കനല്‍ വഴികളില്‍ കാലിടറാതെ സുവിശേഷത്തിനായി പോരാടിയ ധീരപടയാളി പാസ്റ്റര്‍ സി. ജോര്‍ജ് (പായിപ്പാട് ജോര്‍ജുപദേശി)

പത്തനാപുരം: കഴിഞ്ഞ അമ്പതു വര്‍ഷങ്ങള്‍ പനമ്പറ്റയിലും സമീപ പ്രദേശങ്ങളിലും മുഴങ്ങിക്കേട്ട സത്യ സുവിശേഷത്തിന്‍റെ അലയൊലികള്‍ പിന്നെയും പനമ്പറ്റയില്‍ വന്നെത്തുകയാണ്. അനേകം പാപികള്‍ക്ക് രക്ഷയും, മദ്യപാനികള്‍ക്ക് വിടുതലും പിന്മാറ്റക്കാര്‍ക്ക് മടങ്ങിവരവിനും വഴി തെളിച്ച പനമ്പറ്റ കണ്‍വന്‍ഷന്‍ ഈ വര്‍ഷവും വിപുലമായി നടത്തുവാന്‍ ക്രമീകരണങ്ങള്‍ ഒരുങ്ങുകയാണ്. പനമ്പറ്റ ഗോള്‍ഡണ്‍ ജൂബിലി കണ്‍വന്‍ഷന്‍ 2025 ജനുവരി 23 വ്യാഴം - 26 ഞായര്‍ വരെ എല്ലാ ദിവസവും വൈകിട്ട് 6 - 9 മണി വരെ പനമ്പറ്റ മേടയില്‍ മൈതാനത്തു നടക്കും. ദൈവസഭ വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ദൈവസഭ പ്രസിഡന്‍റ് പാസ്റ്റര്‍ പി. ജോര്‍ജ് ഫിലിപ്പ് സമര്‍പ്പണവും ആദ്യദിനത്തിലെ വചനശുശ്രൂഷയും നിര്‍വ്വഹിക്കും. തുടര്‍ന്നുള്ള യോഗങ്ങളില്‍ പാസ്റ്റര്‍ സാം മാത്യു പന്തളം, പാസ്റ്റര്‍ വി.റ്റി. എബ്രഹാം കോഴിക്കോട്, പാസ്റ്റര്‍ പി.സി. ചെറിയാന്‍ റാന്നി, ദൈവസഭ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ പി.വി. ഗിരിജന്‍ കാഞ്ഞിരമറ്റം, പാസ്റ്റര്‍ സാം വയനാട് എന്നീ കര്‍ത്തൃദാസന്മാര്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കും. പാസ്റ്റര്‍ മനേഷ് മാത്യു, ബ്രദര്‍ സ്റ്റീവ്, ബ്രദര്‍ അലന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന പനമ്പറ്റ ദൈവസഭയുടെ സംഗീത വിഭാഗമായ ടാബര്‍നാക്കിള്‍ വോയ്സ് സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും. ജനുവരി 26 ഞായറാഴ്ച രാവിലെ 10 മുതല്‍ കലയപുരം, പുനലൂര്‍, കൊട്ടാരക്കര സെന്‍ററുകള്‍ ഉള്‍പ്പെടുന്ന കെ.പി.കെ. സോണലിന്‍റെ സംയുക്ത സഭായോ ഗവും നടക്കും. സെന്‍റര്‍ പാസ്റ്റര്‍മാരായ ജേക്കബ് ജോര്‍ജ്, പാസ്റ്റര്‍ ഐസക് തോമസ് തുടങ്ങിയവര്‍ നേതൃത്വം വഹിക്കും.
