ഐപിസി ഹെബ്രോൻ പഴഞ്ഞി നവതി ആഘോഷങ്ങൾക്ക് സമാപനം

ഐപിസി ഹെബ്രോൻ പഴഞ്ഞി നവതി ആഘോഷങ്ങൾക്ക് സമാപനം
നവതി സ്മരണികയുടെ പ്രകാശനം ടോണി ഡി. ചെവ്വൂക്കാരന് നൽകിക്കൊണ്ട് പാസ്റ്റർ സാം വർഗീസ് നിർവഹിക്കുന്നു.

കുന്ദംകുളം: തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ പെന്തെക്കോസ്തു സഭയായ പഴഞ്ഞി ഐപിസി ഹെബ്രോൻ സഭയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ആഗസ്റ്റ് 15ന് നടന്നു. 1931ൽ ആണ് കുന്ദംകുളം, ചാലിശ്ശേരി, പഴഞ്ഞി തുടങ്ങിയ സ്ഥലങ്ങളിൽ പെന്തെക്കോസ്തു പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1932ൽ ആണ് പഴഞ്ഞി ഐപിസി സഭ സ്ഥാപിതമായത്.

ഈ മണ്ണിൽ സത്യ സുവിശേഷത്തിന്റെ സന്ദേശം ആദ്യമായി പ്രഘോഷിച്ചത് സുവിശേഷ ദർശനവുമായി ജർമ്മനിയിൽ നിന്നും വന്ന മിഷനറി വി. നാഗൽ ആണ്. 1893ല്‍ ആണ് വി.നാഗൽ കുന്ദംകുളത്ത് എത്തിയത്.

കൈരളിയുടെ ക്രൈസ്തവ സംഗീത ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്തതാണ് കുന്ദംകുളവും സമീപ പ്രദേശങ്ങളും.

ഈ മണ്ണിനെ കർമ്മവേദിയാക്കി നൂറു കണക്കിന് ഗാനങ്ങൾ പിറവിയെടുത്തു. മിഷനറി വി. നാഗൽ, പി.വി തൊമ്മി, പാസ്റ്റർ കെ.വി. ജോസഫ്, സുവി. സി.വി. താരപ്പൻ, കെ.വി.ചേറു, ടി.വി. മാത്യു സന്യാസി, പാസ്റ്റർ പി.വി.ചുമ്മാർ, പാസ്റ്റർ ഭക്തവത്സലൻ തുടങ്ങിയവർ ക്രൈസ്തവ സംഗീതത്തിന് നൽകിയ സംഭാവനകൾ അമൂല്യമാണ്.

കുന്ദംകുളം സെന്ററിൽ ഉൾപ്പെട്ട ഐപിസി പഴഞ്ഞി ഹെബ്രോൻ സഭയുടെ നവതി സമാപന സമ്മേളനത്തിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡോ. പി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. സൈമൺ, ഡോ. പോൾസൺ പുലിക്കോട്ടിൽ, പാസ്റ്റർമാരായ സി.സി. ബാബു, വിനോദ് ഭാസ്കർ, പി.കെ. ജോൺസൺ എന്നിവർ പ്രസംഗിച്ചു.

നവതി സ്മരണികയുടെ പ്രകാശനം ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരന് നൽകിക്കൊണ്ട് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാം വർഗീസ് നിർവഹിച്ചു.

സഭയിൽ 75 വയസ്സ് പിന്നിട്ട സഹോദരി സഹോദരന്മാരെ മൊമെന്റോ നൽകി ആദരിച്ചു. ടി.കെ. ജോസ് സ്വാഗതവും റോയി സൈമൺ നന്ദിയും പറഞ്ഞു.