പാസ്റ്റർ എം. ജോസഫ്കുട്ടി: വ്യത്യസ്ത ഗുണങ്ങളോടെ ജീവിച്ച ദൈവഭൃത്യൻ
അനുസ്മരണം
പാസ്റ്റർ എം.ജോസഫ്കുട്ടി; വ്യത്യസ്ത ഗുണങ്ങളോടെ ജീവിച്ച ദൈവഭൃത്യൻ
സുനിൽ ഏബ്രഹാം എറണാകുളം
വേർപാടുകൾ അനിവാര്യമാണ് എങ്കിലും ദുഃഖകരമാണ്.
ഏത് കാര്യവും കണ്ണുനീരോടെ പ്രാർഥിച്ചാൽ ദൈവം പ്രതിഫലം തരുമെന്ന് സാക്ഷ്യപ്പെടുത്തിയ വിശുദ്ധനാണ് റ്റി.പി.എം സഭയുടെ മുഖ്യ ചുമതലക്കാരനായിരിക്കെ ആഗസ്റ്റ് 11 ന് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ എം. ജോസഫ്കുട്ടി അച്ചായൻ.
ഒരു നല്ല ഉപദേഷ്ടാവും , ഏതു പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കണ്ടെത്തുന്ന ഒരു ന്യായാധിപനെപ്പോലെയും ആയിരുന്നു അദ്ദേഹം. 2001 ൽ റ്റി.പി.എം എറണാകുളം സെൻ്റർ പാസ്റ്ററായി ചുമതലയേറ്റ നാളിൽ പുതിയ സഭാഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് സഭാംഗമായ എനിക്ക് അദ്ദേഹവുമായി കൂടുതൽ അടുക്കുവാനിടയായത്.
വിശാലമായ ഒരു ആരാധനാലയവും മറ്റ് താമസ സൗകര്യങ്ങളും നടത്തിപ്പിൻ പ്രകാരം എറണാകുളം സഭയ്ക്ക് നിർമ്മിക്കണമെന്ന ആഗ്രഹത്താൽ പ്രാർഥിച്ചു കൊണ്ടിരുന്നു.
കൊച്ചി പട്ടണത്തിന്റെ ഹൃദയഭാഗമായ വൈറ്റില ജനതയിലുള്ള ഫെയ്ത്ത് ഹോമിനോട് ചേർന്ന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതി കൊച്ചി നഗരസഭയിൽ നിന്ന് അന്ന് ലഭിച്ചിരുന്നില്ല.
ദൈവജ്ഞാനത്തിൽ നിയറപ്പെട്ട ജോസഫ്കുട്ടി പാസ്റ്റർ ആത്മീക കാര്യങ്ങളിൽ മാത്രമല്ല ഭൗമീകമായ കാര്യങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ പ്രാപ്തനായിരുന്നു.
പ്രാർത്ഥന വീരനായ ജോസഫ്കുട്ടിച്ചായൻ എൻ്റെ അയൽവാസിയായ അന്നത്തെ സർക്കാരിൻ്റെ ഒരു മന്ത്രിയെ കാണുവാൻ ഒരിക്കൽ എന്നെയും കൂട്ടി തിരുവനന്തപുരം സെക്രട്ടേറിയേറ്റിൽ പോയിരുന്നു. നിരീശ്വരവാധിയായ അദ്ദേഹത്തെ കണ്ട് നിർമ്മാണം നടത്തേണ്ട കെട്ടിടത്തിൻ്റെ കാര്യങ്ങൾ പലതവണ ബോധ്യപ്പെടുത്തി. നഗരസഭ അനുമതി കൊടുക്കാത്തതിനാൽ ആദ്യമൊന്നും മന്ത്രി സഭയുടെ അപേക്ഷ മുഖവിലക്കെടുത്തില്ല.
എന്നാൽ പ്രാർഥനാവീരനായ പാസ്റ്റർ ജോസഫ്കുട്ടി അച്ചായൻ അനുമതി ലഭിക്കുന്നത് വരെ മന്ത്രിയെ കാണാൻ തിരുവനന്തപുരത്തേക്ക് പോകുക പതിവാക്കി.
വിശ്വാസ വീട്ടിൽ നിന്നും അതിരാവിലെ 4 ന് സ്തോത്ര പ്രാർഥനയ്ക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് യാത്ര തിരിക്കും .
