ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ : മേരി ജോൺസ് പ്രഥമ വനിതാ സമ്മേളനം നടന്നു

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ : മേരി ജോൺസ് പ്രഥമ വനിതാ സമ്മേളനം നടന്നു

കോതമംഗലം : ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ഓക്സിലറിയുടെ വനിതാ വിഭാഗമായ മേരി ജോൺസ് ഫെലോഷിപ്പിന്റെ പ്രഥമ വനിതാ സമ്മേളനം  ഫെബ്രുവരി മൂന്നിന് ശനിയാഴ്ച കോതമംഗലം, പുതുപ്പാടി മരിയൻ അക്കാദമിയിൽ നടന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സ്ത്രീപുരുഷ സമത്വത്തിൽ കാലാനുസൃതമായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ  വനിതകളുടെ ഉദ്ധാരണത്തിനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരണഘടന ഭേദഗതിയിലൂടെ നിരവധി ബില്ലുകൾ അവതരിപ്പിക്കുകയും അവയിൽ ചിലതൊക്കെ പാസാക്കുകയും ചെയ്തു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വനിതകളുടെ ശാക്തീകരണം കുറച്ചുകൂടി പ്രകടമാക്കാൻ തക്കവണ്ണം ഒരു ഏകദിന സമ്മേളനം നടത്തുവാൻ ബൈബിൾ സൊസൈറ്റിയുടെ വനിതാ വിഭാഗം - മേരി ജോൺസ് ഫെല്ലോഷിപ് തയ്യാറായത് എന്തുകൊണ്ടും പ്രശംസനീയമാണ് എന്ന് അദ്ദേഹം പറഞ്ഞു. 

'കുടുംബം ഒരു ദൈവിക സംവിധാനം' എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നടന്നു. കേരളത്തിലെ 150 ൽ പരം ബ്രാഞ്ചുകളിൽ നിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്തു. 

 വിവിധ സെഷനുകളിൽ റവ. മാത്യൂ സ്കറിയ, (മുൻ ഓക്സിലിയറി സെക്രട്ടറി), സിസ്റ്റർ അഭയ MSJ, (അഡ്മിനിസ്ട്രേറ്റർ സെന്റ് ജോസഫ് ഹോസ്പിറ്റൽ (ധർമഗിരി) കോതമംഗലം), ലിൻസി റ്റി വർഗീസ് (കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് ),  ഡോക്ടർ ലിസി ജോസ് ( മുൻ വനിതാ കമ്മീഷൻ അംഗം), ജോൺ കുര്യാക്കോസ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നടത്തി.

സമാപന സമ്മേളന ഉദ്ഘാടനം ഓക്സിലറി പ്രസിഡന്റ് മോസ്റ്റ് റവ. ഡോ. യൂഹാനോൻ മോർ ക്രിസോസ്റ്റമസ് മെത്രാപ്പോലീത്ത നിർവഹിച്ചു. നാം നമ്മെ തന്നെ തിരിച്ചറിയുന്നതിലൂടെ ('Knowing Oneself') - ദൈവത്തിലേക്കുള്ള പാത തുറക്കുവാൻ സാധിക്കുന്നു. നാം ആരാണ്, നാം എവിടെ നിന്നു വരുന്നു എന്ന തിരിച്ചറിവ് നമ്മെത്തന്നെ തിരിച്ചറിയുന്നതിനും, അതിലൂടെ നമ്മുടെ അഹന്ത നമ്മിൽ നിന്ന് ഒഴിഞ്ഞു പോകുന്നതിനും സഹായിക്കുന്നു. അത്തരത്തിലുള്ള സങ്കല്പം മാനുഷികമായി രൂപപ്പെടുത്തുമ്പോൾ അത് ദൈവീകമാകുന്നു എന്ന സത്യം നാം മറന്നു പോകരുത് എന്നും അദ്ദേഹം പറഞ്ഞു.

കേരള ഓക്സിലിയറി സെക്രട്ടറി, റവ.ജേക്കബ് ആന്റണി കൂടത്തിങ്കൽ, ഷെവ. പ്രൊഫ. ബേബി എം വർഗീസ്, പ്രൊഫ. ഡോ ആഷ്‌ലി ജോസഫ്., പ്രൊഫ. മേരി സി. വർക്കി, പ്രൊഫ. ഡോ.സി. എൻ പൗലോസ്, പ്രൊഫ. പി. വി തോമസ് കുട്ടി,  ഗ്രേസി ബാബു എന്നിവർ നേതൃത്വം നൽകി