ആദ്യ പെന്തക്കോസ്ത് സണ്ടേസ്കൂൾ പ്രസ്ഥാനത്തിനു നൂറിൻ്റെ നിറവ്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തിരശീല വീണു. നൂറു വർഷത്തിൻ്റെ ആഘോഷ പരിപാടികൾ നടത്തിയ ഇന്ത്യയിലെ ആദ്യ പെന്തക്കോസ്ത് സണ്ടേസ്കൂൾ പ്രസ്ഥാനം എന്ന അഭിമാന നേട്ടവുമായി ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ക്രിസ്തീയ വിദ്യാഭ്യാസത്തിൻ്റെ പുതിയൊരു അദ്ധ്യായം തുറക്കുവാനുള്ള കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് പുതുയുഗത്തിലേക്ക് പ്രവേശിച്ചു.
നൂറു വർഷത്തിൻ്റെ ഓർമ്മകൾ ഒപ്പിയെടുത്തു ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചിരന്നു. ഏപ്രിൽ 8 ന് നടന്ന സമാപന സമ്മേളനത്തോടെ ആഘോഷങ്ങൾക്ക് സമാപ്തിയായി. മുളക്കുഴ ദൈവസഭ ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വി.പി തോമസിൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. പി.ആർ.ഡി പ്രഭു മുഖ്യ സന്ദേശം നൽകി. അസിസ്റ്റൻ്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു ആശംസകൾ അറിയിച്ചു. സണ്ടേസ്കൂൾ അദ്ധ്യാപനത്തിൽ 25 വർഷം പൂർത്തിയായവരെയും സംസ്ഥാന മേഖല സെൻ്റർ ഭാരവാഹികളെയും സമ്മേളനത്തിൽ ആദരിച്ചു.
2025 ജനുവരിയിൽ തിരുവല്ലയിൽ നടന്ന സംസ്ഥാന കൺവെൻഷനിൽ ജൂബിലി ലോഗോ പ്രകാശനം ചെയ്തുകൊണ്ടാണ് ഒരു വർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്കോളർഷിപ്പ്, മെഗാ ബൈബിൾ ക്വിസ്, ഹിന്ദി-മലയാളം മിഷൻ സൺഡേ സ്കൂൾ സിലബസ്, ലീഡേഴ്സ് കോൺക്ലേവ്, നേതൃത്വ സമ്മേളനങ്ങൾ, അദ്ധ്യാപക വിദ്യാർത്ഥി ക്യാമ്പുകൾ, സ്മരണിക പ്രകാശനം തുടങ്ങിയവ ജൂബിലിയോടനുബന്ധിച്ച് നടന്നു. സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ വി.പി. തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ സൺഡേ സ്കൂൾ സ്റ്റേറ്റ് ബോർഡ് ജൂബിലി പരിപാടികൾക്ക് നേതൃത്വം നൽകി.

