വ്യാജവർത്തമാനം പരത്തരുത്

വ്യാജവർത്തമാനം  പരത്തരുത്
ad
ad
ad

റവ. ജോർജ് മാത്യു പുതുപ്പള്ളി

രു ഉപവാസപ്രാർത്ഥനയിൽ പ്രസംഗിക്കാൻ വന്നതായിരുന്നു ദൂരെയുള്ള സ്ഥലത്തുനിന്നും ഒരു പാസ്റ്റർ. ഡേ ആൻഡ് നൈറ്റ്‌ ലൈറ്റ് കൂളിങ് ഗ്ലാസ് വച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. പ്രസംഗം കഴിഞ്ഞപ്പോൾ പ്രായമുള്ള ഒരു സഹോദരി വേറൊരു സഹോദരിയോട് ചോദിച്ചു : 'നീ ശ്രദ്ധിച്ചായിരുന്നോ, ആ പാസ്റ്റർ പ്രസം ഗിക്കുമ്പോൾ അങ്ങേരുടെ നോട്ടം എപ്പോഴും സ്ത്രീകളുടെ ഭാഗത്തേക്കായിരുന്നു.' 'അതേ അമ്മാമ്മേ, ഞാനും അത് ശ്രദ്ധിച്ചു. ഞാനിക്കാര്യം അങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. ആളത്ര ശരിയല്ല എന്നാണ് തോന്നുന്നത്.' ചെറിയ സഹോദരിയും അക്കാര്യം ശരിവച്ചു. പാസ്റ്റർ പ്രസംഗം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ അതിനുമുമ്പേ ഈ വാർത്ത അദ്ദേഹത്തിന്റെ നാട്ടിൽ എത്തിയിരുന്നു. ദൂരെ നിന്നു വന്ന പാവം ദൈവദാസനു കോങ്കണ്ണുള്ള കാര്യം സഹോദരിമാരുണ്ടോ അറിയുന്നു ?

'സത്യം ചെരുപ്പിടുംമുമ്പേ നുണ ലോകസഞ്ചാരം തുടങ്ങും' എന്നത് വിശ്വപ്രസിദ്ധമായ ഒരു പഴഞ്ചൊല്ലാണ്. യഹോവയായ ദൈവം മോശെയോട് ഇപ്രകാരം കൽപ്പിക്കുന്നു : 'വ്യാജവർത്തമാനം പരത്തരുത്, കള്ളസാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുത്' (പുറപ്പാട് 23 : 1). ലോകത്തിലെ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് പരദൂഷണം പാപമാണെന്നാണ്. ലോകമനുഷ്യരുടെ ഇടയിൽ ഉള്ളതിനെക്കാൾ പരദൂഷണപ്രവണത ആത്മീയരെന്ന് അവകാശപ്പെടുന്നവരുടെ ഇടയിലാണ് കണ്ടുവരുന്നതെന്ന് എവിടെയോ വായിക്കുവാൻ ഇടയായി. അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിഞ്ഞുകൂടാ. എങ്കിലും ഒരു കാര്യം സത്യമാണ്. മനുഷ്യരിൽ ബഹുഭൂരിപക്ഷവും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരദൂഷണപ്രവണതയ്ക്ക് അടിമകളാണ്. ആരും പൂർണ്ണമായി അതിൽനിന്നും മോചിതരല്ല.

ഒരു ബിഷപ്പിന്റെ മുറിയിൽ വർഷങ്ങൾക്കുമുമ്പ് ഇങ്ങനെ ഒരു ബോർഡ് ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ടതായി ഓർക്കുന്നു. അതിൽ എഴുതിയിരുന്നു : പള്ളിക്കാര്യം പറയാൻ വരുന്നവർ വളരെ വ്യക്തമായും ചുരുക്കമായും കാര്യം പറഞ്ഞശേഷം വേഗം മടങ്ങിപ്പോകണം.' വൈദികന്റെ കുറ്റം പറയാൻ വരുന്ന പള്ളിട്രസ്റ്റിയെയും, വിശ്വാസികളുടെ കുറ്റം പറയാൻ വരുന്ന വൈദികനെയും കൈകാര്യം ചെയ്യാൻ ബിഷപ് ബുദ്ധിപൂർവം സ്വീകരിച്ച ഒരു മാർഗമായിരുന്നു ബോർഡിലെ വാചകം. 'ഇവിടെ ഇപ്പോൾ ഇല്ലാത്ത ഒരാളെക്കുറിച്ച് ഈ വീട്ടിൽ കുറ്റം പറയരുത്' എന്നെഴുതിയ ബോർഡും ചില വീടുകളിൽ കണ്ടിട്ടുണ്ട്. സംസാരത്തിൽ ആവേശം കയറുമ്പോൾ ബോർഡിലെ വാചകം ശ്രദ്ധിക്കാതെ അവിടെയില്ലാത്ത വ്യക്തികളെക്കുറിച്ചുള്ള കുറ്റങ്ങളുടെ ഭാണ്ഡങ്ങൾ പലരും തുറക്കാൻ ശ്രമിക്കാറുമുണ്ട്.

നാവിന്റെ നന്മതിന്മകളെക്കുറിച്ച് വിശുദ്ധ വേദപുസ്തകം വ്യക്തമായി വിശദീകരിക്കുന്നു ണ്ട്. യേശുകർത്താവും യാക്കോബ് അപ്പൊസ്തലനും നാവ് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. 'ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. നാവ് ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു. നാവും ഒരു തീ തന്നേ, അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതി ലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിനു തീ കൊളുത്തുകയും നരകത്താൽ അതിനു തീ പിടിക്കയും ചെയ്യുന്നു' എന്നാണ് യാക്കോബ് പറയുന്നത് (അദ്ധ്യായം 3).

വാക്ക് പെരുകിയാൽ ലംഘനം വരാതിരിക്കുകയില്ല എന്നും ജീവനും മരണവും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നുവെന്നും ജ്ഞാനിയായ ശലോമോൻ ബുദ്ധിയുപദേശം നൽകുന്നുണ്ട്. ആകയാൽ നാവിനെ വിശുദ്ധിയോടും മിതമായും ബുദ്ധിയോടുംകൂടി ഉപയോഗിക്കുവാൻ നമുക്കു പരിശീലനം നേടാം.

ചിന്തക്ക് : 'നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നത് എന്ത് ? അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട് : നിൽക്ക, നിന്റെ കണ്ണിൽ നിന്നു കരട് എടുത്തുകളയട്ടെ, എന്നു പറയുന്നത് എങ്ങനെ ? കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിൽ നിന്നു കോൽ എടുത്തുകളക. പിന്നെ സഹോദരന്റെ കണ്ണിൽ നിന്നു കരട് എടുത്തുകളവാൻ വെടിപ്പായി കാണും' (മത്തായി 7 : 1...5).