പേരിടുന്ന മനുഷ്യനും പേര് എഴുതുന്ന ദൈവവും
പേരിടുന്ന മനുഷ്യനും പേര് എഴുതുന്ന ദൈവവും
പാസ്റ്റർ ഗീവർഗീസ് ചാക്കോ
സങ്കീർത്തനം 49 കോരഹ്പുത്രന്മാരുടെ സങ്കീർത്തനം ആണ്. ആ സങ്കീർത്തനത്തിലെ ഉള്ളടക്കം കേൾക്കുവാൻ സകല ജാതികളെയും ആഹ്വാനം ചെയ്യുമ്പോൾ തന്നെ, സാമാന്യ ജനവും, ശ്രേഷ്ഠ ജനവും ധനവാന്മാരും, ദരിദ്രന്മാരും ഇതിന്റെ ഉള്ളടക്കം അറിയണമെന്ന് നാലാം വാക്യത്തിൽ പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോകത്തിലുള്ള ആരെയും തന്നെ അതിൽ നിന്നും മാറ്റി നിർത്തിയിട്ടില്ല എന്നു തന്നെ.
പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയതു ആണെന്ന് ഗ്രഹിക്കാതെ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധന സമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്ന മനുഷ്യനെ ഇവിടെ കാണുന്നു. അവരുടെ ആശ്രയം സമ്പത്തിൽ ആണ്. എങ്ങനെയെങ്കിലും സമ്പത്തു വർധിപ്പിക്കണമെന്ന വാഞ്ച സദൃ 11:28 ൽ പറയുന്നു. തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും. ആ സങ്കീർത്തനത്തിന്റെ 10,11 .12 വാക്യങ്ങൾ ഇപ്രകാരമാണ്. ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും, തങ്ങളുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടേച്ചു പോകയും ചെയ്യുന്നത് കാണുന്നുവല്ലോ. തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറ തലമുറയായും നില്ക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തർഗതം; തങ്ങളുടെ നിലങ്ങൾക്കു അവർ തങ്ങളുടെ പേരിടുന്നു. എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനിൽകയില്ല. അവൻ നശിച്ചു പോകുന്ന മൃഗങ്ങൾക്കു തുല്യൻ.
ധനം വർധിച്ചപ്പോൾ അവരുടെ നിലങ്ങൾക്കു തങ്ങളുടെ പേരിടുന്നവരായി, അങ്ങനെയുള്ളതുവരെ കാണുന്നു. അങ്ങനെയുള്ളവരുടെ ആയുസ്സിൽ മാത്രമല്ല, വരുവാനുള്ള തലമുറയിലും തങ്ങളുടെ പേർ നിലനിൽക്കണമെന്ന് ആഗ്രഹിച്ചു ഫൗണ്ടേഷനും മെമ്മോറിയലും ഒക്കെ കെട്ടിപൊക്കുന്നവരെയും നമ്മുടെ ഇടയിൽ കാണുന്നതിന് കഴിയും.
ദൈവവചനം എന്താണ് പറയുന്നത്. യിരെമ്യാവ് :17:7-8 യഹോവയിൽ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരുന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കുകയില്ല ; അതിന്റെ ഇല പച്ചയായിരിക്കും ;വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.' തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറയെയും നില്ക്കും എന്നു നിരൂപിക്കുന്നവർ തങ്ങളുടെ നിലങ്ങൾക്കു അവർ തങ്ങളുടെ പേരിടുന്നു.
അവരെ പാതാളത്തിനു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു.നേരുള്ളവർ പുലർച്ചയ്ക്കു അവരുടെ മേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം, വാക്യം:14
നിലങ്ങൾക്കു തങ്ങളുടെ പേരിടുന്നവരോടുള്ള സമ്പത്തിൽ ആശ്രയിക്കുന്നവരോടുള്ള ബന്ധത്തിൽ ദൈവവചനം തരുന്ന മുന്നറിയിപ്പ് 16.17 വാക്യങ്ങളിൽ കാണുന്നു. ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല.അവന്റെ മഹത്വം അവനെ പിൻ ചെല്ലുകയുമില്ല..
വേദപുസ്തകത്തിലെ ഏറ്റവും നടുവിലെ വിശേഷിക്കപ്പെടുന്ന സങ്കീ:118:8 9 വാക്യങ്ങൾ പറയുന്നു, വാക്യമെന്നു മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലതു പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലതു..
