ഇനി പരീക്ഷാക്കാലം

ഇനി പരീക്ഷാക്കാലം

 ലിഷ കാതേട്ട് (അധ്യാപിക, എ. ആർ. നഗർ ഹയർ സെക്കൻഡറി, മലപ്പുറം)

പ്രിയപ്പെട്ട കുട്ടുകാരെ, പരീക്ഷകൾ നമ്മുടെ തൊട്ടടുത്ത് എത്തി 

 എസ് എസ്എൽസിയുടെയും പ്ലസ്ടുക്കാരുടെയും വാർഷിക പരീക്ഷകളുടെ ടൈംടേബിലുകൾ നമ്മുടെ ജീവിതത്തിൻ്റെയും ടൈം ടേബിലുകളാണെന്ന് മറക്കരുത്.

മിക്കസ്ക്കൂളുകളിലും സെൻ്റോഫുകളും വിടപറയലുകളും കഴിഞ്ഞെങ്കിലും നമ്മുടെ സ്കൂൾ , നമ്മുടെ ക്ളാസ് ,  നമ്മുടെടീച്ചേഴ്സ്, ഇതൊക്കെ വാക്കുകൾക്കതീതമാണ്.  ക്ലാസ്സുമുറിയിൽ നിന്നും ഓരോരുത്തരും വിടപറയുന്നത് ഒരു പഠനവർഷത്തോട് മാത്രമല്ല,  ജീവിതത്തിലെ ഒരു മനോഹരമായ അധ്യായത്തോടാണ്.

ഈ ബെഞ്ചുകളും ബ്ലാക്ക്ബോർഡും നിങ്ങളുടെ ചിരികളും കണ്ണീരും, വിജയങ്ങളും പരാജയങ്ങളും
എന്നെന്നും ഓർമ്മിക്കപ്പെടുന്ന മൗനസാക്ഷ്യങ്ങളായിരിക്കും.

പല സന്ദർഭങ്ങളിലും നിങ്ങൾ വീണുപോയിട്ടുണ്ടാവാം. പക്ഷേ ഓരോ തവണയും വീഴ്ചയെ പഠനമാക്കി, മുമ്പത്തേക്കാൾ ശക്തിയോടെ നിങ്ങൾഎഴുന്നേറ്റുവന്നിട്ടുണ്ട്. ഈ ഊർജ്ജവും കരുത്തും ആത്മബലവും ജീവിതത്തിലുടനീളം നിലനിർത്താൻ നിങ്ങൾക്ക് കഴിയട്ടെ.

SSLC ഒരു പരീക്ഷ മാത്രമല്ല. നാം സ്വയം തിരിച്ചറിയുന്ന ഒരു നിർണായക വഴിത്തിരിവാണ്. മാർക്ക് ലിസ്റ്റ് നമ്മുടെ മൂല്യം അളക്കുന്ന ഒരു അളവുകോൽ മാത്രമല്ല. ഓരോരുത്തരുടേയും സ്വപ്നങ്ങൾ, പരിശ്രമം, നല്ല മനസ്സ് അവയാണ് ഉന്നതങ്ങളിലെത്തിക്കുന്നത്.

ജീവിതത്തിൽ എപ്പോഴും ജയിക്കണമെന്നില്ല. പരാജയപ്പെടുന്ന ഘട്ടങ്ങളിൽ പോലും നാം നിലനിർത്തിയ സത്യസന്ധത ഒരിക്കലും നഷ്ടപ്പെടുത്തരുത്.

വിജയം വേഗത്തിൽ എത്താത്ത ദിവസങ്ങൾ ഉണ്ടായേക്കാം. അന്ന് നാം ഓർക്കണം തളരാതെ മുന്നോട്ടു പോകുന്നവരെയാണ് വിജയം തേടി എത്തുക എന്നത്.

നിങ്ങൾ എത്ര ഉയരത്തിൽ എത്തിയാലും ഒരു നല്ല മനുഷ്യനാവുക.

പത്താം ക്ലാസ് എന്നത് വ്യത്യസ്ത കൂട്ടുകാർക്കും വിവിധ അധ്യാപകർക്കും നല്ല വിജ്ഞാനങ്ങൾക്കുമൊപ്പം നടന്ന ഒരു മനോഹരമായ പ്രയാണമായിരുന്നു. ഈ യാത്രയെ സമ്പന്നമാക്കിയ ഗുണകരമായ പാഠങ്ങൾ മുന്നോട്ടുള്ള നമ്മുടെ യാത്രയിൽ വെളിച്ചമായി മാറട്ടെ.

നമ്മുടെ വിജ്ഞാനമാർഗത്തിലെ ഈ ജൈത്രയാത്ര ഇന്ന് ഒരു നിർണായക ഘട്ടത്തിലേക്ക്
നീങ്ങിക്കൊണ്ടിരിക്കുകയാണ്.

പോയ്കൊള്ളുക പ്രിയപ്പെട്ടവരെ... സ്വപ്നങ്ങളിലേക്ക്… 

വിജയങ്ങളിലേക്ക്… 

നിങ്ങളെക്കുറിച്ച് അഭിമാനിക്കാവുന്ന നല്ല നാളുകളിലേക്ക്...

എസ്എസ്എൽസി യിൽ തിളക്കമാർന്ന വിജയം നിങ്ങൾ ഓരോരുത്തർക്കും സ്വന്തമാക്കാൻ കഴിയട്ടെ.

