ഒരു നേഴ്സിന്റെ അനുഭവക്കുറിപ്പ്

ജൂൺ 26 - ലോക ലഹരിവിരുദ്ധ ദിനം

ഒരു നേഴ്സിന്റെ അനുഭവക്കുറിപ്പ്

ഒരു നേഴ്സിന്റെ അനുഭവക്കുറിപ്പ്

ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം

റോഷൻ ഗിവർഗ്ഗീസ്

സംഭവം നടക്കുന്നത് 2012 ൽ ആണെന്നാണ് എന്റെ ഓർമ. ഞാൻ ബാംഗ്ലൂർ, sunkadagatte ശ്രീലക്ഷ്മി ഹോസ്പിറ്റലിൽ ഐസിയൂ സ്റ്റാഫ്‌ നഴ്സായി ജോലി ചെയ്യുന്ന കാലം. ഒരു നൈറ്റ്‌ ഡ്യൂട്ടിയിൽ ബൈക്ക് അപകടത്തെ തുടർന്ന് തലയ്ക്കു ഗുരുതരമായ പരിക്ക് സംഭവിച്ചു ഒരു ചെറുപ്പക്കാരൻ ഐസിയുവിൽ അഡ്മിറ്റായി. വെന്റിലേറ്ററിൽ ആണ്. ഏതോ വഴിയാത്രക്കാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. വിവരം അറിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും എത്തിയപ്പോൾ ചില മണിക്കൂറുകൾ കഴിഞ്ഞു. വന്നവരെല്ലാം രോഗിയെ കാണണമെന്ന ആവശ്യമുന്നയിച്ചു. ഐസിയൂ ആയതുകൊണ്ട് എല്ലാവരെയും അകത്തു കയറ്റാൻ പറ്റില്ല ആരെങ്കിലും രണ്ടോ മൂന്നോ പേരെ കാണിക്കാമെന്ന് ഡോക്ടർ സമ്മതിച്ചു. അങ്ങനെ ഓരോരുത്തരായി മൂന്നു പേർ അകത്തു കയറി കണ്ടു.

