സഭയ്ക്കെതിരെ വ്യാജപ്രചരണം അരുത് : മലങ്കര ഓർത്തഡോക്സ് സഭ

സഭയ്ക്കെതിരെ  വ്യാജപ്രചരണം അരുത് : മലങ്കര ഓർത്തഡോക്സ് സഭ

ചാക്കോ കെ തോമസ്, ബെംഗളൂരു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൂദാശകളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആചാരങ്ങൾക്ക് വ്യത്യസങ്ങൾ വരുത്തി എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സഭാ നേതൃത്വം ഗുഡ്ന്യൂസിനോട് പറഞ്ഞു.

മിന്നുകെട്ട്, മന്ത്രകോടി, കച്ച കൊടുക്കൽ, നിലവിളക്ക് കൊളുത്തി സ്വീകരണം തുടങ്ങിയ എല്ലാ വിവാഹ ചടങ്ങുകളിലെ ആചാരങ്ങൾക്ക് മലങ്കര ഓർത്തോഡോക്സ് സഭയിൽ ശ്വാശത വിലക്ക് ഏർപ്പെടുത്തി പരിശുദ്ധ കാതോലിക്ക ബാവ കൽപ്പന പുറപ്പെടുവിച്ചുവെന്നും കൽപ്പന പ്രകാരം സഭയുടെ വിവാഹ ക്യമത്തിൽ ഇത്തരം ആചാരങ്ങൾ ഉണ്ടായിരിക്കില്ല എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ കൂടെ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രചരിക്കുന്നത്.

എന്നാൽ ഇതിൻ്റെ നിജസ്ഥിതി അറിയുവാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ദേവലോകം അരമനയിൽ വിളിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇത് വ്യാജവാർത്തയാണന്നാണ്.

കൂടാതെ സഭയുടെ മീഡിയാ വിഭാഗമായ കതോലിക്കറ്റ് ന്യൂസ് ഫേസ് ബുക്ക് പേജിൽ വ്യാജ വാർത്തയുടെ വിശദീകരണ കുറിപ്പും അവർ കൊടുത്തിട്ടുണ്ട്.

കൂദാശാ സംബന്ധമായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളുന്നത് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസാണന്നും , സുന്നഹദോസ് എടുക്കുന്ന തീരുമാനം കാതോലിക്കാ ബാവാ കൽപ്പനയിലൂടെ വൈദികരെയും ഇടവക ജനങ്ങളെയും അറിയിച്ച് നടപ്പിലാക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും കുറിപ്പിൽ പറയുന്നു. ഇത്തരത്തിൽ യാതൊരു നടപടി ക്രമങ്ങളും ഇല്ലാതിരിക്കെ സഭക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണത്തിൽ നിന്ന് പിൻമാറണമെന്നും ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ തള്ളിക്കളയണമെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.

 വാർത്തയുടെ നിജസ്ഥിതി അറിയാതെ ക്രൈസ്തവ _ പെന്തെക്കൊസ്ത് ഗ്രൂപ്പുകളിൽ ഇത്തരം വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പു കൂടെയാണിത്.