ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപ്രചരണം നിയമ വിരുദ്ധമല്ല: നിലപാട് വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാർ

ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപ്രചരണം നിയമ വിരുദ്ധമല്ല: നിലപാട് വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാർ

മതപരിവര്‍ത്തന നിരോധന നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

മോൻസി മാമ്മൻ, തിരുവനന്തപുരം

ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

മതപരിവര്‍ത്തന നിരോധന നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചു. 

 ഭരണഘടനയുടെ 25-ാം അനുച്ഛേദം ഓരോ പൗരനും തന്റെ മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. "ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവൃത്തികള്‍ നിയമവിരുദ്ധമായി കാണാനാകില്ല. എന്നാല്‍ അവരുടെ മതം പ്രചരിപ്പിക്കുന്നത് പൊതു ക്രമത്തിനും ധാര്‍മ്മികതയ്ക്കും ആരോഗ്യത്തിനും ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റ് വ്യവസ്ഥകള്‍ക്കും എതിരാണെങ്കില്‍ അത് ഗൗരവമായി കാണേണ്ടതാണെന്നും " ഡി എം കെ സര്‍ക്കാര്‍ വ്യക്തമാക്കി.

അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍, സംസ്ഥാനത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ ഹിന്ദി ബെല്‍റ്റ് പ്രദേശങ്ങളിലെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കി.പൗരന്മാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അവരുടെ സത്യവാങ്മൂലത്തില്‍ തറപ്പിച്ചു പറയുകയും ചെയ്യുന്നു.

"മറ്റൊരാളെ സ്വന്തം മതത്തിലേക്ക് നിര്‍ബന്ധിച്ച്‌ മാറ്റാന്‍ ഭരണഘടന ഒരു വ്യക്തിക്കും മൗലികാവകാശം നല്‍കുന്നില്ല. എന്നാല്‍ ഏതൊരു വ്യക്തിക്കും അവന്റെ മതം പ്രചരിപ്പിക്കാന്‍ അത് അവകാശം നല്‍കുന്നു. അതുപോലെ, ഒരു വ്യക്തിയും മതം മാറുന്നതില്‍ നിന്ന് ഭരണഘടന തടയുന്നില്ല. രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ മതം സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ട്, അവരുടെ വ്യക്തിപരമായ വിശ്വാസത്തിനും സ്വകാര്യതയ്ക്കും എതിരായി സര്‍ക്കാര്‍ സംസാരിക്കുന്നത് ഉചിതമല്ല''- സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

തങ്ങളുടെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച്‌ ഏതെങ്കിലും വര്‍ഗത്തിന്റെ മതവികാരങ്ങളെ ദ്രോഹിക്കാന്‍ ബോധപൂര്‍വവും ദുരുദ്ദേശ്യത്തോടെയും ശ്രമിക്കുന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. "മൗലികാവകാശമനുസരിച്ച്‌, ഓരോ പൗരനും തന്റെ മതം സമാധാനപരമായി ആചരിക്കാനും പ്രചരിപ്പിക്കാനും അവസരമുണ്ട്. ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കണ്ടെത്താനാകും, അത് അലംഘനീയമായ അവകാശമാണ്," - സര്‍ക്കാര്‍ പറയുന്നു.

മതപരിവര്‍ത്തനം തടയാന്‍ നിയമം നിര്‍മിക്കാന്‍ നിയമകമീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജിയില്‍ സര്‍ക്കാറുകളുടെ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ് ആണ് ഹരജി നല്‍കിയത്.

ഉപാധ്യായയുടെ ഹര്‍ജിയെ "മതപരമായ പ്രേരിതമായ ഹര്‍ജി" എന്ന് വിളിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ഏതെങ്കിലും മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരുന്ന ആശയത്തെ എതിര്‍ക്കുകയും ചെയ്തു.

തമിഴ്നാട്ടില്‍ ഏതാനും വര്‍ഷങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മിഷണറികളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമല്ല -സര്‍ക്കാര്‍ വ്യക്തമാക്കി.

Advertisement