മൂന്നാമത് വന്നയാൾ വളരെ മദ്യലഹരിയിൽ ആയിരുന്നു. കാലു നിലത്തു ഉറയ്ക്കുന്നില്ല. വളരെ മുഷിഞ്ഞ വേഷം. ആള് അകത്തു കയറിയ ശേഷമാണു ഞങ്ങൾ ഇദ്ദേഹത്തിന്റെ അവസ്ഥ ശ്രദ്ധിച്ചത്. അദ്ദേഹം നേരെ രോഗിയുടെ അടുക്കലേക്ക് വന്നു. ബെഡിന്റെ നാലുപാടും ഒന്നു നോക്കി. കൈകാലുകൾ തൊട്ടുനോക്കി. കണ്ണുകൾ തുറന്ന് നോക്കി. എന്നിട്ട് കുറച്ചു നേരം മൗനമായി നിന്നു. ഞാൻ അടുക്കൽ ചെന്നു പറഞ്ഞു "രോഗിയെ തൊടരുത്, ദയവായി വേഗം കണ്ടിട്ട് പുറത്തു പോകണം." അദ്ദേഹം കേട്ടഭാവം പോലും നടിച്ചില്ല. എന്നിട്ട് നേരെ വെന്റിലേറ്ററിലോട്ട് തിരിഞ്ഞു. ഏകദേശം രണ്ടു മൂന്ന് മിനിറ്റ് അനങ്ങാതെ നിന്നു. അദ്ദേഹത്തിന്റെ നിൽപ്പ് കണ്ടു സത്യത്തിൽ ചിരി വന്നു. "വെന്റിലേറ്ററിന്റെ സെറ്റിംഗ്സ് ഒക്കെ ശരിയാണോയെന്ന് നോക്കുവായിരിക്കും" എന്ന് അന്നത്തെ ഐസിയൂ റെസിഡന്റ് ഡോക്ടർ അവിനാശ് വളരെ അടക്കിയ സ്വരത്തിൽ എന്നോട് പറഞ്ഞു. ഞങ്ങളുടെ ചിരി കേട്ടിട്ടാണെന്നു തോന്നുന്നു ആ മനുഷ്യൻ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് ചോദിച്ചു "ആരാ ഡോക്ടർ?" ഞാൻ ഡോക്ടർ അവിനാശിനെ ചൂണ്ടി കാണിച്ചു. "ഇവൻ രക്ഷപെടാൻ സാധ്യത കുറവാ അല്ലേ "അദ്ദേഹം ഡോക്ടറോട് ചോദിച്ചു. "അത് ദൈവം അല്ലേ തീരുമാനിക്കുന്നത് നമ്മൾക്ക് ചികിൽസിക്കാൻ അല്ലേ പറ്റൂ, പ്രവചിക്കാൻ പറ്റില്ലല്ലോ" എന്ന് ഡോക്ടർ. പക്ഷെ ആ മറുപടി മദ്യപന് അത്ര പിടിച്ചില്ല. അല്പം സ്വരം കടുപ്പിച്ചു ദേഷ്യത്തോടെ താൻ ഡോക്ടറോട് ചോദിച്ചു "Then why are you sitting here as a doctor..? " പിന്നെ പറഞ്ഞത് പകുതിയും എനിക്ക് മനസ്സിലായില്ല കാരണം അത് ഫുൾ ഇംഗ്ലീഷ് ആയിരുന്നു. രോഗിയുടെ ഇപ്പോഴത്തെ കണ്ടിഷനും വെന്റിലേറ്ററിന്റെ സെറ്റിംഗ്‌സും ഒക്കെ മെഡിക്കൽ ഭാഷയിൽ തന്നെ അദ്ദേഹം വിവരിച്ചത് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും ഒരു നിമിഷം ഒന്നു ഞെട്ടി. പിന്നെ അദ്ദേഹം ചോദിച്ചതിനൊക്കെ വളരെ ഭവ്യതയോടെയാണ്‌ റെസിഡന്റ് ഡോക്ടർ മറുപടി പറഞ്ഞത്. അദ്ദേഹം റിപ്പോർട്ടുകൾ ഒക്കെ പരിശോധിച്ചു. ഏകദേശം മൂന്നു നാലു മിനിറ്റുകൾക്കകം ഐസിയൂവിൽ നിന്നും ഇറങ്ങിപ്പോയി.

അല്പനിമിഷം കഴിഞ്ഞു രോഗിയുടെ ജേഷ്ഠൻ വന്നു ഡോക്ടറോട് ചോദിച്ചു "ഡോക്ടർ, ഇവൻ രക്ഷപെടുകയില്ല അല്ലേ, അല്പം മുൻപേ വന്നു കണ്ടത് ഞങ്ങളുടെ അണ്ണാ ആണ്. അണ്ണാ പറഞ്ഞു ഇവൻ രക്ഷപെടുകയില്ല എന്ന്" ഡോക്ടർ ചോദിച്ചു "ഇങ്ങനൊക്കെ പറയാൻ അയാൾ ആരാണ്" അദ്ദേഹം പറഞ്ഞു "അണ്ണാ ഒരു ഡോക്ടർ ആണ്. ഡോ.നാഗരാജ്" 

ഈ രോഗിയുടെ അപ്പന്റെ ജേഷ്ഠന്റെ മകനാണ് ഡോക്ടർ നാഗരാജ്. കുടുംബം മുഴുവൻ കൃഷിക്കാരാണ്. ചെറുപ്പം മുതൽ പഠനത്തിൽ അസാധ്യമികവ് പുലർത്തിയത് കൊണ്ട് എല്ലാവർക്കും അദ്ദേഹത്തിൽ വളരെ പ്രതീക്ഷയുണ്ടായിരുന്നു. പത്താം ക്ലാസ്സിൽ ഉയർന്ന വിജയം നേടിയ അദ്ദേഹമാണ് ആ ഗ്രാമത്തിൽ നിന്നും ആദ്യം പ്രീ ഡിഗ്രി പഠിക്കുന്നത് എന്നാണ് അനുജൻ പറഞ്ഞത്. പ്രീ ഡിഗ്രിയ്ക്കും ഉന്നതവിജയം കരസ്ഥമാക്കിയപ്പോൾ അപ്പൻ ജോലി ചെയ്ത തോട്ടത്തിന്റെ ഉടമയുടെ സഹായത്തോടെ എംബിബിസ് അഡ്മിഷൻ നേടി. പഠനം നന്നായി പൂർത്തീകരിച്ചെങ്കിലും എംബിബിസ് പഠനകാലത്താണ് താൻ മദ്യത്തിന് അടിമയാകുന്നത്.

