വചനത്തിന്റെ ശുശ്രൂഷകര്‍

പാസ്റ്റര്‍ റെജി മൂലേടം | പാസ്റ്റേഴ്‌സ് ഫോക്കസ്

വചനത്തിന്റെ ശുശ്രൂഷകര്‍

പാസ്റ്റേഴ്‌സ് ഫോക്കസ്

വചനത്തിന്റെ ശുശ്രൂഷകര്‍

പാസ്റ്റര്‍ റെജി മൂലേടം

രിക്കല്‍ ഒരു വിദ്വാന്‍ ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്; കൊരിന്ത്യാ ലേഖനം കോഴഞ്ചേരിക്കാര്‍ക്ക് എന്താ? പക്ഷേ, ഒന്നാം അധ്യായം ഒന്നാം വാക്യം വായിച്ചാല്‍ അത് കോഴഞ്ചേരിക്കാര്‍ക്കും ബാധകമാണെന്ന് പരോക്ഷമായി എഴുതിയിട്ടുള്ളത് മനസ്സിലാക്കാം. 'അവിടെയും ഇവിടെയും എവിടെയുമുള്ള വിശുദ്ധന്മാര്‍ക്ക്' എഴുതിയ ദൈവചനമാണ് ബൈബിള്‍ എന്നതാണ് സത്യം. സഭയിലും എല്ലാ ആത്മീയശുശ്രൂഷയിലും  വ്യക്തിജീവിതത്തിലും ഏറ്റവും പ്രാധാന്യമുള്ളതാണ് ദൈവവചനം എന്ന് തിരിച്ചറിഞ്ഞവരായിരുന്നു മുന്‍ തലമുറകള്‍. ജീവിക്കുന്ന വചനമാണ് ക്രിസ്തുവെങ്കില്‍, എഴുതപ്പെട്ട വെളിപ്പാടാണ് ദൈവവചനം. വചനത്തിന്റെ ആള്‍ രൂപം ക്രിസ്തുവും, ലിഖിത രൂപം വിശുദ്ധ ബൈബിളുമാണെന്ന് മനസ്സിലാക്കാം. ഏഴ് വാക്കുകളാണ് പുതിയ നിയമത്തില്‍ വചനത്തെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത്.

ദൈവവചനം, കര്‍ത്താവിന്റെ വചനം, ക്രിസ്തുവിന്റെ വചനം, ക്രൂശിന്റെ വചനം, സത്യവചനം, വിശ്വാസ വചനം എന്നിങ്ങനെ വചനത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ദൈവവചനം ചെയ്യുന്ന പ്രധാനപ്പെട്ട രണ്ട് പ്രവൃത്തികള്‍ 'ജീവനും ചൈതന്യവും' വരുത്തുന്നതാണ്. പാപത്തില്‍ മരിച്ചവര്‍ക്ക് നവജീവന്‍ നല്‍കി ഉദ്ധരിക്കുവാന്‍ വചനത്തിന് കഴിയുമ്പോള്‍, ജീവന്‍ ലഭിച്ച ചിലര്‍ക്ക് അതിന്റെ ചൈതന്യം നഷ്ടപ്പെടുമ്പോള്‍, സചേതനമാക്കാന്‍ ശക്തിയുള്ളതാണ്. അതെ, ദൈവവചനം സജീവവും സചേതനവുമാണ്. ഇക്കാരണത്താല്‍, ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിലെ ജീവനുള്ള കല്ലുകള്‍, ജീവനും ചൈതന്യമുള്ളവരായി സദാകാലവും ശക്തരായി നിലനിര്‍ത്തുവാന്‍, ജീവന്‍ നല്‍കാന്‍ കഴിവുള്ള 'ജീവന്റെ വചനത്തിന്' മാത്രമേ കഴിയൂ. അതുകൊണ്ടാണ് സഭാ ശുശ്രൂഷകര്‍ വചനത്തിന്റെ ശുശ്രൂഷകരായി മാറേണ്ടത്.

