ആരാണ് അപ്പോളജിസ്റ്റ്, എന്താണ് അപ്പോളജെറ്റിക്‌സ്?

ആരാണ് അപ്പോളജിസ്റ്റ്, എന്താണ് അപ്പോളജെറ്റിക്‌സ്?

 അനീഷ് കൊല്ലംകോട്

ക്ഷ്യബോധത്തോടെ നടത്തപ്പെടുന്ന ബൈബിൾ കോളജുകളിൽ/സെമിനാരികളിൽ വളരെ പ്രാധാന്യത്തോടെ കരിക്കുലത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള തിയോളജി വിഭാഗത്തിൽപ്പെട്ട എക്കാലത്തെയും പ്രസക്തിയുള്ള വിഷയമാണ് Christian Apologetics എന്നത്.

ക്രിസ്തീയ വാദപ്രതിവാദ ശാസ്ത്രമെന്നോ, ക്രിസ്തീയ ന്യായവാദ ശാസ്ത്രമെന്നോ ഇതിനെ വിശേഷിപ്പിക്കാം. വിഷയത്തിന്റെ തലക്കെട്ട് പോലെ തന്നെ, കോടതിയിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടുന്നതുപോലെയുള്ള സാഹചര്യങ്ങളും സാധ്യതകളും ഉള്ള ഒരു വിഷയം തന്നെയാണ് ഇത്. 

അപ്പോളജെറ്റിക്‌സ് എന്ന വിഷയവുമായി ബന്ധപ്പെട്ട താക്കോൽ വാക്യം താഴെപ്പറയുന്നതാണ്.

 "നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ." (പത്രോസ് 3:15)

കൃപാവരങ്ങളിൽ ആദ്യം പരാമർശിക്കുന്ന ജ്ഞാനത്തിന്റെ വചനം എന്ന വരവും പരിജ്ഞാനത്തിന്റെ വചനം എന്ന വരവും ( Divine wisdom & Knowledge) ഉണ്ടായിരിക്കുക എന്നതാണ് ഈ ശുശ്രൂഷയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നവരുടെ യോഗ്യത. എന്തു വില കൊടുത്തും ക്രിസ്തീയ ഉപദേശസത്യങ്ങളെ ഉയർത്തിപ്പിടിക്കുക എന്നതാണ് ക്രിസ്ത്യൻ അപ്പോളോജിസ്റ്റുകൾക്കുണ്ടായിരിക്കേണ്ട ധാർമിക ഉത്തരവാദിത്തം.

അപ്പോളജിയ(Apologia) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പ്രതിരോധം(Defence) എന്നർത്ഥം വരുന്ന അപ്പോളജറ്റിക്സ്(Apologetics) എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടിട്ടുള്ളത്. പുരാതന കാലത്ത് ഏതൻസിലെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഈ പദം പ്രധാനമായും ഉപയോഗിച്ചിരുന്നു. 

വിവിധ കേസുകളിൽ കോടതികളുടെ മുന്നിൽ ഹാജരാക്കപ്പെടുന്ന പ്രതികൾക്ക് അവരുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് തങ്ങളുടെ വിശദീകരണം പറയാനും നിരപരാധിത്വം തെളിയിക്കാനും അവകാശമുണ്ടായിരുന്നു. ഇത്തരത്തിൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തികൾ നൽകുന്ന വിശദീകരണത്തെയാണ് അപ്പോളജിയ(apologia) എന്നു വിളിച്ചിരുന്നത്.

അതായത്, കുറ്റാരോപിതനായ വ്യക്തി നിയമപരമായി തന്റെ ഭാഗം തെളിയിച്ചു സംസാരിക്കുക എന്നതായിരുന്നു അപ്പോളജിയ എന്നതുകൊണ്ട് അർത്ഥമാക്കിയിരുന്നത്.

അല്പം കൂടി വിശദീകരിച്ചാൽ ഇങ്ങനെ പറയാം, അപ്പോളജെറ്റിക്‌സ് എന്നാൽ എതിർ പക്ഷത്തുള്ളവരുടെ വിശ്വാസത്തെയോ മത ഗ്രന്ഥങ്ങളെയോ വിമർശിക്കുന്നതോ പരിഹസിക്കുന്നതോ അല്ല, പ്രത്യുത, അവനവന്റെ വിശ്വാസം /ഉപദേശം കാര്യകാരണ സഹിതം എതിർപക്ഷത്തുള്ളവർക്ക് മനസ്സിലാകും വിധം വിശദീകരിച്ചു കൊടുക്കുക എന്നതാണ്. 

