നീലഗിരിയിൽ പുതിയ ഏരിയ; ഐപിസി കേരള സ്റ്റേറ്റിന് മലബാറിൽ പ്രവർത്തന വിശാലത
ഗൂഡല്ലൂർ: ഇന്ത്യൻ പെന്തെക്കൊസ്ത് ദൈവസഭ കേരളാ സ്റ്റേറ്റിന്റെ കീഴിൽ നീലഗിരിയിൽ പുതിയ ഏരിയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മലയാളികൾ ഏറെ തിങ്ങിപ്പാർക്കുന്ന നീലഗിരി ജില്ലയിൽ ഐപിസിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഡല്ലൂരിൽ മൂന്നര പതിറ്റാണ്ടിലേറെയായി സഭാ ശുശ്രൂഷ ചെയ്തുവരുന്ന പാസ്റ്റർ വി.പി. സണ്ണിയെ നീലഗിരി ഏരിയ കോർഡിനേറ്ററായി ഐപിസി കേരള സ്റ്റേറ്റ് നിയമിച്ചു.
പുതിയ ഏരിയയുടെ ഉദ്ഘാടനവും ആത്മീയ സംഗമവും ഐപിസി ഗൂഡല്ലൂർ സഭയിൽ സെപ്.30 ന് നടന്നു. ഐപിസി മലബാർ മേഖലാ പ്രസിഡന്റ് പാസ്റ്റർ ബാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ലോകമെമ്പാടും പടർന്നുപന്തലിച്ച ഐപിസിയുടെ പ്രവർത്തനങ്ങൾ ആദ്യകാല ദൈവദാസന്മാരുടെ ത്യാഗോജ്ജ്വലമായ പ്രവൃത്തികളുടെയും വിശ്വാസത്തിന്റെയും ഫലമാണെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സകലതും വിട്ട് സുവിശേഷവേലയ്ക്ക് ഇറങ്ങിയവരോടൊപ്പം കർത്താവിന്റെ സാന്നിധ്യമുണ്ടെന്നും ആത്മാർത്ഥമായ സമർപ്പണം ഉള്ളവർക്കേ സുവിശേഷ വേലയിൽ ശോഭിക്കാൻ സാധിക്കൂ എന്നും എന്ത് കിട്ടുമെന്ന് ആരായുന്നവർക്ക് സുവിശേഷവേലയിൽ തിളങ്ങാനാവില്ലെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു നെടുവേലിൽ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. അന്ത്യകാലഘട്ടത്തിൽ സുവിശേഷ പ്രവർത്തകർ കൃപാവരങ്ങളിലും രോഗശാന്തി ശുശ്രൂഷയിലും ജ്വലിക്കുന്നവരായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നീലഗിരി ജില്ലയിലെ സഭാ പ്രവർത്തനങ്ങൾക്ക് ഐപിസി കേരള സ്റ്റേറ്റിന്റെ ഭാഗത്തുനിന്ന് പ്രത്യേക പരിഗണനയും പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഐപിസി വണ്ടൂർ ഏരിയ കൺവീനർ പാസ്റ്റർ ജോൺ മമ്മരപള്ളി സങ്കീർത്തനങ്ങൾ വായിച്ചു. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ കെ.സി. ഉമ്മൻ, മലബാർ മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ ജെയിംസ് വർഗീസ്, മലബാർ മിഷൻ ബോർഡ് സെക്രട്ടറി പാസ്റ്റർ എം.കെ. ജോയ്, ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്,
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ പാസ്റ്റർ വിനോദ് കുന്നംകുളം, പാസ്റ്റർ വി.എം ജോൺ വടക്കേത്ത്, ഐആർഎ സഭ ജനറൽ പ്രസിഡന്റ് പാസ്റ്റർ എം.റ്റി. ശമുവേൽ, നിലമ്പൂർ സൗത്ത് സെന്ററിലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.ജി മനോജ്, പാസ്റ്റർ കെ.സി. തോമസ് (ഐപിസി ബാംഗ്ലൂർ), എൽസദ്ദായി ഗോസ്പൽ മിനിസ്ട്രിയുടെ ഡയറക്ടർ പി. പി.ജോസ് നിലമ്പൂർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പെരിന്തൽമണ്ണ ഐപിസി സഭാശുശ്രൂഷകൻ പാസ്റ്റർ എൻ. എം. മാത്യു, പാസ്റ്റർ രാജേന്ദ്രൻ ഗൂഡല്ലൂർ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ഡാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടന്നു.
നീലഗിരി ജില്ലയിൽ ഐപിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി പദ്ധതികളെക്കുറിച്ച് നീലഗിരി ഏരിയ കോർഡിനേറ്റർ പാസ്റ്റർ വി.പി സണ്ണി വിശദീകരിച്ചു. പാസ്റ്റർ പി.പി. ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.നിലമ്പൂരിലെ വിവിധ സെന്ററുകളിൽ നിന്നും ഗൂഡല്ലൂരിലെ വിവിധ സഭാ നേതാക്കന്മാരും ശുശ്രൂഷകരും സഭാ വിശ്വാസികളും പങ്കെടുത്തു
ഐപിസി മലബാർ മേഖലയുടെ കീഴിൽ ഐപിസി കേരള സ്റ്റേറ്റിന് 34 സെന്ററുകളും 500 ലേറെ സഭകളും ഉണ്ട്.
Advt



Advertisement



































