ആസ്ബറി ഉണർവ്വുകളും ജനറേഷൻ - ഇസെഡും

ആസ്ബറി ഉണർവ്വുകളും ജനറേഷൻ - ഇസെഡും

ആസ്ബറി ഉണർവ്വുകളും ജനറേഷൻ - ഇസെഡും

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

 

മേരിക്കൻ മുഖ്യധാരാസംസ്കാരത്തിൽ വലിയ സ്വാധീനം ചെലുത്തിയ ജീസസ് മൂവ്മെൻറിൻ്റെ വളർച്ചയ്ക്കും ഉപരി വിവിധ സഭാവിഭാഗങ്ങളുടെ പുനരുജ്ജീവനത്തിനും നിർജ്ജീവത്വത്തിൽ നിന്നുള്ള മടങ്ങിവരവിനും കാരണമായ 1970 -ലെ ഉണർവ്വിനോടാണു 2023 -ലെ ഉണർവിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഉണർവു ആരംഭിച്ചപ്പോൾ, "ഹ്യൂസിൽ ആരാധന നടന്നുവരുന്നു പങ്കാളിയാകുവാൻ താങ്കളെ ക്ഷണിക്കുന്നു," എന്ന രണ്ടുവാചകത്തിൽ ഒരു ഇമെയിൽ സന്ദേശം യൂണിവേഴ്സിറ്റി പ്രസിഡൻ്റ് കെവിൻ ബ്രൗൺ അയച്ചു. വാർത്ത വൈറലായി. പ്രതിദിനം 15,000 പേർ വീതം ക്യാംപസിൽ എത്തി എന്നാണ് കണക്ക്. 200 - ൽ പരം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുള്ളവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുമായി മഹാജനാവലിയാണ് ആസ്ബറിയിലേക്കു ഒഴുകിയത്.

മീറ്റിങ്ങിൻ്റെ സമാപനസമയങ്ങളിൽ 50,000 മുതൽ 70,000 വരെ ആൾക്കാരാണ് വിൽമോർ പട്ടണത്തിലേക്കു എത്തിയത്. അതു ആ ചെറിയപട്ടണത്തിനു ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം ആയിരുന്നു. വാഹനനിര മൈലുകളോളം നീണ്ടു, വൻട്രാഫിക് ജാം ഉണ്ടായി. ഒടുവിൽ നിവൃത്തിയില്ലാതെയാണു, ഗവൺമെൻ്റ് തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ, ഫെബ്രുവരി 23 -നു ഹ്യൂസ് ഓഡിറ്റോറിയത്തിൽ മീറ്റിങ്ങുകൾ അവസാനിപ്പിക്കുന്നത്. ഉണർവ്വിൽ പങ്കെടുത്തവരിൽ പ്രധാനമായും "ജനറേഷൻ - ഇസെഡിലെ" (Generation - Z) അംഗങ്ങൾ ആയിരുന്നു എന്നത് അത്ഭുതാവഹമായിരുന്നു. അവർ കാരണമാണ് ഉണർവ്വിൻ്റെ വാർത്ത ടെക്സ്റ്റ് മെസ്സേജിലൂടെ മീഡിയായിൽ വ്യാപകമായി പരന്നത്. ടിൿടോക്കിലൂടെ മാത്രം ഫെബ്രുവരി 19 വരെ ആറുകോടിമുപ്പതുലക്ഷം പേരാണു ആസ്ബറിയുടെ ഔദ്യോഗിക സൈറ്റിലൂടെ ഉണർവ് വീക്ഷിച്ചത്. സഭാവ്യത്യാസമില്ലാതെ മെഥേഡിസ്റ്റ്, എപ്പിസ്കോപ്പൽ, ബാപ്റ്റിസ്റ്റ്, പെന്തക്കോസ്ത്, കത്തോലിക്കാ സഭ വിഭാഗങ്ങൾ പങ്കെടുത്തു എന്നുള്ളതു ശുഭസൂചകമായി വിലയിരുത്തപ്പെടുന്നു. 

എന്താണ് ജനറേഷൻ -ഇസെഡ്?