കനല്‍ വഴികളില്‍ കാലിടറാതെ സുവിശേഷത്തിനായി പോരാടിയ ധീരപടയാളി പാസ്റ്റര്‍ സി. ജോര്‍ജ് (പായിപ്പാട് ജോര്‍ജുപദേശി)
പനമ്പറ്റ ദൈവസഭയുടെ ഗോള്‍ഡന്‍ ജൂബിലി കണ്‍വന്‍ഷന്‍ നടക്കുന്ന ഈ അവസരത്തില്‍ ദീര്‍ഘകാലം പ്രസ്തുത സഭയുടെ സീനിയര്‍ ശുശ്രൂഷകനായിരുന്ന് ഒരു പുരുഷായുസ്സ് മുഴുവനും സുവിശേഷത്തിനു വേണ്ടി പോരാടി നിത്യതയിലേക്ക് പ്രവേശിച്ച പാസ്റ്റര്‍ സി. ജോര്‍ജിനെ അനുസ്മരിക്കുന്നത് ഉചിതമെന്ന് കരുതുന്നു. പരേതനായ പാസ്റ്റര്‍ സി. ജോര്‍ജ് (പായിപ്പാട് ജോര്‍ജുപദേശി) പായിപ്പാട് കൊട്ടാരത്തില്‍ കുഞ്ഞുമ്മന്‍റെ ഇളയ മകന്‍ ചെറിയാന്‍ കൊച്ചുകോശി-ശോശാമ്മ ദമ്പതികളുടെ മകനായി 1912 -ല്‍ ജനിച്ചു.
19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ A.D. ഖാന്‍ എന്ന മുസ്ലിം സഹോദരന്‍ ക്രിസ്തു മാര്‍ഗം സ്വികരിച്ച് ഒരു മിഷനറിയായി തെക്കേ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലും ക്രിസ്തുവിനെ പ്രസംഗിച്ചു. അതെ തുടര്‍ന്ന് 1898-ല്‍ ആസാമിലെ മന്ത്രിസഭാംഗമായിരുന്ന നിക്കോള്‍സ് റായി എന്ന ഹൈന്ദവ സഹോദരന്‍ ക്രിസ്തു മാര്‍ഗം സ്വീകരിക്കുകയും 1926-ല്‍ ഹരിപ്പാട്ട് വന്ന് സുവിശേഷ യോഗങ്ങള്‍ നടത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പ്രസംഗത്തിലൂടെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കപ്പെട്ട ജോര്‍ജ്കുട്ടി എന്ന ചെറുപ്പക്കാരന്‍ സുവിശേഷവേലയ്ക്കായി സമര്‍പ്പിക്കപ്പെട്ടു.
1930-ല്‍ യുവാവായിരിക്കെ, ബിസിനസ്സിനോടുള്ള ബന്ധത്തില്‍ തിരുവനന്തപുരത്തേക്കുപോയി ഹരിപ്പാട്ടേക്കു മടങ്ങും വഴി കലയപുരം മത്തായിച്ചന്‍ (പാസ്റ്റര്‍ ഇട്ടി മത്തായി) എന്ന ദൈവദാസനെ പരിചയപ്പെടുവാന്‍ ഇടയായി. അതെ തുടര്‍ന്ന് തന്നോട് ചേര്‍ന്ന് ദൈവസഭയുടെ പ്രവര്‍ത്തനങ്ങളില്‍ വാപൃതനായി, കലയപുരം, അടൂര്‍, പിടവൂര്‍, മഞ്ഞക്കാല, തൃക്കണ്ണമംഗല്‍, അമ്മണംകോട്, വയല, കിഴക്കേത്തെരുവ്, കരീപ്ര, മുഖത്തല, എന്നീ സഭകളില്‍ ശുശ്രൂഷിച്ചശേഷം 1950-ല്‍ തന്‍റെ കൂട്ടുവേലക്കാരനായ പാസ്റ്റര്‍ സി. ഡാനിയേലിനോടൊപ്പം (വിളക്കുടി ദാനിയേലുപദേശി) കൊട്ടാരക്കരയില്‍ നിന്നും കാല്‍നടയായി യാത്രചെയ്തു കവലകള്‍ തോറും ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ചു തൃശൂരില്‍ എത്തിച്ചേര്‍ന്നു. ജോര്‍ജുപദേശി തൃശൂര്‍ കണ്ണാറ കട്ടയ്ക്കകത്തു കെ.