ദൈവശബ്ദത്തിനു കാതോര്‍ക്കണം

എഡിറ്റോറിയൽ

ദൈവശബ്ദത്തിനു കാതോര്‍ക്കണം

സഭ ദൈവശബ്ദത്തിനു കാതോര്‍ക്കണം

കേരളത്തില്‍ പെന്തെക്കോസ്തു മുന്നേറ്റമുണ്ടായിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു. അന്നു നമ്മുടെ പിതാക്കന്മാര്‍ മുറുകെപ്പിടിച്ച ആദര്‍ശങ്ങള്‍ ഇന്നത്തെ തലമുറ മറന്നുപോയെന്നോ അല്ലെങ്കില്‍ അവര്‍ക്കറിയില്ലന്നോ തോന്നുന്നു. പ്രബലമായ ക്രൈസ്തവസമുദായങ്ങളില്‍ നിന്നു വേര്‍പാടുസത്യങ്ങള്‍ മനസിലാക്കി, പരിശുദ്ധാത്മാവിന്‍റെ നിയോഗത്തിനും നായകത്വത്തിനും മുന്‍തൂക്കം നല്കിയാണു അന്നു വേര്‍പെട്ടത്. ഓരോ പ്രാദേശികസഭയുടെയും സ്വാതന്ത്ര്യത്തിനും സുവിശേഷവേല മുന്നില്‍ കണ്ടുള്ള സഹകരണത്തിനുമായിരുന്നു അന്നു പ്രാധാന്യം നല്കിയത്. സഭാസൗധത്തിന്‍റെ പണിക്കുവേണ്ടി അന്നു നാട്ടിയ താല്‍ക്കാലിക സംവിധാനങ്ങള്‍ക്ക് അധികാരവും പദവിയും നല്കി നാം ആദരിക്കുന്നതിനാല്‍ അവ അഴിച്ചുമാറ്റിക്കളയുവാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടുന്നു. അല്ലെങ്കില്‍ കാലപ്പഴക്കംകൊണ്ട് അവ അതിന്‍റെ സ്ഥാനമുറപ്പിക്കുന്നു.

അതിനാല്‍ കര്‍ത്താവിനെയും സഭയെയുംകാള്‍ അവ ശ്രദ്ധിക്കപ്പെടുന്നു, മനസുകളില്‍ കയറിപ്പറ്റുന്നു. ഒരുകാലത്തു പ്രാദേശികമായും സൗകര്യങ്ങള്‍ക്കുവേണ്ടിയും തുടങ്ങിവച്ച ചിലതൊക്കെ മാറ്റാന്‍ വിശ്വാസികള്‍ ശ്രമിച്ചു പരാജയപ്പെടുമ്പോഴാണ് കോടതി കയറേണ്ടിവരുന്നത്. അത് മാറ്റിയെടുക്കാന്‍ പിന്നെയും കോടതി കയറേണ്ടിവരും. ഇന്നത്തെ പെന്തെക്കോസ്തു സഭകളില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണിത്. ഉദാഹരണത്തിന് എടുത്തുകാട്ടാന്‍ പലതുമുണ്ട് എങ്കിലും അത് ആക്ഷേപമായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ബുദ്ധിമുട്ടാകുമെന്നതുകൊണ്ടു ഒഴിവാക്കുന്നു. 

വിഗ്രഹങ്ങള്‍ നിറഞ്ഞ പള്ളികള്‍ വിട്ടിറങ്ങിയ നമുക്കിന്നു മനുഷ്യവിഗ്രഹങ്ങള്‍ കൂടിക്കൂടിവരികയല്ലേ എന്നു പുറത്തുള്ളവര്‍ ചോദിച്ചാല്‍ നാം എന്തു മറുപടി പറയും? പൗലോസിന്‍റെയും അപ്പൊല്ലോസിന്‍റെയും കേഫാവിന്‍റെയുമൊക്കെ പക്ഷക്കാര്‍ ആദിമനൂറ്റാണ്ടിലുമുണ്ടായിരുന്നു എന്നു പറഞ്ഞു രക്ഷപെടാന്‍ എന്നും ആകുമോ? സ്വന്തസ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി മാത്രമല്ലേ ഇവിടെ ചിലര്‍ കടിപിടി കൂട്ടുന്നത്. ചിന്തകന്‍, പണ്ഡിതന്‍, പ്രസംഗകന്‍, വചനാധ്യാപകന്‍, സെന്‍റര്‍പാസ്റ്റര്‍, സൂപ്രണ്ട്, പ്രസ്ബിറ്റര്‍ എന്നൊക്കെ അറിയപ്പെടുന്നവര്‍പോലും ഇതില്‍നിന്നും വ്യത്യസ്തരല്ല. ഇവരുടെയൊക്കെ സ്ഥാനമഹിമയ്ക്കുവേണ്ടിയുള്ള പരാക്രമം കണ്ടാല്‍ ആരും മൂക്കത്തു വിരല്‍ വച്ചുപോകും.