പ്രവാചകനായ യിരെമ്യാവ് ധനത്തെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക. യിരെമ്യാവ് :17:11 ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവൻ്റെ മധ്യയുസ്സിങ്കൽ അത് അവനെ വിട്ടു പോകും; ഒടുക്കം അവൻ ഭോഷനായിരിക്കും.'
1 തിമോ :6 :10 ൽ പറയുന്നു. "ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ ഇത് ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ദുഃഖങ്ങൾക്കു അധീനരായി തീർന്നിരിക്കുന്ന്നു.
അടുത്ത വാക്യം, നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അത് വിട്ടോടി, നീതി,ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.
1 തിമോ :6:7,8 ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ട് വന്നിട്ടില്ല. ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്കുക.
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമാണ്. ചിലർ അതിന്റെ പിന്നാലെ പോയി. അക്കാരണത്താൽ അവർ തങ്ങളുടെ വിശ്വാസം വിട്ടുഴലുവാൻ കാരണമായിത്തീർന്നു. അതോടുകൂടി അവർ ബഹു ദുഃഖങ്ങൾക്കു അധീനരായിത്തീരുവാനും ഇടയായിട്ടുണ്ട്. ചരിത്രം നമ്മെ അത് പഠിപ്പിക്കുന്നു. അതുകൊണ്ടു ദൈവം നമുക്ക് നൽകിയ ധനത്തിൽ സംതൃപ്തരാകാം. ദൈവവചനം പറയുന്നു, ഞാൻ ബാലനായിരുന്നു. വൃദ്ധനായിത്തീർന്നു. നീതിമാൻ തുണയില്ലാതിരിക്കുന്നതും അവൻറെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.' സങ്കീ:37:25 ദൈവത്തെ സേവിക്കുന്ന ദൈവജനത്തെ അവൻ പട്ടിണി കിടത്തുകയോ, മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുവാൻ അനുവദിക്കുകയോ ചെയ്യുകയില്ല,
ലൂക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായത്തിൽ കർത്താവു വേറെ എഴുപതു പേരെ തന്റെ പ്രവർത്തനത്തിനായി നിയോഗിക്കുന്നതായി കാണുന്നു. യേശു തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യന്മാർക്കും ഉപരിയായി ഈ എഴുപതു പേരെക്കൂടി കർത്താവു ഉപയോഗിക്കുന്നു. ചെന്നായ്ക്കളുടെ ഇടയിൽ കുഞ്ഞാടുകളെപ്പോലെ കർത്താവു അവരെ അയയ്ക്കുന്നതിനു ഇടയായി. സഞ്ചിയും പൊക്കണവും ഒന്നും എടുക്കാതെ പോകുവാൻ കർത്താവു അവരെ ആഹ്വാനം ചെയ്തു. രോഗികളെ സൗഖ്യമാക്കുവാനും ദൈവരാജ്യത്തെപ്പറ്റി അവരെ അറിയിക്കുവാനുമായി ഈരണ്ടു പേരെ വീതം കർത്താവു അയച്ചതായി അവിടെ വായിക്കുന്നു.
കർത്താവു അവർക്കു കൊടുത്ത നിയോഗം അവർ നിറപടിയായി നിവർത്തിച്ചിട്ടു അവർ സന്തോഷത്തോടുകൂടി കർത്താവിന്റെ അടുക്കൽ മടങ്ങി വരുന്നതായി നാം കാണുന്നു. അവർക്കു കർത്താവിനു കൊടുക്കുവാൻ ഒരു നല്ല റിപ്പോർട്ട് ഉണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കിയതും ദൈവരാജ്യം സുവിശേഷിച്ചതും കൂടാതെ അവർ പോയ സ്ഥലങ്ങളിൽ ഭൂതങ്ങളും യെശുവിന്റെ നാമത്തിൽ കീഴടങ്ങുന്ന കാഴ്ച അവർ കണ്ടു വളരെ സന്തോഷത്തോടു കൂടിയാണ് യെശുവിന്റെ അടുക്കൽ മടങ്ങി വന്നത്.
എന്നാൽ നിയോഗം നൽകി അയച്ച കർത്താവിനു അറിയാമായിരുന്നു അവരുടെ യാത്രകളിൽ അവർ അനുഭവിക്കേണ്ടി വന്ന ഓരോ കാര്യങ്ങളും. സാത്താൻ മിന്നൽ പോലെ ആകാശത്തുനിന്നു വീഴുന്ന കാഴ്ച കർത്താവു ആയിരുന്ന ഇടത്തുവെച്ചു കണ്ടു എന്നു മാത്രമല്ല, പാമ്പുകളെയും, തേളുകളെയും, ശത്രുവിന്റെ സകല ബലത്തെയും കെടുത്തുവാനും ഉള്ള അധികാരം കർത്താവു അവർക്കു നൽകുകയുണ്ടായി. ഒന്നും നിങ്ങള്ക്ക് ഒരു ദോഷവും വരുത്തുകയുമില്ല എന്നുള്ള ഉറപ്പുകൂടി കർത്താവു അവർക്കുകൊടുക്കുന്നു.
