ക്രൈസ്തവരുടെ ആശങ്ക മാറ്റാൻ ഗവണ്മെന്റ് മുന്നിട്ടിറങ്ങണം

Editorial

ക്രൈസ്തവരുടെ ആശങ്ക മാറ്റാൻ ഗവണ്മെന്റ് മുന്നിട്ടിറങ്ങണം

ക്രൈസ്തവരുടെ ആശങ്ക മാറ്റാൻ ഗവണ്മെന്റ് മുന്നിട്ടിറങ്ങണം


രുത്താര്‍ന്ന, ഒരുമയുടെ ഇന്ത്യക്കുവേണ്ടി കൈകോര്‍ത്തു നില്‍ക്കണമെന്ന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. ജനങ്ങള്‍ അതു പ്രതീക്ഷിക്കുന്നു. ജനാധിപത്യ, മതേതര, ഭരണഘടനാ മര്യാദകളെ അതിലംഘിക്കാതെ ജനങ്ങളെ ഒരുമിപ്പിച്ചു മുന്നോട്ടു നയിക്കാനുള്ള കര്‍ത്തവ്യവും ബാധ്യതയും സര്‍ക്കാരിനുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്ക, പ്രത്യേകിച്ചും ക്രൈസ്തവരുടെ,  ഇക്കാര്യത്തില്‍ പ്രധാനമാണ്.  എന്നാൽ ഭാരത ക്രൈസ്തവരുടെ ഇടയിൽ സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങള്‍ ഉയരുകയാണ്. മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര ഭീകരമാണു സുവിശേഷത്തിനെതിരായ സംഘടിതമായ ആക്രമണങ്ങള്‍. വടക്കെ ഇന്ത്യയില്‍ ഗോസംരക്ഷണത്തിന്‍റെയും ക്ഷേത്രസംസ്കാരത്തിന്‍റെയും മറവില്‍ പ്രശ്നങ്ങളെ നേരിടുന്നവരില്‍ അധികവും ന്യൂനപക്ഷ സമുദായത്തില്‍പെട്ടവര്‍ വിശേഷാല്‍ ക്രൈസ്തവരാണ്. പള്ളികളില്‍ ആരാധനാസമയം കടന്നുകയറി അതിക്രമം കാണിക്കുന്ന സംഘങ്ങള്‍ പെരുകിവരികയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  വടക്കേ ഇന്ത്യയിൽ നിരവധി ദൈവാലയങ്ങളിലും മിഷന്‍കേന്ദ്രങ്ങളിലും, പ്രത്യേകിച്ച് മണിപ്പൂരിലും അടുത്തയിടെ ഉണ്ടായ  ആക്രമണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കയാണെന്നത്  നമുക്കറിയാം. പ്രതികരണശേഷി ഇല്ലാത്തതുകൊണ്ടല്ല ക്രൈസ്തവര്‍ ഇവ സഹിക്കുന്നത്. ആക്രമണകാരികളായ ആളുകളെ എതിര്‍ത്തുതോല്പിക്കുന്നതിനു പകരം സ്നേഹംകൊണ്ടു കീഴടക്കുന്നതാണു ക്രിസ്തീയമാര്‍ഗമെന്നു കരുതുന്നതുകൊണ്ടാണ്.  സംഖ്യാബലത്തിലാണു സുവിശേഷവിരോധികള്‍ ഇതെല്ലാം ചെയ്യുന്നതെന്നു കരുതിയാൽ  അതു തെറ്റാണ്. തങ്ങൾ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് പലർക്കും അറിയില്ല. ആരോ പറയുന്ന നിർദ്ദേശമനുസരിച്ചു അവർ പ്രവർത്തിക്കുന്നുവെന്നു മാത്രം. സ്നേഹവും സഹാനുഭൂതിയും സന്തോഷവും പകർന്നുനൽകാൻ ഇറങ്ങിതിരിച്ചവരുടെയിടയിലേക്കു വെറുപ്പിന്റെയും വിദ്വേവേഷത്തിന്റെയും ഹിംസയുടെയും തീവ്രതയുമായി കടത്തിവിടുന്ന ചെറുപ്പക്കാർ എന്തിനുവേണ്ടി ഈ ദോഷം ചെയ്യുന്നുവെന്നത് അവർക്കുപോലും അറിയാൻ കഴിയുന്നില്ല. 


ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നതുകൊണ്ട് ഇവിടുത്തെ ക്രൈസ്തവ സഭകളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു എന്ന് ആരും കരുതരുത്. ഭയപ്പെടുത്തി പിന്‍തിരിപ്പിച്ച് അയയ്ക്കാവുന്നവരല്ല അവർ. ജീവന്‍ പണയപ്പെടുത്താന്‍ ധൈര്യംകാണിക്കുന്ന ധീരന്മാരായ സമര്‍പ്പിതരാണവര്‍. അവരോടൊപ്പം ദൈവമുണ്ട്. എന്നാൽ പ്രതിരോധത്തിനുപോലും അക്രമണമാർഗം എടുക്കുന്നവരല്ല; പ്രതികൂല സാഹചര്യങ്ങള നേരിടാന്‍ അവര്‍ക്കു കരുത്തുപകരുന്നത് ദൈവമാണ്. അതു പ്രതിയോഗികള്‍ മനസിലാക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാകാം ചിലയിടങ്ങളില്‍ മിഷനറിമാര്‍ക്കുനേരെ ആക്രമണം ഉണ്ടാകുമ്പോള്‍ അവയുടെ നിജസ്ഥിതിയും മിഷനറിമാരുടെ ത്യാഗവും ചില ദേശീയമാധ്യമങ്ങളെങ്കിലും വരുന്നത്. 


ഏതെങ്കിലും സ്ഥലത്ത് മിഷനറിപ്രവര്‍ത്തനം നടക്കുന്നെങ്കില്‍ അതിനു പുറകില്‍ ദീര്‍ഘനാളുകളിലെ പ്രാര്‍ഥനയും തുടര്‍ച്ചയായുള്ള പ്രാര്‍ഥനാജാഗരണവും ഉണ്ടായിരിക്കും. അവ ഒരിക്കലും ശത്രുസംഹാരത്തിനുവേണ്ടിയുള്ളതല്ല, ശത്രുക്കളായവര്‍ മിത്രങ്ങളായി മാറാന്‍ ദൈവമുന്‍പാകെ അപേക്ഷിക്കലാണ്. ദൈവം ആ നിലയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതു മിഷനറി ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത്തരം കഥകള്‍ വായിച്ച് അതിന്‍റെ പിന്‍ബലത്തില്‍ സ്വയം സമര്‍പ്പിക്കപ്പെട്ടവരാണ് എല്ലാ ക്രൈസ്തവ വിഭാഗങ്ങളിലെയും മിഷനറിമാര്‍. അവര്‍ ചെല്ലുന്ന ഇടങ്ങളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിലുപരി ദീനരെയും രോഗികളെയും ദയാവായ്പോടെ കണ്ട് അവര്‍ക്കു നന്മചെയ്യുകയാണ് ലക്ഷ്യം. തങ്ങളുടെ ഗുരു കാണിച്ച പാതയിലൂടെ യാത്രചെയ്യാനുള്ള ആത്മാര്‍ഥതകൊണ്ടാണ് ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും പണിത്, ദേശനിവാസികളെ അവര്‍ സഹായിക്കാനൊരുങ്ങുന്നത്. എന്നാല്‍, ഇന്ന് അവ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നതു ഖേദത്തോടെ ഓര്‍മിപ്പിക്കട്ടെ. അതായിരുന്നു ഗ്രഹാം സ്റ്റൈൻസിന്റെ കൊലപാതകികളും പിന്നീട് പറഞ്ഞത്. മതഭ്രാന്തോ, ധനമോഹമോ എന്തുമാകട്ടെ, ഇതിന്റെ പിന്നിൽ പൈശാചിക കാരങ്ങൾതന്നെയാണ്.


