ഇനി, ഐപിസിയിലെ അംഗത്വം കയ്യാലപ്പുറത്തെ തേങ്ങാപോലെ...

പ്രതികരണം

ഇനി, ഐപിസിയിലെ അംഗത്വം കയ്യാലപ്പുറത്തെ തേങ്ങാപോലെ...

ഐപിസി ജനറൽ തിരഞ്ഞെടുപ്പ് പ്രതികരണങ്ങൾ

തിരഞ്ഞെടുക്കപ്പെട്ടില്ല, സ്വയം അവരോധിക്കപ്പെട്ടവര്‍...

സത്യത്തിനും നീതിയ്ക്കും നിരക്കാത്തത്

പാസ്റ്റര്‍ കെ.എസ്. ജോസഫ്

സൊസൈറ്റി ആക്ട് പ്രകാരം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട സംഘടനയാണ് ഐപിസി. എന്നാല്‍ സഭയുടെ അന്തര്‍ദേശീയ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെയും, വിശ്വാസ സമൂഹത്തെയും വെല്ലുവിളിച്ച് അട്ടിമറിക്കപ്പെട്ടു. ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്ത ഇലക്ഷന്‍ കമ്മീഷനെ മാറ്റിനിര്‍ത്തി, 
ജനറല്‍ പ്രസിഡന്‍റ് തന്‍റെ താല്പര്യത്തിനു കൂട്ടുനില്‍ക്കുന്നവരെ ആ സ്ഥാനത്തു നിയമിച്ചത് പ്രതിഷേധത്തിന് കാരണമായി. അദ്ദേഹം നയിക്കുന്ന ടീമിന് എതിരെ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയ എല്ലാവരുടെയും പത്രിക ഇലക്ഷന്‍ കമ്മീഷനെ ഉപയോഗിച്ച് തള്ളിക്കളഞ്ഞത് സത്യത്തിനും നീതിയ്ക്കും നിരക്കാത്തതാണ്.

ഹിതപരിശോധനയെ നേരിടാന്‍ ഭയമുള്ള ജനറല്‍ പ്രസിഡന്‍റിന്‍റെ പാനല്‍ സ്വീകരിച്ച മാര്‍ഗ്ഗം വിശ്വാസ സമൂഹത്തെ ഏറെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഒരു തിരകഥ പോലെ നടത്തപ്പെട്ട തിരഞ്ഞെടുപ്പ് ഏകാധിപത്യത്തിന്‍റെ മുഖമായി മാറി. 

നിയമങ്ങള്‍ ലംഘിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു

പാസ്റ്റര്‍ ജോസഫ് വില്യംസ്

ഈ പ്രാവശ്യം നടന്ന ഐപിസി ജനറല്‍ ഇലക്ഷനില്‍ പുതുക്കിയ ഭരണഘടനയില്‍ എന്തൊക്കെയോ തിരുത്തലുകള്‍ വന്നതുകൊണ്ട് പലരും അയോഗ്യരായി എന്നത് ഒരു വ്യാജ പ്രസ്താവനയാണ്. 2002ലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ 2004ല്‍  രജിസ്റ്റര്‍ ചെയ്ത 2002-ലെ കോണ്‍സ്റ്റിറ്റ്യൂഷനും ഇപ്പോള്‍ പുതുക്കി എന്നുപറയുന്ന 2022-ലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ബൈലോയിലും കാര്യമായി ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയെ സംബന്ധിക്കുന്ന കാര്യമായ ഒരു വ്യത്യാസവുമില്ല.  

