ദർശനം നഷ്ടപ്പെടാത്ത നേതൃത്വത്തിനായി സഭ കാത്തിരിക്കുന്നു 

Editorial

ദർശനം നഷ്ടപ്പെടാത്ത നേതൃത്വത്തിനായി സഭ കാത്തിരിക്കുന്നു 

ദർശനം നഷ്ടപ്പെടാത്ത നേതൃത്വത്തിനായി സഭ കാത്തിരിക്കുന്നു 

തു പ്രസ്ഥാനത്തിന്‍റെയും വളര്‍ച്ച സമര്‍പ്പണവും ആത്മാര്‍ഥതയുമുള്ള നേതൃത്വത്തെയും പ്രവര്‍ത്തകരെയും ആശ്രയിച്ചിരിക്കും. വ്യക്തമായ ലക്ഷ്യത്തോടെയായിരിക്കും ഏതു നല്ല പ്രവര്‍ത്തനത്തിനും  തുടക്കം കുറിക്കുക. എന്നാല്‍, അനുഗാമികള്‍ക്കു സമര്‍പ്പണം ഉണ്ടായിരിക്കണമെന്നില്ല. അവരുടെ ലക്ഷ്യങ്ങള്‍ക്കു വ്യത്യാസമുണ്ടായാല്‍ അതിനനുസരണമായി പ്രവര്‍ത്തനരീതിക്കും മാറ്റംവരും. നേതൃത്വം തലമുറകള്‍ കൈമാറുമ്പോള്‍ ആരംഭലക്ഷ്യത്തില്‍ നിന്നു ബഹുദൂരം അകന്നുപോയെന്നും വരാം. ആത്മീയ വിഷയങ്ങളില്‍ ഇതു വളരെയേറെ പ്രസക്തമാണ്. ദൈവദര്‍ശനമാണ് ആത്മീയ പ്രസ്ഥാനങ്ങളുടെ അടിത്തറ. ഇന്നുള്ള ഏതു പെന്തെകോസ്തു സഭയുടെ കാര്യത്തിലും ഇതു ശരിയാണ്. ദൈവത്തില്‍ നിന്നു ദര്‍ശനം പ്രാപിക്കാതെ ഒരു പ്രവര്‍ത്തനവും ശരിയായ ദിശയില്‍പോവുകയോ ആത്മീയ ഫലം പുറപ്പെടുവിക്കുകയോ ചെയ്കയില്ല.

വലിയ വിദ്യാഭ്യാസമോ ലോകപരിചയമോ സാമ്പത്തിക സൗകര്യമോ ഇല്ലാതിരുന്ന പിതാക്കന്മാരാണു നമ്മുടെ പല ആത്മീയ പ്രവര്‍ത്തനങ്ങളുടെയും തുടക്കക്കാര്‍. പക്ഷേ, വ്യക്തമായ ദൈവിക ദര്‍ശനം അവര്‍ക്കുണ്ടായിരുന്നു. അവരുടെ ഉദ്ദേശ്യശുദ്ധിയെയും ആത്മാര്‍ഥതയെയും ആദരിച്ച ദൈവം അവരെ വലിയ കാര്യങ്ങള്‍ നിർവഹിക്കാൻ പ്രാപ്തരാക്കിത്തീർത്തു. അവരാൽ തുടങ്ങിവച്ച പ്രസ്ഥാനങ്ങൾ വളർന്നുവരാൻ ദൈവം അനുവദിച്ചു. ഇതുമാത്രമാണ് കേരളത്തിലെ പെന്തെകൊസ്തു സഭകളുടെ ചരിത്രം പറയുന്നത്. ഇന്നു വലുതായി അറിയപ്പെടുന്ന സഭകളുടെയൊക്കെ തുടക്കം വളരെ ചെറുതായിരുന്നു. വെറും കൂട്ടായ്മകളായിരുന്നു തുടക്കത്തില്‍ ഇവയെല്ലാം. കാലം ഈ കൂട്ടായ്മകള്‍ക്കു ചട്ടക്കൂടുകള്‍ നല്കി. ക്രമേണ കൂട്ടായ്മകള്‍ സഭകളായി, പ്രസ്ഥാനങ്ങളായി. അവയെ ഭരിക്കാന്‍ ഭരണസംവിധാനങ്ങളായി, തിരഞ്ഞെടുപ്പുകളായി. ആത്മീയതയോ ദര്‍ശനമോ ഇല്ലെങ്കിലും നേതാക്കളാകാം എന്ന സ്ഥിതിയായി. ഇവിടെയാണു ഗുണനിലവാരം നഷ്ടമായത്.

