നിഴലുകൾ കണ്ട് പേടിക്കണ്ട
നിഴലുകൾ കണ്ട് പേടിക്കണ്ട
സി.വി. മാത്യു (ചീഫ് എഡിറ്റർ, ഗുഡ്‌ന്യൂസ്)
നിഴലുകൾ കണ്ട് ആരും പേടിക്കാറില്ല. പ്രകാശം തട്ടിയുണ്ടാകുന്ന വെറും മായാകാഴ്ചകളാണവ. അവയ്ക്ക് ജീവനില്ല. കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴും ചില നിഴലുകൾ കണ്ട് നാമും പേടിച്ചിട്ടുണ്ടാവും. പ്രകാശതീവ്രതയിൽ അവയൊക്കെ ചാഞ്ഞും കുറഞ്ഞും മറഞ്ഞും പോയില്ലെ.
പുതുവർഷത്തിൽ ചില നിഴലുകൾ നമ്മെ ഭയപ്പെടുത്തിയേക്കാം. അവയൊന്നും നമ്മെ ആകുലപ്പെടുത്താതിരിക്കട്ടെ. 2025-ൽ പുതു നന്മകളാൽ ദൈവം നമ്മെ താങ്ങട്ടെ.
ജീവിത വിജയത്തിനായി മൂന്നു ഫോർമുലകൾ പകർത്തട്ടെ.
1. ദൈവാശ്രയം (Dependence On God)
യഹോവയിൽ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
പ്രതിസന്ധിയിൽ മാത്രമല്ല ആനന്ദവേളയിലും ദൈവത്തിൽ നാം ആശ്രയിക്കണം. ഏതു കാര്യത്തിനും ദൈവത്തിൻ്റെ ആലോചന ആരായുന്നവരാണ് ഭക്തർ. പുതുവർഷം ദൈവത്തിലുള്ള ആശ്രയം വിട്ടുകളായാതെ യാത്ര ചെയ്താൽ അതാണ് ഭാഗ്യാവസ്ഥ. ദൈവത്തിലാശ്രയിച്ചു കൊണ്ടുള്ള ജീവിതം ധന്യമാണ്. ദൈവം നമ്മെ പണിയട്ടെ; കാവലാളായി കൂടെയിരിക്കട്ടെ.
2. പരമാർത്ഥത (Integrity)
എന്താണോ പറയുന്നത് അതു ചെയ്യുക; എന്താണോ ചെയ്യുന്നത് അതുതന്നെ പറയുക - അതാണ് പരമാർത്ഥത.
പറയുന്നതും ചെയ്യുന്നതും ഒന്നായിരിക്കുക. എല്ലാ കാര്യത്തിലും പരമാർത്ഥതയോടെ പ്രവർത്തിക്കുന്നവനാണ് ഭക്തൻ. വാക്കും പ്രവർത്തിയും ഒന്നായിരിക്കുന്നവർക്ക് ഒരിക്കലും പരാജയമുണ്ടാവില്ല. അങ്ങനെയുള്ളവരോടൊപ്പം ദൈവവും ഉണ്ടാവും.
3. മുടങ്ങാതെയുള്ള ബൈബിൾ വായന
തിരുവചനം എൻ്റെ അണ്ണാക്കിന് എത്ര മധുരം ! അവ എൻ്റെ വായ്ക്ക് തേനിലും നല്ലത്. ഏതു പ്രതിസന്ധിയിലും നാമ്മെ പ്രത്യാശയിൽ നിലനിർത്തുന്നത് ദൈവ വചനമാണ്. ഏതു തിരക്കിനിടയിലും അതിരാവിലെയുള്ള ദൈവ വചനവായനയും ധ്യാനവും നമ്മുടെ ജീവിതശൈലിയാവട്ടെ. ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണ എന്ന വചനം നമ്മെ ധൈര്യപ്പെടുത്തും.
നിരന്തരമായ വചന ധ്യാനം കൊണ്ട് നമ്മിൽ ധൈര്യവും പ്രത്യാശയും ഉളവാക്കും. പുതിയ വർഷം നമുക്കെല്ലാവർക്കും പതിവായും ക്രമീകൃതമായും (Systematic) ദൈവവചനം വായിക്കാൻ ഇടയാവട്ടെ. എല്ലാ പ്രിയപ്പെട്ടവർക്കും ഐശ്വര്യപൂർണ്ണവും നന്മ നിറഞ്ഞതുമായ പുതുവത്സരാശംസകൾ നേരുന്നു.
Advertisement