Generation -Z എന്നു അറിയപ്പെടുന്നതു ഒരു ഏജ് ഗ്രൂപ്പ് ആണ്. ചുരുക്കെഴുത്തിൽ Gen -Z എന്നും വിളിക്കപ്പെടുന്നു. "Z" അമേരിക്കൻ ഇംഗ്ലീഷിൽ "സീ" എന്നു ഉച്ചരിക്കുന്നതിനാൽ ജനറേഷൻ-സീ എന്നാണു പറയുന്നത്. അവർ മില്ലേനിയൽ ഗ്രൂപ്പിൻ്റെ പിൻഗാമികളും ജനറേഷൻ - ആൽഫാ ഗ്രൂപ്പിൻ്റെ മുൻഗാമികളും ആണ്. ജനറേഷൻ - എൿസ് എന്നു വിളിക്കപ്പെട്ട ഗ്രൂപ്പിൻ്റെ മക്കളാണ്. 1997 നും 2012 നും മദ്ധ്യേ ജനിച്ച ഇവരുടെ പ്രായപരിധി 

11 - 26 വരെ വയസ്സിനു ഇടയിൽ ആണ്. ബേബി ബൂമർ ഗ്രൂപ്പിൻ്റെ ചുരുക്കപ്പേരു ആയ ബൂമറിൻ്റെ പരിഷ്ക്കരിച്ച രൂപമായ "സൂമെർ" (Zoomer) എന്നും ഇവരെ വിളിക്കുന്നു. ലോകജനസംഖ്യ 772 കോടി ആയിരുന്നപ്പോൾ അതിൻ്റെ 32% ആയിരുന്ന 247 കോടി ആയിരുന്നു "സൂമെർ ഗ്രൂപ്പി"ൻ്റെ അംഗസംഖ്യ. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ തലമുറ "ജനറേഷൻ സീ" ആണ്. മിക്കലോക രാജ്യങ്ങളിലെയും ജനനനിരക്കു കുറയുകയും പ്രായമായവരുടെ എണ്ണം ആനുപാതികമായി വർദ്ധിക്കുകയും ചെയ്തപ്പോൾ "ജെൻ- സീ"യുടെ പ്രാധാന്യം വളരെ ആണെന്നാണു സാമൂഹ്യശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. 

ഇന്നു ലോകത്തിൽ ഏറ്റവും കൂടുതൽ സങ്കീർണ്ണതകൾ (കോംപ്ലിക്കേഷൻസ്) ജീവിതത്തിൽ അനുഭവിക്കേണ്ടതും അഭിമുഖീകരിക്കുന്നതും "ജെൻ- സീ" ആണെന്നാണു സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. ആധുനിക ലോകത്തിൻ്റെ സാമൂഹികജീവിതത്തിൽ ഏറെ പ്രത്യേകതകളുള്ള, നിർണ്ണായകപങ്കു വഹിക്കുന്ന തലമുറ! സാങ്കേതിക സാക്ഷരത ആവശ്യമില്ലാതെ തന്നെ ചെറുപ്പം മുതലേ പോർട്ടബിൾ ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കും ഇൻ്റെർനെറ്റിലേക്കും വളർന്ന ആദ്യത്തെ സാമൂഹിക തലമുറയാണ് ജെൻ-സീ. ഡിജിറ്റൽ സാക്ഷരത സ്വയമേവ കൈവശമാക്കിയ ഇവർ "ഡിജിറ്റൽ നേറ്റീവ്സ്" എന്നും വിളിക്കപ്പെടുന്നു.