പെന്തെക്കോസ്തിനെക്കുറിച്ച് വിശ്വാസികള്‍ക്കിടയിലും ഇതര സഭാവിഭാഗങ്ങളിലും അവമതിപ്പുളവാക്കുന്ന  പ്രസ്താവനയും പ്രവൃത്തിയും എവിടെനിന്നുണ്ടായാലും അതു ദുഃഖകരമാണ്. വേര്‍പെട്ട സഭകള്‍ ഇതുവരെയും ഇവിടെ നിലനിന്നത് സംഘടനാബലത്തിലോ സംഘാടനകരുടെ കഴിവിലോ ആശ്രയിച്ചായിരുന്നില്ല. പെന്തെക്കോസ്തു പ്രസ്ഥാനത്തിന്‍റെ തുടക്കത്തില്‍ അന്നു നേതൃത്വം നല്‍കിയവര്‍ സംഘടനാബലത്തെക്കാളുപരി പരിശുദ്ധാത്മശക്തിക്കാണു പ്രാധാന്യം നല്‍കിയിരുന്നത്. ദൈവവചനാനുസൃതമല്ലാത്ത ഒന്നിനോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു അവരുടേത്. അതുകൊണ്ടാണ്  സമ്പത്തും പ്രതാപവും പാരമ്പര്യമഹിമകളുമെല്ലാം വിട്ടെറിഞ്ഞ് നവ ആത്മീയതയ്ക്കായി അവര്‍ തീക്ഷ്ണത കാണിച്ചത്. ആരംഭകാലഘട്ടത്തില്‍ അവര്‍ കേട്ട പുലഭ്യങ്ങളൊന്നും അവരെ പിന്‍തിരപ്പിച്ചില്ല. കെട്ടുറപ്പുള്ള ഭരണസംവിധാനമോ ആരാധനാക്രമങ്ങളോ അവര്‍ക്കില്ലായിരുന്നുവെന്നത് പരമാര്‍ഥമാണ്. അതുതന്നെയായിരുന്നു അവരുടെ ആത്മീയബലത്തിന്‍റെ കാതല്‍.   

കാലത്തിന്‍റെ കുതിച്ചൊഴുക്കില്‍ ആത്മീയദര്‍ശനം ഒലിച്ചുപോകാനോ മറ്റുള്ളവര്‍ക്കുള്ളതു പോലെ തങ്ങള്‍ക്കും വേണമെന്ന താല്പര്യത്തില്‍ ദര്‍ശനം പണയപ്പെടുത്താനോ തങ്ങൾക്കു കയ്യാളാവുംവിധം ധനവും പ്രതാപവും ചൊല്പടിയിൽ കൊണ്ടുവരാനും, "ആ മനുഷ്യൻ  നീ തന്നെ" എന്നു മുഖത്തുനോക്കി പറയുന്ന പ്രവാചകനെ “വെട്ടിനിരത്താനും”  ഒരാളെയും അനുവദിച്ചുകൂടാ. ഇന്നു സഭകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വനിര കൂടിയേ തീരൂ. പക്ഷേ അവരില്‍ എത്ര പേര്‍ക്ക് ആത്മീയദര്‍ശനമുണ്ട്? ആര്‍ക്കും നിയമാവലികള്‍ക്കുള്ളില്‍ നിര്‍ത്തി പൊതുപ്രസ്ഥാനമായി സംഘടനയെ വളര്‍ത്താന്‍ കഴിയും.  അത് ദൈവസഭയല്ല. ആ വളര്‍ച്ച ആരോഗ്യകരമായിരിക്കയുമില്ല എന്നുമാത്രം. ദൈവജനത്തെ സ്നേഹിക്കുകയും ദൈവത്തെ ഭയപ്പെടുകയും വചനം അനുസരിക്കുകയും ചെയ്യുന്ന നേതാക്കൾ സഭയിൽ എഴുന്നേൽക്കാൻ പ്രാര്‍ഥിക്കാം.

Advertisement