പൗലോസിന്റെ നിയോഗം

അപ്പോസ്തലനായ പൗലോസിന്റെ ശുശ്രൂഷയുടെ നിയോഗത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ദൈവനിയോഗത്താല്‍ സഭയിലെ ശുശ്രൂഷകനായി ഞാന്‍ നിയമിതനായിരിക്കുന്നു. ദൈവവചനം അതിന്റെ പൂര്‍ണ്ണതയില്‍ നിങ്ങളോട് വിളംബരം ചെയ്യാനാണ് ഇത്. (കൊലൊ. 1:25 ആധുനിക പരിഭാഷ) 'നിങ്ങള്‍ക്കുവേണ്ടി ദൈവം എനിക്ക് നല്‍കിയ നിയോഗപ്രകാരം ദൈവവചന ഘോഷണം പൂര്‍ണ്ണമായി നിറവേറ്റാന്‍ ഞാന്‍ സഭയുടെ ശുശ്രൂഷകനായിത്തീര്‍ന്നു.' (ഓശാന)
ദൈവവചനത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റി പറയുമ്പോള്‍, 'ദൈവം തെരെഞ്ഞെടുത്തവര്‍ വിശ്വസിക്കുവാനും ഭക്തിയിലേക്ക് നയിക്കുന്ന സത്യത്തിന്റെ പരിജ്ഞാനം അവര്‍ക്ക് ലഭിക്കുവാനുമായി... അവിടുത്തെ വചനത്തിന്റെ പ്രഘോഷണത്തിലൂടെ അവര്‍ക്ക് വെളിപ്പെടുത്താന്‍ ദൈവം എന്നെ ഭരമേല്‍പ്പിച്ചിരിക്കുന്നു.' (തീത്തോസ് 1:3)

തിമൊഥയോസിന്റെ നിയമനം

ശ്രേഷ്ഠ അപ്പോസ്തലന്‍ ശുശ്രൂഷയ്ക്കായി തിമൊഥയോസിനെ നിയമിച്ചാക്കുമ്പോള്‍ ഭരമേല്‍പ്പിക്കുന്ന ദൗത്യം വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: 
'സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യുക; ലജ്ജിക്കേണ്ട ആവശ്യമില്ലാത്ത വേലക്കാരനായി ദൈവ മുമ്പാകെ അംഗീകൃതനായി പ്രത്യക്ഷപ്പെടാന്‍ നീ പരമാവധി ശ്രമിക്കുക' (2 തിമൊ. 2:15) കുറെക്കൂടി വ്യക്തമാക്കിയാല്‍, 'ലജ്ജിക്കാന്‍ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും' എന്ന, ദൈവീക അംഗീകാരം ലഭിച്ച ഒരു പ്രവര്‍ത്തകനായി തിരുസന്നിധിയില്‍ എന്നെത്തന്നെ സമര്‍പ്പിക്കാന്‍ യത്‌നിക്കുക. കാലം മാറുമ്പോള്‍, ദൈവവചന ശുശ്രൂഷയ്ക്ക് പുതിയ വെല്ലുവിളികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും അപ്പോസ്തലന്‍ നല്‍കുന്നുണ്ട്. 'ഈ കാര്യങ്ങള്‍ നീ ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്ക. ഇതിന് വ്യത്യസ്തമായ രീതിയില്‍ ഉപദേശിക്കുകയും ക്രിസ്തുവിന്റെ നിര്‍മ്മല വചനത്തോടും ദൈവഭക്തിക്കനുസൃതമായ ഉപദേശത്തോടും അനുകൂലിക്കാതിരിക്കുകയും ചെയ്യുന്നവര്‍... ദൈവഭക്തി ഒരു ആദായ മാര്‍ഗ്ഗമായി അവര്‍ കരുതുന്നു' (1 തിമൊ. 6:3) ദൈവവചനത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് ശുശ്രൂഷകരുടെ ഉത്തരവാദിത്തമാണെന്നും പൗലോസ് ഓര്‍പ്പിക്കുന്നു. 'എന്നില്‍ നിന്നുകേട്ട നിര്‍മ്മല വചനത്തെ നീ സൂക്ഷിക്കുക' (2 തിമൊ. 1:13) ദൈവസഭയില്‍ ദൈവവചനം മാത്രം ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് പാസ്റ്റേഴ്‌സിന് വ്യക്തമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 'തിരുവചനം ഘോഷിക്ക, മനുഷ്യര്‍ നിര്‍മ്മലോപദേശം ഉള്‍ക്കൊള്ളാന്‍ വിമുഖരായിട്ട്, തങ്ങളുടെ അഭിരുചിക്കനുസൃതമായി ഇമ്പമുള്ള കാര്യങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കുന്ന ഉപദേഷ്ഠാക്കളെ വിളിച്ചു കൂട്ടുന്ന കാലം വരും. നിന്റെ ശുശ്രൂഷ പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുക.' (2 തിമൊ. 4:2) തീത്തോസിനോട് പറയുമ്പോള്‍, ശുശ്രൂഷകന്മാര്‍, 'പത്ഥ്യോപദേശത്താല്‍ പ്രബോധിപ്പിപ്പാനും.... ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ വചനം മുറുകെ പിടിക്കുന്നവനും ആയിരിക്കേണം' എന്നാല്‍ നിര്‍മ്മല ഉപദേശത്തിന് യോഗ്യമായതു മാത്രം നീ പഠിപ്പിക്കുക' (തീത്തോസ് 1:9, 2:1)

