യേശുവിന്റെ നുകം വഹിക്കാം

യേശുവിന്റെ നുകം വഹിക്കാം

റവ. ജോർജ് മാത്യു പുതുപ്പള്ളി

ബ്രിട്ടനിലെ ഏലിസബേത്ത് രാജ്ഞിയെക്കുറിച്ച് ഇപ്രകാരം ഒരു കഥ കേട്ടിട്ടുണ്ട്. അവരുടെ സഹോദരിയായ മേരി രാജ്ഞിയുടെ പട്ടാഭിഷേക സമയത്ത് അൽപനേരത്തേക്ക് കിരീടം വഹിച്ചുകൊണ്ട് നിൽക്കുവാൻ ഏലിസബേത്ത് രാജ്ഞി നിയോഗിക്കപ്പെട്ടു. 'ഇത് വളരെ ഭാരമുള്ളതാണ്' എന്ന് ഏലിസബേത്ത് പരാതിപ്പെട്ടു. അതിനു മറുപടിയായി ഒരു ഉയർന്ന രാജകീയ ഉദ്യോഗസ്ഥൻ പറഞ്ഞു : 'ക്ഷമിക്കുക, ഇതിനു ഭാരം തോന്നിക്കുമെങ്കിലും ഇതു നിങ്ങളുടെ ശിരസിൽ വയ്ക്കുന്ന സമയത്ത് ഒട്ടും ഭാരമുള്ളതായി അനുഭവപ്പെടുകയില്ല.'

ക്രിസ്തീയ ജീവിതത്തിന്റെ മഹത്വം മനസിലാക്കുവാൻ 'വീണ്ടും ജനനാനുഭവത്താൽ' (Born Again Experience) അല്ലാതെ പ്രാകൃത മനുഷ്യനു കഴിയുകയില്ല. അത് അവനെ സംബന്ധിച്ചിടത്തോളം വളരെയേറെ ഭാരമുള്ളതാണ്. എന്നാൽ ദൈവകല്പനകൾ ഒരു ദൈവപൈതലിനു ഒട്ടും ഭാരമുള്ളവയല്ല. പക്ഷെ ഒരു പ്രാകൃത മനുഷ്യന് തീർച്ചയായും അതു ഭാരമുള്ള ഒരു നുകം തന്നെയാണ്. ദൈവീക ശുശ്രൂഷകൾ അതിനുവേണ്ടി പ്രത്യേകം അഭിഷേകം ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം ഭാരമുള്ള കാര്യം തന്നെയാണ്.

'എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവുമാകുന്നു' എന്നാണ് യേശുകർത്താവ് അരുളിച്ചെയ്തത്. യേശുകർത്താവിന്റെ നുകം വഹിക്കുന്നതിനു മുമ്പായി നാം നമ്മുടെ പാപത്തിന്റെ അമിക്കയറുകളെ പൊട്ടിച്ച് എറിയേണ്ടതുണ്ട്. പിശാചിന്റെ നുകവും യേശുകർത്താവിന്റെ നുകവും ഒരേ സമയം വഹിക്കുക എന്നത് തികച്ചും ദുഷ്കരമാണ്. യേശുവിന്റെ നുകം പാപികൾക്ക് ദുസ്സഹമായി തോന്നുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ദൈവത്തിന്റെ പെട്ടകം ഫെലിസ്‌ത്യ പാളയത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. എന്നാൽ പെട്ടകത്തെ ദൈവിക വ്യവസ്ഥപ്രകാരം സൂക്ഷിച്ച ഓബേദ്-എദോമിന്റെ ഭവനത്തിൽ പെട്ടകം മുഖാന്തിരം വലിയ അനുഗ്രഹങ്ങൾ ഉണ്ടായി. ദൈവത്തിന്റെ നിയമപെട്ടകം യഹൂദയിൽനിന്നും കാളവണ്ടിയിൽ കൊണ്ടുവന്നപ്പോൾ സംഹാരം നടന്നു. എന്നാൽ ദൈവത്തിന്റെ വ്യവസ്ഥപ്രകാരം ദാവീദിന്റെ നഗരത്തിലേക്ക് അതു കൊണ്ടുവന്നപ്പോൾ ജനത്തിന്റെ മദ്ധ്യത്തിൽ ആർപ്പുവിളിയും മഹാസന്തോഷവും ഉണ്ടായി.

ദൈവീകശുശ്രൂഷയുടെ കാര്യത്തിലും ഇത് അക്ഷരംപ്രതി ശരിയാണ്. പുരോഹിതന്മാർ വിശുദ്ധ ദൈവമായ യഹോവയുടെ മുമ്പാകെ ശുശ്രൂഷിച്ചപ്പോൾ സ്വർഗം തുറന്ന് ദൈവതേജസ്‌ ഇറങ്ങി. എന്നാൽ അധികാരത്തിന്റെ അഹങ്കാരത്താൽ ദൈവിക ശുശ്രൂഷ ഏറ്റെടുക്കുവാൻ ശ്രമിച്ച ശൗൽ രാജാവും ഉസ്സിയാ രാജാവും ദൈവകോപത്തിനു പാത്രീഭൂതരായി. യേശുകർത്താവിന്റെ പുതിയനിയമ സഭയിൽ വിവിധങ്ങളായ കൃപവരങ്ങളോടുകൂടെ പ്രത്യേകമായ ശുശ്രൂഷാരംഗങ്ങളിലേക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന നാമും ദൈവികശുശ്രൂഷകളുടെ പ്രാധാന്യവും ജീവിതവിശുദ്ധിയുടെ അനിവാര്യതയും വ്യക്തമായി മനസിലാക്കി പ്രവർത്തിക്കുവാൻ ബാദ്ധ്യതയുള്ളവരാണെന്ന വസ്തുത ഒരുനാളും വിസ്മരിച്ചുപോകരുത്.

ചിന്തക്ക് : 'അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ. എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു' (മത്തായി 11 : 28 - 30).