വിശ്വാസിയുടെ രാജകീയ പൗരോഹിത്യം നാം ഉറക്കെ പറയാറുണ്ടെങ്കിലും ശുശ്രൂഷകന്മാര്‍ പുരോഹിതന്‍റെ സ്ഥാനം കൈയടക്കിയിരിക്കുന്നു; അതും കൈയ്യില്‍ കാശുള്ളവരോ വിദേശബന്ധമുള്ളവരോ എങ്കില്‍. ഇങ്ങനെയാണ് സഭ മുന്നോട്ടു പോകുന്നതെങ്കില്‍, വേദപുസ്തകം വിഭാവനം ചെയ്യുന്ന സഭയുടെതന്നേ അര്‍ഥം നാം കളഞ്ഞുകുളിക്കുകയാണെന്നു മറക്കരുത്. ഭൗതികമായി ഉള്ളവനെയും ഇല്ലാത്തവനെയും ഉള്‍ക്കൊള്ളാനും എല്ലാറ്റിനും മിതത്വം പാലിക്കാനും നാം ലളിതജീവിതം മുഖമുദ്രയാക്കിയിരു
ന്നു; ആര്‍ഭാടത്തിനെതിരായിരുന്നു. കാലം പിന്നിട്ടപ്പോള്‍ നമുക്കു വന്നുചേര്‍ന്ന മാറ്റങ്ങളെക്കുറിച്ചു മനസിരുത്തി ചിന്തിക്കണം. കുറ്റബോധം തോന്നുന്നുവെങ്കില്‍ ദൈവത്തോട് ക്ഷമ യാചിക്കണം. കാണുന്നതെല്ലാം താല്‍ക്കാലികമെന്നു കരുതിയവര്‍ നേരമറിച്ച് അവയെല്ലാമാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്നു കരുതിയാല്‍ എവിടെയോ സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നുവേണം മനസ്സിലാക്കാന്‍. 

തലമുറമാറ്റത്തിന്‍റെ പരിണിതഫലമെന്നു പറഞ്ഞ് ഒരുപക്ഷെ ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞേക്കാം; കണ്ണടച്ച് ഇരുട്ടാക്കുന്നതുപോലെ, എങ്കിലും സത്യം വിദൂരത്തിലാണ്.. സംഘടിച്ചു ശക്തിയാകാന്‍ ആഹ്വാനംചെയ്തതു ക്രിസ്തുവല്ല. അവിടുന്ന് ശിഷ്യഗണത്തോടു പറഞ്ഞത്, അന്യോന്യം സ്നേഹിച്ചുകൊണ്ട് ലോകത്തിനു മാതൃകയാകാനാണ്. 

തികഞ്ഞ ഭൗതികോന്മുഖത വെടിഞ്ഞ്, ദൈവരാജ്യാധിഷ്ഠിതമായ നവമാനവികതയിലൂടെ ലോകത്തു ഒരു പുതിയ സംസ്കാരം സൃഷ്ടിച്ച്, അതിനെ മെച്ചപ്പെടുത്താനാണ് അവിടുന്നു നമ്മെ വിളിച്ചത്. ആ ദൈവശബ്ദത്തിനു കാതോര്‍ത്തു, വരാനുള്ള സുന്ദരലോകത്തെ പ്രതീക്ഷിച്ച് വിശുദ്ധിയോടെ കാത്തിരിക്കേണ്ട സംഘമാണു സഭ. സംഘടനകള്‍ സഭയുടെ അവസാനവാക്കല്ല. വന്നുവന്ന്, ഇന്നു സഭയ്ക്കുവേണ്ടി വ്യവഹാരം നടത്താനും അധികാരികളോടു മല്ലടിക്കാനും അവകാശങ്ങള്‍ക്കായി പൊരുതാനും വരെ ആഹ്വാനം ചെയ്യാന്‍ തയ്യാറുള്ള പെന്തെക്കോസ്തു സംഘടനകള്‍ വരെ ആയിക്കഴിഞ്ഞു. ഗ്രാമഗ്രാമാന്തരങ്ങളില്‍ വരെ അതിനു വേരോട്ടമുണ്ടാക്കാന്‍ കഠിനമായി പ്രയത്നിക്കുന്നവരുണ്ട്. അതു ക്രിസ്തു പഠിപ്പിച്ച സഹനത്തിന്‍റെ മാര്‍ഗത്തിനു എതിരായതിനാല്‍ ആത്മീയ സംഘടനയെന്ന പേരിനുപോലും അര്‍ഹമല്ല എന്നു വദപുസ്തകം വായിക്കുന്നവര്‍ക്കു ബോധ്യമാകും. കഷ്ടതയും ഉപദ്രവവും ദൈവസന്നിധിയില്‍ വിലപ്പെട്ടതായി കരുതണമെന്നാണു ക്രിസ്തു പഠിപ്പിച്ചതെങ്കില്‍ അതില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ പഠിപ്പിക്കാന്‍ നമുക്കെങ്ങനെ സാധിക്കും?

ഏതെങ്കിലും ഒരു സഭയെയോ പ്രസ്ഥാനത്തെയോ വിമര്‍ശിക്കാനല്ല ഇത് എഴുതിയത്. പകരം, ഇന്നു പെന്തെക്കോസ്തില്‍ അറിയപ്പെടുന്നതും അധികം അറിയപ്പെടാത്തതുമായ പ്രസ്ഥാനളെയെല്ലാം ഉദ്ദേശിച്ചാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നത്. ആദിമ വിശുദ്ധിയിലേക്കും സ്നേഹത്തിലേക്കും സാഹോദര്യത്തിലേക്കും ദൈവവചനത്തിലേക്കും സഭ മടങ്ങിവരേണ്ടതാണ്. എന്തിനുവേണ്ടി വേര്‍പ്പെട്ടു എന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമില്ലെങ്കില്‍ നാം സ്വന്തം തനിമ നശിപ്പിക്കുന്നവരല്ലേ?

Advertisement