ഉപഗ്രഹ നിർമ്മാണത്തിൽ പെന്തെക്കോസ്തു വിദ്യാർത്ഥിനിയും; ഗ്രേസ് ആൻ ജോർജിനും ഇത് അഭിമാന നിമിക്ഷം
തിരുവനന്തപുരം താബോർ ഐപിസി സഭയിലെ ജോർജ് ഉമ്മൻ -ജെസ്സി ദമ്പതികളുടെ മകളാണ് ഗ്രേസ് ആൻ ജോർജ്
ചെന്നൈ: മലയാളി പെൺകരുത്തിൽ വികസിപ്പിച്ച ആദ്യ ഉപഗ്രഹമായ വീസാറ്റ് (വിമൺ എൻജിനിയറിങ് സാറ്റലൈറ്റ്) ഭ്രമണപഥത്തിലെത്തിയപ്പോൾ മലയാളി പെന്തെക്കോസ്തു വിദ്യാർത്ഥിനി ഗ്രേസ് ആൻ ജോർജിനും അഭിമാന നിമിഷം. തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിത എൻജിനിയറിങ് കോളേജിലെ 40 വിദ്യാർഥിനികളാണ് ഈ കുഞ്ഞൻ ഉപഗ്രഹത്തിന്റെ ശില്പികൾ.
വനിതകളുടെ കൂട്ടായ്മയിൽ നിർമിച്ച ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹംകൂടിയാണിത്. എൽ.ബി.എസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ലിസി അബ്രഹാമിന്റെ നേതൃത്വത്തിൽ വിദ്യാർഥിനികൾ അഞ്ചുവർഷംകൊണ്ട് വികസിപ്പിച്ചതാണ് വീസാറ്റ്. കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചും ആരോഗ്യ അപകടസാധ്യതകളെക്കുറിച്ചും വിലപ്പെട്ട വിവരം വിവരം ഉപഗ്രഹം കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ലിസി അബ്രഹാം പറഞ്ഞു.
ശ്രീഹരിക്കോട്ടയിൽനിന്ന് മറ്റു ഒമ്പതു ചെറു ഉപഗ്രഹങ്ങൾക്കൊപ്പം വീസാറ്റ് കുതിച്ചുയർന്ന അഭിമാനനിമിഷത്തിനു സാക്ഷ്യംവഹിക്കാൻ എൽ.ബി.എസിലെ അധ്യാപകരും വിദ്യാർഥികളും ശ്രീഹരിക്കോട്ടയിലെത്തെിയിരുന്നു.
തിരുവനന്തപുരം താബോർ ഐപിസി സഭയിലെ ജോർജ് ഉമ്മൻ -ജെസ്സി ദമ്പതികളുടെ മകളാണ് ഗ്രേസ് ആൻ ജോർജ്. പി വൈ പി എ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ഗ്രേസ്.