പാസ്റ്റർ പോളും ഐപിസിയും

പാസ്റ്റർ പോളും ഐപിസിയും
ചാക്കോ കെ തോമസ്, ബെംഗളൂരു
ഭാരതത്തിലെ പ്രമുഖ പെന്തെക്കൊസ്ത് പ്രസ്ഥാനമായ പെന്തെക്കൊസ്ത് മിഷൻ സഭകളുടെ സ്ഥാപകനും ക്രപാവര ശുശ്രൂഷകനും പ്രസംഗകനുമായിരുന്ന പാസ്റ്റർ പോൾ കേരളത്തിലെ പെന്തെക്കൊസ്ത് പ്രസ്ഥാനങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. പാസ്റ്റർപോളിന് ഐ.പി.സിയും പാസ്റ്റർ കെ.ഇ.ഏബ്രഹാമുമായും സവിശേഷ ബന്ധമുണ്ട്.
കുമ്പനാടു കൺവൻഷനിൽ പല തവണ പ്രസംഗിച്ചിട്ടുള്ള പാസ്റ്റർ പോളാണു പാസ്റ്റർ കെ. ഇ. ഏബ്രഹാമിനു ഓർഡിനേഷൻ നല്കിയത്. ഐപിസി ശതാബ്ദി കൺവൻഷൻ ആഘോഷിച്ചപ്പോൾ ഇരു സഭകളും തമ്മിൽ ഇങ്ങനെ ഒരു ആത്മബന്ധമുണ്ടായിരുന്നെന്നു പുതുതലമുറയിൽ പെട്ടവർക്ക് അറിവില്ലായിരിക്കാം.
'പാസ്റ്റർ കെ. ഇ. ഏബ്രഹാമിന്റെ ഓർഡിനേഷൻ' എന്ന തലക്കെട്ടിൽ പാസ്റ്റർ പോളിന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് (പേജ് 113) ഇങ്ങനെ:
''കേരളത്തിലെ പഴക്കം ചെന്ന ഒരു പെന്തെക്കൊസ്തു പ്രവർത്തകനാണു പാസ്റ്റർ കെ. ഇ. ഏബ്രഹാം. വിദേശ മിഷണറിമാരോടു സഹകരിച്ചു പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് അതുവരെ ഓർഡിനേഷൻ ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെ തെന്നിന്ത്യാ പെന്തെക്കൊസ്തു ദൈവസഭ എന്ന പേരിൽ കെ. ഇ. എബ്രഹാമിന്റെ നേത്യത്വത്തിൽ ഒരു സ്വതന്ത്ര പെന്തെക്കൊസ്തു പ്രസ്ഥാനം രൂപംകൊണ്ടു. തത്സമയം വിദേശ മേൽക്കോയ്മ ഇല്ലാതെ സ്വതന്ത്രമായി വളർച്ച പ്രാപിച്ചിരുന്ന സിലോൺ പെന്തെക്കൊസ്തു മിഷന്റെ സ്ഥാപകനും അപ്പൊസ്തലനുമായിരുന്ന പാസ്റ്റർ പോളിനെ വരുത്തി കൈവെപ്പു ശുശ്രൂഷ നടത്തുന്നതിനു പാസ്റ്റർ കെ. ഇ. ഏബ്രഹാമും സഹപ്രവർത്തകരും തീരുമാനിച്ചു. ഈ വിവരം അദ്ദേഹത്തെ അറിയിച്ചു. റാന്നി യോഗാനന്തരം സിലോണിലേക്കുള്ള മടക്കയാത്രയ്ക്കായി കൊല്ലത്തെത്തിയിരുന്ന പാസ്റ്റർ പോളിനു ഈ ക്ഷണപ്രകാരം കുമ്പനാട്ടേക്കു മടങ്ങേണ്ടിവന്നു. അവിടെ എത്തിച്ചേർന്ന ഉടനെ ദൈവനടത്തിപ്പു അറിയേണ്ടതിനു അദ്ദേഹം ഉപവസിച്ചുപ്രാർഥിച്ചു. ദൈവനിയോഗപ്രകാരം 1930 മാർച്ച് ആറാം തീയതി ശ്രീ കെ. ഇ. ഏബ്രഹാമിനെ പാസ്റ്ററായി ഓർഡിനേറ്റു ചെയ്തു. കൂടാതെ അദ്ദേഹത്തെക്കുറിച്ചുള്ള ദൈവവിളിയെ സംബന്ധിച്ചും മറ്റും പാസ്റ്റർ പോൾ പ്രവചിക്കുകയും ചെയ്തു.''
