ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനത്തിന് അവാർഡ് നേടി ജോൺസൺ സാമുവേൽ

ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനത്തിന്  അവാർഡ് നേടി ജോൺസൺ സാമുവേൽ

ന്യൂയോർക്ക് : കാലുകൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമ കാലുകൾ നല്കി അനേകരെ പുതു ജീവതത്തിലേക്ക് നയിക്കാൻ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ ജോൺസൺ സാമുവേലിന് എക്കോ (ECHO) യുടെ ഹ്യൂമാനിറ്റേറിയൻ അവാർഡിന് അർഹനായി.

ജീവകാരുണ്യ മേഖലയിൽ ചെയ്യുന്ന മികച്ച പ്രവർത്തനത്തിനാണ് അവാർഡ്. വിവിധ കാരണങ്ങളാൽ കാലുകൾ നഷ്ടപ്പെട്ട് ചലനശേഷി ഇല്ലാതിരുന്ന 204 പേർക്കാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ ജോൺസൺ സാമുവേലും കുടുംബവും നിസ്വാർഥ പ്രവർത്തനത്തിലൂടെ ചലനശേഷി ലഭിച്ചത്.  

അപകടത്തിൽപെട്ട് ഒരു കാൽ നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ ദുരിത ജീവിതം 2004-ൽ കാണുവാൻ ഇടയായത് മുതലാണ് കാലുകൾ നഷ്ടപ്പെട്ടവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കണം എന്ന ഒരാശയം ജോൺസന്റെ മനസ്സിൽ ഉടലെടുത്തത്. അന്നു മുതൽ അതിനെപ്പറ്റി ചിന്തിക്കുകയും അതെങ്ങനെ പ്രാവർത്തികമാക്കണമെന്ന് പല ഇടങ്ങളിൽ റിസേർച്ച് നടത്തുകയും ചെയ്തു. അതിന്റെ അടിസ്‌ഥാനത്തിൽ കൃത്രിമ അവയവങ്ങൾ നിർമ്മിക്കുന്ന ജെർമ്മനിയിലുള്ള ഓട്ടോബോക്ക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് 2013 മുതൽ സൗജന്യമായി കൃത്രിമ കാലുകൾ നൽകിക്കൊണ്ടു കാലുകൾ നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തമായി നിലകൊള്ളുന്നു. 

ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടായിരം ഡോളർ ചെലവ് വരുന്നതിനാൽ ഒരു വർഷം പത്തു പേർക്ക് വീതം കൃത്രിമ കാലുകൾ നൽകണമെന്ന് തീരുമാനമെടുത്തു. അതിനായി മാതൃദേശമായ മാവേലിക്കരയിലെ വെട്ടിയാർ ആസ്ഥാനമാക്കി "Life and Limb Charitable Trust " പ്രവർത്തനം ആരംഭിച്ചു. സ്വന്തം സമ്പാദ്യത്തിൽ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് 2014-ൽ ഏതാനും പേർക്ക് കൃത്രിമ കാലുകൾ നൽകി ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

വെട്ടിയാറിൽ ജനിച്ചുവളർന്ന്‌ പതിനേഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ജോൺസൺ ലോങ്ങ് ഐലൻഡിലുള്ള മിനിയോള ഹൈസ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. പിന്നീട് ക്യുൻസ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഗ്രാജുവേഷനും കരസ്ഥമാക്കി. 

 22 വർഷമായി മോൺറ്റിഫയർ മെഡിക്കൽ സെന്ററിൽ ഐ.ടി. ഉദ്യോഗസ്ഥനായി. ഇപ്പോൾ ഐ.ടി. ഡിപ്പാർട്മെന്റിലെ സീനിയർ മാനേജർ. 

തന്റെ വരുമാനത്തിൽ നിന്നും ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വച്ചാണ് കാലുകൾ നഷ്ടപ്പെട്ട നിർധനർക്ക് കൃത്രിമ കാലുകൾ നൽകുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. 

 2022 ഡിസംബർ 10-ന് മാവേലിക്കരയിലെ പുന്നമൂട്ടിലുള്ള ഗ്രേസ് കൺവെൻഷൻ സെന്ററിൽ  41 ഹതഭാഗ്യർക്കാണ്‌ ലൈഫ് & ലിംബ് ചാരിറ്റബിൾ ട്രസ്റ്റ് കൃത്രിമക്കാലുകൾ നൽകിയത്.  ചടങ്ങിന് പ്രശസ്ത മജീഷ്യൻ ആയിരുന്ന പ്രൊഫ. ഗോപിനാഥ് മുതുകാടും ഫാദർ ഡേവിസ് ചിറമേലും സാമൂഹിക-രാഷ്ട്രീയ മേഖലയിലുള്ള പല വിശിഷ്ട വ്യക്തികളും സാക്ഷ്യം വഹിക്കാൻ സന്നിഹിതരായിരുന്നു. 

2024-ൽ 1,70,000 ഡോളർ സമാഹരിച്ച് നൂറു പേർക്ക് കൃത്രിമക്കാലുകൾ നൽകാനാണ് ജോൺസന്റെ പുതിയ പദ്ധതി. 

ജോൺസന്റെ എല്ലാ പ്രവർത്തനങ്ങൾക്കും തുണയായി സഹധർമ്മിണി ഷേർളി കൂടെയുണ്ട്.    

ജനുവരി 7 ന് ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നല്കി ആദരിക്കും. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് സമ്മാനമായി നൽകുന്നത്.

Advertisement