പ്രത്യേകിച്ച് ഇവിടെ തര്‍ക്ക വിഷയമായിരിക്കുന്ന കോട്ടയം സെമിനാരിയുടെ അംഗത്വം എന്ന വിഷയം, വിദേശത്തുള്ള അഫിലിയേറ്റഡ് സഭകളിലെ അംഗത്വം, ഈ രണ്ട് വിഷയങ്ങള്‍ സംബന്ധിച്ച ഒരു അക്ഷരം പോലും മുന്‍പുണ്ടായിരുന്ന കോണ്‍സ്റ്റിറ്റ്യൂഷനില്‍ നിന്ന് വ്യത്യസ്തമായി പുതുതായി ഡ്രാഫ്റ്റ് ചെയ്ത അംഗീകരിക്കുകയോ അംഗീകാരത്തിനായി വെയ്റ്റ് ചെയ്യുകയോ ചെയ്യുന്നതാകുന്ന കോണ്‍സ്റ്റിറ്റ്യൂഷന്‍ ഒരക്ഷരം പോലും അത് സംബന്ധിച്ച് തിരുത്തലുകളില്ല എന്നുള്ളതാണ് സത്യം. പുതുക്കപ്പെട്ടു എന്നു പറയുന്ന കോണ്‍സ്റ്റിട്യൂഷനും തള്ളിക്കളഞ്ഞ നോമിനേഷനുകളും തമ്മില്‍ യാതൊരു ബന്ധവുമില്ല. 20 വര്‍ഷം 'ഐപിസി' യില്‍ ശുശ്രൂഷകന്‍ ആയിരിക്കേണം എന്നത് 'ലോക്കല്‍ സഭയില്‍' എന്ന് തിരുത്തിയിട്ടുണ്ട്. അത് ഏതെങ്കിലും സ്ഥാനാര്‍ത്ഥികളെ ബാധിക്കുമെങ്കില്‍ എന്ന് ഭാരവാഹികളായി എന്ന് അവകാശപ്പെടുന്ന പലരെയും ബാധിക്കുമായിരുന്നു. എന്നെ അഫിലിയേറ്റഡ് സഭയുടെ ശുശ്രൂഷകനെന്ന പേരില്‍ അയോഗ്യനാക്കി എങ്കില്‍ ഇന്ന് തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറയുന്ന പലരും അയോഗ്യരായിരുന്നു. ഐപിസി എഡ്യൂക്കേഷണല്‍ ആന്‍റ് വെല്‍ഫയര്‍ സൊസൈറ്റി അംഗമെന്ന നിലയിലാണ് എന്നെ അയോഗ്യനാക്കിയതെങ്കില്‍ അതിന്‍റെ പ്രസിഡണ്ട് എങ്ങനെ യോഗ്യനാകും?

രേഖാമൂലം ചോദിച്ചിട്ടും നോമിനേഷന്‍ തള്ളിയതിനെ കാരണവും വിശദ്ധീകരണവും ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ നല്‍കിയിട്ടില്ല ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വലിയ അനീതികളില്‍ ഒന്നാണ്. 25 വര്‍ഷമായി ഐ പി സി യുടെ ഒരു ലോക്കല്‍ സഭയില്‍ പാസ്റ്ററായി ഇരിക്കുകയും 20 ലധികം വര്‍ഷമായി വിദേശത്തുള്ള ഐപിസി യുടെ ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നായ നോര്‍ത്ത് അമേരിക്കന്‍ ഐ പി സി ഈസ്റ്റേണ്‍ റീജിയണ്‍ന്‍റെ വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയും നിലവില്‍ പ്രസിഡന്‍റും ദീര്‍ഘ വര്‍ഷങ്ങള്‍ ജനറല്‍ കൗണ്‍സില്‍ അംഗമായിരിക്കുകയും, മുന്‍ ഭരണഘടനാ ഭേദഗതി കമ്മറ്റിയുടെ ചെയര്‍മാനായിരിക്കയും, ഇപ്പോള്‍ ഡ്രാഫ്റ്റ് കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഞാന്‍ എങ്ങനെ അയോഗ്യനായി എന്നതിന് മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.
ജനറല്‍ കൗണ്‍സില്‍ ഏറ്റവും യോഗ്യനായ, കേരളാ ഗവണ്‍മെന്‍റില്‍ നിന്നും വിരമിച്ച, ഒരു വ്യക്തിയെ ഇലക്ഷന്‍ കമ്മീഷനായി നിയമിച്ചെങ്കിലും ജനറല്‍ പ്രസിഡന്‍റിന്‍റെ ഇംഗിതത്തിന്, ഇഷ്ടത്തിന് നിയമങ്ങള്‍ ലംഘിച്ച് ഇലക്ഷന്‍ നടത്തത്തില്ല എന്ന് ബോദ്ധ്യം വന്നപ്പോള്‍ അദ്ദേഹത്തെ കാരണം കൂടാതെ പിരിച്ചുവിട്ട് തന്‍റെ ഇഷ്ടക്കാരെ ഇലക്ഷന്‍ കമ്മീഷണര്‍ ആക്കിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി ആയിരുന്നു. തിരക്കഥക്കനുസരിച്ച് അഭിനയം നടത്തിയ വെറും അഭിനയക്കാര്‍ മാത്രമായ ഇലക്ഷന്‍ കമ്മീഷണനും, എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന ടീമും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നത് എന്നത് ഖേദകരമാണ്.