തുടർപഠനത്തിന് വളരെ ആഗ്രഹിച്ചെങ്കിലും അതിനുള്ള സാമ്പത്തിക ഭദ്രത ഇല്ലാതിരുന്നതുകൊണ്ട് കഴിഞ്ഞില്ല. ചില ഹോസ്പിറ്റലുകളിൽ ചുരുങ്ങിയ നാളുകൾ ജോലി ചെയ്തു മദ്യപാനം കാരണം അവിടെ നിന്നെല്ലാം പുറത്താക്കപ്പെട്ടു. എത്ര മദ്യലഹരിയിൽ ആയിരുന്നാലും ആ ദേശനിവാസികൾ പലരും അദ്ദേഹത്തിന്റെ അടുക്കൽ ചികിത്സയ്ക്കായി വരാറുണ്ട്. അന്നന്നത്തേക്കുള്ള മദ്യത്തിന്റെ കാശ് കൈയിൽ വന്നാൽ പിന്നെ ചികിത്സയും അവസാനിപ്പിക്കും.

എന്റെ തൊഴിൽജീവിതത്തിൽ ചില മിനിറ്റുകൾ മാത്രം മിന്നിമറഞ്ഞു പോയ ഡോ. നാഗരാജിന്റെ മുഖം എനിക്ക് ഇന്നും നല്ല ഓർമയുണ്ട്. ഒരു കുടുംബത്തിന്റെ അല്ലെങ്കിൽ ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു ആ ചെറുപ്പക്കാരൻ. ഒരു പക്ഷെ ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന പല ഡോക്ടർമാരുടെയും അതേ നിരയിൽ എഴുതപ്പെടാൻ സാധ്യതയുണ്ടായിരുന്ന പേര് ആയിരുന്നു ഡോ. നാഗരാജ്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും എന്നും അഭിമാനമാകേണ്ടവൻ ഇന്ന് ആ കുടുംബത്തിന് മുഴുവൻ അപമാനമായി ഒരു യാചകനെപ്പോലെ തെരുവിൽ അലയുന്നു. ഏതോ ഒരു സുഹൃത്ത് വച്ചുനീട്ടിയ ഒരു പെഗ്ഗ് മദ്യം തന്റെ ഭാവിയെ തകർത്തുകളഞ്ഞു. ലഹരി ഉപയോഗം പൗരുഷത്തിന്റെ അടയാളമാണെന്ന് വീമ്പിളക്കി ഇതുപയോഗിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ തകർത്തുകളയുന്നത് ഒരു വ്യക്തിയുടെ നല്ല ഭാവിയെയാണ്. മദ്യവും മയക്കുമരുന്നും മനുഷ്യന് ശാരീരിക മാനസിക സാമ്പത്തിക മേഖലകളിൽ വരുത്തുന്ന ദോഷങ്ങളെപറ്റിയുള്ള അവബോധം കുട്ടികളിൽ വരുത്തേണ്ട സ്കൂളുകളുടെ പരിസരങ്ങൾ ഇക്കാലത്തു ഇങ്ങനെയുള്ള വസ്തുക്കളുടെ കച്ചവടമാഫിയകൾ കൈയ്യടക്കിയിരിക്കുകയാണ്. ഇതിനെപറ്റിയുള്ള ബോധവൽക്കരണം കുടുംബങ്ങളിൽ ആരംഭിക്കട്ടെ.

കുടുംബ ബന്ധങ്ങളും സമാധാനവും നശിപ്പിക്കുന്ന ഈ സാമൂഹ്യവിപത്തിനെതിരെ പോരാടുവാനും ഒരു അനുഗ്രഹിക്കപ്പെട്ട വരും തലമുറയെ കെട്ടിപ്പെടുക്കുവാനും ഈ ലഹരി വിരുദ്ധ ദിനത്തിൽ നമുക്ക് കൈകോർക്കാം.

Advertisement