അവധിക്കാലം അടിപൊളിയാക്കാൻ പരിശ്രമിക്കാം!!

അവധിക്കാലം അടിപൊളിയാക്കാൻ പരിശ്രമിക്കാം!!

അവധിക്കാലം അടിപൊളിയാക്കാൻ പരിശ്രമിക്കാം!

പാസ്റ്റർ സാലു വർഗീസ് 

വീണ്ടും മദ്ധ്യവേനൽ അവധിക്കാലം സമാഗതമാവുകയാണ്. കുട്ടികൾക്ക് പഠനത്തിൻ്റെ ഭാരം ഇറക്കി വയ്ക്കുവാനും മാനസികവും ശാരീരികവുമായ ഉല്ലാസത്തിനുമുള്ള സമയങ്ങളാണ് ഏപ്രിൽ മെയ് മാസങ്ങൾ. ഈ സമയം ഫലകരമായി ഉപയോഗിക്കുവാൻ കുഞ്ഞുങ്ങളും മാതാപിതാക്കളും സഭകളും ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞുങ്ങൾ നമ്മുടെ സമ്പത്തും ഭാവിയുടെ വാഗ്ദാനങ്ങളും ആണ്. ഇവരുടെ സമഗ്ര വളർച്ച ഉറപ്പാക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. കുഞ്ഞുങ്ങളുടെ ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവും സാമൂഹകവും ആത്മീകവുമായ വളർച്ച ഒരുപോലെ സംഭവിക്കേണ്ടതാണ്.ഈ അവധിക്കാലത്ത് അത് എങ്ങനെ സാധ്യമാക്കാം എന്ന് നമുക്ക് നോക്കാം.

തിരക്കുള്ള വിദ്യാഭ്യാസ കാലഘട്ടത്തിൽ ദൈവ വചനം ശരിയായി പഠിക്കുവാനുള്ള സമയങ്ങൾ തുലോം കുറവാണ്. സൺഡേ സ്കൂളിലെ ആഴ്ചയിലൊരിക്കലെ ഒരു മണിക്കൂർ ആയി വചന പഠനം പരിമിതപ്പെടാറുണ്ട്. ഇതിന് പരിഹാരമായി അവധിക്കാലത്ത് കുഞ്ഞുങ്ങൾക്കായി വചന പഠനത്തിന് കൂടുതൽ സമയം ലഭിക്കുന്നതും കുട്ടികൾക്ക് ഇഷ്ടമുള്ളതുമായ വി.ബി.എസ് പോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ സാധ്യമാണ്. കുഞ്ഞുങ്ങൾക്ക് ആത്മീയ പരിപോഷണം നൽകുവാൻ ഒരു പരിധിവരെ ഇത് സഹായകരമാണ്. മാത്രമല്ല വിബിഎസ് പോലെയുള്ള പരിപാടികൾ സഭയ്ക്ക് പുറത്തുള്ള കുഞ്ഞുങ്ങളെ സുവിശേഷീകരിക്കുവാൻ ഇന്ന് ലഭിക്കുന്ന ഏറ്റവും വലിയ സുവിശേഷീകരണ പദ്ധതി കൂടിയാണെന്നുള്ളത് മറക്കരുത്. ഇത് മനസ്സിലാക്കി സഭകൾ കുഞ്ഞുങ്ങൾക്കായി ഈ അവധിക്കാലത്ത് വെക്കേഷൻ ബൈബിൾ സ്കൂളുകൾ സംഘടിപ്പിക്കുവാൻ മുന്നോട്ടു വരണം. അതുപോലെ കുഞ്ഞുങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്ന ക്യാമ്പുകൾ, ഏകദിന സെമിനാറുകൾ തുടങ്ങിയവയിലും കുഞ്ഞുങ്ങളെ താൽപര്യത്തോടെ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ ഉത്സാഹിക്കേണ്ടതാണ്. കുഞ്ഞുങ്ങളെയും കൗമാരക്കാരെയും ലക്ഷ്യമാക്കി ഇത്തരത്തിലുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാൻ പരിശ്രമിക്കേണ്ടതാണ് സഭയുടെ ഉത്തരവാധിത്വമാണ്. 

കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് അവധി ദിവസങ്ങൾ ക്രമീകരിക്കണം. കുഞ്ഞുങ്ങളുമായി യാത്രകൾ പോവുക, അവരോടൊപ്പം ആഹാരം കഴിക്കുക, അവരുമായി കളികളിൽ ഏർപ്പെടാൻ സമയം കണ്ടെത്തുക എന്നിവ കുട്ടികളുമായി ഇഴയടുപ്പമുള്ള ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുവാൻ മാതാപിതാക്കൾക്ക് സഹായകരമാകും.  

കുട്ടികളുടെ ശാരീരിക വളർച്ചയുമായി ബന്ധപ്പെട്ട് അവർക്ക് കായികമായുള്ള വിനോദങ്ങളിൽ ഏർപ്പെടാനുള്ള ക്രമീകരണങ്ങൾ മാതാപിതാക്കൾ ചെയ്തു കൊടുക്കണം. കുഞ്ഞുങ്ങളുടെ താല്പര്യം അനുസരിച്ചുള്ള കായിക വിനോദങ്ങളുടെ അവധിക്കാല പരിശീലന പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് അവർക്ക് ആ മേഖലകളിൽ പ്രാവിണ്യം നേടുവാനും ശാരീരികമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായകരമായിരിക്കും. അതോടൊപ്പം കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുവാനും ശ്രദ്ധിക്കാവുന്നതാണ്.പാട്ട് പരിശീലനം സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനവും, വര, എഴുത്ത്, പ്രസംഗം എന്നീ കലകളിൽ താല്പര്യമുള്ളവർക്ക് അത്തരത്തിൽ പരിശീലനവും നൽകുന്നത് ഫലകരമാണ്. കൂടാതെ വ്യക്തിത്വ വികസന ക്ലാസുകൾ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സുകൾ എന്നിവയും കുട്ടികൾക്ക് ഈ അവധിക്കാലത്ത് നൽകാവുന്നതാണ്. എൻട്രൻസ് എക്സാമുകൾക്കായുള്ള ക്രാഷ് കോഴ്സുകൾ ഓൺലൈനായോ ഓഫ് ലൈൻ ആയോ പങ്കെടുക്കുന്നത് പരീക്ഷയിൽ നല്ല പ്രകടനം കാഴ്ചവെക്കുവാൻ സഹായകരമാകും. എൻട്രൻസ് കോച്ചിംഗ് ഫീസ് കൊടുക്കുവാൻ പണമില്ലാത്ത കുഞ്ഞുങ്ങളെ സഭയോ വിശ്വാസികളോ സഹായിക്കുന്നത് നന്നായിരിക്കും.

കൂടുതൽ സാമൂഹ്യ ബന്ധമുള്ളവർ ആയി കുഞ്ഞുങ്ങളെ വളർത്താനായി അനാഥാലയങ്ങളും ശാരീരിക വെല്ലുവിളികൾ നേരിടുന്ന ആളുകൾ താമസിക്കുന്ന കേന്ദ്രങ്ങളും സന്ദർശിക്കുന്നത് ദീനാനുകമ്പയുള്ളവരായി അവരെ തീർക്കാൻ സഹായിക്കും. കൂടാതെ പ്രായമായ മാതാപിതാക്കളെയും ബന്ധുവീടുകളിലും സന്ദർശനം നടത്തുന്നതും മറ്റുള്ളവരെ സഹായിക്കത്തക്ക നിലകളിൽ എന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്യുന്നതുമൊക്കെ കുഞ്ഞുങ്ങളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറ്റാൻ ഒരു പരിധിവരെ സഹായിക്കും.

ഇത്തരത്തിൽ സാമൂഹിക പ്രതിബദ്ധത ഉള്ളവരും ദൈവരാജ്യത്തിന് പ്രയോജനം ഉള്ളവരുമായി നമ്മുടെ കുഞ്ഞുങ്ങൾ വളർന്നു വരട്ടെ. കുഞ്ഞുങ്ങളുടെ സമഗ്ര വളർച്ച ഉറപ്പാക്കി വളർത്തുവാൻ എല്ലാ മാതാപിതാക്കൾക്കും സഭകൾക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. കുഞ്ഞുങ്ങൾക്ക് അവർ എന്നും ഓർത്തിരിക്കുന്ന അവധിക്കാലം നൽകുവാൻ നമുക്ക് ഈ വർഷം കഴിയട്ടെ.

(ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറിയും തിമഥി ഇൻസ്റ്റിറ്റ്യൂട്ട് മിഷൻ ഡയറക്ടറുമാണ് ലേഖകൻ)