''യേശുക്രിസ്തുവിന്റെ എളിയ ദാസൻ' എന്ന ആത്മകഥയിൽ 'എന്റെ ഓർഡിനേഷൻ' എന്ന തലക്കെട്ടിൽ പാസ്റ്റർ കെ. ഇ. ഏബ്രഹാം അതു ഇപ്രകാരമാണു (പേജ് 207-209) രേഖപ്പെടുത്തിയിരിക്കുന്നത്:
''ഞാൻ ഒരു പെന്തെക്കോസ്തു ശുശ്രൂഷകനായശേഷം പ്രസ്തുത കാലയളവിനുള്ളിൽ പുതിയനിയമ സഭയുടെ ശുശ്രൂഷകന്മാരെ കൈവച്ച് വേർതിരിക്കുന്നതിനെ സംബന്ധിച്ച് ദൈവവചനത്തിൽനിന്നു പഠിച്ചുകൊണ്ടിരുന്നു. ബാപ്റ്റിസ്റ്റ്, ചർച്ച് ഓഫ് ഗോഡ് (ആത്മബോധിനി), പെന്തെക്കോസ്തു ആദിയായി പട്ടത്വസമൂഹങ്ങളാല്ലാതുള്ള സഭാശുശ്രൂഷകന്മാരെ കൈവച്ച് വേർതിരിക്കുന്ന നടപടിയുള്ളത് എന്റെ അതു സംബന്ധിച്ചുള്ള പഠനത്തിനു പ്രത്യേക മുഖാന്തരമായി ഭവിച്ചു. പട്ടത്വസഭകൾ വിശ്വസിക്കുന്നതുപോല കൈവയ്ക്കുന്ന ആളിൽകൂടെ അദ്ധ്യക്ഷത കൈവയ്ക്കപ്പെടുന്ന ആളിലേക്കു വ്യാപരിക്കുകയല്ല, പിന്നെയോ ദൈവം ഒരാളിനെ അധ്യക്ഷനാക്കി എഴുന്നേല്പിക്കുമ്പോൾ ആ ആളിനെ പ്രസ്തുത ശുശ്രൂഷിയ്ക്കായി വേർതിരിക്കുക - Set apart ചെയ്യുക -യാണെന്നു തിരുവചനത്തിൽനിന്നു ഗ്രഹിച്ചു. പൗലൊസ് പത്തു വർഷത്തോളം ദൈവത്തിന്റെ ശുശ്രൂഷ ചെയ്തുവരവേ, 'ഞാൻ വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേർതിരിപ്പിൻ' എന്ന പരിശുദ്ധാത്മാവ് അരുളിച്ചെയ്കയും മറ്റു ശുശ്രൂഷകന്മാർ പൗലൊസിനെയും ബർന്നബാസിനെയും കൈവച്ച് ശുശ്രൂഷയ്ക്കായി വേർതിരിക്കയും ചെയ്തുവെന്നു തിരുവെഴുത്തു പ്രസ്താവിക്കുന്നു. (പ്രവൃ. 13:1-3) ആകയാൽ ദൈവം ഒരാളെ ശുശ്രൂഷകനായി വിളിച്ചെഴുന്നേല്പിക്കുമ്പോൾ അയാളെ പ്രസ്തുത ശുശ്രൂഷക്കായി മറ്റു ശുശ്രൂഷകന്മാർ കൈവച്ചു വേർതിരിച്ച് സഭ അംഗീകരിക്കുന്നതാണു കൈവപ്പ്ശുശ്രൂഷ എന്നു ദൈവാത്മാവ് തന്റെ വചനത്തിൽ നിന്നും അക്കാലങ്ങളിൽ എന്നെ ഗ്രഹിപ്പിച്ചു.
ഞാൻ ദീർഘവർഷങ്ങൾ കർത്താവിന്റെ ശുശ്രൂഷയിൽ തുടർന്നുപോന്നിരുന്നെങ്കിലും അപ്രകാരം ഒരു ശുശ്രൂഷ എനിക്കു നടത്തപ്പെട്ടിരുന്നില്ല. പാസ്റ്റർ കുക്കു അവർകളോടുള്ള സഹകരണത്തിൽ പ്രവർത്തി ച്ചിരുന്ന കാലത്ത് അതിനു സൗകര്യം ഉണ്ടായിരുന്നെങ്കിലും വേല അപ്പൊസ്തലിക പ്ലാനിൽ പുരോഗമിക്കായ്ക കാരണം എന്നിൽ ഉണ്ടായിരുന്ന ചിന്താകുലങ്ങൾ നിമിത്തം ഞാൻ അതിനു താല്പര്യമുള്ളവനായിത്തീർന്നില്ല. അങ്ങനെയിരിക്കുമളവിലാണു 'തെന്നിൻഡ്യാ പെന്തെക്കോസ്തു ദൈവസഭ' എന്ന ഞങ്ങളുടെ പ്രസ്ഥാനം വീണ്ടും സ്വതന്ത്രമായത്. അവ്വണ്ണം ഞങ്ങളുടെ പ്രസ്ഥാനം സ്വതന്ത്രമായപ്പോൾ ദൈവവചന പ്രകാരമുള്ള കൈവെപ്പു ശുശ്രൂഷ നടക്കേണ്ടതിന്റെ ആവശ്യബോധം എന്നെയും സഹപ്രവർത്തകന്മാരെയും ശക്തിയായി ഭരിച്ചു. ഇൻഡ്യയിൽ ഞങ്ങളുടെ പ്രസ്ഥാനംപോലെ തന്നെ സിലോണിൽ വിദേശമേൽക്കോയ്മ കൂടാതെ സ്വതന്ത്രമായി പുരോഗമിക്കുന്ന ഒന്നായിരുന്നു സിലോൺ പെന്തെക്കോസ്തു പ്രസ്ഥാനം. ആകയാൽ ആ സഹോദരിസഭയുടെ നേതാവും ദൈവത്തിന്റെ ഒരു അപ്പൊസ്തലനുമായിരുന്ന പാസ്റ്റർ പോളിനെ വരുത്തി പ്രസ്തുത ശുശ്രൂഷ നടത്തപ്പെടുവാൻ ഞങ്ങളുടെ വേലക്കാർ ആലോചിച്ചു തീരുമാനിച്ചു. തദവസരം റാന്നിയിലെ യോഗം കഴിഞ്ഞ് പാസ്റ്റർ പോൾ മുതലായവർ സിലോണിലേക്കുള്ള മടക്കയാത്രയ്ക്കായി കൊല്ലത്ത് എത്തിയിരിക്കയായിരുന്നു.