തിരഞ്ഞെടുക്കപ്പെട്ടവരല്ല, സ്വയം അവരോധിക്കപ്പെട്ടവരാണ്

പാസ്റ്റര്‍ എബ്രഹാം ഉമ്മന്‍ 

2019-ലെ ഐപിസി ജനറല്‍ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിന് ശേഷം വന്ന ഭരണകൂടത്തെക്കുറിച്ച് മിക്കവര്‍ക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, താമസിയാതെ ആ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. 2019-ലെ വിജയാഘോഷ വേളയില്‍, 2016-2019 ഭരണത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: 'കഴിഞ്ഞ മൂന്ന് വര്‍ഷം ഐപിസിയുടെ ഇരുണ്ട യുഗമായിരുന്നു' എന്ന്, യഥാര്‍ത്ഥത്തില്‍, ഇത് 2019-2023 ഭരണത്തെക്കുറിച്ചുള്ള ഒരു പ്രവചനമായി മാറി. 
ഐപിസിയുടെ ചരിത്രത്തില്‍ ഒരു സംശയവുമില്ലാതെ, 2019-2023 ഭരണം 'ഇരുണ്ട യുഗം' ആയിരുന്നുവെന്ന് എല്ലാവര്‍ക്കും പറയാന്‍ കഴിയും. മിക്കവരും അനുഭവിച്ചറിഞ്ഞതിനാല്‍ അത് ഇവിടെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ഇപ്പോള്‍, 2023 ലെ തിരഞ്ഞെടുപ്പ് നടത്തിയ രീതി എന്തൊരു ലജ്ജാകരമാണ്. സ്വേച്ഛാധിപത്യ കമ്മ്യൂണിസ്റ്റ് ചൈനയോ ഉത്തരകൊറിയയോ പോലെയാണ് ഇത് നടത്തിയത്. 'തിരഞ്ഞെടുക്കപ്പെട്ടു' എന്ന് വിളിക്കപ്പെടുന്ന ഈ ഭരണകൂടത്തിന്‍റെ നിയമസാധുത ചിരിപ്പിക്കുന്നതാണ്.
കോടതികളില്‍ നിന്ന് വിജയം ഉണ്ടായേക്കാം, പക്ഷേ, ദൈവത്തിന്‍റെ കോടതിയില്‍ നിയമസാധുതയില്ല, കാരണം ദൈവത്താലുള്ള തിരഞ്ഞെടുപ്പ്  അല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാത്രമല്ല, ഐപിസി അംഗങ്ങള്‍ ആരും അവരെ തിരഞ്ഞെടുത്തിട്ടുമില്ല. ഭരണഘടന ഭേദഗതികള്‍/മാറ്റങ്ങള്‍ ഐപിസി അംഗങ്ങളെ ശരിയായി അറിയിച്ചിട്ടില്ല. മാറ്റങ്ങളില്‍ വോട്ട് ചെയ്യാന്‍ ജനറല്‍ ബോഡിക്ക് ശരിയായ അവസരം ലഭിച്ചില്ല. ഭേദഗതികള്‍ പാസാക്കാന്‍ ശ്രമിച്ച രീതി വളരെ ദയനീയമായിരുന്നു.
ജനറല്‍ ബോഡിയില്‍ 'പാസിങ്' എന്ന് പേരിട്ട ശേഷവും ജനറല്‍ ബോഡിയുടെ അംഗീകാരമില്ലാതെ പല മാറ്റങ്ങളും വരുത്തി. ജനറല്‍ കൗണ്‍സിലിന്‍റെയോ ജനറല്‍ ബോഡിയുടെയോ അംഗീകാരമില്ലാതെ, എക്സിക്യൂട്ടീവുകള്‍ സ്വന്തമായി 7 അംഗ ഭരണസമിതി സൃഷ്ടിച്ചു, അത് നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. തുടര്‍ന്ന് ഭരണഘടന അംഗീകാരത്തിനായി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചു. ഈ നടപടികളിലൂടെയും അവര്‍ക്ക് ഐപിസി വിശ്വാസികളുമായുള്ള എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കുന്നു.
ഈ എക്സിക്യൂട്ടീവുകള്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ല, അവര്‍ സ്വയം അവരോധിക്കപ്പെട്ടവരാണ്. അതിനാല്‍, അവര്‍ക്ക് ഒരു നിയമസാധുതയും ഇല്ല. അവര്‍ ആഗ്രഹിക്കുന്നത് സ്ഥാനവും പ്രശസ്തിയും മാത്രമാണ്, അത് എങ്ങനെ നേടിയാലും അവര്‍ക്ക് അതൊരു പ്രശ്നമല്ല. പ്രതീക്ഷിക്കാത്ത വിധം എതിര്‍ സ്ഥാനാര്‍ത്ഥികളുടെയും നാമനിര്‍ദ്ദേശപത്രിക നിരസിക്കുന്നത് കണ്ടപ്പോള്‍ നിഷ്പക്ഷവാദികളായ ആരും എതിര്‍ക്കുന്നത് സ്വാഭാവികം. 
ഇത് ഒരു നിരീക്ഷണവും മിക്ക ഐപിസി വിശ്വാസികളുടെയും വികാരവുമാണ്. എത്രയും പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. മറ്റുള്ളവരെ നയിക്കുകയും മാതൃകയാക്കുകയും ചെയ്യേണ്ടവരില്‍ നിന്ന് ഈ പെരുമാറ്റങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.

