സമാധാനം ഒരു പുഞ്ചിരിയോടെ തുടങ്ങാം

സമാധാനം ഒരു പുഞ്ചിരിയോടെ തുടങ്ങാം

സെപ്റ്റംബർ 21, ലോക സമാധാന ദിനത്തിലും പലയിടങ്ങളിൽ വിദ്വേഷത്തിന്റെ പുക കെട്ടടങ്ങിയിട്ടില്ല. കോവിഡ് മഹാമാരിക്കു ശേഷവും ഉക്രൈനിലും മണിപ്പൂരിലും ഹരിയാനയിലും ക്രൂരതകൾ ആവർത്തിക്കപ്പെടുമ്പോൾ സകലവും നഷ്ടമാകുന്നത് ഈ മണ്ണിലെ ചില മനുഷ്യർക്കാണ്, ഒരുപാട് കുടുംബങ്ങൾക്കും സമൂഹങ്ങൾക്കുമാണ് എന്നത് നാം വിസ്മരിച്ചു കൂടാ. വേട്ടക്കാർ വീണമീട്ടി സന്തോഷിക്കുമ്പോൾ എല്ലാം തകർന്ന് സമാധാനം നഷ്ടപ്പെട്ട് അലയുകയാണ് ഇരകളെല്ലാം. ഈ കനലടങ്ങി ഹൃദയത്തിന്റെ മുറിവുണങ്ങി സമാധാനം പുലരാൻ പ്രാർത്ഥിക്കുമ്പോൾ ഇനിയൊരിടത്തും ഇത് സംഭവിക്കരുതേ എന്നും ഏവരും ആശിക്കുകയാണ്. "സമാധാന സംരക്ഷണത്തിനുള്ള ഏറ്റവും നല്ല മാർഗം യുദ്ധത്തിനായ് സദയം ഒരുങ്ങിയിരിക്കുന്നതാണ്" എന്നാണ് ജോർജ് വാഷിംഗ്ടൺ ഒരിക്കൽ പറഞ്ഞത്. എന്നാൽ ഭൂമിയിൽ ക്രമസമാധാനം സംരക്ഷിക്കാൻ എന്ന പേരിൽ ഒരൊറ്റ പട്ടാളക്കാരൻ പോലുമില്ലാത്ത 16 രാജ്യങ്ങൾ ഇന്നും നിലവിലുണ്ട് എന്ന വസ്തുത നമ്മിൽ എത്ര പേർക്ക് അറിയാം. ഇതിൽ പല രാജ്യങ്ങളിലും പ്രതിരോധ ബജറ്റുകൾ അധികം ഇല്ലാതെ തന്നെ മറ്റിടങ്ങളെക്കാൾ സമാധാനം പുലരുന്നു എന്നതാണ് സത്യാവസ്ഥ. "എല്ലാ യുദ്ധങ്ങളുടെയും ആത്യന്തിക ഉദ്ദേശ്യം സമാധാനമാണ്" എന്ന അഗസ്റ്റിന്റെ വാക്കുകൾ എത്ര വിവേകമുള്ളതും പ്രസക്തവുമാണ്. ഒരുപക്ഷെ ഇതു മറന്നു പോകാതിരുന്നെങ്കിൽ ചരിത്രത്തിൽ ഇത്രത്തോളം മനുഷ്യമാംസങ്ങളുടെ ചാരങ്ങൾ സൃഷ്ടിക്കപ്പെടില്ലായിരുന്നു. "എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാൻ വേണ്ടിയുള്ള യുദ്ധം" എന്ന പേരിൽ ചരിത്രത്തെ കബളിപ്പിച്ച യുദ്ധം അരങ്ങേറിയത് കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നു. ഓസ്ട്രിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാന്റും ഭാര്യയും ബോസ്നിയയുടെ തലസ്ഥാനമായ സരാജെവോയിൽ വധിക്കപ്പെട്ടതിനു പിന്നാലെ 1914 ജൂലൈ 28 ന് ഓസ്ട്രിയ സെർബിയയ്‌ക്കെതിരെ പ്രദേശികമായി ആരംഭിച്ചതും പിന്നീട് മറ്റു രാജ്യങ്ങളും പങ്കാളികളായിത്തീർന്ന് കൊടുമ്പിരികൊണ്ട ഒന്നാം ലോകമഹായുദ്ധം 1918 നവംബർ 11 ന് ജർമനി വെർസൈൽസ് കരാറിൽ ഒപ്പിട്ട് അവസാനിപ്പിച്ചപ്പോഴേക്ക് ഏകദേശം 2 കോടിയിൽ അധികം മനുഷ്യർ കൊല്ലപ്പെട്ടിരുന്നു ; പക്ഷിമൃഗാദികൾ വേറെ. അതിൽ നിന്നും പാഠം ഉൾക്കൊള്ളാതെ അതിനു ശേഷം ഏകദേശം 4 മുതൽ 6 കോടി വരെ ആളുകൾ മരണപ്പെടാൻ കാരണമായ രണ്ടാം ലോക മഹായുദ്ധവും. 'ഇതുകൊണ്ട് നമ്മൾ എന്തു നേടി' എന്ന ചോദ്യം വളരെ പ്രസക്തമായി നിലനിൽക്കുമ്പോഴും മറ്റൊരു ലോക മഹായുദ്ധത്തിനായി ഇന്നും ലോകരാജ്യങ്ങൾ കളമൊരുക്കിക്കൊണ്ടിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പഴയ കഥയുണ്ട്. കഥയിങ്ങനെയാണ് ;