അപ്പോളജെറ്റിക്‌സ് (Apologetics) എന്ന പ്രയോഗം വിശുദ്ധ ബൈബിളിൽ നമുക്ക് കാണാൻ സാധിക്കില്ല. എന്നാൽ പ്രസ്തുത പദത്തിന്റെ അർത്ഥം ഉൾക്കൊള്ളുന്ന Defence എന്ന പദം ബൈബിൾ ഉപയോഗിച്ചിട്ടുണ്ട്. (Acts 22:1) മറുപടി പറയുക, ഉത്തരം നൽകുക, പ്രതിരോധിക്കുക എന്നീ നിലകളിൽ വിവിധ പദപ്രയോഗങ്ങൾ പ്രത്യേകാൽ പുതിയ നിയമ പുസ്തകങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. (Acts 22:1; 25:16; 1Cor. 9:3; 2Cor. 7:11; Phil. 1:7,16; 2Tim. 4:16; 1Pet. 3:15). 

ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്തവർക്ക് തങ്ങളുടെ വിശ്വാസത്തെ സമകാലിക സമൂഹത്തിന് മുന്നിൽ വിശദീകരിക്കേണ്ട ബാധ്യതയുണ്ടായിരുന്നു. സുവിശേഷം അറിയിക്കുക എന്നത് ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള നിയോഗമായിരുന്നുവെങ്കിൽ അത് അറിയിക്കുന്നതോടൊപ്പം കേൾവിക്കാരുടെ വിശ്വാസവീക്ഷണങ്ങളുമായി താരതമ്യം ചെയ്ത് തങ്ങളുടെ വിശ്വാസം സത്യമാണെന്ന് തെളിയിക്കേണ്ട സമ്മർദ്ദവും ഇതര മത വിഭാഗങ്ങളിൽ നിന്ന് എല്ലാക്കാലത്തും ക്രൈസ്തവർ അഭിമുഖീകരിച്ചിരുന്നു.

പ്രത്യേകാൽ ഒന്നാം നൂറ്റാണ്ടിന്റെ അവസാന പാദം വരെ അപ്പോസ്തലന്മാർ വളരെ കൃത്യതയോടെ ക്രൈസ്തവ ഉപദേശങ്ങളെ വിശദീകരിച്ചു പോന്നു

യെഹൂദാ മതത്തിൽ നിന്ന് പുറത്തുവന്ന ക്രൈസ്തവ സമൂഹം അഭിമുഖീകരിച്ച പ്രധാന വെല്ലുവിളികൾ:

1. യേശുവിനെ യെഹൂദന്മാർക്ക് മുന്നിൽ ക്രിസ്തു എന്നു തെളിയിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാന വെല്ലുവിളി. പഴയ നിയമ തിരുവെഴുത്തുകൾ ഉപയോഗിച്ചും പ്രവചന ഭാഗങ്ങൾ ഉദ്ദരിച്ചും കൊണ്ട് യേശു തന്നെ ക്രിസ്തു എന്ന് അപ്പോസ്തലന്മാർ അർത്ഥശങ്കയ്ക്കിട നൽകാതെ തെളിയിച്ചു കൊണ്ട് അതിനെതിരായി വന്ന യെഹൂദാ വാദങ്ങളുടെ മുനയൊടിച്ചു.

2. അതു കൂടാതെ ക്രൈസ്തവ സഭ അഭിമുഖീകരിച്ച അടുത്ത പ്രശ്നം, യെഹൂദതേതരരായ അനേക മത വിഭാഗങ്ങളിൽ യേശു ക്രിസ്തുവിനെതിരെയും ക്രൈസ്തവർക്കെതിരെയും ഉളവായി വന്ന തെറ്റിദ്ധാരണകൾ മാറ്റിയെടുത്ത് അവരെയും ക്രിസ്തുവിനോട് അടുപ്പിക്കുക എന്നതായിരുന്നു.

3. മേൽപ്പറഞ്ഞ രണ്ടു വിഭാഗങ്ങളെ കൂടാതെ ക്രൈസ്തവർ ക്രിസ്തുമാർഗ്ഗത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകേണ്ടി വന്ന വളരെ പ്രധനപ്പെട്ടതും അപകടം പിടിച്ചതുമായ ഒരു വിഭാഗമുണ്ടായിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല, സാക്ഷാൽ സഭാവിശ്വാസികൾ തന്നെയായിരുന്നു. ക്രിസ്തുവിൽ വേണ്ടത്ര വളർച്ച പ്രാപിക്കാത്ത വിശ്വാസികൾ, കാറ്റടിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞു പോകുന്ന ആറ്റരികത്തെ ചെടികൾ പോലെയായിരുന്നു. അത്തരം വിശ്വാസികൾക്കു മുന്നിൽ അവരുടെ തെറ്റിദ്ധാരണകൾ മാറ്റി വചനത്തിൽ അവരെ ഉറപ്പിക്കേണ്ടത് ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആവശ്യമായിരുന്നു. 