ഇനി, ഐപിസിയിലെ അംഗത്വം കയ്യാലപ്പുറത്തെ തേങ്ങാപോലെ...

സജി പോള്‍


ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ എന്നു പറയുന്നത് ഒരു ജനാധിപത്യ രീതിയില്‍ വളര്‍ന്നുവന്ന ഒരു സഭയാണ്. മറ്റു പെന്തെക്കോസ്തു സഭകളെക്കാള്‍ കൂടുതല്‍ ഈ മണ്ണില്‍ വേരുപിടിക്കയും വിശ്വാസികളും സഭകളും ഏറ്റവും കൂടുതല്‍ പെരുകിവരുവാന്‍ കാരണം എന്നു പറയുന്നത് സഭയുടെ ജനാധിപത്യ സ്വഭാവമാണ്. തൊണ്ണൂറ്റിയൊന്‍പതു വര്‍ഷവും സഭ ഈയൊരു രീതിയില്‍ തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത്.

സെപ്റ്റംബര്‍ 1ന് ജനറല്‍ബോഡിയില്‍ പാസാക്കി എന്നു പറയുന്ന പല ഭേദഗതികളും ജനറല്‍ബോഡിയിലോ, കമ്മറ്റിയിലോ ഭരണഘടന മാറ്റംവരുത്താന്‍വേണ്ടി ജനറല്‍ കൗണ്‍സിലില്‍ നിന്നെടുത്ത അമന്‍റ്മെന്‍റ് കമ്മറ്റിയിലോ പറയാത്ത പലകാര്യങ്ങളും ഓഫീസില്‍ സബ്മിറ്റ് ചെയ്തപ്പോള്‍ അതിലും വ്യത്യസ്തമായ രീതിയില്‍ പല മാറ്റങ്ങള്‍ വരുത്തിയാണ് കൊണ്ടുപോയത്. ഇതു കമ്മറ്റിയില്‍ ആരോടും സംസാരിച്ചില്ല, ജനറല്‍ബോഡിയിലും പറഞ്ഞില്ല. ഇതു പ്രസിഡന്‍റിന്‍റെ വ്യക്തിപരമായ തീരുമാനങ്ങളായിരുന്നു. ആരോടും പറയാതെ തന്നെ എല്ലാവരുടെയും കണ്ണില്‍ മണ്ണിട്ടുകൊണ്ട് ഈ തിരുത്തലുകള്‍ സ്വന്തമായിട്ട് ജനറല്‍ബോഡിക്കുശേഷം ജനറല്‍പ്രസിഡന്‍റും കൂടെയുള്ളവരും തിരുത്തി ഏലൂര് സബ്മിറ്റുചെയ്തത്. ഏലൂര്‍ സബ്മിറ്റു ചെയ്യുമ്പോള്‍ സൊസൈറ്റി ആക്ട് അനുസരിച്ച് ജനറല്‍ബോഡിയില്‍ എത്രപേര് കൂടിയോ അതില്‍ അമ്പതുശതമാനം ആള്‍ക്കാര്‍ സമ്മതിച്ചാല്‍ മാത്രമേ ആ ഒരു ഭരണഘടന മാറ്റം വരുത്താന്‍ പറ്റുകയുള്ളൂ. അത് മെമ്മോറാണ്ടം ആണെങ്കിലും ബൈലോ ആണെങ്കിലും അങ്ങനെതന്നെയാണെന്നാണ് സൊസൈറ്റ് ആക്ട് എഴുതിയ ആന്ധ്രാപ്രദേശ് പറയുന്നത്. എന്നാല്‍ പത്തു ശതമാനം പോലും അതിനെ സപ്പോര്‍ട്ടുചെയ്യുകയോ ഒന്നും ചെയ്തില്ല. ഇങ്ങനെയൊരു വോട്ടെടുപ്പ് അവിടെ നടന്നില്ല. 