പരീക്ഷയ്ക്ക് മുമ്പ് ചില കാര്യങ്ങൾ ഓർമ്മിപ്പിക്കട്ടെ:

  1. നിങ്ങളുടെ ആശങ്കയെ സാധൂകരിക്കുക: പരീക്ഷാകാലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേ പോലെ ഭയം ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. അത് നമ്മുടെ കുറ്റമോ കുറവോ അല്ല.
  2. മുൻവിധിയോടെ അല്ലാതെ കാര്യങ്ങളെ കാണാൻ ശ്രമിക്കുക:  പരീക്ഷയെ ഭയത്തോടെ കാണുമ്പോഴാണ് അത് നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തുന്നത്. മറിച്ച്, എത്ര ബുദ്ധിമുട്ടുണ്ടായാലും ഞാൻ വിജയിക്കും എന്ന് സ്വയം മനസ്സിൽ ഉറപ്പിച്ചാൽ ഒരു പരിധി വരെ ഈ ഭയത്തെ മറികടക്കാൻ സാധിക്കും. 
  3.  പ്രായോഗിക മാർഗ്ഗങ്ങൾ കണ്ടെത്തുക: നമ്മൾ നമ്മളെത്തന്നെ വിലയിരുത്തുന്നത് നല്ലതാണ്. നമ്മുടെ പഠന രീതി എങ്ങനെയാണെന്നും, താല്പര്യമുള്ള വിഷയങ്ങൾ ഏതെല്ലാമാണെന്നും, എത്രത്തോളം തയ്യാറെടുത്തുവെന്നും, അതിന്റെ പരിമിതികൾ തിരിച്ചറിഞ്ഞു, ഒരു പ്രായോഗിക മാർഗ്ഗം  കണ്ടെത്തുക.
  4.  മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക: നമ്മൾ ഓരോരുത്തർക്കും അവരവരുടേതായ വ്യത്യസ്തമായ  സവിശേഷതകളും ഗുണങ്ങളും ഉണ്ട്. അതുകൊണ്ട്, മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്താതിരിക്കുക.
  5.  തളരാതെ, പരാജയം സമ്മതിക്കാതെ, പരിശ്രമിക്കുക: പരീക്ഷ സമയത്ത് നമ്മൾക്ക് പലവിധ മാനസിക പിരിമുറുക്കങ്ങളും ടെൻഷനും ഉണ്ടായേക്കാം. അവിടെ ഒന്നും തളരാതെ, നമ്മൾ അവയെ നേരിടേണ്ടതാണ്. പഠിക്കാനുള്ള വിഷയങ്ങൾ വായിച്ചും, എഴുതിയും, അതുമായി സംബന്ധിച്ച വീഡിയോസ് കണ്ടും പരിശ്രമിച്ചാൽ, നമുക്ക് അത് സാധിക്കും.
  6. നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഭയപ്പെടാതെ, നിയന്ത്രണത്തിലുള്ളവയിൽ ശ്രദ്ധകൊടുക്കുക: പരീക്ഷ കാലത്ത് നെഗറ്റീവ് ചിന്തകൾ വരുന്നത് സാധാരണമാണ്. എന്നാൽ, അതിൽ അകപ്പെടാതെ, നമ്മുടെ നിയന്ത്രണത്തിലുള്ള പ്രവർത്തികളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്യേണ്ടതാണ്.
  7. പരീക്ഷ ഫലങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ അല്ല: പരീക്ഷയും അതിന്റെ ഫലവും നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. എന്നിരുന്നാലും മികച്ച വിജയം കൈവരിക്കാൻ വേണ്ടി പരിശ്രമിക്കുക എന്നത് നമ്മുടെ കടമയാണ്.
  8. ചിട്ടയായ ദിനചര്യകൾ: പരീക്ഷാകാലത്തു ആരോഗ്യകരമായ ദിനചര്യ വളരെ പ്രാധാന്യമുള്ളതാണ്. മതിയായ ഉറക്കം, ശരിയായ ഭക്ഷണരീതി, വ്യായാമം, ആവശ്യത്തിന് വെള്ളം കുടിക്കുക, ചെറിയ ഇടവേളകൾ, സ്വയപരിപാലനം ഇവയെല്ലാം കുട്ടികളിൽ ഉണർവും അതുപോലെ തന്നെ കാര്യക്ഷമതയും നൽകാൻ സഹായിക്കുന്നു.
  9.  മാതാപിതാക്കളോട്: നിങ്ങളുടെ കുട്ടിയുടെ പഠനത്തെ ഏറ്റവും അധികം ബാധിക്കുന്നത്‌ നിങ്ങൾക്ക് അവരോടുള്ള മനോഭാവമാണ്. നമുക്ക് അവരുടെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ട് എന്ന തോന്നൽ അവർക്ക് കൂടുതൽ ധൈര്യം നൽകും. അത് പോലെ തന്നെ സമാധാനപരമായ ഗൃഹാന്തരീക്ഷം ഒരുക്കി കൊടുക്കുന്നത് വഴിയും കുട്ടിയെ ഒരു പരിധി വരെ മാനസികമായി തയ്യാറാക്കാൻ സാധിക്കുന്നു. പരീക്ഷ ഫലം എന്ത് തന്നെ ആയാലും അവരോടൊപ്പം നമ്മൾ ഉണ്ടാവും എന്ന വിശ്വാസം അവർക്കു നൽകുക. ഇത് കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.

Advertisement