യേശുക്രിസ്തുവിൻ്റെ ആത്മാവിൽ രൂപാന്തരം പ്രാപിക്കുകയാണ് ദൈവമക്കൾക്ക് വേണ്ടത് : പാസ്റ്റർ എം.റ്റി.തോമസ്

യേശുക്രിസ്തുവിൻ്റെ ആത്മാവിൽ രൂപാന്തരം പ്രാപിക്കുകയാണ് ദൈവമക്കൾക്ക് വേണ്ടത് :  പാസ്റ്റർ എം.റ്റി.തോമസ്

പെന്തെക്കോസ്തു മിഷൻ രാജ്യാന്തര കൺവൻഷൻ നാലാംദിനം

ചാക്കോ കെ തോമസ്, ബെംഗളൂരു

ചെന്നൈ: യേശുക്രിസ്തുവിൻ്റെ ആത്മാവിൽ രൂപാന്തരപ്പെട്ട ജീവിതത്തിൻ്റെ ഉടമകളായി വിശ്വാസികൾ തീരണമെന്ന് ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ് പ്രസ്താവിച്ചു.

ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷൻ്റെ നാലാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

രൂപാന്തരപ്പെട്ടവർക്ക് ഉള്ളതാണ് ദൈവ സാനിധ്യമായ സീയോൻ. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നാലെയുള്ള ദൈവജനത്തിൻ്റെ പരക്കംപാച്ചിൽ അപലപനീയമാണെന്നും എല്ലാവരും സീയോനിൽ എത്തിച്ചേരുവാൻ വാഞ്ചിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു.  

പാസ്റ്റർ എം.ജോസഫിൻ്റെ പ്രാർഥനയോടെയാണ് നാലാംദിന കൺവെൻഷൻ ആരംഭിച്ചത്.

പകൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ഗ്രഗ് വിൽസൺ (യു.എസ്) പ്രസംഗിച്ചു.

വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.

 പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

സഭയുടെ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ സംയുക്ത ആരാധനാ യിൽ മുഖ്യ പ്രഭാഷണം നടത്തും. 

 മാർച്ച് 11-നു രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡിയോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും.

കേരളം അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്നുണ്ട്.