ഏകപക്ഷീയമായിട്ട് സ്റ്റേജില്‍ നിന്ന് പ്രസിഡന്‍റു വിളിച്ചു പറഞ്ഞ് പ്രൊജക്ടറില്‍ കാണിച്ചതല്ലാതെ ആരുടെയും കൈയില്‍ ഇതെത്തുകയോ, ആര്‍ക്കും വായിച്ചെടുക്കുവാനുള്ള സമയമോ പ്രസിഡന്‍റ് മനഃപ്പൂര്‍വം കൊടുക്കാതെ ഇതെല്ലാം പാസായി എന്നു പറഞ്ഞ് ആന്ധ്രായില്‍ കൊണ്ടുകൊടുത്തു. എന്നാല്‍, സര്‍വശക്തനായ ദൈവത്തിന്‍റെ ഒരു പ്രവൃത്തി എന്നവണ്ണം ആന്ധ്രായില്‍ ഇതു സബ്മിറ്റുചെയ്തപ്പോള്‍ അവിടെയുള്ള രജിസ്ട്രാര്‍ ഇത് ഏറ്റെടുക്കുവാന്‍ തയ്യാറായില്ല. വലിയൊരു വ്യാജമാണ് സബ്മിറ്റു ചെയ്തപ്പോള്‍ പ്രസിഡന്‍റു കാണിച്ചത്. ആയിരത്തിമുപ്പത്തേഴു പേര്‍ പങ്കെടുത്ത ജനറല്‍ബോഡിയില്‍ അഞ്ഞൂറിലധികംപേര്‍ പാസാക്കി എന്നുകാണിക്കുന്നിടത്ത്, ഏഴുപേരുടെ ഒരു ഗവേണിംഗ് ബോഡിയാണ് ഐപിസി നടത്തുന്നതെന്ന് വ്യാജമായി കാണിച്ച് കൊടുത്തു. ഏഴുപേരുടെ ഗവേണിംഗ് ബോഡിയെ ഐപിസിയുടെ ജനറല്‍കൗണ്‍സിലോ, ജനറല്‍ബോഡിയോ എടുത്തിട്ടില്ല. ഏഴുപേര്‍ മാത്രമേയുള്ളൂ എന്നു പറഞ്ഞ് പെട്ടെന്നു പാസാക്കിയെടുക്കാനാണ് അങ്ങനെ ചെയ്തത്. എന്നാല്‍, ദൈവം അവിടെ ഇടപെട്ടു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് രജിസ്ട്രാര്‍ ഇന്നുവരെ സൈന്‍ ചെയ്തു കൊടുത്തിട്ടില്ല.  