സുവിശേഷവിരോധത്തിന്‍റെ പേരില്‍ സാമ്പത്തികമുതലെടുപ്പു നടത്തുന്ന ഒരു കൂട്ടര്‍ ഇന്ത്യയിലും വിദേശത്തുമുണ്ട്. അവര്‍ പ്രസ്താവനകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും വിശ്വാസികളുടെ മനസ്സിൽ ഭീതി കുത്തിനിറയ്ക്കുകയാണ്. എന്തിനെന്നോ? അതിന്‍റെ മറവില്‍ സമ്പത്തുനേടാന്‍. അത്തരം ചൂഷകന്മാര്‍എല്ലാ വിഭാഗങ്ങളിലുമുണ്ട്. അങ്ങനെ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വായിച്ചു നാം ഭയചകിതരാകേണ്ടതില്ല. ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെ സംഘടിതമായ കടന്നാക്രമങ്ങളുണ്ടെന്നത് ശരിയാണ്.. പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരുടെ ഒത്താശയോടെയായിരിക്കും അവ പലതും. അറസ്റ്റും, തടങ്കലും, പോലീസ് ഭീഷണിയും ഉത്തരേന്ത്യയിൽ  പലേടത്തുമുണ്ട്. ദുര്‍ഘടമായ ഈ സമയത്ത് ഭാരതത്തിലെ സുവിശേഷവേലയെ ഓര്‍ത്ത് നിരന്തരം പ്രാര്‍ഥിക്കണമെന്നു വിശ്വാസസമൂഹത്തോടു ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. ക്രൈസ്തവ വിശ്വാസികളുടെ  ജീവനും സ്വത്തിനുംവേണ്ടി മാത്രമല്ല, അവര്‍ക്കു ഭയാശങ്കയില്ലാതെ ഭാരതമണ്ണിൽ  ശാന്തമായി ദൈവത്തെ ആരാധിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കപ്പടുവാൻ  ആത്മാര്‍ഥമായി എല്ലാവരും പ്രാര്‍ഥിക്കുക. രാഷ്ട്രീയ പിൻബലത്തോടെ നിയമം കൈയ്യാളുന്ന മതതീവ്രവാദികളും ഇത് മനസിലാക്കണം; ലോകം മുഴുവൻ നിങ്ങൾക്കെതിരാണ്.


രാജ്യം ആരു ഭരിക്കുന്നു എന്നതിനെക്കാള്‍ ഭരിക്കുന്നവര്‍ ആരായിരുന്നാലും  അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം എന്നതാണു ക്രൈസ്തവരെ ബൈബിള്‍ ഉപദേശിക്കുന്നത്. കാലാകാലങ്ങളിലായി ഇവിടുത്തെ ക്രൈസ്തവവിശ്വാസികള്‍ പാര്‍ട്ടിയുടെ പേരോ കൊടിയോ നോക്കിയല്ല ഭരണത്തിലിരിക്കുന്നവര്‍ക്കായി പ്രാര്‍ഥിച്ചത്. ജനങ്ങള്‍ നല്‍കിയ അംഗീകാരത്താല്‍ ഭരണപഥത്തിലേക്കു കയറുന്നവര്‍ക്കുവേണ്ടി  മറ്റു യാതൊരു പരിഗണനയുമില്ലാതെ പ്രാര്‍ഥിക്കുന്നവരാണു ക്രൈസ്തവര്‍.  ആശങ്കയിലകപ്പെട്ട ക്രൈസ്തവരെ വിശ്വാസത്തിലെടുക്കാൻ ഗവണ്മെന്‍റിനു കഴിയട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു

Advertisement