അർഹരായവർക്ക് നന്മ പകരുകയെന്നത് സഭയുടെ ദൗത്യം: പാസ്റ്റർ ടി.ജെ.സാമുവേൽ

കേരളത്തിലെ തിരഞ്ഞെടുത്ത 56 താലുക്ക് ആശുപത്രികൾക്ക് വീൽചെയറുകൾ നല്കും
കാർത്തികപ്പള്ളി : ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അർഹരായവർക്ക് നന്മ നല്കുന്നത് സഭയുടെ ദൗത്യമാണെന്ന് എ.ജി മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ ടി.ജെ സാമുവേൽ പ്രസ്താവിച്ചു.
സാമൂഹ്യ പ്രവർത്തനത്തിലൂടെ സമൂഹത്തിൻ്റെ പുനർസൃഷ്ടിക്കായി അതാതിടങ്ങളിലെ സഭയും യുവജനങ്ങളും രംഗത്തിറങ്ങണമെന്നും മിഷനറിമാരുടെ പ്രവർത്തന രീതി അങ്ങനെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എ ജി മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം കാർത്തികപ്പള്ളി ഏജിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജോർജ് പി. ചാക്കോ നേതൃത്വം നല്കുന്ന ന്യൂയോർക്കിലെ ക്രൈസ്റ്റ് എ ജി സഭയുടെ നേതൃത്വത്തിലുള്ള സാമൂഹിക സന്നദ്ധസംഘടനയായ റേ ഓഫ് ലൗ കേരളത്തിലും മറ്റിടങ്ങളിലും ചെയ്യുന്ന സേവനവും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ചാരിറ്റി ഡിപ്പാർട്ട്മെന്റ് കൺവീനർ പാസ്റ്റർ പി. ബേബി അദ്ധ്യക്ഷനായിരുന്നു. അസി. സൂപ്രണ്ട് പാസ്റ്റർ ഐസക്ക് വി. മാത്യു, റേ ഓഫ് ലൗ ഡവലെപ്പ്മെൻ്റ് ഫൗണ്ടേഷൻ ഡയറക്ടർ പാസ്റ്റർ ജെയിംസ് ചാക്കോ, എ ജി മദ്ധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ.സജി, ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ട്രഷറാർ ബാബു തോമസ്, റേ ഓഫ് ലൗ ഡവലെപ്പ്മെൻ്റ് ഫൗണ്ടേഷൻ കോർഡിനേറ്റർ സജി മത്തായി കാതേട്ട് എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ തിരഞ്ഞെടുത്ത 56 താലുക്ക് ആശുപത്രിയിലേക്കായി നല്കുന്ന വീൽചെയറിൻ്റെ വിതരണോദ്ഘാടനം ഹരിപ്പാട് മുൻസിപ്പാലിറ്റി ചെയർമാൻ കെ.കെ. രാമകൃഷ്ണൻ നിർവഹിച്ചു. ഡയാലിസിസ് രോഗികൾക്കുള്ള സഹായം , ഭവന നിർമ്മാണം എന്നിവയുടെയും ഉദ്ഘാടനം നടന്നു.
ഓരോ ആശുപത്രികളിലും രണ്ട് വീൽ ചെയറുകളാണ് നല്കുന്നത്. എ ജി മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ജോർജ് എബ്രഹാം വാഴയിൽ (ന്യൂയോർക്ക്), ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് എന്നിവർ ചേർന്നാണ് വീൽചെയർ സ്പോൺസർ ചെയ്തിരിക്കുന്നത്. ഓരോ ആശുപത്രികളിലും രണ്ട് വീൽ ചെയറുകളാണ് നല്കുന്നത്.
ചാരിറ്റി കോർഡിനേറ്റർ പാസ്റ്റർ ബിജി ഫിലിപ്പ് സ്വാഗതവും സെക്രട്ടറി പാസ്റ്റർ കെ.കെ. റോയ് നന്ദിയും പറഞ്ഞു. കാർത്തികപ്പള്ളി എ.ജി.ക്വയർ ഗാനങ്ങൾ ആലപിച്ചു. ആലപ്പുഴ സെക്ഷൻ പ്രസ്ബിറ്ററായ കാർത്തികപ്പള്ളി എ.ജി.ശുശ്രുഷകൻ പാസ്റ്റർ ബഞ്ചമിൻ ബാബു ക്രമീകരണങ്ങൾക്കു നേതൃത്വം നല്കി.