ഐപിസി യുകെ & അയർലൻഡ് റീജിയൺ ‘ഗോസ്പൽ ട്രിപ്പ് 2026’ പീറ്റർബറോയിൽ സമാപിച്ചു
ലണ്ടൻ: ഐ.പി.സി യു.കെ & അയർലൻഡ് റീജിയൺ ഇവാഞ്ചിലിസം ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ത്രിദിന സുവിശേഷ യാത്ര (Gospel Trip 2026) അനുഗ്രഹപൂർണമായി പീറ്റർബറോയിൽ സമാപിച്ചു. “ഒരു സുവിശേഷം… അനേകം നഗരങ്ങൾ… ഒരേയൊരു ലക്ഷ്യം!” എന്ന പ്രമേയത്തിൽ ആഗസ്റ്റ് 27, 28, 29 തീയതികളിലാണ് യാത്ര സംഘടിപ്പിച്ചത്. യു.കെ.യിലെ വിവിധ നഗരങ്ങളിൽ യേശുക്രിസ്തുവിന്റെ രക്ഷാസന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ദൗത്യം.
ആഗസ്റ്റ് 27-ന് രാവിലെ ഐ.പി.സി യു.കെ & അയർലൻഡ് റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് പ്രാർത്ഥിച്ച് സുവിശേഷ യാത്ര ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി കേംബ്രിഡ്ജ്, ബെഡ്ഫോർഡ്, ലെസ്റ്റർ, നോട്ടിംഗ്ഹാം, ഗ്രാന്തം, കിംഗ്സ് ലിൻ, പീറ്റർബറോ എന്നീ നഗരങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾ നടന്നു.
യാത്രയുടെ ഭാഗമായി ആയിരക്കണക്കിന് സുവിശേഷ ട്രാക്റ്റുകൾ വിതരണം ചെയ്യുകയും, വചന ബോർഡുകൾ പ്രദർശിപ്പിക്കുകയും, വ്യക്തിഗത സുവിശേഷ പങ്കുവെക്കലുകൾ നടത്തുകയും ചെയ്തു. കൂടാതെ, ഓരോ നഗരത്തിന്റെയും ആത്മീയ ഉണർവിനായി പ്രത്യേക പ്രാർത്ഥനകളും 'സിറ്റി പ്രയർ ഡ്രൈവും' (City Prayer Drive) സംഘടിപ്പിച്ചു.
ഐ.പി.സി യു.കെ & അയർലൻഡ് റീജിയൺ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയിസ്, പാസ്റ്റർ ജോൺ മാത്യു, പാസ്റ്റർ ജോർജ് തോമസ്, ബ്രദർ ജോഷി ജോർജ്, ബ്രദർ വിൻസെന്റ് വർഗീസ്, ബ്രദർ പവൻ പോൾ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. ബ്രദർ റോണി മാത്യു, ബ്രദർ ഷിബു വർഗീസ്, ബ്രദർ ജെറമി റോണി എന്നിവരും വിവിധ സഭകളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും ഉൾപ്പെടെ മുപ്പതോളം പേർ യാത്രയിൽ സജീവ പങ്കാളികളായി.
ഈ സുവിശേഷ ദൗത്യത്തിന് പ്രാർത്ഥനയും സഹകരണവും നൽകിയ എല്ലാ ദൈവദാസന്മാർക്കും സഭകൾക്കും വിശ്വാസികൾക്കും ഇവാഞ്ചിലിസം ബോർഡ് നന്ദി അറിയിച്ചു.