 പ്രശ്നങ്ങൾ വെല്ലുവിളികൾ

"ജെൻ - സീ" അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സങ്കീർണതകളും വെല്ലുവിളികളും വളരെയാണ്. ഒന്നാമത്തെ ഏറ്റവും വലിയ വെല്ലുവിളി ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ്. 1999 നും 2017 നും മദ്ധ്യേ നടത്തിയ പഠന റിപ്പോർട്ടുകൾ അനുസരിച്ചു ഈ ഗ്രൂപ്പിലെ 16 വയസിനു താഴെ പ്രായമുള്ളവർ ഒരിക്കലെങ്കിലും മാനസികവിഭ്രാന്തി അനുഭവിച്ചിട്ടുള്ളവർ 13.6% ആണ്. 11.4 ശതമാനമായിരുന്ന മുൻതലമുറയിൽ നിന്നു 2.2% വർദ്ധന. ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് ഡാറ്റ അനുസരിച്ചുള്ള കണക്കാണിത്. മാത്രമല്ല 17 മുതൽ 19 വരെ വയസ്സ് പ്രായമുള്ള പെൺകുട്ടികളിൽ അവരുടെ സമപ്രായക്കാരായ ആൺകുട്ടികളേക്കാൾ മാനസികവിഭ്രാന്തി ഉണ്ടാകുവാനുള്ള സാദ്ധ്യത ഇരട്ടിയാണെന്നും കണ്ടെത്തി. ഈ നിരക്ക് അവരുടെ ഇളയപെൺകുട്ടികളിൽ കാണുന്നതിലും മൂന്നിൽരണ്ടു മടങ്ങു കൂടുതലാണ്. 15 മുതൽ 19 വരെ ഏജ് ഗ്രൂപ്പിൽ കാണുന്ന ആത്മഹത്യാ പ്രവണതയ്ക്കുള്ള കാരണങ്ങളിൽ മാനസികവിഭ്രാന്തിക്കുള്ള സ്ഥാനം നാലാമത്തേതാണ്. 'ന്യൂറോമെൻ്റൽ ഡിസ്ഓർഡേഴാസ്" ഇതിനു കാരണമാകുന്നു. ഈ പ്രായക്കാരിൽ കാഴ്ചശക്തി കുറയുന്നതായും കണ്ടെത്തി. ഏറെനേരം സ്ക്രീനിൽ കണ്ണുനട്ടിരുന്നതിൻ്റെ തിക്തഫലം. ഉറക്കമില്ലായ്മ, ഇവർ അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ്. അമിതവെളിച്ചം, അമിതശബ്ദം, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അതിനു കാരണമാകുന്നു. കഫേയ്ൻ ഉപയോഗം, വർദ്ധിച്ചു വരുന്ന ഹോം വർൿസ്, ചൂടുള്ള മെത്ത, എക്സ്ട്രാ കരിക്കുലർ ആൿറ്റിവിറ്റീസ് എന്നിവയും കാരണമാകുന്നു. ഉറക്കമില്ലായ്മ കാരണം ഉത്സാഹമില്ലായ്മ, ഡിപ്രഷൻ, ആത്മഹത്യാപ്രവണത, വികാരങ്ങളെ നിയന്ത്രിക്കാനാവാതെ വരിക എന്നിവ ഉണ്ടാകുന്നു. മദ്യവും, പുകവലിയും ശീലിക്കുന്നു. വൈജ്ഞാനികതലത്തിൽ പിന്നോട്ട് പോകുന്നു. പലരാജ്യങ്ങളിലും ഈ തലമുറ അവരുടെ മുൻതലമുറകളെ അപേക്ഷിച്ചു ബൗദ്ധികവൈകല്യങ്ങളും മാനസിക അലങ്കോലവും (Intellectual disability and psychiatric disorders) വളരെ കൂടുതൽ ഉള്ളവരാണ്. ആഗോളതലത്തിൽ ഈ തലമുറ ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ വായനാശീലം വളരെ കുറവാണ്. ഇതുകാരണം അവരുടെ ഏകാഗ്രത കുറയുന്നു, ആശയസംവാദത്തിനു ഉപയോഗിക്കുന്ന പദാവലികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നു. പദസമ്പത്തു കുറവായതിനാൽ സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ കുഴയുന്നു. അനുയോജ്യമായ വാക്ക് കൃത്യസമയത്ത് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഇതു അവരുടെ അക്കാഡെമിൿതലങ്ങളെ സാരമായി ബാധിക്കുന്നു. അവരുടെ മുൻഗാമികളുമായി താരതമ്യം ചെയ്യുമ്പോൾ അവർ കാര്യപ്രാപ്തി കുറഞ്ഞവർ, ചത്തേചതഞ്ഞേ രീതി, ഉള്ളവർ ആണ്. കൗമാരക്കാരായ പെൺകുട്ടികളിൽ താരതമ്യേന ഗർഭധാരണനിരക്കു കുറവാണ്. ഇതിനു പല കാരണങ്ങളുണ്ടാകാം. എന്നിരുന്നാലും, പെൺകുട്ടികൾ പ്രായപൂർത്തിയാകുന്ന പ്രായം ഇരുപതാം നൂറ്റാണ്ടിനെ അപേക്ഷിച്ചു വളരെ കുറഞ്ഞിട്ടുണ്ട്. (അതായതു നേരത്തേ പുഷ്പിണികളാവുന്നു). ശാരീരികവളർച്ചക്കു അനുസരിച്ചുള്ള മാനസികവളർച്ച പ്രാപിച്ചിട്ടില്ലാത്തതിനാൽ ഉത്കണ്ഠ, നേരത്തെയുള്ള ലൈംഗികബന്ധങ്ങൾ, ഭക്ഷണശീലത്തിൽ ക്രമക്കേടുകൾ, വിനാശകരമായ പെരുമാറ്റ വൈകല്യങ്ങൾ, ഒക്കെ സംഭവിക്കുന്നു. മാത്രമല്ല, ഇളംപ്രായത്തിൽ തന്നെ, ലൈംഗികത എന്താണെന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിനു മുമ്പു, ലൈംഗികചൂഷണത്തിനു ഇരയാകുന്നു. 'ജെൻ-സി' ഗ്രൂപ്പിൽ അലർജി, പ്രത്യേകിച്ചു ഫുഡ് അലർജി, വളരെ കൂടുതലാണ്. ഈ ഗ്രൂപ്പിലെ പ്രായപൂർത്തിയായവർ തമ്മിൽ "സെൿസ്റ്റിങ്" (സെക്സ് + ടെക്സ്റ്റിങ്) നടത്താറുണ്ട് എന്നതു മറ്റൊരു പ്രത്യേകതയാണ്. തൊട്ടടുത്തു നില്കുന്ന വ്യക്തിയോടുപോലും നേരിട്ടു സംസാരിക്കാതെ "ടെൿസ്റ്റിങ്"ലൂടെ ആശയവിനിമയം നടത്തുന്നു. ടെൿസ്റ്റിങ് ആണ് ആസ്ബറിയെ വൈറലാക്കിയതു എന്നതു മറ്റൊരു സത്യം. ഇവർ ശാന്തരും സാമാധാനമായി ജീവിക്കുന്നവരും ആണെന്ന ധാരണ മറ്റുള്ളവരിൽ തോന്നിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇവർ രഹസ്യങ്ങളുടെ കൂമ്പാരമാണ്, നിഗൂഢതകളുടെ നീർച്ചുഴിയാണ്. വാവിട്ടു ഒന്നും ആരോടും പറയില്ല. അക്കാഡെമിക് തലത്തിൽ തങ്ങൾ പിന്നിലാണെന്ന് തിരിച്ചറിവും ഭാവിയിലെ ജോലി സാദ്ധ്യതകളെക്കുറിച്ചുള്ള വേവലാതിയും ഇവരെ ഉൽകണ്ഠാകുലർ ആകുന്നു. ഉപഭോഗസംസ്കാരം തലക്കുപിടിച്ചവരാണിവർ. തങ്ങൾക്ക് അതു ആവശ്യമുണ്ടോ ഇല്ലയോ ഭാവിയിൽ അത് പ്രയോജനം ചെയ്യുമോ എന്നൊന്നും നോക്കാതെ സാധനങ്ങൾ വാങ്ങി കൂട്ടുന്നതിനുള്ള വ്യഗ്രത ഇക്കൂട്ടത്തിൽ വളരെ കൂടുതലാണ്. തങ്ങൾക്ക് ഇഷ്ടമുള്ള സാധനങ്ങളെക്കുറിച്ചു ഇൻ്റെർനെറ്റിൽ പരാതി അവർ സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യുന്നു. സോഷ്യൽ മീഡിയയിലെ ട്രെൻഡ് അനുസരിച്ചാണ് വാങ്ങലുകൾ. വാക്കും പ്രവൃത്തിയും പരസ്പരവിരുദ്ധമായ സ്ഥാപനങ്ങളെ ഇക്കൂട്ടർ ഒഴിവാക്കുന്നു.