എന്നിട്ടു കർത്താവു പറയുന്ന അടുത്ത വാക്കുകളാണ് വളരെ ശ്രദ്ധേയമായി കാണുവാൻ കഴിയുന്നത്. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.
യേശുവിൻറെ നാമത്തിലുള്ള രോഗശാന്തിയും, യേശുവിൻറെ നാമത്തിലുള്ള ഭൂത ശാന്തിയും, ദൈവരാജ്യത്തെപ്പറ്റിയുള്ള പ്രഭാഷണങ്ങളും വളരെ നല്ല കാര്യമാണെങ്കിലും കർത്താവു പറയുന്നത് സന്തോഷിപ്പാൻ വക നൽകുന്ന കാര്യങ്ങൾ അതൊന്നും അല്ല.അവരുടെ പേർ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിനാൽ സന്തോഷിക്കണമെന്നാണ്. ശുശ്രൂഷകൾ വേണ്ട എന്നു കർത്താവു പറയുന്നില്ല. എന്നാൽ ശുശ്രൂഷകൾ നിറപടിയായി നിവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും സന്തോഷം ആ ശുശ്രൂഷകളിൽ ആയിരിക്കുന്നത്, മറിച്ചു നാം സ്വർഗത്തിന് അവകാശികൾ ആയിത്തീർന്നിരിക്കുന്നു എന്നുള്ളതിന്റെ തെളിവായി നമ്മുടെ പേർ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിനാൽ അത്രേ സന്തോഷിക്കണമെന്നു
കർത്താവു പറഞ്ഞത്. കാരണമെന്താണെന്ന് വെളിപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു.
വെളി:20:15 "ജീവപുസ്തകത്തിൽ പേർ എഴുതി കാണാത്ത ഏവനെയും തീ പൊയ്കയിൽ തള്ളിയിടും." രോഗശാന്തിയും,ഭൂതശാന്തിയും നടത്തി പ്രസംഗങ്ങളും വിഘ്‌നം കൂടാതെ ചെയ്തിട്ടും ഒടുവിൽ ഞാൻ നിങ്ങളെ
അറിയുന്നില്ല എന്നു പറയുന്നതിലും ശ്രേഷ്ഠമാണ് സ്വർഗത്തിൽ പേർ എഴുതപ്പെടുന്നത്.
ദൈവത്തിന്റെ വചനം യിരെമ്യാ പ്രവാചകനിൽ കൂടി അറിയിക്കുന്നത്, യിരെ:17;13 യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവരും ലജിച്ചു പോകും, എന്നെ വിട്ടു പോകുന്നവരെ മണ്ണിൽ എഴുതി വയ്ക്കും; അവർ ജീവനുള്ള വെള്ളത്തിന്റെ ഉറവയായ യഹോവയെ ഉപേക്ഷിച്ചു കളഞ്ഞുവല്ലോ.'
തീരുമാനം വ്യക്തികൾക്കാണ്. ഒന്നുകിൽ സമ്പത്തിൽ, പദവിയിൽ ബഹുമാനത്തിൽ ഒക്കെ പ്രശംസിക്കാം. അതിനുവേണ്ടി ആയുസ്സു മുഴുവൻ പ്രവർത്തിക്കാം.പക്ഷെ അത് താൽക്കാലികം മാത്രം. ഇവിടെനിന്നു ഒന്നും കൊണ്ടുപോകുകയില്ല.
ദൈവവചനം പറയുന്നു, 'അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവനും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.. ആ അനുഭവം പ്രാപിച്ചവരുടെ പേർ സ്വർഗത്തിൽ ദൈവം എഴുതും.
ഒന്നുകിൽ നമ്മുടെ പേർ നാം തന്നെ നമ്മുടെ നിലങ്ങളിൽ എഴുതും, അല്ലെങ്കിൽ നമ്മുടെ പേർ ദൈവം സ്വർഗത്തിൽ എഴുതും.ഇതിൽ തിരഞ്ഞെടുപ്പ് നാം തന്നെയാണ് ചെയ്യേണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ.
Advertisement