വി​ജ​യ​പ​ഥ​ത്തി​ൽ ച​ന്ദ്ര​യാ​ൻ-3, ഇ​നി കാ​ത്തി​രി​പ്പി​ന്‍റെ നാ​ളു​ക​ൾ

വി​ജ​യ​പ​ഥ​ത്തി​ൽ ച​ന്ദ്ര​യാ​ൻ-3, ഇ​നി കാ​ത്തി​രി​പ്പി​ന്‍റെ നാ​ളു​ക​ൾ

വിശാഖപട്ടണം: രാജ്യത്തിന്‍റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയകരം. നിശ്ചിത സമയത്തിനുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍- 3 പേടകം വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു.

ഇനി 40 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ-3 ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ഇതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. നിലവിലെ താൽക്കാലിക പാർക്കിംഗ് ഓർബിറ്ററിൽ (താൽക്കാലിക പരിക്രമണ പാത) തുടരുന്ന പേടകത്തെ ഇനി മുന്നോട്ടു നയിക്കുക പേടകത്തിന്‍റെ പ്രധാന ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യുൾ ആണ്.

ഘട്ടം ഘട്ടമായി സഞ്ചാരപാത ഉയർത്തി ദിവസങ്ങൾ എടുത്ത് പേടകത്തെ ഭൂമിയുടെ ഭ്രമണപഥം കടത്തലാണ് ഇനിയുള്ള കടമ്പ. അഞ്ചു തവണകളായി ഇതിനായി സഞ്ചാരപാത മാറ്റും. അപ്പോഴേക്കും പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങും.

രാജ്യത്തിന് അഭിമാന നിമിഷമാണിതെന്നും പദ്ധതിക്കായി സഹകരിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നതായും ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് പറഞ്ഞു.