കലാപം : ബംഗ്ലദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തു

കലാപം : ബംഗ്ലദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിനു പിന്നാലെ ധാക്കയിൽ കലാപം. ബംഗ്ലദേശിന്റെ ഭരണം ഏറ്റെടുത്തതായി സൈനിക മേധാവി വഖർ ഉസ് സമാൻ അറിയിച്ചു. ഇടക്കാല സർക്കാരുണ്ടാക്കാൻ സൈന്യം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗ്ലദേശ് രൂപീകരികൃതമായശേഷം കണ്ട ഏറ്റവും വലിയ കലാപത്തിൽ മുന്നൂറിലേറെപേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽനിന്ന് ധാക്കയിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ സർവീസുകളും നിർത്തിവച്ചു. രാജ്യം വിട്ട ഷെയ്ഖ് ഹസീന ഡൽഹിയിലെ ഹിൻഡൻ വ്യോമത്താവളത്തിലെത്തി. ഒപ്പം സഹോദരിയുമുണ്ട്. ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ ഷെയ്ഖ് ഹസീനയെ കണ്ടു പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികളാണ് ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു. ധാക്ക വിടുന്നതിനു മുൻപ് പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അവരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ 3 ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സൗകര്യം തടയാൻ മൊബൈൽ കമ്പനികളോടും ആവശ്യപ്പെട്ടു.