വിശ്വാസ ജീവിതവും
പ്രതിഷ്ഠാ ജീവിതവും നയിച്ചിരുന്ന പാസ്റ്റർ ജോസഫ് കുട്ടി, എറണാകുളത്ത് നിന്ന് യാത്ര തിരിച്ചാൽ തിരുവനന്തപുരം വിശ്വാസവീട്ടിലെ ആഹാരം കഴിക്കൂ. വഴിമദ്ധ്യേയുള്ള ഭക്ഷണശാലകളിലൊന്നും കയറുകയില്ല. തിരിച്ചും അതുപോലെ തന്നെ വിശ്വാസ വീട്ടിൽ വന്നെ ഭക്ഷണം കഴിക്കുകയുള്ളു.
വളരെ വിഷമകരമായ പ്രതിസന്ധികളെ നേരിടേണ്ടിവന്ന സമയത്ത് പ്രാർഥനയാൽ ആ വിഷയങ്ങളെല്ലാം വിജയകരമായിതീരുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
എന്നാൽ ആരോടും അടുപ്പം കാണിക്കാത്ത ആ മന്ത്രിയോട് ഓരോ തവണ പോകുമ്പോഴും ചെറിയതോതിൽ സുവിശേഷം പറയുകയും അദ്ദേഹത്തിനായി പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ജോസഫ്കുട്ടി പാസ്റ്ററുടെ സ്നേഹവും കരുതലും താഴ്മയും വിനയവും മന്ത്രിയുടെ ജീവിതത്തിൽ മനംമാറ്റം ഉണ്ടാക്കി. ദൈവക്രപയാൽ അദ്ദേഹം തന്നെ മുൻകൈയെടുത്ത് കെട്ടിടം പണിയുവാനുള്ള അനുമതി നേടികൊടുത്തു.
സെക്രട്ടേറിയറ്റിലെ മറ്റ് പ്രമുഖ നേതാക്കളും, മന്ത്രിമാരും ജോസഫ്കുട്ടി പാസ്റ്ററെ കാണുമ്പോൾ സ്നേഹപ്രകടനം നടത്തുന്നത് നേരിട്ട് കാണുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. സഭയുടെ സുവിശേഷ പ്രവർത്തനത്തിന് തടസ്സമായ ഏത് ദുർഘടങ്ങളെയും പ്രാർഥനയോടെ വിജയം കൈവരിക്കാനുള്ള ദൈവക്രപ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
വിശ്വാസികളെയും സഹ ശുശ്രൂഷകരെയും വലുപ്പചെറുപ്പം ഇല്ലാതെ സ്നേഹിക്കാനും ഏത് വിഷയത്തിനും കണ്ണീരോടെ പ്രാർഥിച്ചാൽ ദൈവം മറുപടി തരുമെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കി തന്ന വിശുദ്ധനായിരുന്നു അദ്ദേഹം.
വൈറ്റില ജനതയിലെ വിശാലമായ സഭാഹാൾ പൂർത്തീകരിക്കുമ്പോൾ ചെറിയകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള വിശ്വാസികളെ അദ്ദേഹം അതിൻ്റെ ഭാഗവാക്കാക്കി.
സഭയുടെ വാർഷിക കൺവെൻഷൻ വൈറ്റിലയിൽ നിന്നും നഗരത്തിൻ്റെ ഹൃദയഭാഗമായ മറൈൻ ഡ്രൈവ് മൈതാനിയിൽ നടത്തിയതും അനേകം പുതിയ ആത്മാക്കളെ നേടിയതും നന്ദിയോടെ സ്മരിക്കുന്നു.
ആ വിശുദ്ധൻ്റെ കണ്ണുനീരോടെയുള്ള പ്രാർഥനയുടെ ഫലമായി എൻ്റെ ജീവിതത്തിലും അനേകം നന്മകൾ ലഭിക്കുവാനിടയായി.
അദ്ദേഹത്തിൻ്റെ ത്യാഗ ജീവിതവും പ്രതിഷ്ഠയും അനേകരുടെ ഹൃദയങ്ങളെ ആകർഷിച്ചു.
സ്നേഹസമ്പന്നനും വാരിവിതറി ദാനം ചെയ്യുന്നവനും പ്രതിഷ്ഠയുള്ളവനും പ്രാർത്ഥനാ മനുഷ്യനും വിശ്വാസവീരനുമായ പാസ്റ്റർ ജോസഫ്കുട്ടി ഈ ലോകവാസം വെടിഞ്ഞ് കർത്താവിനോട് ചേർന്നു. അനശ്വരമായ ആ ധന്യജീവിതം ഞങ്ങളിൽ അനവരതം വസിക്കുന്നു.
Advertisement
Advertisement