വടക്കേമലബാറില്‍ നിന്നൊരു ദൂത് 

വടക്കേമലബാറില്‍ നിന്നൊരു ദൂത് 

വടക്കേമലബാറില്‍ നിന്നൊരു ദൂത് 

കാസർഗോഡ്: സഭ വളർച്ചയുടെ പടവുകളിൽ എവിടെ എത്തിയെന്ന ചോദ്യത്തിനുത്തരുവുമായി വടക്കേ മലബാറിലെ ശുശ്രൂഷകരും കുടുംബങ്ങളും ചെറുവത്തൂരിൽ ഒത്തുകൂടിയത് ചരിത്രമായി. നാളുകളായി മനസിലൊളിപ്പിച്ച ഒട്ടേറെ ചോദ്യങ്ങളൊക്കെ ചോദിക്കാനായി ഒരു വേദി കിട്ടിയ സുവർണാവസരമായി സംഗമം പരിണമിച്ചു. അവയ്‌ക്കെല്ലാം ഒറ്റമൂലി ഉത്തരവുമായി പാസ്റ്റർ ജോൺസൺ ജോർജ് (ഐപിസി ശാലേം പെന്തെക്കോസ്തല്‍ ടാബര്‍ണാക്കിള്‍, ന്യൂയോര്‍ക്ക്) നിറപുഞ്ചിരിയോടെ വേദിയിൽ നിറഞ്ഞുനിന്നു.

പാസ്റ്റർ ജോൺസൺ ജോർജും കുടുംബവും

അവഗണനയും, എതിർപ്പുകളും സഭ രാഷ്‌ടീയവും, സാമ്പത്തിക പ്രശനങ്ങളും, സെമിത്തേരിയുമെല്ലാം ആത്മീയ ശുശ്രൂഷയിൽ നേരിടുന്ന വെല്ലുവിളികളാണെന്നു കൂടിയവർ ഒരുസ്വരത്തോടെ തുറന്നു കാട്ടിയപ്പോൾ അവയെല്ലാം സാധ്യതകളായി ഉൾക്കൊണ്ട് മുന്നേറണമെന്നു വിലയിരുത്തലുണ്ടായി. 

ആത്മീയ ശുശ്രൂഷയിൽ നൽകേണ്ട മുൻഗണനകൾ, നേരിടുന്ന വെല്ലുവിളികൾ, ഇന്നും നിലനിൽക്കുന്ന സാദ്ധ്യതകൾ ഇവയ്‌ക്കെല്ലാമുള്ള ഉത്തരങ്ങൾ തേടിയാണ് ഐപിസി കണ്ണൂർ, കാസർഗോഡ്, ഹൊസ്ദുർഗ്, ഇരിട്ടി സെന്ററുകളിലെ ശുശ്രൂഷകരും അവരുടെ സഹധർമ്മിണിമാരും എത്തിയത്. ഇവയ്‌ക്കെല്ലാം നേർസാക്ഷികളാകാൻ മാധ്യമ പ്രവർത്തകരായ സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം, സാമൂഹിക പ്രവർത്തകനായ ജോസ് ജോൺ കായംകുളം എന്നിവരും ഐപിസി യിലെ സെന്റർ ശുശ്രൂഷകന്മാരായ സന്തോഷ് മാത്യു, കെ.ഐ. വർഗീസ്, സാംകുട്ടി കെ.എം  എന്നിവരും ചർച്ചകളിൽ സജീവമായി. 

വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചയ്ക്ക് പാസ്റ്റർമാരായ ജോൺ വി. ജേക്കബ്, പി.ജെ. ജോസ്, റെജി പി.ജെ, ജെയ്‌മോൻ ലൂക്കോസ്, വി.സി. ജെയിംസ്, സിസ്റ്റർ മോളി മോഹനൻ എന്നിവർ നേതൃത്വം നൽകി. ജീവിത വിശുദ്ധി, പ്രാർത്ഥന, വചന ധ്യാനം, കുടുംബ ജീവിതം, സാമൂഹിക പ്രതിബന്ധത, കൃത്യനിഷ്ട, പക്വതയാർന്ന സമീപനം, സാമ്പത്തിക വിഷയത്തിലുള്ള വിശ്വസ്തത തുടങ്ങിയവയെല്ലാം ആത്‌മീയ ശുശ്രൂഷയിൽ മുൻഗണന നൽകി ശ്രദ്ധിക്കേണ്ട വിഷയങ്ങളാണെന്നു ചർച്ചയിൽ ഉരുത്തിരിഞ്ഞു. നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനസ്സും സമർപ്പിത ജീവിതവും വടക്കേ മലബാറിലെ പ്രേഷിത പ്രവർത്തകർക്ക് ഉണ്ടാകണമെന്നും, അല്ലായെങ്കിൽ പച്ചപ്പുതേടി മലബാറിനോട് ബൈ പറയേണ്ടിവരുമെന്നും ഒത്തുകൂടിയവരുടെ പൊതു അഭിപ്രായമായി ഉയർന്നു.  

സുവിശേഷീകരണത്തിനെതിരെ പൈശാശിക പോരാട്ടം, പെന്തെക്കോസ്ത് സമൂഹത്തിനിടയിലെ ഐക്യതക്കുറവും, സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുന്ന സഭാകേന്ദ്രങ്ങളിലെ വാർത്തകൾ, നേതൃത്വത്തങ്ങൾ തമ്മിലുള്ള കസേരകളി, നേതൃത്വത്തിൽ നിന്നും ഉണ്ടാകുന്ന അവഗണന ഇവയെല്ലാം പലപ്പോഴും ശുശ്രൂഷക കുടുംബങ്ങൾക്ക് മാനസീക വേദന സമ്മാനിക്കുന്നുണ്ടെന്നു സംസാരിച്ചവരുടെ വാക്കുകളിൽ തെളിഞ്ഞു വന്നു. 

നിരവധി ആശങ്കകൾ പങ്കുവെച്ചപ്പോഴും ഇന്നും സുവിശേഷ വ്യാപ്തിയ്ക്ക് സാധ്യമായ വിഷയങ്ങളും ചർച്ചചെയ്യപ്പെട്ടു. ആധുനീക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപെടുത്തിയും, ജീവകാരുണ്യ പ്രവർത്തങ്ങളിലൂടെയും, ബോധവൽക്കരണ പരിപാടികളിലൂടെയും സുവിശേഷ പ്രവർത്തങ്ങൾക്ക് ഇടം കണ്ടുപിടിക്കണമെന്നു ആഹ്വാനങ്ങൾ ഉണ്ടായി.

ടീം പ്രവർത്തങ്ങളിൽ, വ്യക്തിപരമായ സുവിശേഷീകരണം, കുട്ടികൾക്കിടയിലെ പ്രവർത്തനങ്ങൾ, ജയിൽ മിനിസ്ട്രി എന്നിവയെല്ലാം ക്രിസ്തു സ്നേഹം പങ്കുവെയ്ക്കാൻ ഉള്ള മാർഗങ്ങളായി തീർക്കുമെന്ന് സംഗമിച്ചവർ തീരുമാനിച്ചു. സുവിശേഷീകരണത്തിന്റെ പ്രാധാന്യതയും, വെല്ലുവിളികളും, സാധ്യതകളും വിലയിരുത്തപെട്ട കോൺഫെറൻസിൽ പങ്കെടുത്തവർ മനസ് തുറന്നു സംസാരിച്ചും, പുത്തൻ പ്രതീക്ഷകൾ ജനിപ്പിച്ചും, പുതു ശക്തി പ്രാപിച്ചും ചെറുവത്തൂരിനോട് വിടപറഞ്ഞു.

  നന്ദി:പാസ്റ്റർ കെ.സി. ജോർജ് 

Advertisement