ഒരിക്കലും ജനറല്‍ബോഡിയില്‍ പറഞ്ഞിട്ടുള്ള കാരണങ്ങളല്ല. സെന്‍റര്‍ പാസ്റ്റര്‍മാരുടെ കാര്യത്തിലും, നേരത്തെ പത്തുവര്‍ഷമെങ്കിലും സെന്‍റര്‍ പാസ്റ്റര്‍മാര്‍ക്ക് കൊടുക്കണമെന്ന് സംസാരിച്ചുവെച്ചത് ഏഴാക്കി അദ്ദേഹം അതിനെ കുറച്ചു. ചില നല്ല കാര്യങ്ങള്‍ ചെയ്തിട്ട് അതിന്‍റെ മറവില്‍ ജനറല്‍ പ്രസിഡന്‍റിന്‍റെ കൈയില്‍ എല്ലാ അധികാരങ്ങളും രീതിയിലാണ് ആക്കിവെച്ചിരിക്കുന്നത്. നേരത്തെ ഏതൊരു വിശ്വാസിയിലും നിയമനടപടികള്‍ എടുക്കണമെങ്കില്‍ അത് ജനറല്‍ കൗണ്‍സിലില്‍ വന്നു സംസാരിച്ചിട്ടേ എടുക്കാന്‍ പറ്റത്തുള്ളൂ എന്നായിരുന്നു നമ്മുടെ നിയമം. എന്നാല്‍, ഇപ്പോള്‍ ജനറല്‍ പ്രസിഡന്‍റിന് ലോകത്തെവിടിരുന്നുകൊണ്ടു ഒരു മെയില്‍ അയച്ചാല്‍ നഷ്ടമാകുന്ന അംഗത്വമായി ഐപിസിയുടെ അംഗത്വം മാറി. ആ രീതിയില്‍ ഐപിസിയെ മുഴുവന്‍ പ്രസിഡന്‍റിന്‍റെ കൈക്കുമ്പിളില്‍ ആക്കുക എന്നുള്ള ലക്ഷ്യമാണ് ഇങ്ങനെയുള്ള ചില തിരുത്തലുകള്‍കൊണ്ട് ലക്ഷ്യമിടുന്നത്.

പിന്നീട് നടന്ന ജനറല്‍ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ജനാധിപത്യ രീതികളെ വെല്ലുവിളിക്കുന്നതായിരുന്നു. കൗണ്‍സില്‍ നിയമിച്ച ഇലക്ഷന്‍ കമ്മീഷനെ മാറ്റി ഇഷ്ടക്കാരെ ഇലക്ഷന്‍ കമ്മീഷണര്‍മാരാക്കി. ജനറല്‍ പ്രസിഡന്‍റ് നയിച്ച ടീമിന് എതിരെ മത്സരിക്കാന്‍ തയ്യാറായ എല്ലാവരുടെയും പത്രിക തള്ളി.  ഇത്തരത്തില്‍ അനീതി നിറഞ്ഞ ഒരു ഏകാധിപതിയായാണ് പിന്നീട് ജനറല്‍ പ്രസിഡണ്ട് പ്രവര്‍ത്തിച്ചത്. വിശ്വാസ സമൂഹം തികച്ചും അസ്വസ്ഥരാണ്. ലോകമെമ്പാടുമുള്ള ഐപിസി സമൂഹഹമോ, റീജിയനുകളോ ഈ ഭരണസമിതിയെ അംഗീകരിച്ചിട്ടില്ല.

സഭയെ സ്നേഹിക്കുന്നവര്‍ വേദനിയ്ക്കുന്നു

പാസ്റ്റര്‍ ബാബു ഏബ്രഹാം കോഴിക്കോട്

ഇന്‍ഡ്യാ പെന്തെക്കോസ്ത് ദൈവസഭ സാമ്പത്തികമായും ജനസംഖ്യയിലും വളര്‍ന്നു. ദൈവസഭ ആണെങ്കിലും സൊസൈറ്റി രജിസ്ട്രേഷന്‍ ഉള്ള ഒരു സംഘടനയായതിനാല്‍ ഗവണ്‍മെന്‍റ് അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ പ്രസ്ഥാനം ബാധ്യസ്ഥരാണ്. 
എന്നാല്‍ നമ്മുടെ സഭയില്‍ ഇന്നു നടക്കുന്ന ഇലക്ഷന്‍ രീതികള്‍ അംഗീകരിക്കാന്‍ കഴിയാത്തതും ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലയില്‍ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുള്ളതുമാണ്.

