ജീവിതമാകുന്ന വിത്ത് സമർപ്പിക്കാൻ തയ്യാറായാൽ അത്ഭുതകരമായ വിളവുണ്ടാകും: പാസ്റ്റർ സാം വർഗീസ്
എഡ്മണ്ടൻ: ഒരുക്കപ്പട്ട ഹൃദയമുണ്ടെങ്കിൽ കേൾക്കപ്പെടുന്ന ദൈവവചനത്തിൻ്റെ ശക്തമായ വ്യാപനം ഹൃദയത്തിലുണ്ടാകുമെന്നും, അത് നമ്മുടെ പ്രവർത്തനങ്ങളെ വ്യത്യസ്തവും അത്ഭുതകരവുമാക്കുമെന്നും വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് കൺവീനർ പാസ്റ്റർ സാം വർഗീസ് പ്രസ്താവിച്ചു. കാനഡയിലെ എഡ്മണ്ടൻ ലൈഫ് ചർച്ചിൽ ആരംഭിച്ച മുപ്പത്തിയാറാമത് വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വചനത്തിൻ്റെ കുറവല്ല, മറിച്ച് ഒരുക്കപ്പെടുന്ന ഹൃദയങ്ങൾ ഉണ്ടാവുക എന്നതാണ് ഈ കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നാം ഒരോരുത്തരും ദൈവവചനം കേൾക്കുവാനും സ്വീകരിക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും ഒരുക്കമുള്ളവരാവുകയാണെങ്കിൽ, നമ്മുടെ പ്രവർത്തന മേഖലകൾ ദൈവത്തിൻ്റേതായി മാറുന്നത് സ്വന്തം കണ്ണുകളാൽ കാണാൻ സാധിക്കും. ഇത് വലിയൊരു കൊയ്ത്തിൻ്റെ കാലമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കർഷകൻ മികച്ച വിത്ത് ഒരുക്കമുള്ള നിലത്ത് വിതച്ച് അത്ഭുതകരമായ വിളവ് ശേഖരിക്കുന്നതിൻ്റെ ഉദാഹരണം ചൂണ്ടിക്കാട്ടി. മുപ്പതും അറുപതും നൂറും മേനി വിളവിനായി, ജീവിതമാകുന്ന വിത്ത് നിലത്തു വീണ് ചാകുന്നതിന് ഓരോരുത്തരും സ്വയം സമർപ്പിക്കണമെന്നും പാസ്റ്റർ സാം വർഗീസ് ഉദ്ബോധിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ പാസ്റ്റർ അലക്സാണ്ടർ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോ തോമസ്, പാസ്റ്റർ നിരുപ് അൽഫോൻസ് എന്നിവർ മുഖ്യ സന്ദേശം നൽകി. സിസ്റ്റർ രമ്യ സാറാ ജേക്കബിൻ്റെ നേതൃത്വത്തിൽ കോൺഫറൻസ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കോൺഫറൻസ് സെക്രട്ടറി റോണി സൈമൺ മാത്യൂസ് സ്വാഗത പ്രഭാഷണം നടത്തി.
കോൺഫറൻസിൻ്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.30-ന് ബൈബിൾ ക്ലാസും, 10.30 മുതൽ 12.30 വരെ പകൽ യോഗവും നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ലേഡീസ് മീറ്റിംഗും, 3.30-ന് ബിസിനസ് മീറ്റിംഗും ക്രമീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബൈബിൾ ക്വിസ് മത്സരം ഉണ്ടായിരിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 മണി വരെ പൊതുസമ്മേളനങ്ങൾ നടക്കും. കോൺഫറൻസിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9.30 മുതൽ സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും നടക്കും.
വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിലെ യോഗങ്ങൾ ലൈഫ് ചർച്ചിലും, ഞായറാഴ്ചത്തെ സമാപന യോഗങ്ങൾ എഡ്മണ്ടൻ ഓയിൽ ഫീൽഡ് ടെക്നിക്കൽ സൊസൈറ്റിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസ് ഭാരവാഹികളായ റോണി സൈമൺ മാത്യൂസ് (സെക്രട്ടറി), ജിജി ഫിലിപ്പ് (ട്രഷറർ), ഗ്ലാഡ് വിൻ കോശി (യൂത്ത് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് കോൺഫറൻസിൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.