അമേരിക്കയിലെ ജെൻ-സി ഗ്രൂപ്പ് രാഷ്ട്രീയമായി ഇടതുപക്ഷചായുള്ളവരാണ്. അവർ രാഷ്ട്രീയപ്രബുദ്ധരാണ്. തങ്ങളുടെ ഗവൺമെൻ്റുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടവരാണ് വോട്ടവകാശം കിട്ടിയവരിൽ നല്ലൊരു ശതമാനവും. വോട്ടവകാശം അവർ നന്നായി വിനിയോഗിക്കുന്നു. തങ്ങളുടെ മുൻമുറക്കാരായ മില്ലേനിയൽസിനെപ്പോലെ സമരമുഖങ്ങളിലും, ജാഥകളിലും അവർ സജീവസാന്നിദ്ധ്യമാണ്. എല്ലാറ്റിലുമുപരി, അവർ സംശയാലുക്കൾ ആണ്. ഒന്നിനെയും ആരെയും അവർ വിശ്വസിക്കുന്നില്ല. ആയതിനാൽ മതപരമായതിലോ ആത്മീയമായതിലോ അവർക്കു വിശ്വാസമില്ല,താല്പര്യമില്ല. ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ "ഇറിലീജിയസ്" ഗ്രൂപ്പാണിവർ.

2023 ആസ്ബറിൽയി നടന്ന ആത്മികഉണർവിൻ്റെ ശക്തിയായ സ്വാധീനവും സുശക്തമായ ഫലവും ജെൻ-സീ ഏജ്ഗ്രൂപ്പാണ്. വിശ്വാസമില്ലാത്ത, ആത്മീയരല്ലാത്ത, മതതാല്പര്യങ്ങളിൽ വിമുഖരായിരുന്ന ജെൻ-സീ ഗ്രൂപ്പി ല്പെട്ടവരാണ് ആസ്ബറയിൽ പങ്കെടുത്തവരിൽ സിംഹഭാഗവും. ഇവിടെയാണ് ദൈവ പ്രവർത്തിയുടെ മഹത്വം വെളിപ്പെടുന്നത്. ശൂന്യതയിൽനിന്നു സകലത്തെയും വിളിച്ചുവരുത്തിയ ദൈവത്തിൻ്റെ പുനഃസൃഷ്ടിയുടെ ശ്രേഷ്ഠത ജെൻ-സീലും ജെൻ-സീയിലൂടെയും ദൈവം വെളിപ്പെടുത്തുകയാണ്. ഈ തലമുറയെ ദൈവത്തിനു വേണം. 

ഹ്യൂസ് ഓഡിറ്റോറിയത്തിലെ ഉണർവ്വുയോഗങ്ങളെ സമാപിച്ചിട്ടുള്ളു- ഉണർവ്വും അതിൻ്റെ ഇംപാക്ടും തീർന്നിട്ടില്ല. ആസ്ബറിവിദ്യാർഥികൾ വിൽമോറിലേക്കുംകോളജിനു ചുറ്റുമുള്ള ലോക്കൽ പ്രദേശങ്ങളിലേക്കും സുവിശേഷവുമായി ഇറങ്ങിക്കഴിഞ്ഞു. അവർ ആസ്ബറി അനുഭവങ്ങളും തങ്ങളുടെ ജീവിത സാക്ഷ്യങ്ങളും സഭകളിൽ പങ്കുവെക്കുന്നു. ഇതു സെമിനാരിയുടെ നേരിട്ടുള്ള ഉത്തരവാദിത്തല്പെട്ട പരിപാടി അല്ല. വിദ്യാർത്ഥികൾ സ്വയമേവ ചെയ്യുന്നതാണ്. "ഗ്രേറ്റ് കമ്മീഷൻ" പിന്തുടരുവാൻ വിദ്യാർത്ഥികളെ ആസ്ബറി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചില വിദ്യാർത്ഥികൾ ക്യാമ്പസിൽ തന്നെ തങ്ങളുടെ സ്നേഹിതരും ഭവനക്കാരുമായി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. കെന്റക്കിയിലെ സഭകളിലും ചെറിയകൂടിവരവുകളിലും ഉണർവ്വു പടർന്നുപിടിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു - ചില വമ്പൻ യൂണിവേഴ്സിറ്റികളിലും. എന്നാൽ ഉണർവ് എന്ന് പറയുന്ന എല്ലാറ്റിനെയും കണ്ണടച്ച് വിശ്വസിക്കരുത്, അവ തനതാണോ വ്യക്തികേന്ദ്രീകൃതമായതാണോ എന്നു വിവേചിക്കണമെന്നു ആസ്ബറി വിദ്യാർത്ഥിനിയും വിദ്യാർത്ഥി പത്രത്തിൻ്റെ എഡിറ്ററുമായ അലെക്സി പ്രെസ്റ്റ മുന്നറിയിപ്പു നല്കുന്നു. 

ആസ്ബറിയിൽ യോഗങ്ങൾ സമാപിച്ചു രണ്ടുദിവസം കഴിഞ്ഞു ആവിടെ നിന്നു 30 കിലോമീറ്റർ മാറി കെൻ്റക്കിയിലെ തന്നെ ലെൿസിങ്ടണിലെ റൂപ്പ് അരേനയിൽ നിൿഹാൾ എന്നൊരു ദൈവദാസൻ ഹ്യൂസിൻ്റെ തുടർച്ചയായി ഉണർവ്വുയോഗങ്ങൾ ആരംഭിച്ചു. "പൾസ്" എന്നൊരു സുവിശേഷസംഘടന അദ്ദേഹത്തിനുണ്ട്. ആസ്ബറിയിൽ പങ്കെടുക്കുവാൻ കഴിയാഞ്ഞവരെ ലക്ഷ്യമിട്ടുള്ളതാണു ഈ യോഗങ്ങൾ. ഇവിടെയും വങ്കാര്യങ്ങൾ നടക്കുന്നതായി "ദ വാഷിങ്ടൺ പോസ്റ്റ്" റിപ്പോർട്ട് ചെയ്യുന്നു. ആസ്ബറിയിൽ 27 വർഷം ഇവാൻജെലിസം പ്രൊഫസറും 94 വയസ്സു പ്രായവുമുള്ള റോബർട്ട് കോൾമാൻ ഈ യോഗത്തിൽ സംബന്ധിച്ചു തൻ്റെ അനുഭവങ്ങൾ പങ്കുവച്ചു. അദ്ദേഹത്തിൻ്റെ പത്തൊമ്പതാം വയസ്സിൽ 1970 -ലെ ആസ്ബറിയിൽ നടന്ന ഉണർവിൽ പങ്കെടുത്ത തീപ്പൊരിയാണദ്ദേഹം. "നിലനില്കുന്ന ഉണർവ്വുണ്ടാകേണമെങ്കിൽ ശിഷ്യന്മാരെ വാർത്തെടുക്കുക. അതു കർത്താവിൻ്റെ അന്ത്യകല്പനയാണ്. ആൾക്കൂട്ടത്തിനായി കാത്തുനില്ക്കേണ്ട. തൊട്ടടുത്തു നില്കുന്ന വ്യക്തിയിൽ നിന്നു ആരംഭിക്കുക. ഒരു സുഹൃത്തിനെ ഉണ്ടാക്കിയെടുക്കുക. ആ സൗഹൃദം വളർത്തിയെടുക്കുക. അവരെ വിടാതെ പിന്തുടരുക, സ്നേഹിക്കുക, അവരുടെ ആത്മരക്ഷയ്ക്കായും പരിപാലനത്തിനായും നിങ്ങൾ സദാജാഗരൂകരാണെന്നു അവർക്കു ബോദ്ധ്യം വരുത്തുക. നമ്മൾ ഒരുമിച്ച് ശിഷ്യഗണത്തെ വാർത്തെടുക്കുക. ഉണർവ്വു നിലനിൽക്കട്ടെ" അദ്ദേഹം പറയുന്നു 

ജെൻ-സീ എന്ന തലമുറയെ നാം എന്തിനോടു ഉപമിക്കും? ഇത്രയ്ക്കും സങ്കീർണ്ണമായ ജീവിതം നയിക്കുന്ന ഇവരുടെ ഭാവിയും നിലനില്പും എങ്ങനെ? ദൈവം പറയുന്നു: എനിക്കു അവരെ വേണം. തകർന്നതിനെയും നുറുങ്ങിയതിനെയുംഉടഞ്ഞുപോയതിനെയും നന്നായി പണിതെടുക്കുവാൻ കഴിയുന്ന ശില്പികൾക്കു ഉടയോനാണവൻ. അമേരിക്കയിൽ മാതാപിതാക്കളും സഭകളും ആവേശഭരിതരാണ്. ഈ ഉണർവ്വു അവർക്കു പ്രതീക്ഷയുടെ നാമ്പുകൾ ആണ്. ഈ തലമുറയ്ക്കു നല്ലൊരു ഭാവിയുണ്ടെന്നും അവർ ആത്മികരായിത്തീരുമെന്നും, ഉപരി, അമേരിക്കൻ മുഖ്യധാരാസംസ്കാരത്തെ സ്വാധീനിക്കുന്ന ഉപസംസ്കാരമായിത്തീരുമെന്നും ഉള്ള ശുഭാപ്തിവിശ്വാസം. നമുക്കും അങ്ങനെ പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം. മാറ്റത്തിൻ്റെ കാറ്റുവീശട്ടെ.