ഒരിടത്ത് ഒരു കഴുതയെ ഒരു മരത്തിൽ കെട്ടിയിട്ടിരുന്നു. ഒരു രാത്രിയിൽ ഒരു ചെകുത്താൻ വന്ന് കയർ മുറിച്ച് കഴുതയെ സ്വതന്ത്രമായി വിട്ടു. കഴുത ചെന്ന് തൊട്ടടുത്തുള്ള കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചു. പ്രകോപിതനായ കർഷകന്റെ ഭാര്യ കഴുതയെ കൊന്നു. നഷ്ടത്തിൽ വിഷമിച്ച കഴുതയുടെ ഉടമ പകരത്തിന് കർഷകന്റെ ഭാര്യയെ കൊന്നു. ഭാര്യയുടെ മരണത്തിൽ ക്ഷുഭിതനായ കർഷകൻ അരിവാൾ എടുത്ത് കഴുതയുടെ ഉടമയെ കൊന്നു. കഴുതയുടെ ഉടമയുടെ ഭാര്യ വളരെ ദേഷ്യപ്പെട്ടു, അവളും മക്കളും കർഷകന്റെ വീടിന് തീയിട്ടു. തന്റെ വീട് ചാരമായി മാറിയത് കണ്ട കർഷകൻ കഴുതയുടെ ഉടമയുടെ ഭാര്യയെയും മക്കളെയും കൊന്നു. അത് കഴിഞ്ഞപ്പോൾ ഖേദം തോന്നിയ കർഷകൻ, എന്തിനാണ് ഇത്രയുംപേരെ കൊല്ലാൻ ഇടയാക്കിയത് എന്ന് ചെകുത്താനോട് ചോദിച്ചു. അപ്പോൾ ചെകുത്താൻ പറഞ്ഞ മറുപടി, "ഞാൻ ആരെയും കൊന്നിട്ടില്ല. കയറിൽ കെട്ടിയിരുന്ന കഴുതയെ ഞാൻ അഴിച്ചു വിട്ടു. അതിനു ശേഷം സംഭവിച്ച എല്ലാ തിന്മകളിലേക്കും നയിച്ച പിശാചുക്കളെ നിങ്ങളുടെ ഉള്ളിൽ നിന്ന് മോചിപ്പിച്ചത് നിങ്ങളാണ്." 