വി. വര്‍ഗീസ്, കെ.വി പൗലൊസ് സഹോദരങ്ങളുടെ ഭവനത്തില്‍ പാര്‍ത്തുകൊണ്ടു സുവിശേഷയോഗങ്ങള്‍ നടത്തുകയും ദൈവസഭയ്ക്കായി ആല്‍പ്പാറ, കണ്ണാറ, പൊങ്ങണംകോട്, കുരിയച്ചിറ, ആമ്പല്ലൂര്‍, വളര്‍കാവ്, മാരായിക്കല്‍, കട്ടിളപ്പൂവം, പുല്ലംകണ്ടം, ചോറ്റുപാറ എന്നീ സഭകള്‍ സ്ഥാപിക്കുകയും ചെയ്തു. 1948-ല്‍ അടൂര്‍ കളീക്കല്‍ കുടുംബാംഗമായ തങ്കമ്മയെ വിവാഹം കഴിക്കുകയും പനമ്പറ്റയില്‍ താമസം ആരംഭിക്കുകയും ചെയ്തു. 1950-ല്‍ പനമ്പറ്റ റോക്ക്വില്ലയില്‍ താമസിച്ചുകൊണ്ട് മലകളും കാടുമേടുകളും കയറിയിറങ്ങി ക്രിസ്തുവിനെ പ്രസംഗിക്കുകയും പനമ്പറ്റ ദൈവസഭ സ്ഥാപിക്കുകയും ചെയ്തു.
ഈ പ്രവര്‍ത്തനങ്ങള്‍ മുഖാന്തരം തന്‍റെ പ്രയത്നഫലമായി അനേകര്‍ രക്ഷിക്കപ്പെടുവാനും സ്നാനപ്പെടുവാനും സുവിശേഷവേലയ്ക്കു സമര്‍പ്പിക്ക പ്പെടാനും ഇടയായി. 31 ദൈവദാസന്മാരെ പരിശീലിപ്പിച്ചു മിഷന്‍ ഫീല്‍ഡിലേയ്ക്കയക്കാന്‍ പാസ്റ്റര്‍ സി. ജോര്‍ജിനായി എന്നുള്ളത് നിസാരകാര്യമല്ല. അവര്‍ ഇന്ത്യക്കകത്തും പുറത്തുമായി കര്‍ത്തൃവേലയില്‍ വാപൃതരാണ്, ചിലര്‍ നിത്യതയില്‍ വിശ്രമിക്കുന്നു. തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങള്‍, മധ്യ തിരുവിതാംകൂറിലെ ഗ്രാമങ്ങള്‍ മലബാറിലെ ഒട്ടുമിക്ക ഗ്രാമങ്ങള്‍, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, മധുരൈ, പൊള്ളാച്ചി എന്നിവിടങ്ങളിലൊക്കെ സഞ്ചാരസുവിശേഷകനായി പ്രവര്‍ത്തിച്ച കര്‍ത്തൃദാസന്‍ അനേകം ക്രിസ്തീയ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. അവയില്‍ ചിലതു ഈ വര്‍ഷത്തെ പാട്ടുപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ദൈവീക രോഗശാന്തിയില്‍ അടിയുറച്ചു കര്‍ത്താവില്‍ വിശ്വാസം അര്‍പ്പിച്ച ദൈവദാസന്‍, തന്‍റെ അവസാനത്തെ 25 വര്‍ഷക്കാലം പിറുപിറുപ്പില്ലാതെ കണ്ണിന് കാഴ്ചയില്ലാത്തവനായി ക്രിസ്തുവിനെ ഉയര്‍ത്തി. മലാഖി നാലാം അധ്യായം ഒന്നും രണ്ടും വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടു താന്‍ പറയും 'ഞാന്‍ കര്‍ത്താവിന്‍റെ വരവിങ്കല്‍ ക്രിസ്തുവിനെ, എന്‍റെ കണ്ണിനു കാഴ്ചയുള്ളവനായി കാണും. അന്ത്യം വരെയും തികഞ്ഞ പ്രത്യാശയോടെ തന്‍റെ ഓട്ടം തികച്ചു. ക്രിസ്തുവിനുവേണ്ടി 70 സംവത്സരം ദൈവസഭയായി നല്ല പോരാട്ടം കഴിച്ച, പാറയില്‍ ഉപദേശി എന്ന് നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ചിരുന്ന പായിപ്പാട് ജോര്‍ജുപദേശി 1999 നവംബറില്‍ 87-ാം വയസ്സില്‍ തന്‍റെ ഓട്ടം തികച്ചു നിത്യവിശ്രമത്തിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ 25 വര്‍ഷമായി തന്‍റെ മൂത്ത മകനും ദൈവസഭയുടെ വൈസ് പ്രസിഡന്‍റുമായ പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ പനമ്പറ്റ ദൈവസഭ ഈ കണ്‍വന്‍ഷന്‍ നടത്തിവരുന്നു.
പനമ്പറ്റ കണ്‍വന്‍ഷനും പാറയില്‍ ഉപദേശിയും
കഴിഞ്ഞ 75 വര്‍ഷത്തില്‍ ഏറെയായി പനമ്പറ്റയിലെ ഓരോ പുല്‍ക്കൊടിയും സുവിശേഷത്തിന്‍റെ കുളിര്‍ക്കാറ്റ് ഏറ്റു പുളകം കൊണ്ടിട്ടുണ്ട്. 1950-കളില്‍ ആദ്യമായി പനമ്പറ്റയില്‍ സുവിശേഷമഹായോഗം സംഘടിപ്പിച്ചത് ദൈവഭക്തനായ രാമച്ചംകുഴിയില്‍ ഡാനിയേല്‍ അച്ചായന്‍ എന്ന മാര്‍ത്തോമാ വിശ്വാസി ആയിരുന്നു. പില്‍ക്കാലത്തു തന്‍റെ മക്കളും കൊച്ചുമക്കളില്‍ പലരും രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു പെന്തെക്കോസ്തു വിശ്വാസത്തിലേക്ക് വരുവാന്‍ ഇടയായി, എന്ന് മാത്രമല്ല ചിലര്‍ സുവിശേഷകന്മാരായും പ്രവര്‍ത്തിക്കുന്നു. ചിലര്‍ പനമ്പറ്റ ദൈവസഭാംഗങ്ങളാണ്. ഡാനിയേല്‍ അച്ചായന്‍റെ അഭ്യര്‍ഥന മാനിച്ചു 1972 മുതല്‍ പാസ്റ്റര്‍ സി. ജോര്‍ജിന്‍റെ നേതൃത്വത്തില്‍ പനമ്പറ്റ ദൈവസഭ ഈ കണ്‍വന്‍ഷന്‍ കഴിഞ്ഞ 50-ല്‍ ഏറെ വര്‍ഷങ്ങളായി നടത്തിപോരുന്നു (കോവിഡ് കാലത്തൊഴികെ). ആദ്യ കാലങ്ങളില്‍ മുണ്ടക്കയം ജോണ്‍ ഉപദേശി, ജപമണി സന്ന്യാസി, ജോര്‍ജ് ശാസ്ത്രി, ആശാരി ഉപദേശി മുതലായ ദൈവദാസന്മാര്‍ വചനഘോഷണം നടത്തിയിരുന്നു. പില്‍ക്കാലങ്ങളില്‍ കേരളക്കരയില്‍ അറിയപ്പെടുന്ന ദൈവദാസന്‍മാര്‍ മിക്കവരും പനമ്പറ്റ ദൈവസഭാ കണ്‍വന്‍ഷനില്‍ വചന ഘോഷണം നടത്തിയിട്ടുണ്ട്. ഈ സുവിശേഷ മഹായോഗങ്ങളില്‍ രക്ഷിക്കപ്പെട്ട ചിലര്‍ വടക്കേ ഇന്ത്യയില്‍ കര്‍ത്താവിന്‍റെ വേല ചയ്യുന്നവരായുണ്ട്. എന്ന് മാത്രമല്ല ചിലര്‍ പനമ്പറ്റ കണ്‍വന്‍ഷനില്‍ പ്രസംഗകരായും എത്തിയിട്ടുണ്ട് എന്നത് 50 വര്‍ഷം പിന്നിടുമ്പോള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
പാസ്റ്റര്‍ സി. ജോര്‍ജ് (പാറയില്‍ ഉപദേശി) തിരുവനന്തപുരത്തു ബിസിനസ് നടത്തി ഹരിപ്പാട്ടേക്കു മടങ്ങിവരുമ്പോള്‍ കലയപുരത്തു ദൈവസഭയുടെ സ്ഥാപകന്‍ പാസ്റ്റര്‍ ഇട്ടി മത്തായിയുമായി (കലയപുരം മത്തായിച്ചന്‍) പരിചയപ്പെടുകയും അതേ തുടര്‍ന്ന് ദൈവസഭയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നതിനും കാരണമായി. തെക്കേ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കാല്‍നടയായി സഞ്ചരിച്ചു സുവിശേഷപ്രചാരണ ത്തില്‍ പങ്കാളിയായി. 1948-ല്‍ അടൂര്‍ കളീക്കല്‍ കുടുംബാംഗമായ തങ്കമ്മയെ വിവാഹം കഴിക്കുകയും പനമ്പറ്റയില്‍ താമസം ആരംഭിക്കുകയും ചെയ്തു. പനമ്പറ്റയിലെ എല്ലാ ഭവനങ്ങളിലും താന്‍ സുവിശേഷവുമായി കടന്നു ചെന്നു. ദൈവസഭയുടെ പ്രവര്‍ത്തനം പനമ്പറ്റയില്‍ ആരംഭിക്കുന്നതിന് അത് കാരണമാവുകയയും സഭ വളരുകയും ചെയ്തു. പനമ്പറ്റയില്‍ മാത്രമല്ല ഒട്ടുമിക്ക അയല്‍ഗ്രാമങ്ങളിലും താന്‍ സുവിശേഷവുമായി കടന്നുപോയി. തന്‍റെ സുവിശേഷ ദര്‍ശനത്തിന്‍റെ ഫലമായി പനമ്പറ്റ സഭയില്‍ വലിയ ഉണര്‍വ്വിനു കാരണമായി.
1950-55 കാലഘട്ടത്തില്‍ ഒരു അമേരിക്കന്‍ സംഘടനയില്‍നിന്നും തനിക്കു പ്രതിമാസം സുവിശേഷവേലക്കായി ലഭിച്ച 71 ഡോളര്‍ മുഴുവനായും ദൈവസഭകളുടെ അടിസ്ഥാന ആവശ്യങ്ങളായ പായ, പരമ്പ്, തമ്പേര്‍, പെട്രോ മാക്ക്സ്, മേല്‍ക്കൂര മേയുന്നതിനു ആവശ്യമായ ഓല, അറ്റകുറ്റപണികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നത് എക്കാലവും ഒരു നല്ല മാതൃകയായി ചുണ്ടിക്കാണിക്കപ്പെട്ടിരുന്നു. 1950-കളില്‍ അനേകം പെട്രോമാക്ക്സുകള്‍ വാടകയ്ക്ക് എടുത്തു ഗ്രാമങ്ങള്‍ തോറും താന്‍ സുവിശേഷ മഹായോഗങ്ങള്‍ സംഘടിപ്പിച്ചത് അക്കാലത്തു സുവിശേ ഷത്തിന്‍റെ അഭിവൃദ്ധിക്ക് കാരണമായി.
