സിഡ്നിയിൽ ആത്മീയ ഉണർവിന്റെ മഹാസംഗമം; AUPC ദേശീയ കോൺഫറൻസിനു പ്രൗഢമായ സമാപനം

സിഡ്നിയിൽ ആത്മീയ ഉണർവിന്റെ മഹാസംഗമം; AUPC ദേശീയ കോൺഫറൻസിനു പ്രൗഢമായ സമാപനം

വാർത്ത: പാസ്റ്റർ ബിന്നി സി മാത്യു

സിഡ്നി: ഓസ്‌ട്രേലിയൻ യൂണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ച് (AUPC) സംഘടിപ്പിച്ച 2026-ലെ ദേശീയ കോൺഫറൻസ് സിഡ്നിയിൽ സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്ന ഈ ആത്മീയ സംഗമം ഓസ്‌ട്രേലിയയിലെ മലയാളി പെന്തെക്കോസ്ത് സമൂഹത്തിന് വലിയൊരു ആത്മീയ ഉണർവായി മാറി.

മെയ് 7 വ്യാഴാഴ്ച വൈകുന്നേരം AUPC ദേശീയ പ്രസിഡന്റ് പാസ്റ്റർ ജെസ്വിൻ മാത്യൂസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നെത്തിയ പ്രമുഖ പ്രഭാഷകൻ പാസ്റ്റർ സുരേഷ് ബാബു മുഖ്യ സന്ദേശം നൽകി. മെൽബണിൽ നിന്നുള്ള ഡോ.സന്തോഷ് വിവർത്തനം നിർവ്വഹിച്ചു.

വനിതാ സമ്മേളനം, യുവജന സമ്മേളനം, പാസ്റ്റേഴ്സ് & ലീഡേഴ്സ് സെമിനാർ, കുടുംബസംഗമം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക സെഷനുകൾ സംഘടിപ്പിച്ചു.

മെയ് 10-ന് നടന്ന സംയുക്ത ആരാധനാ സമ്മേളനം സിഡ്നിയിലെ ക്രൈസ്തവ ഐക്യത്തിന്റെ വിളംബരമായി മാറി. വിവിധ സഭകളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഈ സംഗമം, മലയാളി പെന്തെക്കോസ്ത് സഭകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐക്യസമ്മേളനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

റവ. വി.ടി. എബ്രഹാം, സിസ്റ്റർ സാറാ കോവൂർ, ഡോ.എ.കെ. ജോർജ്, പാസ്റ്റർ പാട്രിക്, ഡോ.തോമസ് ഫിലിപ്പ്, റവ. ജോർജ് മാത്യു പുതുപ്പള്ളി തുടങ്ങിയ പ്രമുഖ ദൈവദാസന്മാർ വിവിധ യോഗങ്ങളിൽ വചനം പങ്കുവെച്ചു. ബ്രദർ ഷാരൂണിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന സംഗീത ആരാധന വിശ്വാസികൾക്ക് വലിയ ആത്മീയ അനുഭവം പകർന്നു.

ദേശീയ സെക്രട്ടറി ഇവാ. ടോണി ഫിലിപ്പിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇവാ. സാം ഫിലിപ്പ്, ഇവാ. സ്റ്റാൻലി തോമസ്, ഇവാ. മനു മാത്യു, സിസ്റ്റർ ഹന്ന, ബ്രദർ റോയ് ഉമ്മൻ എന്നിവർ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിച്ചു.

വൈസ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ജോൺ കർത്തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ബ്രിസ്ബേനിലെ പാസ്റ്റർ ജോൺ തോമസ് സമാപന പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചതോടെ നാല് ദിവസത്തെ അനുഗ്രഹീത സമ്മേളനങ്ങൾക്ക് തിരശ്ശീല വീണു.

​സിഡ്നിയിൽ ജ്വലിച്ച ഈ ആത്മീയ ഉണർവിന്റെ അഗ്നി ഓസ്‌ട്രേലിയയിലെമ്പാടുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളിൽ വരും ദിനങ്ങളിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് വിശ്വാസികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement