എ.ഐ. സാക്ഷരത
എ.ഐ. സാക്ഷരത
ഷാർലെറ്റ് പി. മാത്യു
“എ.ഐ. കാലത്തു കണ്ണുകൾ കൊണ്ടു നാം കാണുന്നതെല്ലാം സത്യമല്ല; നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നതെല്ലാം യാഥാർഥ്യവുമല്ല. അതിനാൽ വിവേകവും വിവേചനവുമാണ് ഡിജിറ്റൽ ലോകത്തു ഒരു വ്യക്തിയുടെ ഏറ്റവും വലിയ ആയുധം”
നിർമ്മിത ബുദ്ധിയുടെ ലോകത്തിൽ ആവശ്യമായ "എ ഐ സാക്ഷരത' അല്ലെങ്കിൽ “എ.ഐ. ലിറ്ററസി” എല്ലാവരും ആർജിച്ചെടുക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഡീപ്‌ഫേക്ക് വീഡിയോകളും എ.ഐ. ജനറേറ്റഡ് ഉള്ളടക്കങ്ങളും ഇന്നു സോഷ്യൽ മീഡിയയിൽ ധാരാളമുണ്ട്.

ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന ചിത്രത്തിലെ കമന്റുകൾ വായിക്കുക. വളരെ വൈറലായ ഒരു പാട്ടിന്റെ വീഡിയോയാണിത്. എ.ഐ. ജനറേറ്റഡ് വീഡിയോ കണ്ടതിനു ശേഷം മലയാളികളായവർ (പ്രത്യേകിച്ച് വിശ്വാസികളായവർ) അവരുടെ വീക്ഷണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കമന്റുകൾ ശ്രദ്ധിച്ചു വായിക്കുക.
- ഇന്നു മുതൽ ഈ സുന്ദരനായ കുഞ്ഞ് ഇനി ഈ അവസ്ഥയിൽ ഇരിക്കുകയില്ല. യേശുവിന്റെ നാമത്തിൽ, ആമേൻ ആമേൻ.
- ഒരു ഗ്രാമത്തിലെ ദരിദ്രനായ ബാലന്റെ ഹൃദയസ്പർശിയായ ഗാനം.
- വൗ … മനോഹരമായ ശബ്ദം… അനുഗ്രഹിക്കപ്പെട്ട കുഞ്ഞ്…ആമേൻ…
- നിങ്ങളുടെ മുഴുവൻ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ… ഹല്ലെലൂയാ… കർത്താവിനെ സ്തുതിക്കുന്നു…”
( നിർമ്മിത ബുദ്ധി സൃഷ്ടിച്ചതാണെന്നറിയാതെ കുട്ടിയുടെ വേഷവും സാഹചര്യവും കണ്ടു പോസ്റ്റുചെയ്തതായ കമന്റുകളാണിത്. എ.ഐ. സൃഷ്ടിച്ച കഥാപാത്രത്തെ മാത്രമല്ല, മുഴുവൻ കുടുംബത്തെ അനുഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും സാഹചര്യങ്ങളും ലൊക്കേഷനും വരെ രേഖപ്പെടുത്തുന്ന കമന്റുകളുണ്ട്.)
നമ്മെളെല്ലാം തിരിച്ചറിയേണ്ടതായ ചില യാഥാർഥ്യങ്ങൾ
1)എ.ഐ.യെ പോസിറ്റീവായി ഉപയോഗിക്കുക.
ക്രീയെറ്റിവിറ്റിയുള്ളതും മൂല്യമുള്ളതും നല്ലതാണ്. അതിന്റെ പ്രചാരം വർദ്ധിക്കുന്നതും വളരെ വേഗത്തിൽ പല കാര്യങ്ങൾ മനസിലാക്കാനും പഠിക്കുവാനും കഴിയുന്നതു പോസിറ്റീവായി നാം കാണേണം. സഭകൾക്കും എ.ഐ.യെ ഫലപ്രദമായി ഉപയോഗിക്കാം. സുവിശേഷം പ്രഘോഷിക്കുന്ന, ആത്മിക വർദ്ധനക്കുതകുന്ന എ ഐ ടൂളുകൾ നല്ലതു തന്നെയാണ്.