പനമ്പറ്റയില്‍ താന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 75 വര്‍ഷങ്ങള്‍ തികയുന്നു. പനമ്പറ്റ കണ്‍വന്‍ഷനും അന്‍പതാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ പാറയില്‍ ഉപദേശി എന്ന പാസ്റ്റര്‍ സി. ജോര്‍ജിന്‍റെ ദാര്‍ശനികമായ പ്രവര്‍ത്തനമാണ് ഇതിനു കാരണം എന്ന് പറയാതെ വയ്യ. തന്‍റെ മൂത്ത മകന്‍ പാസ്റ്റര്‍ ജോണ്‍സന്‍ ജോര്‍ജ് കണ്‍വന്‍ഷന്‍ തടസ്സം കൂടാതെ ഇന്നും നടത്തിവരുന്നു.
ബൈബിള്‍ അക്കാഡമി രണ്ടാം വര്‍ഷത്തിലേക്ക്
കലയപുരം: ദൈവസഭയുടെ നേതൃത്വത്തില്‍ കലയപുരത്തു നടക്കുന്ന ബൈബിള്‍ അക്കാഡമിയുടെ ഡിജിറ്റല്‍ ക്ലാസ്സ് റൂമിന്‍റെ ഉദ്ഘാടനം ദൈവസഭ പ്രസിഡന്‍റ് പാസ്റ്റര്‍ പി. ജോര്‍ജ് ഫിലിപ്പ് നിര്‍വ്വഹിച്ചു. കഴിഞ്ഞ വര്‍ഷം അനുഗ്രഹിക്കപ്പെട്ട രീതിയില്‍ ക്ലാസ്സുകള്‍ നടന്നു. ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ ജനുവരി അവസാനത്തോടെ ആരംഭിക്കും. ഓണ്‍ലൈന്‍ ആയും ഓഫ്ലൈന്‍ ആയും ക്ലാസ്സുകള്‍ നടക്കുന്നു ഇ.ഠവ, ആ.ഠവ, ഉ.ഠവ. എന്നീ കോഴ്സുകള്‍ നിലവില്‍ ലഭ്യമാണ്. വിപുലമായ ലൈബ്രറി ഡിജിറ്റല്‍ ക്ലാസ്സുകളുടെ പ്രത്യേകതയാണ്. ദൈവസഭ പ്രസിഡന്‍റ് പാസ്റ്റര്‍ ജോര്‍ജ് ഫിലിപ്പ്, വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ പി.വി. ഗിരിജന്‍ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായും, സഹോദരന്മാരായ ജോര്‍ജ് തോമസ്, ഉമ്മന്‍ കെ. ജോസ്, ഉമ്മന്‍ കെ. ജോണ്‍ എന്നിവര്‍ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായും, പാസ്റ്റര്‍ തോമസ് ഡാനിയേല്‍ അക്കാഡമിക് ഡീന്‍ ആയും, പാസ്റ്റര്‍ സാം തങ്കച്ചന്‍ രജിസ്ട്രാര്‍ ആയും പാസ്റ്റര്‍ സാം മാത്യു പ്രിന്‍സിപ്പാള്‍ ആയും സേവനം അനുഷ്ഠിക്കുന്നു. മറ്റു പ്രഗത്ഭരായ അധ്യാപകരുടെയും സേവനം ലഭ്യമാണ്. അഡ്മിഷനായി പ്രിന്‍സിപ്പാളുമായി ബന്ധപ്പെടുക.
Advertisement