ക്രൈസ്തവർ ഒറ്റയ്ക്കല്ല; ഒപ്പം ഞങ്ങളുമുണ്ട് : വി.ഡി.സതീശൻ

ക്രൈസ്തവർ ഒറ്റയ്ക്കല്ല; ഒപ്പം ഞങ്ങളുമുണ്ട് : വി.ഡി.സതീശൻ

സാം ഐസക്ക് (ഗുഡ്ന്യൂസ് ലേഖകൻ)

തിരുവനന്തപുരം :ക്രൈസ്തവർ ഒറ്റയ്ക്കല്ല ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

തിരുവനന്തപുരത്ത്‌ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമത്തിന്റെ സമാപന സമേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നീതി നിമിത്തം ഉപദ്രവിക്കപ്പെടുമ്പോൾ നിങ്ങൾ സന്തോഷിക്കുവിൻ. സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതാണ്. ഞാൻ നിമിത്തം നിങ്ങൾ ഉപദ്രവിക്കപ്പെടുകയും പഴിക്കപ്പെടുകയും ചെയ്യുമ്പോൾ നിങ്ങൾ ഓർക്കുക നിങ്ങൾക്ക് മുൻപ് വന്ന പ്രവാചകന്മാർക്കും ഇതാണ് സംഭവിച്ചത്. പീഡനത്തിലൂടെ കടന്നുപോകുന്ന ക്രൈസ്തവർ ഒറ്റയ്ക്കല്ല എല്ലാവരും നിങ്ങളോടൊപ്പമുണ്ട്. പെന്തക്കോസ്തുകാർ പ്രാർത്ഥിക്കുന്നവരാണ്. ഭരണാധികാരികൾക്ക് ശക്തി പകരുന്നത് നിങ്ങളുടെ പ്രാർത്ഥനയാണ്. ആ നിങ്ങളോടാണ് ഏറ്റവും അധികം ക്രൂരത ചെയ്യുന്നത് എന്നത് സങ്കടകരമായ കാര്യമാണ്. സുവിശേഷം ഒരു വിശ്വാസമാണ്. ആ വിശ്വാസം പ്രചരിപ്പിച്ച് ദൈവത്തിൻ്റെ വഴികളിലൂടെ നടത്തുന്ന പെന്തിക്കോസ്തു പ്രെസ്ഥാനത്തെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല. സകല പ്രതിസന്ധികളെയും അതിജീവിച്ച് ക്രിസ്തു ഉയർത്തെഴുന്നേറ്റപോലെ പീഡകളിലൂടെ കടന്നുപോകുന്ന ക്രിസ്തീയ ജനതയും ഉയർത്തെഴുനേൽക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

പാസ്റ്റർ വിത്സൺ ഹെൻഡ്രി പൊതുസമ്മേളനം പ്രാർത്ഥിച്ചാരംഭിച്ചു. പാസ്റ്റർ നിശ്ചൽ റോയ്‌ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പ്രസിഡന്റ് പാസ്റ്റർ ജേക്കബ് കുര്യൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ലിജു വിതുര സ്വാഗതം ആശംസിച്ചതിനു ശേഷം പാസ്റ്റർ കെ.എ. തോമസ് പ്രമേയം അവതരിപ്പിച്ചു. 

പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും പാസ്റ്റർ എബി തോമസ് പ്രാർത്ഥിച്ച് ആരംഭിച്ച റാലി സിപിഐ (എം) ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ബാൻഡ് മേളത്തോടും പ്രാർത്ഥനയോടും മണിപ്പൂർ ജനതയ്ക്കു ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് റാലി സെക്രട്ടേറിയറ്റ് മുന്നിലെത്തി. 

മണിപ്പൂർ ജനതയെ വഹിച്ചുകൊണ്ട് വിവിധ സഭകളിലെ വിശ്വാസികളും ദൈവദാസന്മാരും ഒരുമിച്ചു കൈകോർത്തു സെക്രട്ടറിയേറ്റ് നടയിൽ പ്രാർത്ഥനാ മതിൽ തീർത്തു. ഭരണകർത്താക്കൾക്കുവേണ്ടിയും ഇന്ത്യയുടെ സമാധാനത്തിനുവേണ്ടിയും മണിപ്പൂരിനെയും വഹിച്ചു പ്രാർത്ഥിച്ചു. 

സമാപന സമ്മേളനത്തിൽ പാലോട് രവി, പാസ്റ്റർമാരായ കെ.എ ഏബ്രഹാം, ഡി.സി. ശാമുവേൽ, ജോസ്, ജിജി തേക്കുതോട്, ഷിബു മാത്യു, എം.പി. ജോസഫ്, സതീഷ് നെൽസൺ, ആർ.സി. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ജോസ് ബേബി നന്ദി പ്രകാശിപ്പിച്ചു. 

പാസ്റ്റർ ക്രിസ്തുദാസ് (പ്രോഗ്രാം കൺവീനർ ) സമാപന പ്രാർഥന നിർവഹിച്ചു.