ഡോ. ടി. വത്സൻ ഏബ്രഹാമിനെ അനുസ്‌മരിച്ച് കർണാടക സ്റ്റേറ്റ് ഐ.പി.സി


ഡോ. ടി. വത്സൻ ഏബ്രഹാമിനെ അനുസ്‌മരിച്ച് കർണാടക സ്റ്റേറ്റ് ഐ.പി.സി
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ സംസാരിക്കുന്നു

മാധ്യമ പ്രവർത്തകർക്ക് വേണ്ടി ചാക്കോ കെ തോമസ് സംസാരിക്കുന്നു

ബെംഗളൂരു: നിത്യതയിൽ ചേർക്കപ്പെട്ട  ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ പ്രസിഡന്റും ആഗോള പെന്തെക്കൊസ്ത് സമൂഹത്തിലെ പ്രമുഖ നേതാവുമായിരുന്ന പാസ്റ്റർ ഡോ. ടി. വത്സൻ ഏബ്രഹാമിന്റെ വേർപാടിൽ കർണാടക സ്റ്റേറ്റ് ഐപിസി അനുസ്മരണ സമ്മേളനം നടത്തി. ഹൊറമാവ് അഗരയിലുള്ള ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന യോഗത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. ജോസ് അധ്യക്ഷത വഹിച്ചു.
ഐപിസിയുടെ പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട് ആത്മീയ നേതൃത്വത്തിലും മിഷനറി പ്രവർത്തനങ്ങളിലും സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഡോ. വത്സൻ ഏബ്രഹാമെന്ന് യോഗം അനുസ്മരിച്ചു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സുവിശേഷമെത്തിക്കുന്നതിനും ബൈബിൾ കോളേജുകൾ, സെമിനാരികൾ എന്നിവയിലൂടെ ആയിരക്കണക്കിന് സുവിശേഷകരെ വാർത്തെടുക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടും.

കർണാടകയിലെ സഭയുടെ വളർച്ചയിലും ആത്മീയ മുന്നേറ്റത്തിലും ശുശ്രൂഷകരോട് എപ്പോഴും ഹൃദ്യവും സൗഹാർദ്ദപരവുമായ സമീപനമാണ് അദ്ദേഹം പുലർത്തിയിരുന്നതെന്നും എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. ജോസ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു, ഡോ. വത്സൻ ഏബ്രഹാമിന്റെ സഹോദരീപുത്രൻ ജോയൽ തോമസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ ഡോ. ഏബ്രഹാം മാത്യു, ഡോ. എൻ.കെ. ജോർജ്, ജോൺ മാത്യൂ, ഷിബു കെ. മാത്യു, വിൽസൺ തോമസ്, എം.ഐ. ഈപ്പൻ, ജോർജ് തോമസ്, സാജു, ജോർജ്കുട്ടി, സതീഷ് കുമാർ എന്നിവരും മാധ്യമപ്രവർത്തകരെ പ്രതിനിധീകരിച്ച് ബിസിപിഎ (BCPA) പ്രസിഡന്റ് ചാക്കോ കെ. തോമസും സംസാരിച്ചു.

സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് സംസാരിക്കുന്നു

ബ്രദർ പി.ഒ. സാം, ബ്രദർ കെ.എം. ജേക്കബ്, ബ്രദർ ഡോൺ വർഗീസ്, സിസ്റ്റർ ലില്ലിക്കുട്ടി ഫിലിപ്പ്, സിസ്റ്റർ ശാന്ത മാത്യു എന്നിവരും അനുശോചനം രേഖപ്പെടുത്തി. ഡിസം. 5 ന് കാലിഫോർണിയയിൽ  നടക്കുന്ന സംസ്‌കാര ശുശ്രൂഷയുടെ അനുഗ്രഹത്തിനും കുടുംബാംഗങ്ങൾക്കായും പ്രത്യേക പ്രാർഥനയും നടത്തി. പാസ്റ്റർമാരായ ഒ.ടി. തോമസ്, മനോജ് എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് ട്രഷറർ ബ്രദർ ഷാജി പാറയിൽ നന്ദി പറഞ്ഞു.

Advertisement