മരണവീട്ടിലെ അനുശോചനവധം ഇത്രയും ആവശ്യമോ?
മരണവീട്ടിലെ അനുശോചനവധം ഇത്രയും ആവശ്യമോ?
ശവസംസ്ക്കാരവുമായി ബന്ധപ്പെട്ടു മരണവീടുകളിൽ നടത്തുന്ന ആത്മീയ ശുശ്രൂഷയുടെ പോരായ്മയും അവ ഹ്രസ്വമായിരിക്കേണ്ടതിന്റെ ആവശ്യകതയെയുംകുറിച്ചും ഇതിനുമുമ്പും ഗുഡ്ന്യൂസ് എഴുതിയിട്ടുണ്ട്.
ശ്മാശാനങ്ങളിൽ നിന്നുതന്നെ പ്രധാന ശുശ്രൂഷകരെ യാത്രയാക്കാൻ കുടുംബാംഗങ്ങൾക്കുള്ള തത്രപ്പാടിനെക്കുറിച്ചും അതു പൊതുജനമധ്യത്തിൽ പെന്തെക്കോസ്തു പ്രസ്ഥാനത്തിനാകെ അവമതിപ്പുണ്ടാക്കുന്നതിനെക്കുറിച്ചും ചില വർഷങ്ങൾക്കുമുമ്പു തന്നെ ഞങ്ങൾ എഴുതിയിരുന്നു. അതിന്റെ ഫലമായി പ്രധാനപ്പെട്ട സഭകൾ എല്ലാം തന്നെ അക്കാര്യത്തിൽ മാന്യത പാലിക്കുവാൻ പ്രാദേശിക ശുശ്രൂഷഷകരോട് നിർദ്ദേശിക്കയും ചെയ്തു. ആ നടപടി നിർത്തലാക്കാൻ അതു പ്രേരണയായി എന്നത് ഇപ്പോൾ ഓർക്കുന്നു. നിത്യതയിലേക്കു കടന്നുപോയ നമ്മുടെ പല സീനിയർ പാസ്റ്റർമാരും ഇക്കാര്യം വളരെ ഗൗരവമായിത്തന്നെ ഏറ്റെടുത്തു തങ്ങളുടെ പ്രസ്ഥാനങ്ങളിൽ നടപ്പാക്കുവാൻ പരിശ്രമിക്കുകയുണ്ടായി. അവരും മരണാനന്തര ശുശ്രൂഷകൾക്ക് വീട്ടുകാരിൽനിന്നു പാരിതോഷികം വാങ്ങുന്നത് അവസാനിപ്പിച്ച് മാതൃകയായി.
ധനസ്ഥിതിയുള്ളവരും വിദേശത്തുനിന്നു എത്തുന്നവരും ഇക്കാര്യത്തിൽ വിശാലമനസുള്ളവരാണ്. അവരുടെ ആ സന്തോഷത്തെ നിരുത്സാഹപ്പെടുത്തുന്നതു ശരിയല്ല എന്ന തോന്നൽ എല്ലാവർക്കുമുണ്ട്. എന്നാൽ അത് നിർബന്ധ പിരിവുപോലെ പിരിച്ചെടുക്കുന്ന ചിലരുടെ രീതിയാണ് മാറ്റേണ്ടിയിരുന്നത്. ഇന്ന് അതിനു വളരെ മാറ്റം വന്നുകഴിഞ്ഞു. ഇതു ഇനി മാറ്റം വരേണ്ടത് അവിടുത്തെ ആത്മീയ ശുശ്രൂഷകൾക്കാണ്.
ഒരു മരണം നടക്കുന്ന വീട് ഉൾപ്പെട്ടു നിൽക്കുന്ന സഭയുടെ പാസ്റ്റർ ആയിരിക്കുന്ന വ്യക്തി ആ ദിവസം അനുഭവിക്കുന്ന സംഘർഷം ചില്ലറയല്ല. മരിച്ചയാൾ പ്രശസ്തനോ അപ്രശസ്തനോ ആയിക്കൊള്ളട്ടെ, അവിടെ അനുശോചന പ്രസംഗകരുടെ പ്രളയമായിരിക്കും. അതിൽ ആരെയൊക്കെ ഉൾക്കൊള്ളിക്കണം ആരെയൊക്കെ ഒഴിവാക്കണം എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അതിനുപോലും ശുപാർശയുമായി എത്തുന്നവരുണ്ട്. പരമാവധി രണ്ടു മിനിട്ടാണ് ഒരാൾക്കുള്ള അവസരം. പലരും അതു പാലിക്കാറില്ല. അതിന്റെ സമ്മർദം കൂടി നിയന്ത്രിക്കുന്ന ആളിലേക്കുവരും. കൂടാതെ ചിലരുടെ വാചകങ്ങളിലുള്ള അറിവില്ലായ്മയും, ഘനവും, വീരസ്യവും, കുത്തുവാക്കുകളും കേട്ടുകൊണ്ടേയി രിക്കണം. മരിച്ചയാളെ ഒരു തവണ നേരിൽ കണ്ടിട്ടില്ലാത്തവർ പോലും പറയുന്ന വാചകങ്ങൾ കേട്ടാൽ നമ്മൾ അമ്പരന്നുപോകും. അത്രമാത്രം പൊള്ളയാണ് ചിലരുടെ ഓർമ്മ പങ്കുവയ്ക്കൽ.
