സോഷ്യല്‍ മീഡിയയും ചെറുപ്പക്കാരും മാനസികരോഗങ്ങളും

ഡോ. തോംസണ്‍ കെ. മാത്യു

സോഷ്യല്‍ മീഡിയയും ചെറുപ്പക്കാരും മാനസികരോഗങ്ങളും

സോഷ്യല്‍ മീഡിയയും ചെറുപ്പക്കാരും മാനസികരോഗങ്ങളും 

ഡോ. തോംസണ്‍ കെ. മാത്യു

മേരിക്കയുടെ ഇരുപത്തൊന്നാമത്തെ സര്‍ജന്‍ ജനറലാണ് ഡോ. വിവേക് മൂര്‍ത്തി. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും  ബിരുദങ്ങള്‍ എടുത്തിട്ടുള്ള ഇന്ത്യന്‍ വംശജനായ ഡോ. മൂര്‍ത്തി ഈയിടെ സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം മൂലം ചെറുപ്പക്കാര്‍ക്കുണ്ടാകുന്ന മാനസികരോഗങ്ങളെക്കുറിച്ച് രാജ്യത്തെ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി. ശാസ്ത്രീയ ഗവേഷണത്തിന്‍റെ വെളിച്ചത്തില്‍ പുറപ്പെടുവിച്ച 19 പേജുള്ള ഈ ഉപദേശം കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. അന്‍പതു സംസ്ഥാനങ്ങളുള്ള അമേരിക്കയുടെ എല്ലാ കോണുകളില്‍ നിന്നും യുവജനങ്ങള്‍ തന്നോട് മൂന്നുകാര്യങ്ങള്‍ പറയുന്നു എന്നു താന്‍ വ്യക്തിപരമായി പറഞ്ഞു. ഒന്ന്, സോഷ്യല്‍മീഡിയയുടെ ഉപയോഗം കഴിയുമ്പോള്‍ തങ്ങള്‍ക്കു തങ്ങളോടുതന്നെ വെറുപ്പുതോന്നുന്നു. രണ്ട്, തങ്ങളുടെ സ്നേഹിതരെക്കുറിച്ചും അതൃപ്തിയുണ്ടാകുന്നു. മൂന്ന്, സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിര്‍ത്താന്‍കഴിയാതെയും ഇരിക്കുന്നു. ടെക് കമ്പനികളുടെ പരീക്ഷണത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ കുരുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. 
13-17 വയസ്സുവരെയുള്ളവരില്‍ 95 ശതമാനംപേര്‍ ഒരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമെങ്കിലും ഉപയോഗിക്കുന്നുണ്ട്. അവരില്‍ മൂന്നില്‍ ഒരു കൂട്ടര്‍ക്ക് ഈ ഉപയോഗം നിര്‍ത്തുവാന്‍ കഴിവില്ല. കുടിയന്മാരെപ്പോലെ അവര്‍ അഡിക്റ്റഡ് ആണ്. തലച്ചോറിന്‍റെ വളര്‍ച്ചയുടെ പ്രാധാന്യമേറിയ ഈ സമയം ഇത്തരം ഉപയോഗം അവരുടെ വളര്‍ച്ചയെയും സ്വയബോധത്തെയും വളരെ അപകടകരമായി ബാധിക്കുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓരോ കുടുംബത്തിനും ഒരു മാധ്യമ ഉപയോഗപദ്ധതി വേണമെന്ന് ഡോ. മൂര്‍ത്തി ഉപദേശിക്കുന്നു.

മീഡിയാ മൂലം തലയുയര്‍ത്തി കുട്ടികള്‍ മുഖത്തുനോക്കുന്നില്ല എന്നതു മാത്രമല്ല, ഇതിന്‍റെ പരിണിതഫലം. സോഷ്യല്‍മീഡിയയുടെ ഉപയോഗവും മാനസികരോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും ഗവേഷകര്‍ കണ്ടുപിടിച്ചു. യുവജനങ്ങളുടെ മാനസികരോഗങ്ങളില്‍ വലിയ വര്‍ധനവ് അമേരിക്കയില്‍ ഉണ്ടായിരിക്കുന്നു എന്നു സര്‍ജന്‍ ജനറല്‍ പറയുന്നു. ആധി, മനോതാപം, ആത്മഹത്യാശ്രമം മുതലായ രോഗങ്ങള്‍ക്കൊപ്പം പഠനത്തിനു തടസ്സമായ ഹൈപ്പര്‍ ആക്ടിവിറ്റിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ദിവസം മൂന്നുമണിക്കൂര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇരട്ടിയാണ് ലക്ഷണങ്ങള്‍. പെണ്‍കുട്ടികള്‍ക്കാണ് ആണ്‍കുട്ടികളെക്കാള്‍ അപകടം.    

