യുവജനങ്ങൾ നേരായ വഴിയിലോ?
യുവജനങ്ങൾ നേരായ വഴിയിലോ?
പാസ്റ്റർ ബ്ലസൻ ജോർജ് വടക്കഞ്ചേരി
ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, മധ്യവയസ്സ്, വാർദ്ധക്യം എന്നീ പ്രധാനപ്പെട്ട അവസ്ഥകളിലൂടെ കടന്ന് പോകുന്നതാണ് ഒരു മനുഷ്യ ജീവിതം. ഓരോ അവസ്ഥകൾക്കും നിശ്ചിത പ്രായപരിധിയും, അതിൻറെ സ്വഭാവവ്യത്യാസങ്ങളും പൊതുവെ കാണാറുണ്ട്. ബൈബിളിലും ലോക ചരിത്രത്തിലും ഏറ്റവും കൂടിയ ദീർഘായുസ്സ് ഉണ്ടായിരുന്ന മെഥുശലേഹിൽ തുടങ്ങി ബൈബിൾ എഴുതിയ കാലഘട്ടമായപ്പോൾ 70 അല്ലെങ്കിൽ 80 എന്ന വയസ്സിലേക്ക് മനുഷ്യൻറെ ആയുസ്സ് ചുരുങ്ങിയിരുന്നു. ഇന്ന് മനുഷ്യായുസ് ഏകദേശം 50 നും 60 ഇടയിലേക്ക് ചുരുങ്ങിയതായാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് ഒരു വസ്തുതയാണങ്കിലും മുഖൾ പറയപ്പെട്ട ഓരോ പ്രായ വിഭാഗത്തിൽപ്പെട്ടവർക്കും ഉള്ള അവസ്ഥാ വിശേഷങ്ങൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന കാര്യവും നാം മറന്നു പോകരുത്.എന്നാൽ പണ്ട് കാലങ്ങളിൽ മുതിർന്നവർക്കോ, വാർദ്ധ്യക്കത്തിലുള്ളവർക്കോ മാത്രം ലഭ്യമായിരുന്ന അഥവാ മുതിർന്നവർ മാത്രം അറിയേണ്ടുന്ന അറിവുകൾ എതാണ്ട് ബാല്യ പ്രായക്കർക്കും ഉണ്ടാകുന്ന നിലയിലേക്ക് ഒരു വലിയ മാറ്റം തന്നെ ഉണ്ടായിട്ടുണ്ട്.
കാലത്തിൻറെ കുത്തൊഴുക്കിൽപ്പെട്ട് മനുഷ്യനിൽ ഉണ്ടായ ഈ കാതലായ മാറ്റം ഇന്ന് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ ഗുരുതരവും സങ്കീർണ്ണവുമാണ്. അതായത് പണ്ട് കാലങ്ങളിൽ വിവാഹം, ലൈഗീകത മുതലായ വിഷയങ്ങളെ കുറിച്ച് കൗമാര പ്രായത്തിൻറെ ഒടുവിലും യൗവ്വന പ്രായത്തിലുമായിരുന്നു പ്രാഥമിക അറിവുകൾ അവർക്ക് ലഭിച്ചിരുന്നത് അല്ലങ്കിൽ നൽകിയിരുന്നത്. എന്നാൽ ഇന്ന് ശൈശാസ്ഥ പിന്നിടുമ്പോൾ തന്നെ ഈ കാര്യങ്ങളെ കുറിച്ച് അറിവുകൾ ലഭിക്കുകയും കുട്ടികൾ അത് അനുഭവിക്കാനും ആസ്വദിക്കാനും തയ്യാറാകുകയും ചെയ്യുന്നു. ഈ അറിവുകൾ ഇവരിലേക്ക് നേരിട്ട് എത്തുന്നതിന് സാമൂഹിക മാദ്ധ്യമങ്ങളുടെ സ്വാധീനം വളരെ വളരെ കൂടുതലാണ്. ഇത് സമൂഹത്തിൽ ഇന്ന് ഉയർത്തുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല എന്നതും നാം പ്രത്യേകം ഓർക്കേണ്ടതാണ്. ഇങ്ങനെ മനുഷ്യ സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ക്രൈസ്തവ യുവജനങ്ങളിലും അതേപോലെ പ്രതിഫലിക്കുന്നു
എന്നതാണ് മറ്റ് ഒരു വസ്തുത.ഈ സ്വാധീനത്താൽ യുവജനങ്ങൾ നേരായ വഴിയിലില്ല നടക്കുന്നത് എന്ന ആശങ്കാജനകമായ പ്രശമാണ് ഈ ലേഖനത്തിൽ ചർച്ചക്ക് വിധേയമാക്കുന്നത്.
ചരിത്രപ്രസിദ്ധമായ യിസ്രായേലിൻറെ പ്രവാസ കാലഘട്ടത്തിലെ വളരെ പ്രസിദ്ധമായ ഒരു സംഭവ കഥയുമായ് ബന്ധപ്പെടുത്തി ഈ വിഷയം ചർച്ച ചെയ്യാനാണ് ഞാൻ ഈ ലേഖനത്തിലൂടെ ആഗ്രഹിക്കുന്നത്. പ്രവാസ കാലഘട്ടത്തിൽ ബാബേൽ സാമ്പ്രാജ്യത്തിലേക്ക് പ്രവാസത്തിലേക്ക് പിടിക്കപ്പെട്ടുപ്പോയ നാല് കൗമാരക്കാരായിരുന്നുവല്ലോ ദാനിയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ നാല് ബാലന്മാർ. ഇവരെ ബാബേലിലേക്ക് അടിമകളായിട്ടായിരുന്നു കൊണ്ടുപോയത്. എന്നാൽ അവർ നാലുപേരും (1) രാജസന്തതികളും (2) കുലീന്മാരും (3) അംഗഭംഗമില്ലാത്തവരും (4) സുന്ദരന്മരും (5) ജ്ഞാനികളും (6) നിപുണന്മാരും (7) അറിവുള്ളവരും (8) സമർഥന്മാരും (9) വിദ്യാപരിജ്ഞാനികളും (9) രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും (ഡാനിയേൽ: 1:3,4) ആയിരുന്നു.
അവർക്ക് (1) കല്ദയരുടെ ഭാഷാ പഠനം (2) കല്ദയരുടെ വിദ്യാപഠനം (3) ബാബേൽ രാജാവിൻറെ രാജഭോജനം (4) രാജാവിൻറെ പാനപാത്രത്തിൽ നിന്നുമുള്ള വീഞ്ഞ് (5) ദാനിയേലിന് ബേൽത്ത്ശസ്സർ എന്നും, ഹനന്യാവിന് ശദ്രക് എന്നും, മീശായേലിനു മേശക് എന്നും പുതിയ കല്ദയ പേരുകളും നൽകി.പ്രവാസത്തിലേക്ക് അടിമകളായി പിടിക്കപ്പെട്ടവരുടെ യോഗ്യതകളും, അവർക്ക് വിദേശത്ത് ലഭിച്ച പുതിയ സുഖസൗകര്യങ്ങളുടെയും ഒരു പട്ടികയാണ് മുഖളിൽ കൊടുത്തിരിക്കുന്നത്. ഇവർ യഥാക്രമം 12 മുതൽ 18 വരെ പ്രായ പരിധിയിൽപ്പെടുന്നവരായിരുന്നു എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. അതായത് കൗമാരപ്രായത്തിൽപ്പെടുന്നവരായിരുന്നു. മലയാളം ബൈബിളിൽ ബാലന്മാർ എന്നും, ഇംഗ്ലീഷ് ബൈബിളിൽ യുവാക്കൾ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏതായാലും ഇവർ ബാലന്മാരുടെയോ,യൗവ്വനക്കാരുടെയോ, യുവജനങ്ങളുടെയോ ഒക്കെ തന്നെ പ്രതിനിധികളായി നമുക്ക് പരിഗണിക്കാവുന്നതാണ്.
ഇവർ നാല് പേരും ഇപ്പോൾ ബാബേൽ സാമ്പ്രാജ്യത്തിൻറെ അടിമകളാണ്. മുഖൾ പറയപ്പെട്ട യോഗ്യതകളും ശ്രേഷ്ടതകളും ഒക്കെ ഉണ്ടെങ്കിലും ഇവർ അടിമകളും, വിദേശ രാജ്യത്തുമാണ്. നമ്മുടെ യുവജനങ്ങളുടെ പ്രതിനിതികളായി കണക്കാക്കിയാൽ ഇവർ ഇപ്പോൾ മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും, സുഹൃത്തുക്കളുടെയും,
ബന്ധുജനങ്ങളുടെയും, പാസ്റ്ററുടേയും വിശ്വാസികളുടെയും, തങ്ങളെ അറിയുന്ന മറ്റ് ആരുടെയും സാനിധ്യമില്ലാത്ത ഒരു സ്ഥലത്താണ് പാർക്കുന്നത്. അതും അടിമകളാണന്നതും അടിവരയിട്ട് ഓർക്കേണ്ടതാണ്.അതുകൊണ്ട് തന്നെ ഇവരുടെ സ്വന്തം താത്പ്പര്യങ്ങൾക്കോ, ആവശ്യങ്ങൾക്കോ, അഭിപ്രായങ്ങൾക്കോ ഒരു വിധത്തിലുമുള്ള സ്വാതന്ത്ര്യവുമോ ഇല്ലാത്തതുമാകുന്നു.
ഇവർക്ക് ഇവിടെ ആത്മീയരായി ജീവിക്കാൻ പറ്റിയ സാഹജര്യം ആയിരുന്നോ എന്ന് ചോദിച്ചാൽ നിശംശ്ശയം പറയാൻ കഴിയും അല്ലായെന്ന്. എന്നാൽ ദാനിയേൽ രാജാവിൻറ്റെ ഭോജനം കൊണ്ടും, രാജാവിൻറെ വീഞ്ഞ് കൊണ്ടും തന്നെത്താൻ അശുദ്ധമാക്കയില്ല എന്ന് ഹൃദയത്തിൽ നിശ്ചി യിച്ചതായി ഒന്നാം അദ്ധ്യായത്തിൻറെ എട്ടാം വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ഒരു സാഹജര്യത്തിൽ നമ്മുടെ യുവജനങ്ങളുടെ തിരുമാനങ്ങളും നിലപാടുകളും എന്തായിരിക്കും ? ആ തീരുമാനത്തെ ഉറപ്പിക്കുന്നതിനായി വിഭവ സമർദ്ധമായ രാജകീയ തീൻ മേശയുടെ മുമ്പിൽ പത്ത് ദിവസം കേവലം ശാക പദാർത്ഥവും, വെള്ളവും മാത്രം കുടിച്ച് ജീവിക്കാൻ സ്വയം വെല്ലുവിളി ഏറ്റെടുത്തു. ഇത്തരം ഒരു സാഹജര്യത്തിൽ നമ്മുടെ യുവജനങ്ങളുടെ നിലപാടുകൾ എന്തായിരിക്കും?
സ്വപ്ന വിഷയത്തിൽ ഹാലിളകിയ നെബൂഖദ്നേസർ രാജാവ് തൻറെ രാജ്യത്തെ വിദ്വാന്മാരെയെല്ലാം കൊന്നുക്കളവാൻ തീരുമാനിച്ചപ്പോൾ, രാജാവിൻറെ സ്വപ്നത്തെ വ്യാഖ്യാനിച്ച് അർത്ഥം ഞാൻ പറഞ്ഞ് തരാം എന്ന് സ്വയം മറ്റൊരു വെല്ലുവിളി ഏറ്റെടുത്തതിനെ കുറിച്ച് ഡാനിയേൽ രണ്ടാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയുണ്ട്. വെല്ലുവിളി ഡാനിയേൽ വ്യക്തിപരമായി ഏറ്റെടുത്തതിന് ശേഷം മാത്രമാണ് മറ്റ് മൂന്ന് പേരോടും ഇത് പങ്ക് വച്ചത്.പിന്നീട് അവർ നാല് പേരും ഒരുമിച്ച് പ്രാർത്ഥിച്ചു. ദൈവം ഡാനിയേലിനെ രാജാവ് കണ്ട സ്വപ്നത്തിൻറെ അർത്ഥം ഗ്രഹിപ്പിച്ചു. ഇങ്ങനെ ഒരു സാഹജര്യത്തിൽ നമ്മുടെ യുവജനങ്ങളുടെ നിലപാട് എന്തായിരിക്കും? നമ്മുടെ സുഹൃത്തുക്കൾ എങ്ങനെയുള്ളവരാണ് നമ്മുടെ യുവജനങ്ങൾ ഇവർക്ക് സമാനരായി പ്രാർത്ഥിക്കുന്നവരാണോ? പരസ്പരം ആത്മീയ വിഷയങ്ങൾ, പ്രാർത്ഥനാ
വിഷയങ്ങൾ പങ്ക് വയ്ക്കുന്നവരാണോ? ഇങ്ങനെയുള്ള സുഹ്യത്ത് വലയത്തിലാണോ നമ്മുടെ കുട്ടികളും, കൗമാരക്കാരും യൗവ്വനക്കാരും?
ഡാനിയേൽ മൂന്നാം അദ്ധ്യായത്തിൽ വിഗ്രഹത്തെ ആരാധിക്കാനുള്ള നിർബന്ധിത സാഹജര്യം വന്നപ്പോൾ, രാജാവിൻറെ അടിമകളാണന്ന ബോദ്ധ്യം ഭരിക്കുമ്പോഴും, അവർ തങ്ങളുടെ ദൈവത്തെയല്ലാതെ ആരാധിക്കുകയില്ല എന്ന തീരുമാനമെടുത്ത് അതിൽ തന്നെ ഉറച്ച് നിന്ന് അഗ്നിച്ചൂളയിലേക്ക് വീഴാനുള്ള വെല്ലുവിളി സ്വയം ഏറ്റെടുത്തു. ഇത്തരം ഒരു സാഹജര്യത്തെ നമ്മുടെ യുവജനങ്ങൾ എങ്ങനെയായിരിക്കാം നേരിടുക ? ബിംബാരിതികളുടെയും, വിഗ്രഹാരാതികളുടെയും നാട്ടിൽ അടിമകളായവർക്ക് എങ്ങനെയാണ് ഇതേപ്പോലെ ആത്മീയരായി ജീവിക്കാൻ കഴിഞ്ഞത്? നേരായ വഴിക്ക് നടത്താൻ ആരാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്?ഇവർ ആരെയാണ് ഇവിടെ മാതൃകയാക്കിയത് ? നമ്മുടെ ഇന്നത്തെ കൗമാരക്കാരും, യുവജനങ്ങളും തങ്ങളുടെ ആത്മീയ ജീവിതത്തിൻറെ തടസ്സമായി ചൂണ്ടിക്കാണിക്കുന്നത് മാതൃകയില്ലാത്ത മാതാപിതാക്കൾ അടങ്ങുന്ന പൊതു സമൂഹത്തെയാണ്. തീർച്ചയായും ഇത് ഒരു വസ്തുതയാണ്. എന്നാൽ ഈ നാല് യുവാക്കൾക്ക് പ്രവാസ കാലഘട്ടത്തിൽ ആരെ ആയിരുന്നു മാതൃക ആക്കിയിരുന്നത്? അത് അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന വചനം മാത്രമായിരുന്നു.
ഇന്ന് വേർപ്പെട്ട സഭാ സമൂഹത്തിൽ കണ്ട് വരുന്ന മറ്റൊരു ദുഷിച്ച പ്രവണതയാണ് സഭാ രാഷ്ട്രീയം. അതിന് അവർക്ക് ധാരാളം മാതൃകകൾ ചൂണ്ടിക്കാൻ ഉണ്ടാവാം. അധികാരസ്ഥാനങ്ങളിലും പദവികളിലും എത്താൻ യുവജനങ്ങൾ കാലേ കണക്കു കൂട്ടി കളികൾ തുടങ്ങും. ഇന്ന് രാഷ്ട്രീയകാർക്ക് രാഷ്ട്രീയം കളിക്കുന്നതിന് മാതൃകയായി നമ്മുടെ സമൂഹം അധ:പതിച്ച് കഴിഞ്ഞു എന്നത് ആരും നിരാകരിക്കും എന്ന് ഞാൻ കരുതുന്നില്ല. കാരണം അത്ര മാത്രം നികൃഷ്ടവും, തരംതാണതുമായ രാഷ്ട്രീയ കളികളാണ് ഇന്ന് സഭാ മണ്ഡലത്തിൽ നടക്കുന്നത്.എന്നാൽ
അടിമകളായിരുന്നിട്ടും ആത്മീയരായി ജീവിച്ച കാരണത്താൽ ഇവർക്ക് രാജ്യത്തെ ഗവർണ്ണർ പദവികൾ ഉൾപ്പടെയുള്ള വലിയ സ്ഥാനമാനങ്ങളും ബഹുമാനങ്ങളും വിദേശ രാജ്യത്ത് ലഭിച്ചു. അതുകൊണ്ട് നേരായ പാതയിലാണോ നമ്മുടെ യുവജനങ്ങൾ നടക്കുന്നതെന്ന് ഒന്ന് സ്വയംശോധന ചെയ്തു ഈ നാല് യുവാക്കളുടെ മാതൃക പിൻപറ്റുന്നത് ഏറെ നന്നായിരിക്കും.
യുവജനങ്ങൾക്കും, കൗമാരക്കാർക്കും നേരായ വഴിയിൽ നടക്കുന്നതിന് മാത്യകയല്ലാത്ത പലരേയും കാരണങ്ങളായി ചൂണ്ടി കാണിക്കാം. എങ്കിൽ മാതൃകയാക്കാവുന്ന എത്രയോ കഥാപാത്രങ്ങൾ വിശുദ്ധ ബൈബിളിലും, നമ്മുടെ സമൂഹത്തിലും ഉണ്ട്. നമുക്ക് എന്ത്കൊണ്ട് ആ നല്ല മാതൃകകൾ സ്വീകരിച്ച് കൂടാ. എപ്പോഴും, ചവച്ചും, കടിച്ചും, അരച്ചും, ചിലച്ചു കൊണ്ടിരിക്കുന്ന 32 പല്ലുകൾക്കിടയിൽ കിടക്കുന്ന ഒരു നാക്ക് എത്ര സുരക്ഷിതമായിട്ടാണ് കടി കൊള്ളാതെ നമ്മുടെ ഒക്കെ വായിൽ കിടക്കുന്നത്.അതുകൊണ്ട് ആത്മീയരായ് ജീവിക്കേണ്ടവർക്ക് ജീവിക്കാം.
Advertisement

