ദൈവസഭകളും ലീഡർഷിപ്പുകളും തിരിച്ചറിയേണ്ടതായ മൂന്നു കാര്യങ്ങൾ
a)ബൈബിൾ അധ്യാപന ഉള്ളടക്കങ്ങൾ സൃഷ്ടിക്കുക.
b)സന്ദേശങ്ങൾക്ക് അനുയോജ്യമായ ദൃശ്യങ്ങൾ രൂപകൽപ്പന ചെയ്യുക.
c)ചെറുപ്പക്കാരെ കണക്ട് ചെയ്യുവാൻ സൃഷ്‌ടിപരമായ മാർഗങ്ങൾ ഉപയോഗിക്കുക.
1 കൊരിന്ത്യർ 10:31 ൽ രേഖപെടുത്തിയിരിക്കുന്നതു പോലെ “ എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്‍വിൻ.”
2.എ.ഐ. ഒരു ടൂൾ അഥവാ ഉപകരണം മാത്രമാണ്
എ ഐ പറയുന്നതെല്ലാം എല്ലായ്‌പോഴും സത്യമല്ലെന്ന വസ്തുത തിരിച്ചറിയേണം. ഇന്നിന്റെ കാലത്തെ ഒരു എ ഐ വീഡിയോ കാണുമ്പോൾ അതു യഥാർത്ഥ വ്യക്തികളാണെന്നും സംഭവങ്ങളാണെന്നും ചിന്തിക്കരുത്. രസകരമായതിനെയും ക്രിയാത്മകമായതിനെയും നാം ആസ്വദിക്കുമ്പോൾ തന്നെ കബളിപ്പിക്കുവാനോ തെറ്റായ അജണ്ടകളുടെ ഭാഗമായി സൃഷ്ടിച്ചതാണോ എന്നു ചെക്കു ചെയ്യുവാനും മറക്കരുത്.
സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ. (1 തെസ്സലൊനീക്യർ 5:21) എന്ന ബൈബിളിലെ ഓർമ്മപ്പെടുത്തൽ ഓരോന്നും ക്ലിക്കു ചെയ്യുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കുക.
3. "ഷെയറിങ് വിവേകം" എന്ന സംസ്കാരം വളർത്തിയെടുക്കുക
ഷെയറും കമെന്റും ചെയ്യുന്നതിനു മുൻപു പരിശോധിക്കുക. : ഒന്നും ഒറ്റ നോട്ടത്തിൽ ഷെയർ ചെയ്യരുത്.
ഹൃദയസ്പർശിയായതോ “ആത്മീയത തോന്നിക്കുന്നതോ” ആയ എല്ലാ ഉള്ളടക്കങ്ങളും സത്യമായിരിക്കണമെന്നില്ല.
യാക്കോബ് 1:19 ൽ പറയുന്നു. "ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിനു താമസവുമുള്ളവൻ ആയിരിക്കട്ടെ”. നിർമ്മിത ബുദ്ധി ഉള്ളടക്കങ്ങൾ കാണുമ്പോൾ മനസിലാക്കുവാൻ വേഗതയും കമന്റ് ചെയ്യുവാൻ താമസവും ഷെയർ ചെയ്യുവാൻ കുറച്ചു താമസവുമുള്ളവർ ആയിരിക്കുന്നതും നല്ലതാണ്.
4. വൈകാരികമാക്കുന്ന ബി ജി എം ഉലകം
മനുഷ്യരെല്ലാം വൈകാരികതയുള്ളവരാണ്. ഇന്റർനെറ്റ് ലോകത്തിൽ വൈകാരികതയെ വലിച്ചെടുക്കുന്ന ബി ജി എമുകൾ ഇട്ടുകൊണ്ടുള്ള വിഡിയോകൾക്കു ഡിമാൻഡ് കൂടുതലാണ്. കരുണാഭാവം, ദാരിദ്ര്യം ,വേദന രോഗം,അത്ഭുതങ്ങൾ, മോട്ടിവേഷനുകൾക്കൊപ്പം ബി ജി എം വരുമ്പോൾ ലഭിക്കുന്ന റീച്ച് വലുതാണ്. അവയെ മാർക്കറ്റു ചെയ്യുന്ന ടെക്നോളജി സംസ്കാരം ചുറ്റുമുള്ളപ്പോൾ ഓരോ ഉള്ളടക്കവും അതിനു പിന്നിലെ ഉദ്ദേശ്യങ്ങളും മൂല്യങ്ങളും തിരിച്ചറിയുവാനുള്ള വിവേകം ഒരിക്കലും കൈവിട്ടുപോകരുത്. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്; അത് ആരാഞ്ഞറിയുന്നവൻ ആർ?”
യിരെമ്യാവ് 17:9 . എന്ന വാചകത്തിന്റെ വ്യാപ്തി ഗ്രഹിക്കുക.
5. ഷെയറുകളും കമന്റുകളും ലൈക്കുകളും സാക്ഷ്യത്തിന്റെ ഭാഗം കൂടിയാണ്
ഹൃദയത്തെ സ്പർശിക്കുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല. സത്യസന്ധത പരിശോധിക്കാതെ പങ്കിടുന്ന ഓരോ ഉള്ളടക്കവും തെറ്റായ വിവരങ്ങളുടെ പ്രചരണത്തിന് കാരണമാകാം. ഡിജിറ്റൽ ലോകത്തും നാം സത്യത്തിന്റെ സാക്ഷികളായി നിലകൊള്ളേണ്ടതാണ്. പങ്കിടുന്നതിന് മുമ്പ് പരിശോധിക്കുന്ന ശീലം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
കൊലൊസ്സ്യർ 4:6 ൽ പറയുന്നു. “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.”
6. ഡീപ്‌ഫേക്ക് തിരിച്ചറിയൽ ബോധവൽക്കരണം (Deepfake Detection Awareness)
ഏതൊരു വിഡിയോയും കാണുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
* വായുടെ ചലനവും ശബ്ദവും പൊരുത്തപ്പെടുന്നുണ്ടോ ? (Lip-sync mismatch).
* അസ്വാഭാവികമായ കണ്ണിറുക്കൽ ഉണ്ടോ ? (Unnatural blinking).
* അസാധാരണമായ ശബ്ദസ്വരം സംഭവിക്കുന്നുണ്ടോ ? (Odd voice tone).
വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു,
(സദൃശവാക്യങ്ങൾ 14:8 MCV)
7. ഗൂഗിളിൽ അല്ലെങ്കിൽ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ പരിശോധിക്കുക
സദൃശവാക്യങ്ങൾ 18:13 ൽ ഇങ്ങനെ പറയുന്നു: “കേൾക്കുംമുമ്പേ ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.”
മികച്ച ഫാക്റ്റ്-ചെക്കിംഗ് വെബ്സൈറ്റുകൾ വിവരങ്ങളുടെ സത്യസന്ധത പരിശോധിക്കാനായി നിലവിലുണ്ട്. തെറ്റായ വിവരങ്ങളെ ചെറുക്കാനും വ്യാജവാർത്തകൾ പുറത്തുകൊണ്ടുവരാനും ഇവ സഹായിക്കുന്നു.
ചില ഫാക്ട് ചെക്കിങ് സൈറ്റ് വിവരങ്ങൾ
www.snopes.com
Google Fact Check Explorer
ഇന്ത്യൻ ഗവൺമെന്റിന്റെ ഫാക്ട് ചെക്കിങ് പോർട്ടലാണ്
https://factcheck.pib.gov.in/
ഈ സൈറ്റുകൾ ഓർമ്മയിൽ വരുന്നില്ലെങ്കിൽ പ്രാഥമികമായി ഗൂഗിളിൽ സെർച്ച് ചെയ്യുന്നതും വ്യാജമായതിനെ ഒരു പരിധിവരെ തിരിച്ചറിയുന്നതിനു സഹായിക്കും.
വികാരങ്ങളെ സ്പർശിക്കുന്നതെല്ലാം സത്യത്തെ പ്രതിനിധീകരിക്കണമെന്നില്ല. ഡിജിറ്റൽ ലോകത്തും സത്യത്തിന്റെ വെളിച്ചമായി നിൽക്കുകയെന്നതു വിശ്വാസിയുടെ വിളിയാണ്. അതുകൊണ്ട് ഡിജിറ്റൽ സാക്ഷരതയിൽ മുൻപിൽ നിൽക്കുവാൻ സഹായിക്കണമേയെന്ന പ്രാർത്ഥനയോടെ നമുക്ക് ജീവിക്കാം.
(ആമസോണിൽ ലഭ്യമായ "മാതാ പിതാ ഗൂഗിൾ ദൈവം' എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകൻ.)
Advertisement




















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