അനുദിനവും നമുക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിൽ നിന്നും ഒരു കാര്യം മനസിലാക്കുവാൻ എളുപ്പമാണ്, മനുഷ്യന് പിശാചാകുവാൻ അധികം സമയം വേണ്ട. അസഹിഷ്ണുതയും അന്യായവും എങ്ങും നിറഞ്ഞു നിൽക്കുന്നു. ലോക രാഷ്ട്ര നേതാക്കളിൽ ഒരാൾ ശ്രമിച്ചാൽ ലോകത്തിൽ കൊടിയ നാശം വരുത്താം. ഭൂമിയിൽ സമാധാനം എത്രമാത്രം പ്രാധാന്യം ഉള്ളതാണെന്ന് ബോധ്യമാക്കുന്നതാണ് ഫിസിക്സ്, കെമിസ്ട്രി, ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ, സാഹിത്യം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളോടൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാന പ്രഖ്യാപനം. മത, വർഗ - വർണ വിവേചനങ്ങളാൽ രക്തരൂഷിതമാക്കപ്പെടുമ്പോൾ സമാധാനത്തെ സ്വപ്നം കണ്ടുണരുന്ന നിരവധി പേർ ഭൂമിയുടെ ഒരോ കോണിലും ഇന്നുമുണ്ട്. 

ബൈബിളും സമാധാനവും  

ബൈബിൾ സമാധാനത്തെ വളരെ ദൈവീകമായ ഒന്നായാണ് പഠിപ്പിക്കുന്നത്.

സമാധാനം (שלום - Shalom) എന്ന വാക്ക് പഴയനിയമത്തിൽ 237 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഉല്പത്തി 15:15-ൽ, "നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും" എന്ന് ദൈവം അബ്രഹാമിനോട് അരുളി ചെയ്യുമ്പോൾ ആദ്യമായി സമാധാനത്തിന്റെ പ്രാധാന്യം നമ്മുക്ക് ദർശിക്കാൻ കഴിയുന്നു.

സമാധാനം എന്ന് വിവർത്തനം ചെയ്യപ്പെടുന്ന എബ്രായ പദം ശാലോം, സ്ട്രോങ്ങിന്റെ കൺകോർഡൻസ് അനുസരിച്ച് അർത്ഥമാക്കുന്നത് പൂർണ്ണത, സുസ്ഥിരത, ക്ഷേമം എന്നിവയാണ്. ഇത് ശാലാം (ശാ- ലാമേ’) എന്ന എബ്രായ മൂല പദത്തിൽ നിന്നാണ് വന്നത്. അതിനർത്ഥം ഭേദഗതി വരുത്തുക അല്ലെങ്കിൽ പൂർണ്ണമായത് ആക്കുക എന്നാണ്.

ശാലോം "രോഗം, യുദ്ധം, സാമൂഹിക കലഹം അല്ലെങ്കിൽ ഉടമ്പടിയുടെ ലംഘനം എന്നീ കുഴപ്പങ്ങൾ പ്രവേശിക്കാൻ അനുവദിക്കാത്ത മേഖല" എന്നും അർത്ഥമാക്കുന്നുണ്ട്.

യഹൂദ സംസ്കാരത്തിൽ, ആളുകൾ തമ്മിൽ അഭിവാദ്യം ചെയ്യുവാനും ശാലോം ഉപയോഗിക്കുന്നു. അതായത് "നിങ്ങൾക്ക് ക്ഷേമം ഉണ്ടാകട്ടെ" അല്ലെങ്കിൽ "നിങ്ങൾ സുഖമായിരിക്കട്ടെ" എന്നാണ് ശാലോം അലേയ്ഖം (Shalom Aleichem) എന്ന അഭിവാദ്യം കൊണ്ട് അർത്ഥമാക്കുന്നത്. യേശുവും പുതിയ നിയമ എഴുത്തുകാരും പലപ്പോഴും പരസ്പരം അഭിവാദ്യം ചെയ്യുകയും സമാധാനത്തോടെ യാത്രപറയുകയും ചെയ്തിരുന്നു (യോഹ. 20:19).