മീഡിയയുടെ ഉപയോഗം നിയന്ത്രിക്കുവാന്‍ സ്കൂളുകളില്‍ പാഠപദ്ധതി വേണമെന്ന് ഡോ. മൂര്‍ത്തി പറയുന്നു. യുവജനങ്ങള്‍ക്കുണ്ടാകുന്ന തകരാറുകളെക്കുറിച്ച് ടെക്കുകമ്പനികള്‍ നടത്തിയിട്ടുള്ള ഗവേഷണഫലം മറച്ചുവയ്ക്കാതെ ഈ കമ്പനികള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ബന്ധമായി ഇത്തരം കമ്പനിവക ഗവേഷണം പരസ്യപ്പെടുത്തുവാന്‍ നിര്‍ഭാഗ്യവശാല്‍ സര്‍ജന്‍ ജനറലിന് അധികാരമില്ല.
ഡോ. മൂര്‍ത്തിയുടെ മുന്നറിയിപ്പിനു സമമായി അമേരിക്കയിലെ മനഃശാസ്ത്രജ്ഞരുടെ സംഘടനയായ എ.പി.എയും ഒരു മുന്നറിയിപ്പ് ഈയിടെ ഇറക്കി. സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിനു എ.പി.എ. എതിരല്ല. അതിന്‍റെ അമിത ഉപയോഗമാണ് അപകടം എന്ന് അവര്‍ പറയുന്നു.
ന്യൂയോര്‍ക്ക് ടൈംസില്‍ സ്ഥിരമായി എഴുതുന്ന ടിഷ് വാറന്‍ എന്ന ക്രിസ്തീയ എഴുത്തുകാരി ഈ വിഷയത്തെക്കുറിച്ച് ഈ ആഴ്ച എഴുതി; മനുഷ്യന്‍ ജനിക്കുമ്പോള്‍ തിരയുന്നത് ഒരു സ്ക്രീന്‍  കാണുവാനല്ല; ഒരു മുഖം കാണുവാനാണെന്നു മറക്കരുത്. സാത്താന്‍റെ തന്ത്രങ്ങളെക്കുറിച്ച് വേദപുസ്തകം ഉപയോഗിക്കുന്ന വാക്കാണ് ഡിവൈസ്  എന്നുള്ളത്. സ്മാര്‍ട്ട് ഫോണിനെ ഒരു ഡിവൈസായി ഉപയോഗിക്കുന്നത് അപകടകരമാണെന്നും പകരം അതിനെ ഒരു ഉപകരണമായി മാത്രം  ഉപയോഗിക്കണമെന്നും വാറന്‍ ഉപദേശിക്കുന്നു. നേരിട്ട് പരിചയപ്പെട്ടവരുമായി ബന്ധം തുടരുവാന്‍ ടെക്നോളജി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, കണ്ടിട്ടില്ലാത്ത, സെലിബ്രിറ്റികളുടെ അടിമയായി, അനുഗാമികളുമായി തുടരുന്നത് ബുദ്ധികേടാണെന്നും ടിഷ് വാറന്‍ ടൈംസില്‍ എഴുതി.

മാതാപിതാക്കളുടെയും അധ്യാപകരുടെയും പാസ്റ്റര്‍മാരുടെയും ശ്രദ്ധയിലേക്ക് ഞാന്‍ വിഷയം കൊണ്ടുവരുന്നു. വീടുകളിലും സഭകളിലും സ്കൂളുകളിലും ഈ വിഷയം ചര്‍ച്ചാവിഷയം ആകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

Advertisement