും വീഞ്ഞും ഒരുമിച്ച് പായ്ക്ക് ചെയ്ത രീതിയും പ്രചാരത്തിലായി.
ഉപദേശങ്ങൾ അല്ലാത്ത പല കാര്യങ്ങളെയും ഉപദേശങ്ങളുടെ തലത്തിലേക്ക് ഉയർത്തിയതാണ് നമ്മുടെ വലിയ തെറ്റുകളിൽ ഒന്ന്.
ഒരു കാലത്ത് ടെലിവിഷനെതിരെ പ്രസംഗിച്ചവർ…
പാന്റിനും ചുരിദാറിനും എതിരെ പ്രസംഗിച്ചവർ…
ഇങ്ങനെ വിഷയങ്ങളുടെ പട്ടിക നീളുന്നു.
അറിവില്ലായ്മയും ബോധക്കേടും കൂടിച്ചേർന്നപ്പോൾ ഉപദേശങ്ങളുടെ സ്ഥാനത്ത് മനുഷ്യാഭിപ്രായങ്ങൾ കടന്നുവന്നതാണ് പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം.
ഇനിയെങ്കിലും അനാവശ്യമായ തമ്മിലടികൾ അവസാനിപ്പിച്ച്, ഐക്യത്തിനും ദൈവവചനത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വ്യത്യസ്തതകൾ നിറഞ്ഞ നമ്മുടെ ഭാരതം. നമ്മുടെ ഭാരതം വ്യത്യസ്തതകളുടെ മഹാസമുദ്രമാണ്.
കഴിഞ്ഞ ഒരു യാത്രയിൽ ഒറിസ്സയിലെ ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ മൂന്നു നേരവും പച്ചരിച്ചോറും പരിപ്പുകറിയും അരിഞ്ഞ സവാളയുമായിരുന്നു ഭക്ഷണം. അരുണാചലിൽ എത്തിയപ്പോൾ മറ്റൊരു അനുഭവം. ഒരു പാത്രത്തിൽ പുഴുങ്ങിയ ചിക്കൻ; അടുത്ത പാത്രത്തിൽ മുളകും ഇഞ്ചിയും അല്പം ഉപ്പും. ഓരോരുത്തരും ആവശ്യത്തിന് ചേർത്ത് കഴിക്കുന്ന രീതിയായിരുന്നു അവിടെ.
വേഷവിധാനവും ജീവിതശൈലിയും സംസ്കാരവും എല്ലാം ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. അതിനാൽ പുറമേയുള്ള മാറ്റങ്ങളെക്കാൾ മനുഷ്യരുടെ ഹൃദയരൂപാന്തരത്തിനാണ് നാം പ്രാധാന്യം നൽകേണ്ടത്. കിണ്ടികളുടെയും കിണ്ണങ്ങളുടെയും പുറം വൃത്തിയാക്കുന്നതിലും ശവകല്ലറകൾക്ക് വെള്ള പൂശുന്നതിലും സമയം ചെലവഴിക്കുന്നതിനേക്കാൾ ആത്മീയജീവിതത്തിന്റെ ആഴത്തിലേക്ക് നാം ശ്രദ്ധ തിരിക്കണം.
ആധുനികതയുടെ സ്പർശം പോലും ലഭിക്കാത്ത കാലഘട്ടത്തിൽ ഇന്ത്യയിൽ എത്തി സുവിശേഷത്തിന്റെ വിത്ത് വിതച്ച മിഷനറിമാരുടെ ഓർമ്മയ്ക്കു മുമ്പിൽ നാം ആദരവോടെ തലകുനിക്കണം.
അവർ വിതച്ച വചനത്തിന്റെ വിത്തുകളാണ് ഇന്ന് ഇന്ത്യയിലെ അനേകം ഗ്രാമങ്ങളിൽ ഫലം കായ്ക്കുന്നത്. കർത്താവിനുവേണ്ടി ഉറച്ചുനിൽക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്നും ഇന്ത്യൻ ഗ്രാമങ്ങളിലുണ്ട്. ഈ രാജ്യത്ത് ഒരു മതത്തെയോ വിശ്വാസത്തെയോ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം ഒരിക്കലും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്.