ഞങ്ങളുടെ പ്രസ്ഥാനം സ്വതന്ത്രമായതോടുകൂടെ, പി. എം. സാമുവേൽ സഹോദരനു വിദേശമേൽക്കോയ്മ ഇല്ലാതെയുള്ള ഒരു സ്വതന്ത്ര പ്രസ്ഥാനത്തിന്റെ ആദർശം ദൈവം മുന്നമെ നൽകിയിരുന്നതുകൊണ്ട് അദ്ദേഹവും കീക്കൊഴൂരിൽ ആയിടയ്ക്ക് എഴുന്നേറ്റ പെന്തെക്കോസ്തു വിശ്വാസികളും ഞങ്ങളുടെ പ്രസ്ഥാനത്തോട് യോജിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.
ഓർഡിനേഷൻ ശുശ്രൂഷ നടക്കേണ്ടതിനുവേണ്ടി ഞങ്ങളുടെ വേലക്കാരുടെ യോഗത്തിന്റെ തീരുമാനപ്രകാരം പി. എം. സാമുവേൽ സഹോദരൻ കൊല്ലത്തു ചെന്ന് പാസ്റ്റർ പോൾ മുതലായവരെ കുമ്പനാട്ടേക്കു കൂട്ടിക്കൊണ്ടുവന്നു. എനിക്കും ബ്രദേഴ്‌സ് പി. എം. സാമുവേൽ, കെ. സി. ഉമ്മൻ ആദിയായി മറ്റു ചില ദൈവഭൃത്യന്മാർക്കും കൈവപ്പ് ശുശ്രൂഷ നടക്കണം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാൽ പാസ്റ്റർ പോൾ അതിനെക്കുറിച്ച് ദൈവനടത്തിപ്പ് അറിയേണ്ടതിന് ഉപവസിച്ച് പ്രാർഥിച്ച് കാത്തിരുന്നതിൽ എനിക്കു മാത്രം ആ ശുശ്രൂഷ നടത്തുകയും മറ്റുള്ളവർക്കു പിന്നീട് അതു ഞാൻ നടത്തുകയും ചെയ്താൽ മതിയെന്നു ദൈവാത്മാവ് തനിക്കു വെളിപ്പെടുത്തി. അങ്ങനെ കുമ്പനാട്ട് കെ.സി. ഉമ്മച്ചന്റെ വസതിയോട് ചേർന്ന് (ഇപ്പോഴത്തെ ഹെബ്രോൻപുരം) കുമ്പനാട്ട് സഭയുടെ ആരാധനയ്ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന പ്രാർഥനാഷെഡ്ഡിൽ വച്ച് 1105 കുംഭം 23 (1930 മാർച്ച് 6) ാം തീയതി വ്യാഴാഴ്ച എനിക്കു കൈവപ്പു ശുശ്രൂഷ നടത്തപ്പെട്ടു കുമ്പനാട്ട്, പൂവത്തൂർ, റാന്നി മുതലായ സഭകളിലെ വിശ്വാസികളും ഞങ്ങളുടെ കൂട്ടുവേലക്കാരിൽ പലരും സംബന്ധിച്ചിരുന്നു. എത്രയും അനുഗ്രഹമായ ശുശ്രൂഷയായി അതു നിവർത്തിക്കപ്പെട്ടു. കർത്താവ് ഒരു അപ്പൊസ്തലനായിട്ടാണ് എന്നെ നേരത്തെ വിളിച്ച് എഴുന്നേല്പ്പിച്ചിരിക്കുന്നത് എന്ന് ശുശ്രൂഷാസമയത്ത് ദൈവാത്മാവ് പാസ്റ്റർ പോളിൽക്കൂടെ പ്രവചനമായി ചെയ്തു.'
Advertisement