1യോഹന്നാൻ ഒഴികെയുള്ള എല്ലാ പുതിയ നിയമ രചനകളിലും ഐറീൻ (εἰρήνη - eirēnē) എന്ന പദം കാണപ്പെടുന്നു. ഐറീൻ അതിന്റെ പരമ്പരാഗതമായ അർത്ഥത്തിൽ ഏവർക്കും അനുഭവപരിചയമുള്ള ക്രമസമാധാനത്തെയും യുദ്ധത്തിന്റെ അഭാവത്തെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. യിസ്രായേലിന്റെയും സഭയുടെയും ദൈവത്തിന്റെ വീണ്ടെടുപ്പിനെ ശാലോം, ഐറീൻ എന്നീ പദങ്ങൾ കൊണ്ട് വിശേഷിപ്പിച്ചിരുന്നു. 

പുതിയ നിയമത്തിൽ സമാധാനത്തിന്റെ ദൈവകേന്ദ്രീകൃതവും മനുഷ്യനിലേക്ക് പകരപ്പെട്ട് പുരോഗമിക്കുന്നതുമായ ഒരു ത്രിമാനതലം നമുക്ക് ദർശിക്കാൻ കഴിയും.

സമാധാനത്തിന്റെ ദൈവം

പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവത്തെ സമാധാനത്തിന്റെ ശ്രോതസായി കാണാൻ കഴിയുന്നു (യെശ 26:12, 1 കൊരി. 14:33). ന്യായാധിപന്മാർ 6: 23, 24 ൽ സമാധാനമായി വെളിപ്പെട്ട ദൈവത്തിന് ഗിദെയോൻ യാഗപീഠം പണിത ശേഷം അതിന് യഹോവ ശാലോം എന്ന നാമമാണ് നൽകിയത്. റോമർ 16:20 ൽ പൌലൊസ് സാത്താനെ നമ്മുടെ കാൽക്കീഴിൽ ചതച്ചു കളയുന്ന ദൈവത്തെപ്പറ്റി പറയുമ്പോൾ "സമാധാനത്തിന്റെ ദൈവം" (Ὁ Θεὸς εἰρήνης) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതേ സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ (റോമർ 15:13) എന്നും പൌലൊസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സമാധാനപ്രഭുവായ ക്രിസ്തു

അലക്സാണ്ടറും നീറോയും ഹിറ്റ്ലറും തുടങ്ങിയ മഹാരഥന്മാരെന്ന് ലോകം ഉത്ഘോഷിക്കുന്നവരൊക്കെ യുദ്ധക്കൊതിയന്മാരും കൊലയാളികളും അസമാധാനത്തിന്റെ ജാരന്മാരുമായിരുന്നു. ഒരു യുദ്ധം പോലെ നയിക്കാതെ ലോകത്തെ സ്നേഹം കൊണ്ട് കീഴടക്കിയ സമാധാന പ്രഭുവായ യേശു നല്കിയ ഒരു വാഗ്ദത്തമുണ്ട്;

“സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്” (യോഹ 14: 27, 16:33). ഒരേ വ്യക്തിയെ സമാധാനപ്രഭു (യെശ. 9:6) എന്നും നമ്മുടെ സമാധാനത്തിനുള്ള ശിക്ഷയേറ്റവൻ (യെശ. 53.5) എന്നും ബൈബിൾ യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത് എത്ര ചിന്തനീയമാണ്.

യേശുക്രിസ്തു മൂലം നമുക്ക് ദൈവത്തോട് സമാധാനം ഉണ്ട് (റോമർ 5:1) എന്നും അവൻ നമ്മുടെ സമാധാനം (എഫെ. 2:14) എന്നും നമ്മോടു കൂടെയിരിക്കുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം (2 കൊരി. 13:11) എന്നും ദൈവത്തെ സമാധാനത്തിന്റെ കർത്താവായവൻ (2 തെസെ. 3:16) എന്നും തിരുവചനം നമ്മുക്ക് ഉദ്ബോധനം നൽകുന്നത് ആ സമാധാനത്തെ നാം വാഞ്ഛിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി തരുവാനാണ്.