പീഡനങ്ങൾ തുടരുന്നു…
കഴിഞ്ഞ ഒരു യാത്രയിൽ മധ്യപ്രദേശിലെ ബേത്തുൽ (Betul) എന്ന സ്ഥലത്ത് എത്തിയത് പുതുതായി തർജ്ജിമ ചെയ്ത ഒരു പ്രത്യേക ഭാഷയിലുള്ള ബൈബിളിന്റെ പ്രകാശനച്ചടങ്ങിനായിരുന്നു.
ക്ഷണിക്കപ്പെട്ടത് നൂറ് പേരെയായിരുന്നു. എന്നാൽ പങ്കെടുത്തത് വെറും 22 പേർ.
അവർ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. മീറ്റിങ്ങുകൾ പരസ്യമായി നടത്താൻ കഴിയാത്തതിനാൽ പ്രാർഥനാ യോഗങ്ങളും ആരാധനകളും പലപ്പോഴും രഹസ്യമായാണ് നടക്കുന്നത്.
മീറ്റിങ്ങുകൾക്കോ പ്രാർഥനയ്‌ക്കോ പോകുന്നത് കണ്ടാൽ പിടികൂടി കുറ്റം ചുമത്തി ജയിലിലടക്കുന്നത് പല സ്ഥലങ്ങളിലും പതിവാണ്. 90-ലധികം വിശ്വാസികൾ ജയിലിൽ കഴിയുകയാണ്. അവരെ പുറത്തിറക്കുന്നതിനുള്ള സംവിധാനങ്ങൾ പോലും പലപ്പോഴും ലഭ്യമല്ല.
തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക, വ്യക്തികളെയും സഭകളെയും സ്ഥാപനങ്ങളെയും ആക്രമിക്കുക, രേഖകൾ നശിപ്പിക്കുക, അവഹേളനപരമായ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കുക—ഇങ്ങനെ നിരവധി തന്ത്രങ്ങളാണ് വടക്കേ ഇന്ത്യയിലെ പല പ്രദേശങ്ങളിലും ക്രൈസ്തവർക്കെതിരെ പ്രയോഗിക്കപ്പെടുന്നത്.
എന്തുകൊണ്ടാണ് പീഡനങ്ങൾ വർദ്ധിക്കുന്നത്?
സഭാവളർച്ച മറ്റേതൊരു കാലത്തെക്കാളും ശക്തമായി സംഭവിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വളർന്നുവരുന്ന സഭകളും വർദ്ധിച്ചുവരുന്ന വിശ്വാസികളുടെ എണ്ണവും പലരുടെയും അസ്വസ്ഥതയ്ക്ക് കാരണമാകുന്നു. വിശ്വാസവളർച്ച തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പല നടപടികളും നടക്കുന്നതെന്ന് തോന്നുന്നു.
ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട ചില പോലീസ് ഉദ്യോഗസ്ഥർ പലപ്പോഴും നിസ്സഹായരായി നിൽക്കുകയോ, ചില സാഹചര്യങ്ങളിൽ വിശ്വാസികൾ ക്രൂരമായി മർദ്ദിക്കപ്പെടുകയോ ചെയ്യുന്നത് ദുഃഖകരമായ യാഥാർഥ്യമാണ്.
എന്നിരുന്നാലും, ഈ സാഹചര്യങ്ങൾക്കിടയിലും വിശ്വാസം ധൈര്യത്തോടെ ഏറ്റുപറയുന്ന ദൈവമക്കൾ ഇന്നും അവിടെയുണ്ട്. “പേടിച്ച് ഓടാനാവില്ല… ഞങ്ങൾ ധൈര്യത്തോടെ മുന്നേറും.” അതാണവരുടെ ഉറച്ച തീരുമാനം.
ഇന്ത്യയിലെ മിഷൻ അവസാനിപ്പിക്കാമോ?
വടക്കേ ഇന്ത്യയിലെ സുവിശേഷീകരണത്തിൽ വിദേശ മലയാളി ദൈവജനത്തിന്റെ പങ്കാളിത്തം പ്രത്യേകം എടുത്തുപറയേണ്ടതാണ്.
എന്നാൽ വിസാ നിയന്ത്രണങ്ങളും നിയമപരമായ സങ്കീർണതകളും പലപ്പോഴും ക്രിസ്തീയ ദൗത്യത്തിന് തടസ്സമാകുന്നു.
