മുൻവിധി സഭയെ നശിപ്പിക്കും 


മുൻവിധി സഭയെ നശിപ്പിക്കും 
ad
ad
ad

മുൻവിധി സഭയെ നശിപ്പിക്കും 

ഭാശുശ്രൂഷകനും വിശ്വാസികളും പരസ്‌പരം മുൻവിധി പുലർത്തിയാൽ പ്രശ്‌നങ്ങൾ ആരംഭിക്കുകയായി. ദേശത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലത്തിൻറയോ പേരിൽ ഒരാളെയും തെറ്റിദ്ധരിക്കുവാൻ പാടില്ല. അകാരണ അകൽച്ചകളും വിരോധങ്ങളും മനസ്സിൽ മുളയ്ക്കുന്നത് മുൻവിധികളുടെ വേരിൽ നിന്നാണ്. മദ്ധ്യതിരുവിതാംകൂറുകാരനായ ഒരു ബിസിനസ്സുകാരൻ മലബാറിലെ ഒരു പട്ടണത്തിൽ കട തുടങ്ങി. അയാളുമായുള്ള സംഭാഷണത്തിൽ ഒരു കാര്യം മനസ്സിലായി. അയാളുടെ മനസ്സു നിറയേ ആ നാട്ടുകാരെക്കുറിച്ചുള്ള മുൻവിധിയാണ്. അവരെ വേഗത്തിൽ ചൂഷണം ചെയ്ത‌ത്‌ പണം കൊയ്യാമെന്നാണ് ധാരണ. ഒരു വർഷംകൊണ്ട് അയാൾ കടപൂട്ടി നാടുവിടേണ്ടി വന്നു. മുൻവിധിയുള്ള ബിസിനസ്സുകാരൻ ആ നാട്ടുകാരോട് ബന്ധം സ്ഥാപിക്കുന്നതിൽ പരാജിതനായി.

പൊതുശുശ്രൂഷകന്മാർ പ്രാദേശിക ശുശ്രൂഷകന്മാരോട് മുൻ വിധി പുലർത്തരുത്. ശുശ്രൂഷകന്മാർ വിശ്വാസികളോട് മുൻവിധി പുലർത്തരുത്. മുൻവിധി ഉണ്ടായാൽ പ്രശ്‌നവും ഉണ്ടാകും. ഏതെങ്കിലും ഒരു സഭയിലെ വിശ്വാസികളെക്കുറിച്ച് തെറ്റായധാരണകൾ മനസ്സിൽ വെച്ച് പ്രവർത്തിക്കുന്ന ശുശ്രൂഷകൻ ബിസിനസ്സുകാരനെപ്പോലെ പരാജയപ്പെടുകയേ ഉള്ളൂ.

തുടർമാനമായ പെരുമാറ്റങ്ങളിലും ഉപയോഗിക്കുന്ന ഭാഷയിലും ശ്രദ്ധ ഉണ്ടായിരിക്കണം. പിന്നോക്ക വിഭാഗങ്ങളെയും ദരിദ്രരെയും ഉദാഹരണങ്ങളിലൂടെയും ദ്വയാർത്ഥ പ്രയോഗങ്ങളിലുടെയും പരിഹസിച്ചു പ്രസംഗിച്ചു വന്ന ഒരു സഭാനേതാവിനെ എല്ലാ ആളുകളും വെറുക്കുവാൻ തുടങ്ങി. അവർ കൂട്ടം ചേർന്നു അയാളുടെ ശുശ്രൂഷകളെ ബഹിഷ്‌ക്കരിച്ചു. ക്രമേണ അയാളോട് മാനസികമായി അകന്നുപോയ അവർ അവസരം ലഭിച്ചപ്പോൾ അയാളെ തങ്ങളുടെ നേതൃസ്‌ഥാനത്തു നിന്നും ഒഴിവാക്കി.

ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ അശ്രദ്ധയായുപയോഗിക്കുന്ന ശൈലികൾ സംഘർഷങ്ങളുടെ വിത്തുവിതയ്ക്കും. പരസ്‌പര ശത്രുതയിൽ വെല്ലുവിളികളും ഭീഷണികളും ആരംഭിക്കും. അത് സഭയെ ഭിന്നിപ്പിച്ച് പല ഗ്രൂപ്പുകളായി മാറ്റും. സഭയുടെ ആത്മീക ചൈതന്യം നഷ്‌ടപ്പെട്ട് കുറേ ജഡീകരുടെ കളിസ്ഥല മായി സഭ അധഃപതിക്കും.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ നിന്നും സമാധാന സന്ധിക്കായി അയച്ച സന്ദേശം ദ്വിഭാഷികൾ തെറ്റായി തർജമ ചെയ്ത‌തുകൊണ്ടാണ് ഹിറോഷിമായിലും നാഗസാക്കിയിലും ബോംബുകൾ വർഷിച്ച് മഹാദുരന്തം ഉണ്ടാകുവാൻ ഇടയായത്. എത്ര അക്ഷന്തവ്യമായ അശ്രദ്ധയാണ് തർജമക്കാർ കാണിച്ചത്.

മുൻവിധിയും ഊഹാപോഹങ്ങളും എത്ര വലിയ നാശമാണ് വിതയ്ക്കുന്നത്. സഭയെ ഭിന്നിപ്പിക്കുകയും കലക്കമുണ്ടാക്കുകയും ചെയ്യുന്നവർ നിരപരാധികളുടെമേൽ ബോംബു വർഷിപ്പിച്ചവരേപ്പോലെ കുറ്റവാളികളാണ്. 'അവർ ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നതിനേക്കാൾ ഒരു തിരികല്ല് അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് അവന് നന്ന്' (ലൂക്കോ. 17:2).

ഇടർച്ച ഉണ്ടാക്കാതെ പകരം ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്ന മനോഭാവം നമുക്കുണ്ടാകണമെങ്കിൽ എല്ലാ മുൻവിധികളും നീക്കിക്കളഞ്ഞ് തുറന്ന ഹൃദയത്തോടെ പെരുമാറുവാൻ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകണം