നൂറിന്റെ പ്രൗഢിയിൽ ബഥേൽ ബൈബിൾ കോളേജ്; ശതാബ്ദി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 26-ന് തുടക്കം
ബഥേൽ ബൈബിൾ കോളേജിന് നൂറിൻ്റ പ്രൗഢി; ശതാബ്ദി ആഘോഷങ്ങൾക്ക് സെപ്. 26-ന് തുടക്കം
ഒരു നൂറ്റാണ്ടിന്റെ വേദശാസ്ത്ര വിദ്യാഭ്യാസ പാരമ്പര്യം; ശതാബ്ദി സമ്മേളനം റവ. ഡോ. ടി. ജെ. സാമൂവൽ ഉദ്ഘാടനം ചെയ്യും
പുനലൂർ: ഇന്ത്യയിലെ വേദശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് നൂറുവർഷത്തെ പാരമ്പര്യം പൂർത്തിയാക്കുന്ന ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് 2026 സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9.30-ന് തുടക്കമാകും. ബഥേൽ ബൈബിൾ കോളേജ് ക്യാമ്പസിൽ നടക്കുന്ന ശതാബ്ദി സമ്മേളനം റവ. ഡോ. ടി. ജെ. സാമൂവൽ ഉദ്ഘാടനം ചെയ്യും.
1927-ൽ സ്ഥാപിതമായ ബഥേൽ ബൈബിൾ കോളേജ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെയും ക്രിസ്തീയ ശുശ്രൂഷാ പരിശീലനത്തിന്റെയും മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി വരുന്നു. സെനറ്റ് ഓഫ് സെറാമ്പൂർ കോളജിന്റെ (യൂണിവേഴ്സിറ്റി) അംഗീകാരമുള്ള വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ബഥേൽ ബൈബിൾ കോളേജ്, ഇന്ത്യയിലെ വേദശാസ്ത്ര വിദ്യാഭ്യാസ ചരിത്രത്തിൽ നൂറുവർഷം പൂർത്തിയാക്കുന്ന സ്ഥാപനമെന്ന നിലയിൽ പ്രത്യേക ചരിത്രപ്രാധാന്യം നേടിയിട്ടുണ്ട്.
“ക്രിസ്തുവിനെ അറിയുവാനും ക്രിസ്തുവിനെ അറിയിക്കുവാനും” (To Know Christ and Make Him Known) എന്ന ദൗത്യവാക്യം മുൻനിർത്തി പ്രവർത്തിക്കുന്ന കോളേജ്, കഴിഞ്ഞ നൂറുവർഷത്തിനിടെ ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സുവിശേഷ ദൗത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി ശുശ്രൂഷകരെ പരിശീലിപ്പിച്ചിട്ടുണ്ട്. കോളേജിൽനിന്ന് പരിശീലനം നേടിയവർ സഭാശുശ്രൂഷ, സുവിശേഷീകരണം, മിഷൻ പ്രവർത്തനം, അധ്യാപനം, സഭാനേതൃത്വം തുടങ്ങി വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചുവരുന്നു.
ഈ ചരിത്രനാഴികക്കല്ലിൽ, കഴിഞ്ഞ കാലയളവിലെ ദൈവത്തിന്റെ വിശ്വസ്തത അനുസ്മരിക്കുകയും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം, വരും തലമുറകളുടെ ആവശ്യങ്ങൾക്കനുസരിച്ച് വേദശാസ്ത്ര വിദ്യാഭ്യാസവും ക്രിസ്തീയ ശുശ്രൂഷയും കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പുതിയ ദർശനത്തിനും പ്രതിബദ്ധതയ്ക്കും ശതാബ്ദി ആഘോഷങ്ങൾ വഴിയൊരുക്കും. കോളേജ് ക്യാമ്പസിലെ വിവിധ വികസന പദ്ധതികൾക്കും അന്നേദിവസം തുടക്കം കുറിക്കും.
വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെയും സുവിശേഷ ദൗത്യത്തിന്റെയും മേഖലകളിൽ ബഥേൽ ബൈബിൾ കോളേജ് നൽകിയ സംഭാവനകളെ അനുസ്മരിക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിൽ, സഭാ നേതാക്കൾ, ശുശ്രൂഷകർ, പൂർവവിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, ദൈവജനം എന്നിവരുടെ സാന്നിധ്യവും പ്രാർത്ഥനയും സഹകരണവും കോളേജ് അഭ്യർത്ഥിക്കുന്നു.
ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിനായുള്ള വിപുലമായ ഒരുക്കങ്ങൾ പുരോഗമിച്ചുവരുന്നതായി കോളേജ് പ്രസിഡന്റ് റവ. ഡോ. ഐസക്ക് വി. ചെറിയാനും പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് ജോർജും അറിയിച്ചു.