തിരഞ്ഞെടുപ്പ് സംബന്ധിച്ചു ദിനവും കേള്‍ക്കുന്നതും, പറയുന്നതും, പ്രവര്‍ത്തിക്കുന്നതും ആത്മീയതയ്ക്കു യോജിച്ചതല്ല. ഈ സ്ഥിതി കണ്ടിട്ട് സഭയെ സ്നേഹിക്കുന്നവര്‍ വേദനിയ്ക്കുന്നു. സഭയുടെ നാഥനായ ക്രിസ്തു നമ്മിലും ദൈവസഭയ്ക്കുളളിലും വസിക്കട്ടെ.

'സ്ഥാനങ്ങള്‍ മാനങ്ങള്‍ നശ്വരമാം മേലുള്ളെരൂശലേം നിത്യഗൃഹം' 

വീയപുരം ജോര്‍ജുകുട്ടി (യുഎസ്എ)

സമാധാനത്തെ ഘോഷിച്ച് നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും ചെയ്യുന്ന സുവിശേഷപ്രവര്‍ത്തകരുടെ കടയ്ക്കല്‍ കത്തിവെക്കുന്നതായിരുന്നു ഐപിസി ജനറല്‍ ഇലക്ഷന്‍.
'സ്ഥാനങ്ങള്‍ മാനങ്ങള്‍ നശ്വരമാം
മേലുള്ളെരൂശലേം നിത്യഗൃഹം' എന്ന പാട്ടിന്‍റെ പല്ലവികള്‍ ആവര്‍ത്തിച്ചു പാടിയ പിതാക്കന്മാരുടെ തലമുറകള്‍ സ്ഥാനമാനങ്ങള്‍ക്കും അധികാരത്തിനുംവേണ്ടി നടത്തിയ തന്ത്രങ്ങളും കുതന്ത്രങ്ങളും ലോകമനുഷ്യര്‍ കാണിക്കുന്നതിനെക്കാള്‍ തരംതാണതായിപ്പോയി.
വലിയ പൊലീസ് കാവലില്‍ നടത്തിയ തിരഞ്ഞെടുപ്പ് എന്തു സന്ദേശമാണ് പെന്തെക്കോസ്തു ലോകത്തിനു നല്‍കുന്നത്.
സെക്കുലര്‍ മാധ്യമങ്ങളും വാട്സാപ്പ് ഗ്രൂപ്പുകളും നമ്മുടെ പരാജയത്തെ ആഘോഷമാക്കിമാറ്റി. തിരഞ്ഞെടുപ്പു കഴിഞ്ഞ് നേതാക്കന്മാര്‍ക്ക്, ഇത് ദൈവം തന്ന സ്ഥാനമാണെന്ന് സ്വയം പ്രഖ്യാപിച്ച് സംതൃപ്തിയടഞ്ഞ് ഉറങ്ങാം.
എന്നാല്‍, തിരുവചനവുമായി പ്രവര്‍ത്തനത്തിനും സുവിശേഷീകരണത്തിനുമായി പോകുന്ന ദൈവമക്കള്‍ക്ക് സമാധാനസുവിശേഷം എങ്ങനെ പ്രഘോഷിക്കുവാന്‍ കഴിയും. ലോകക്കാരുടെ ചോദ്യങ്ങള്‍ക്ക് എങ്ങനെ മറുപടി പറയും?
തിരുവചനത്തില്‍ കാണുന്ന അധ്യക്ഷന്‍റെ യോഗ്യതകളെ കടത്തിവെട്ടി, അവനവന്‍റെ സ്വാര്‍ഥതാല്പര്യത്തിനുവേണ്ടി നിയമങ്ങള്‍ മാറ്റിമറിച്ച് മറ്റുള്ളവരെ അയോഗ്യരാക്കി ഞങ്ങള്‍ മാത്രം യോഗ്യരെന്ന് വരുത്തിത്തീര്‍ത്ത നടപടികള്‍ ലജ്ജാകരം തന്നെ.
ഇതിനെ ശക്തമായി അപലപിക്കുന്നു. നീതിയും ന്യായവും എടുത്തുകളയുമ്പോള്‍ ഉന്നതനു മീതെ ഉന്നതനും അവര്‍ക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.