മായമില്ലാത്ത വചനം

വചനത്തിന്റെ ശുശ്രൂഷകന്മാര്‍ ജനത്തിന് നല്‍കേണ്ടത് മായമില്ലാത്ത, വചനം തന്നെ ആയിരിക്കണം. അങ്ങനെ നല്‍കുന്ന പത്ഥ്യവചനത്തിന് മാത്രമേ രോഗപ്രതിരോധശേഷിയുള്ള ആത്മീയ ആരോഗ്യമുള്ള ഒരു കൂട്ടത്തെ ഒരുക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ് പൗലോസ് പ്രാഗത്ഭ്യത്തോടെ പറയുന്നത്: ഞങ്ങള്‍ ദൈവവചനത്തില്‍ കൂട്ടുചേര്‍ക്കുന്ന അനേകരെപ്പോലെ അല്ല, നിര്‍മ്മലതയോടും ദൈവവചനത്തിന്റെ കല്‍പ്പനയാലും ദൈവസന്നിധിയില്‍ ക്രിസ്തുവില്‍ സംസാരിക്കുന്നത് (2 തിമൊ. 2:17) 'കൂട്ടു ചേര്‍ക്കുക' എന്ന പദത്തിന്റെ മൂലഭാഷയിലെ അര്‍ത്ഥം ''കൊണ്ടു നടന്ന് വില്‍ക്കുക'', 'നിസ്സാരമാക്കുക' എന്നാണ്. ലാഭത്തിനുവേണ്ടി വിലകുറഞ്ഞ സാധനം 'ഡയറക്ട് മാര്‍ക്കറ്റിംഗുകാര്‍' വില്‍ക്കുന്നതിനോട് ഇത് ഉപമിക്കാം.

സഭായോഗങ്ങളില്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വചനം പഠിപ്പിക്കേണ്ടതാണ്. 'പ്രബോധന'വും പ്രസംഗവും രണ്ടാക്കാതെ, ഒരു വചനശുശ്രൂഷയിലൂടെ നന്നായി വചനം ഗ്രഹിപ്പിക്കുവാന്‍ സമയം വേര്‍തിരിക്കുകയാണ് ഇന്നിന്റെ ആവശ്യം. ജനം പത്ഥ്യോപദേശത്താല്‍ പോഷിപ്പിക്കപ്പെടട്ടെ. സാത്താന്റെ പ്രലോഭനങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ബലം 'ശക്തന്മാരുടെ ആഹാര'ത്താല്‍ പ്രാപിക്കട്ടെ. അത്മീയ ആരോഗ്യമുള്ളവരായി അകത്തെ മനുഷ്യന്‍ ബലപ്പെടട്ടെ. നമുക്ക് വചനത്തിന്റെ ശുശ്രൂഷകരാകാം.