ഹിംസയിലൂടെ സമരം നയിച്ചവരിൽ നിന്നും ഗാന്ധിജിയെ വ്യത്യസ്തനാക്കിയത് ക്രിസ്തുവിന്റെ സമാധാനത്തിന്റെ മാർഗമായിരുന്നു. "നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക, നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക, ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബന്ധിച്ചാൽ രണ്ട് അവനോടുകൂടെ പോക” (മത്തായി 5:39 - 41) എന്ന ക്രിസ്തു വചനങ്ങൾ കൈമുതലാക്കി അഹിംസയുടെ പാതയിലൂടെ അദ്ദേഹം സഞ്ചരിച്ചപ്പോൾ ലോകം വീരന്മാരെന്ന് പുകഴ്ത്തിയ ക്രൂരന്മാരെക്കാൾ ജനമനസുകളിൽ ഉന്നതമായ സ്ഥാനം ലഭിച്ചു; പലരും ആ പാത ഇന്നും പിന്തുടരുന്നു.

നാം സമാധാനത്തിന്റെ സ്ഥാനാപതികൾ

സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും (മത്തായി 5:9) എന്നാണ് ക്രിസ്തു പഠിപ്പിച്ചത്.

സമാധാനവും നന്മയും രക്ഷയുമുള്ള ദൈവീക വാഴ്ചയെ പ്രഘോഷിക്കുന്ന സുവാർത്തദൂതനെപ്പറ്റി യെശയ്യാവ് 52:7 ൽ നാം കാണുന്നു. സകലരോടും സമാധാനം ആചരിക്ക (റോമർ 12:18) എന്ന് പൌലൊസും സമാധാനം അന്വേഷിച്ചു പിന്തുടരുവാൻ (1 പത്രൊ. 3:11) പത്രൊസും ദൈവജനത്തെ ആഹ്വാനം ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളിൽ ക്രിസ്തുവിന്റെ സമാധാനം വാഴുന്നു (കൊലൊ. 3:15, ഫിലി 4.7, 2 യോഹ. 3, യൂദാ 2) എന്നും കാണുവാൻ കഴിയുന്നു.

മുഖം മനസിന്റെ കണ്ണാടിയാണ്. പലരും മനസിൽ നിറയെ മതവും, ജാതിയും, വിദ്വേഷവും, വെറുപ്പും കുത്തി നിറച്ച് കയീനെപ്പോലെ വാടിയ മുഖവുമായി നടക്കുന്നു. സൗഹാർദവും സഹാനുഭൂതിയും സാഹോദര്യവുമുള്ള ഒരു സമൂഹം വരും തലമുറകളിലും നിലനിൽക്കണം. അതിന് സമൂഹത്തിൽ ഐക്യവും സമാധാനവും പുലരേണ്ടത് ഇന്നലെകളെക്കാൾ ഇന്നിന്റെ വലിയ ആവശ്യകതയാണ്. എങ്കിൽ മാത്രമേ ബഹുസ്വരതയും അഖണ്ഡതയും നമ്മുടെ സമൂഹങ്ങളിൽ നിലനിൽക്കുകയും സമ്പന്നവും വൈവിദ്ധ്യപൂർണവുമായ നമ്മുടെ നാടിന്റെ പരമ്പരാഗതസമ്പത്തിൽ നമ്മുക്ക് എന്നും അഭിമാനിക്കുവാനും നാടിന്റെയും നാട്ടുകാരുടെയും ക്ഷേമവും അഭിവൃദ്ധിയും കാണുവാനും കഴിയുകയുള്ളു. മദർ തെരേസയുടെ വാക്കുകൾ നമ്മുക്ക് മറക്കാതിരിക്കാം, "സമാധാനം ഒരു പുഞ്ചിരിയിൽ ആരംഭിക്കുന്നു."

Advertisement