നടപ്പിലായത് കാട്ടുനീതി

അഡ്വ. ജോണ്‍സന്‍ പള്ളിക്കുന്നേല്‍


ഇലക്ഷന്‍ കമ്മീഷന്‍ നിയമനം മുതല്‍ തിരകഥയുടെ അടിസ്ഥാനത്തില്‍ എതിരാളികളുടെ നോമിനേഷന്‍ തള്ളിയതുവരെ നടന്ന സംഭവങ്ങളില്‍ നടപ്പിലായത് കാട്ടുനീതിയാണ്. ഇത്തരത്തില്‍ വിജയികളായിയെന്നു സ്വയം പ്രഖ്യാപനം നടത്തിയത് ഒരു പ്രത്യേക തരം ഭിരുത്വത്തിന്‍റെയും മനോനിലയുടെയും ഭാഗമാണ്. ഇന്ത്യയിലും അമേരിക്കയിലും ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കേട്ടുകേള്‍വിയില്ല. എന്നാല്‍ ചൈനയിലും, റിഷ്യയിലും , ക്യൂബയിലും വടക്കന്‍ കൊറിയയിലും ഇപ്രകാരമുള്ള എകാധിപതിന്മാരുടെ തെരെഞ്ഞെടുപ്പ് പ്രഹസനത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. നീചവും പൈശാശികവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ആത്മീയ പ്രസ്ഥാനമായ ഐപിസി യില്‍ നടന്നത്. ഇതിനെയും ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ഇവരുടെ മനോനിലയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ജനാധിപത്യത്തിന്‍റെ സൗന്ദര്യം മാന്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ്. 

ഹിതപരിശോധയിലൂടെ തിരഞ്ഞെടുക്കപെടാന്‍ സാധ്യതയില്ലായെന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ് അട്ടിമറിയിലൂടെ അധികാരത്തില്‍ വരുവാന്‍ ശ്രമിച്ചത്. അതിനെതിരെയുള്ള വിശ്വാസ സമൂഹത്തിന്‍റെ ചെറുത്തു നില്പാണ് ഇപ്പോള്‍ നടക്കുന്നത്. ഐപിസി കേരളാ സ്റ്റേറ്റ് ഔദ്യോഗികമായി ഈ തെരെഞ്ഞെടുപ്പ് അംഗീകരിക്കാതെ മുമ്പോട്ട് വരണം. എല്ലാ എകാധിപതികളുടെയും അവസാനം ഭയാനകരമാണ്. മാന്യമായി തെരെഞ്ഞെടുപ്പില്‍ നിന്ന് മത്സരിച്ച് ജയിച്ചു വരൂ! മനോനില വിണ്ടെടുക്കൂ!

നീതിയുക്തമല്ലായിരുന്നു

പീറ്റര്‍ മാത്യു കല്ലൂര്‍

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ  ഭരണഘടന ഏലൂരില്‍ എന്താണോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അതാണ് ഭരണഘടന. അതല്ലാതെ ഐപിസി യുടെതെന്ന്  പ്രഖ്യാപിക്കുന്ന  ഭരണഘടനകളൊന്നും ഐപിസിയുടെതല്ല. ഏലൂരിലെ രജിസ്റ്റാര്‍ ഓഫീസില്‍ എന്താണോ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് അതാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്.

ഐപിസി തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായാണ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ഒരു കമ്മീഷനെ ജനറല്‍ പ്രസിഡണ്ട് പിരിച്ചുവിടുന്നതും, ഇഷ്ടക്കാരെ നിയമിച്ച് ഇലക്ഷന്‍ നടത്തുന്നതും. എതിരായി നാമനിര്‍ദ്ദേശപത്രിക നല്കിയ മുഴുവന്‍ പേരുടെയും പത്രിക തള്ളിക്കളഞ്ഞതും നീതിയുക്തമല്ലായിരുന്നു. എല്ലാ രീതിയിലുമുള്ള കാര്യകാരണങ്ങള്‍ വിശകലനം ചെയ്ത്, പരാതികള്‍ ഇല്ലാത്ത രീതിയിലായിരിക്കണം ഒരു നല്ല അഡ്മിനിട്രേസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്.

Advertisement