ഡ്രം സെറ്റിൽ വിസ്മയം തീർത്ത് ബിൽഹ
ബൈജു പനയ്ക്കോട്
തിരുവനന്തപുരം : 'വേദികൾ കീഴടക്കട്ടെ. പേരറിയില്ല, സഭയറിയില്ല കണ്ടപ്പോൾ ഷെയർ ചെയ്യാൻ തോന്നി ' ഈയൊരു തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഒരു പോസ്റ്റിലൂടെ എല്ലാവരും അന്വേഷിച്ച ആ പെൺകുട്ടി ബിൽഹ ലോറൻസ് എന്ന പത്താം ക്ലാസുകാരി ഇവിടെയുണ്ട്.
ജനുവരി 8 മുതൽ 14 വരെ നടന്ന 71-ാമത് കല്ലിയൂർ ജനറൽ കൺവെൻഷനിൽ സ്തോത്ര ഗാനങ്ങൾ പാടി, എൻ യേശു അല്ലാതെ, എൻ പ്രിയനേ പോൽ സുന്ദരനായി തുടങ്ങിയ ചില ഗാനങ്ങൾ ഡ്രം സെറ്റിൽ വായിച്ചതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഗായകനായ സുവിശേഷകൻ ജ്യോതിഷ് എബ്രഹാം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായത്. ഫ്യൂഷനിടെ പകർത്തിയ 9 മിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യം ആർക്കും കണ്ടിരിക്കാൻ തോന്നുന്ന മനോഹരവുമായ ശ്രവ്യാനുഭവമായിരുന്നു. ഈ പ്രായത്തിൽ അനായാസമായി ഡ്രംസ് വായിച്ച ഈ പെൺകുട്ടി നാളെയുടെ വാഗ്ദാനമാണെന്ന് വീഡിയോ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ പത്തു വർഷമായി ഡ്രംസ് പരിശീലിക്കുന്ന ബിൽഹ ഇതുവരെ നിരവധി വേദികളിലാണ് ശബ്ദ വിസ്മയം തീർത്തത്. പലയിടങ്ങളിൽ നിന്നും ക്യാഷ് അവാർഡുകളും സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കുഞ്ഞു പ്രായത്തിലേ ഡ്രംസ് പഠിക്കാൻ താല്പര്യമുണ്ടായിരുന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ കീബോർഡും വയലിനും പഠിച്ചു കൊണ്ടിരിക്കുകയാണ്. നന്നായി പാട്ടു പാടാനും ദൈവം താലന്ത് നൽകിയിട്ടുണ്ട്.
ഇത്രയും വലിയൊരു വേദിയിൽ അവസരം നൽകിയ അപ്പോസ്തലിക ദൈവസഭയ്ക്കും പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയും എല്ലാ മഹത്വവും ദൈവത്തിന് നൽകുന്നുവെന്ന് ബിൽഹ പറഞ്ഞു. തിരുവനന്തപുരം വെളളനാട് സ്വദേശികളായ ലോറൻസ് - ലാലി ദമ്പതികളുടെ ഏക മകളാണ് കാട്ടാക്കട വിശ്വദീപ്തി സ്കൂൾ വിദ്യാർത്ഥിനിയായ ബിൽഹ ലോറൻസ്.
ബിൽഹ മോൾക്ക് ആശംസ അറിയിക്കാൻ 9947768062 എന്ന നമ്പരിൽ ബന്ധപ്പെടാം.