ഇതര സഭകളുടെ മാന്യമായ രീതി കണ്ടുപഠിക്കാൻ പൊതുജനങ്ങൾപോലും പറയാറുണ്ട്. 'അനുശോചനവധം' എന്നു പേരിട്ടാണ് അവർ അതിനെ കളിയാക്കി പറയുന്നത്.
ചിലർ അവരുടെ പദവികൾകൊണ്ടോ ശുശ്രൂഷാരംഗത്തെ സീനിയോറിറ്റികൊണ്ടോ അവസരം തരപ്പെടുത്തുന്നവരാണ്. എന്നാൽ അക്കൂട്ടത്തിൽത്തന്നെ ചിലർക്ക് സ്ഥലകാലവിഭ്രമം ഉണ്ടാകുന്നതുപോലെ കണ്ടിട്ടുണ്ട്. തങ്ങളെ എന്തിനാണ് വിളിച്ചതെന്നോ എന്താണ് പറയേണ്ടതെന്നോ യാതൊരു വിവരവുമില്ലാതെയാണ് പ്രസംഗം. ചിലർ മരിച്ചു കിടക്കുന്നയാളിനെത്തന്നെ മറന്നുപോകും. പിന്നെ പ്രസംഗം സ്വയം പുകഴ്ത്തലായിരിക്കും. മറ്റുള്ളവർക്കു അലോസരം ഉണ്ടാക്കുന്ന ഇത്തരം വയ്യാവേലികളെ വിളിച്ചുവരുത്തിയവർക്കും ഇതിൽ പങ്കുണ്ട്.
ദയവായി അതു അറിഞ്ഞുവേണം ഇവരെ പ്രോഗ്രാമിൽ ഉൾക്കൊള്ളിക്കാൻ. ശവസംസ്കാരം എന്നത്, ഇതെല്ലാം നിറുത്തിയിട്ട്, ഒരു ആത്മീയ ശുശ്രൂഷ ആക്കാൻ നമുക്ക് കഴിയില്ലേ? പുറമേനിന്ന് വരുന്നവർക്കുകൂടി അനുഗ്രഹവും ആത്മീയാഭിവൃദ്ധിയും ഉണ്ടാകത്തക്കവിധം ഈ മണിക്കൂറുകൾ പ്രയോജനപ്പെടുത്താൻ നമുക്കു തീർച്ചയായും കഴിയണം. അതിനുള്ള പ്രാപ്തി ഇന്നത്തെ പെന്തെക്കോസ്തു നേതൃത്വങ്ങൾക്ക് ഉണ്ടെന്നു ഞങ്ങൾ കരുതുന്നു. അനുശോചനങ്ങൾക്കും അതുമായി ബന്ധപ്പെട്ട പൊതു കാര്യങ്ങൾക്കും പരിധി നിശ്ചയിക്കണം. അതു ആത്മീയ ശുശ്രൂഷയുമായി കുട്ടിക്കുഴച്ചു വികലമാക്കരുത്. ശുശ്രൂഷകൾ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുള്ള സമയത്തു തന്നെ തുടങ്ങി അവസാനിപ്പിക്കണം. എത്ര ഉയർന്ന ആളായാലും സമയത്തു വരാനും ക്ലിപ്തത പാലിക്കാനും നിർബന്ധിതനായിത്തീരണം. താമസിച്ചു വന്നു മറ്റുള്ളവരുടെ സമയംകൂടി കവർന്നെടുക്കുന്നത് ഒഴിവാക്കണം. നിത്യതയിലേക്കു ചേർക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുവാൻ കുടുംബാംഗങ്ങൾക്കാണ് ഏറെ അവകാശമുള്ളത്. അവർക്കു അതിനു സമയം ഉണ്ടാകണം. അതുപോലെ ദൈവവചന പ്രഘോഷണത്തിനും സമയം വേണം. അല്ലത്തതൊക്കെ പരിമിതപ്പെടുത്തണം.
അനുഗ്രഹിക്കപ്പെട്ട ഒരു അടക്കം ലഭിക്കാനുള്ള ജീവിച്ചിരിക്കുന്നവരുടെ നല്ല ആഗ്രഹത്തെ നമ്മൾ മാനിക്കണം; അവർ നേരത്തേ പറഞ്ഞിരുന്നാലും ഇല്ലെങ്കിലും, ആ ആത്മീയ ശുശ്രൂഷയെക്കുറിച്ചോ അതിന്റെ നടപടികളെക്കുറിച്ചോ ഒരു നിർദ്ദേശവും ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നില്ല. അതു പറയാൻ ഞങ്ങൾക്കില്ലാത്തതുകൊണ്ടല്ല, മറിച്ച്, സമൂഹവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രഗത്ഭരായ സഭാ നേതൃത്വങ്ങൾ നമുക്കുള്ളതുകൊണ്ടു അവർ ചിന്തിച്ചു മാറ്റം വരുത്തുന്നത് കാണാൻ വിശ്വാസികൾക്കും പൊതുജനങ്ങൾക്കുമൊപ്പം എല്ലാവരും കാത്തിരിക്കുന്നു.
Advertisement