അതിന്റെ ഫലമായി ചിലർ ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ആഫ്രിക്ക ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്.
കഴിഞ്ഞ നാളുകളിൽ നിരവധി പ്രസംഗകരുടെ വിസ സംബന്ധമായ പ്രശ്നങ്ങളും, വിദേശികളായി എത്തി സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ അറസ്റ്റും ഏറെ ആശങ്കാജനകമായ സംഭവങ്ങളാണ്. ഒരുകാലത്ത് വിദേശ മിഷനറിമാരായിരുന്നു ഇന്ത്യയിലെ സുവിശേഷീകരണത്തിന് നേതൃത്വം നൽകിയത്. പിന്നീട് ആ ഉത്തരവാദിത്വം വിദേശ മലയാളി വിശ്വാസികളിലേക്ക് വ്യാപിച്ചു.
ഇപ്പോൾ തദ്ദേശീയരായ വിശ്വാസികളെയും നേതാക്കളെയും കൂടുതൽ പരിശീലിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത്. പല സ്ഥലങ്ങളിലും വിദേശ മലയാളികൾ സുവിശേഷ പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച കെട്ടിടങ്ങളും ബൈബിൾ സ്കൂളുകളും ഇന്ന് ഉപയോഗമില്ലാതെ കിടക്കുന്നത് വേദനാജനകമായ കാഴ്ചയാണ്.
ഉത്തരവാദിത്തങ്ങൾ വിശ്വസ്തരുടെ കൈകളിലേക്ക് ഭരമേൽപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പലരും സ്വന്തം പേരിൽ നിലനിർത്തിയിരിക്കുന്ന സ്ഥാനമാനങ്ങളും കെട്ടിടങ്ങളും വസ്തുവകകളും സമയോചിതമായി ശരിയായ രീതിയിൽ കൈമാറിയില്ലെങ്കിൽ, അവ അന്യാധീനപ്പെടാനുള്ള സാധ്യത നിഷേധിക്കാനാവില്ല.
ദൈവരാജ്യത്തിനുവേണ്ടി ലഭിച്ച വിഭവങ്ങൾ ദൈവരാജ്യത്തിന്റെ തുടർ ശുശ്രൂഷയ്ക്കായി, സമാന ദർശനമുള്ള വിശ്വസ്തരുടെ കൈകളിൽ ഏൽപ്പിക്കുന്നതാണ് ഏറ്റവും ഉചിതം.
ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടാതെയും യാത്ര ചെയ്യാം…
വിമാനം കയറുമ്പോഴും മിഷൻ ഫീൽഡിൽ എത്തുമ്പോഴും ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടണമെന്നോ യൂട്യൂബ് ലൈവ് ചെയ്യണമെന്നോ യാതൊരു നിയമവുമില്ല.
ഇന്ന് പലരും മിഷൻ യാത്രകളെക്കാൾ അവയുടെ പ്രദർശനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. യൂട്യൂബ് ലൈവും ഫേസ്‌ബുക്ക് ലൈവും മറ്റ് സാമൂഹികമാധ്യമങ്ങളും ചേർന്ന് പലപ്പോഴും ശുശ്രൂഷയെക്കാൾ പ്രചാരണത്തിനാണ് വേദിയാകുന്നത്.
എന്റെ മിഷൻ യാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ വർഷങ്ങൾക്കുമുമ്പേ ഫേസ്‌ബുക്കിൽ പങ്കുവെക്കുന്നത് അവസാനിപ്പിച്ചു. അത്യാവശ്യമുള്ള വിവരങ്ങൾ അടുത്ത സുഹൃത്തുക്കൾക്ക് വാട്സാപ്പിലൂടെ പങ്കുവെക്കുന്നതിൽ തെറ്റില്ല.
ഊതിവീർപ്പിച്ച കഥകളും പെരുപ്പിച്ച കണക്കുകളും കൊണ്ട് വേദികൾ നിറയുമ്പോഴും വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങൾ ഇന്നും മെലിഞ്ഞ കറവപ്പശുക്കളെപ്പോലെ വിഭവക്ഷാമത്തിൽ തുടരുകയാണ്.
