ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൺവെൻഷൻ തുടക്കമായി

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൺവെൻഷൻ തുടക്കമായി
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു

സഭാജനം ക്രിസ്തുവിനൊടൊപ്പം നിൽക്കണം: പാസ്റ്റർ ഇ.ജെ.ജോൺസൺ

ചാക്കോ കെ.തോമസ്, ബെംഗളൂരു

ബാംഗ്ലൂർ : സഭാജനം ക്രിസ്തുവിനൊടൊപ്പം നിൽക്കുവാൻ തയ്യാറാകണമെന്ന് ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ പ്രസ്താവിച്ചു. 

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ കൊത്തന്നൂർ ഏബനേസർ ക്യാംപസിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ക്രിസ്തുവിൻ്റെ ഗത്സമനാനുഭവങ്ങളിൽ ശിഷ്യന്മാരുടെ പ്രതികരണങ്ങൾ മൂന്ന് വിധത്തിൽ കാണാം. തികച്ചും ലൗകീകനായ യൂദാ, ലോകത്തൊടും ക്രിസ്തുവിനൊടും സമദൂരം പാലിക്കുന്ന ഒരു പറ്റം, യേശുവിനോട് അടുത്ത് നിൽക്കുന്ന വേറൊരു കൂട്ടം, യഥാർത്ഥ സഭാജനം ലോകമോഹങ്ങളിൽ നിന്ന് വേറിട്ട് കർത്താവിനൊടൊപ്പം നിലകൊള്ളാൻ സമർപ്പിതരാകണമെന്നും അദ്ദേഹം പറഞ്ഞു. 

പാസ്റ്റർ ഷിബു തോമസ് (ഇടത് ) വചനപ്രഭാഷണം നടത്തുന്നു. പാസ്റ്റർ പി.വി.കുര്യാക്കോസ് കന്നട ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നു 

കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ അധ്യക്ഷനായിരുന്നു. പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ) മുഖ്യ പ്രഭാഷണം നടത്തി.  

ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയറിനോടൊപ്പം ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാനശ്രുശ്രുഷ നിർവഹിച്ചു 

 തുടർദിവസങ്ങളിൽ പാസ്റ്റർമാരായ സി.സി തോമസ്, ബെനിസൺ മത്തായി, അനീഷ് ഏലപ്പാറ, സണ്ണി താഴാംപള്ളം, സ്റ്റീഫൻ ബെഞ്ചമിൻ, ഏബ്രഹാം തോമസ് എന്നിവർ പ്രസംഗിക്കും.

ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. 

വെള്ളി രാവിലെ 9 ന് ശുശ്രൂഷക സമ്മേളനം, ശനി രാവിലെ 9 ന് സൺഡേ സ്കൂൾ, വൈ.പി.ഇ, ലേഡീസ് മിനിസ്ട്രീസ് തുടങ്ങി എല്ലാ ഡിപ്പാർട്ട്മെൻ്റുകളുടെയും സംയുക്ത സമ്മേളനം,ഞായർ രാവിലെ 8.30 ന് കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.

 പാസ്റ്റർമാരായ ഇ.ജെ.ജോൺസൺ, റോജി ഇ.സാമുവേൽ, ജോസഫ് ജോൺ, പാസ്റ്റർ പി.വി.കുര്യാക്കോസ് , ജെയ്മോൻ കെ.ബാബു എന്നിവരും വിവിധ ഡിപാർട്ട്മെൻ്റ് അംഗങ്ങളും കൗൺസിൽ അംഗങ്ങളും കൺവെൻഷന് നേതൃത്യം നൽകുന്നു.