വിതച്ചതെല്ലാം നൂറുമേനിയാക്കി പാസ്റ്റർ ബേബി ജോൺ; മികച്ച കർഷകനുള്ള അവാർഡ് നേടി വയനാട്ടിൽ നിന്നൊരു പാസ്റ്റർ

വിതച്ചതെല്ലാം നൂറുമേനിയാക്കി പാസ്റ്റർ ബേബി ജോൺ;  മികച്ച കർഷകനുള്ള അവാർഡ് നേടി വയനാട്ടിൽ നിന്നൊരു പാസ്റ്റർ
പാസ്റ്റർ ബേബി ജോൺ കൃഷിയിടത്തിൽ

വിതച്ചതെല്ലാം നൂറുമേനിയാക്കി പാസ്റ്റർ ബേബി ജോൺ

മികച്ച കർഷകനുള്ള അവാർഡ് നേടി വയനാട്ടിൽ നിന്നൊരു പാസ്റ്റർ

സന്ദീപ് വിളമ്പുകണ്ടം 

വിതച്ച വിത്തെല്ലാം നൂറു മേനി കൊയ്യുകയാണ് പാസ്റ്റർ ബേബി ജോൺ. വഴിയരികിലും പാറപുറത്തും മുള്ളിനിടയിലും വീണ വിത്തുകളെക്കുറിച്ച് വേവലാതിയില്ലെങ്കിലും നല്ല നിലത്ത് വീണ വിത്തുകൾ നൂറുമേനിയാക്കാൻ ബേബി പാസ്റ്ററിന് കഴിഞ്ഞതിനാലാവണം പ്രവർത്തിച്ചിടത്തെല്ലാം സഭകളും ഒപ്പം മികച്ച കർഷകനുള്ള അവാർഡും നേടാനായതും.

രണ്ടിനും ക്ഷമയും നിരന്തര പരിപാലനവും വേണമെന്നാണ് ബേബി പാസ്റ്ററ്ററുടെ കർഷക തത്വം. കലർപ്പില്ലാത്ത വളവും ആവശ്യത്തിന് ജലവും  ലഭിക്കുകയാണെങ്കിൽ ഒരു കാലത്തും സമൂഹത്തിനു ദോഷം ചെയ്യുന്ന കീടനാശിനി ഉപയോഗിക്കേണ്ടിവരില്ല. കൃഷിയിടത്തിലെ കളകളൊക്കെ ആദ്യമൊക്കെ ഏറെ ഭയപ്പാട് ഉണ്ടാക്കിയെങ്കിലും 'ഗോതമ്പും കളയും കൊയ്ത്തുവരെ വളരട്ടെ; കൊയ്ത്ത് കാലത്ത് ഞാൻ കൊയ്യുന്നവരോട് മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവയ്ക്കുവാനും കല്പിക്കും' എന്ന് പറഞ്ഞ അരുമനാഥനിൽ എല്ലാം സമർപ്പിച്ചിരിക്കുകയാണ് പാസ്റ്റർ ബേബി.

മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് നേടിയിരിക്കുകയാണ് അസംബ്ലീസ് ഓഫ് ഗോഡ് മേപ്പാടി സഭാ ശുശ്രൂഷകൻ പാസ്റ്റർ ബേബി ജോൺ നെടുങ്ങാട്ട്. വൈത്തിരി ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ അവാർഡാണ് ഈ പ്രേഷിതപ്രവർത്തകനെ തേടിയെത്തിയത്. വൈത്തിരിയിