മരിച്ചവരെ ‘ ഉയിർപ്പിച്ച് ’ എ.ഐ

മരിച്ചവരെ ‘ ഉയിർപ്പിച്ച് ’ എ.ഐ

തായ്ഷൗ: ശരീരം നശിച്ചാലും ആത്മാവ് നിലനിൽക്കും എന്നു പറയാറില്ലേ. എന്നാൽ, ചൈനക്കാരും അമേരിക്കക്കാരുമൊക്കെ ഇപ്പോൾ വേറൊന്നുകൂടി പറയും; ശരീരം ഇല്ലാതായാലും ഡിജിറ്റൽ പതിപ്പ് നിലനിൽക്കും, എന്നെന്നേക്കും.

നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഡിജിറ്റൽപതിപ്പ് നിർമിതബുദ്ധിയുപയോഗിച്ച്‌ ഉണ്ടാക്കി ദുഃഖം മറികടക്കുന്ന പ്രവണത കൂടിവരുകയാണ് ചൈനക്കാരിൽ.

മരിച്ചുപോയവരുടെ 30 സെക്കൻഡ് ശബ്ദവും ദൃശ്യവുംകൊണ്ട് ആയിരക്കണക്കിനു ‘ഡിജിറ്റൽ മനുഷ്യരെ’ ഉണ്ടാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു ചില ചൈനീസ് കമ്പനികൾ.

10,000-നും 20,000-നുമിടയ്ക്കു യുവാൻ (1.19 ലക്ഷം-2.34 ലക്ഷം രൂപ) നിൽകിയാൽ 20 ദിവസംകൊണ്ട് ഒരാളുടെ അവതാറുണ്ടാക്കിക്കൊടുക്കും എന്നു പറയുന്നു സൂപ്പർ ബ്രെയിൻ എന്ന കമ്പനി. 

അമേരിക്കയിൽ ഏതാനുംവർഷങ്ങളായി ഈ രീതിയുണ്ട്. ‘ഗോസ്റ്റ് ബോട്ട്’ എന്നാണ് മരിച്ചവരുടെ അവതാറിനെ വിളിക്കുന്നത്.

മരിച്ചുപോയ മകനെ ഇങ്ങനെ ‘പുനരുജ്ജീവിപ്പിച്ച’ ചൈനക്കാരനായ അച്ഛൻ സീകൂ വൂ പറയുന്നത് “മെറ്റാവേഴ്‌സും യാഥാർഥ്യവും ഒന്നിക്കുമ്പോൾ എനിക്ക് എന്റെ മകനെ തിരികെക്കിട്ടും” എന്നാണ്. “അവനെ എനിക്ക് പരിശീലിപ്പിക്കാനാകും. എന്നെ കാണുമ്പോൾ അച്ഛനാണെന്ന് അവനറിയാം” -അതാണ് വുവിന്റെ ആശ്വാസം.