സംഖ്യകളിലെ ആത്മീയ സന്ദേശം തിരിച്ചറിയുക : ഡോ. ഏബ്രഹാം വെൺമണി
സഹസ്രാബ്ദങ്ങളായി ഭൂമിയും പ്രപഞ്ചവും ഇന്നും പ്രയോജനകരമായി നിലനിൽക്കുന്നത് ദൈവം അതിനെ ജ്ഞാനത്തോടും കൃത്യതയോടും സൃഷ്ടിച്ചതിനാലാണ്. ബൈബിളിൽ സമാന സംഭവങ്ങളിൽ ആവർത്തിച്ചിരിക്കുന്ന സംഖ്യകൾ നൽകുന്ന ആത്മീയ സന്ദേശമുണ്ട്; അവ നാം മനസ്സിലാക്കേണം. നമ്മുടെ ആയുസ്സിൻ്റെ ക്ഷണികത തിരിച്ചറിഞ്ഞ് ദൈവരാജ്യത്തിനായി കൂടുതൽ നിക്ഷേപിക്കേണം. കാലത്തിൻ്റെ സമയ സംഖ്യങ്ങളെ വിവേചിച്ചറിഞ്ഞ് കർത്താവിൻ്റെ വരവിനായി ഒരുങ്ങേണം. നമുക്ക് അളക്കാവുന്നതിലും അപ്പുറമാണ് ദൈവകൃപയും, ആത്‌മശക്തിയും; അത് നാം രുചിച്ചറിയേണം ... ഡോ. ഏബ്രഹാം വെൺമണി ഓർമ്മിപ്പിച്ചു. ഗുഡ്ന്യൂസ് സ്റ്റഡി സർക്കളിൻ്റെ നേതൃത്വത്തിൽ മെയ് 20-ാം തിയതി നടന്ന ക്ലാസ്സിൽ ബൈബിൾ സംഖ്യാശാസ്ത്രം ആധാരമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുഡ്ന്യൂസ് ബഹ്റിൻ ചാപ്റ്റർ നേതൃത്വം നൽകി. പാസ്റ്റർ ബിജു ഹെബ്രോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ സുമൻ ഏബ്രഹാം പ്രാരംഭ പ്രാർത്ഥന നടത്തി. ബ്രദർ പ്രസാദ് ജോയി, ഇമ്മാനുവൽ, മീഖായേൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സന്ദേശം സംഗ്രഹിച്ചു സമാപന വാക്കുകൾ നൽകി പാസ്റ്റർ വി.പി ഫിലിപ്പ് പ്രാർത്ഥനയും ആശീർവാദവും നടത്തി.