ഒരു കുരിശുപോലും സ്ഥാപിക്കപ്പെടാത്ത എത്രയോ ഗ്രാമങ്ങൾ ഇന്നുമുണ്ട്. ഒരു സഭപോലുമില്ലാത്ത ജില്ലകളും ഇന്നും നമ്മുടെ രാജ്യത്തുണ്ട്.
നമ്മുടെ പല ഫേസ്‌ബുക്ക് പോസ്റ്റുകളും പെന്തെക്കോസ്ത് സഭകൾക്കും സുവിശേഷ പ്രവർത്തകർക്കുമെതിരെ ഉപയോഗിക്കപ്പെടുന്ന വടിയായോ കടിക്കുന്ന പാമ്പായോ മാറാൻ ഇടയുണ്ടെന്ന കാര്യം നാം മറക്കരുത്.
ജാഗ്രത!
സഭയെ സ്നേഹിക്കുന്ന വിദേശ മലയാളികൾ അറിയാൻ ഇന്ത്യ നമ്മുടെ സ്വന്തം രാജ്യമാണ്.
നിയമങ്ങൾ മാറിയാലും പീഡനങ്ങൾ വർദ്ധിച്ചാലും സഭ ദൈവത്തിന്റേതാണെന്ന ബോധ്യം ഒരിക്കലും നഷ്ടപ്പെടരുത്.
ഭരണാധികാരികളെ അധികാരത്തിൽ ഇരുത്തുന്നതും, ശൗലിനെപ്പോലുള്ളവരെയും നെബൂഖദ്‌നേസറിനെപ്പോലുള്ളവരെയും താഴെയിറക്കാനും പുല്ല് തീറ്റിക്കാനും കഴിവുള്ള ദൈവം ഇന്നും ജീവിക്കുന്നുവെന്ന് നാം ഉറച്ചുവിശ്വസിക്കുന്നു. ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ദൈവപദ്ധതിക്കു പുറത്തുള്ളതല്ല.
ചരിത്രം നമ്മെ പഠിപ്പിക്കുന്നത് വ്യക്തമാണ്—എവിടെ പീഡനം വർദ്ധിക്കുന്നുവോ അവിടെ സഭയും വളരുന്നു. ഒറിസ്സയിൽ ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ടപ്പോൾ, നൂറുകണക്കിന് സ്റ്റെയിൻസുമാർ ഇന്ത്യയിൽ എഴുന്നേറ്റുവന്നു. രക്തസാക്ഷിത്വം പലപ്പോഴും സഭയുടെ വളർച്ചയുടെ വിത്തായി മാറിയിട്ടുണ്ട്.
ഇന്ത്യയ്ക്കുവേണ്ടി പ്രാർഥിക്കുക.
സഹായങ്ങൾ കഴിയുന്നത്ര തുടരുക.
നാട്ടിലേക്കുള്ള ഓരോ യാത്രയിലും കഴിയുമെങ്കിൽ ഒരു മിഷൻ ഫീൽഡ് സന്ദർശിക്കാൻ സമയം കണ്ടെത്തുക.
വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് ഇന്ത്യയിൽ മതപ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങൾ നിലവിലുണ്ടെന്ന കാര്യം മറക്കരുത്. അതിനാൽ എല്ലാ പ്രവർത്തനങ്ങളും രാജ്യത്തെ നിയമങ്ങൾ പൂർണമായി മാനിച്ചുകൊണ്ട് നടത്തേണ്ടത് അനിവാര്യമാണ്.
“എന്റെ രാജ്യം യേശുവിനെ അറിയണം; എന്റെ ജനം കർത്താവിനായി.” — ഇതായിരിക്കട്ടെ നമ്മുടെ ആപ്തവാക്യം.
John Knox ഇപ്രകാരം പ്രാർഥിച്ചു: “Give me Scotland, or I die.”
“സ്കോട്ട്ലൻഡ് എനിക്കു തരിക; അല്ലെങ്കിൽ ഞാൻ മരിക്കട്ടെ.”
നമുക്കും അതേ ആത്മാർഥതയോടെ പ്രാർഥിക്കാം.
നമുക്കും ഒന്നിക്കാം.
ദൈവം നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കട്ടെ.
Advertisement








































