അന്നെന്ന പോലെ വിശ്വാസത്തെ പ്രതിരോധിക്കുക എന്നത് ഇന്നിന്റെ സഭയുടെയും പ്രധാന ദൗത്യം തന്നെയാണ്.

വാസ്തവത്തിൽ പുതിയ നിയമ പുസ്തകൾ 27 ഉം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അപ്പോളൊജെറ്റിക് ഗ്രന്ഥങ്ങൾ തന്നെയാണ്. അപ്പോസ്തോലന്മാർ എല്ലാവരും തന്നെ അപ്പോളജിസ്റ്റുകളും കൂടിയായിരുന്നു. 

ക്രൈസ്തവ സഭയിൽ നിന്ന് ഒന്നാം നൂറ്റാണ്ടിൽത്തന്നെ ക്രിസ്തുവിനെ മറയാക്കിക്കൊണ്ട് വചന വിരുദ്ധമായ അനേകം ലേഖനങ്ങളും ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും പ്രചാരം നേടിയിരുന്നു. അത് ഒരു പരിധി വരെ സഭയെയും ബാധിച്ചു. 

Docetism, Montanism, Adoptionism, Sabellianism, Arianism, Pelagianism, and Gnosticism എന്നിങ്ങനെ വ്യത്യാസ്തങ്ങളായ ഒട്ടനവധി ബൈബിൾ വിരുദ്ധ പഠിപ്പിക്കലുകൾ സഭയ്ക്കകത്തുനിന്നു തന്നെ ഉണ്ടായി. ഇവയ്ക്കെതിരെ വളരെ ശക്തമായി അപ്പോസ്തലന്മാർ ബോധവത്കരണം നൽകി സഭയെ വചനത്തിൽ ഉറപ്പിച്ചു പോന്നു. 

ഇവ കൂടാതെ സഭയെക്കുറിച്ചു മറ്റു പല തെറ്റിദ്ധാരണകളും സമൂഹത്തിൽ പടർന്നു പിടിച്ചു. 

1. പീഡനം മൂലം രാത്രികളിൽ കൂടി വന്നിരുന്ന സഭാംഗങ്ങളെ അസാന്മാർഗ്ഗിക ജീവിതം നയിക്കുന്നവർ എന്ന് മുദ്ര കുത്താൻ സമൂഹം ശ്രമിച്ചു. 

2. തിരുമേശ ആചാരത്തെ ശത്രുക്കൾ ദുർവ്യാഖ്യാനം ചെയ്തു. ക്രൈസ്തവർ മനുഷ്യ മാംസം ഭക്ഷിക്കുന്നവർ എന്നതായിരുന്നു ആരോപണം.

3. ചക്രവർത്തിയെ ബഹുമാനിക്കാത്തവർ ആണെന്ന ചിന്ത ശത്രുക്കൾ പറഞ്ഞു പരത്തിയതിലൂടെ ചക്രവർത്തിമാരിൽ നിന്ന് കൊടിയ പീഡനം ക്രൈസ്തവർ സഹിക്കേണ്ടി വന്നു.

4. ക്രൈസ്തവർ വേർപെട്ട ജീവിതം നയിച്ചതിനാൽ അവരെ മനുഷ്യ വർഗ്ഗ വിദ്വേഷികൾ എന്നു വരെ ഒന്നാം നൂറ്റാണ്ടിൽലെ ഒരു ചരിത്രകാരൻ പരിഹസിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ക്രിസ്തുവിനും സഭയ്ക്കും എതിരെ എല്ലാ കോണുകളിൽ നിന്നും സഭയ്ക്കുള്ളിൽ നിന്നും എണ്ണമറ്റ നിലയിൽ ഉളവായി വന്ന ഒട്ടനവധി ദുരൂപദേശങ്ങളേയും തെറ്റിദ്ധാരണകളേയും മാറ്റി ക്രിസ്തുവിന്റേയും സഭയുടെയും മഹത്വം ബന്ധപ്പെട്ട സമൂഹ മദ്ധ്യേ വെളിപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് അപ്പോളജിസ്റ്റുകൾക്ക് ചെയ്യേണ്ടിയിരുന്നത്. 

ഒന്നാം നൂറ്റാണ്ടിലെ അല്പം ചില കാര്യങ്ങൾ മാത്രമാണ് ഇവിടെ പരാമർശിച്ചത്. അപ്പോസ്തലന്മാർ തുടങ്ങി വച്ച ആ ദൗത്യം അന്നത്തെ അതേ പ്രാധാന്യത്തോടെ ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. 

എണ്ണമറ്റ ദുരൂപദേശങ്ങൾ സഭയ്ക്ക് അകത്തും പുറത്തും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് വിശ്വാസ സമൂഹം ഉപദേശ വിഷയങ്ങളെക്കുറിച്ച് ശരിയായ ഗ്രാഹ്യം ഉള്ളവരാകേണ്ടിയിരിക്കുന്നു.

Advertisement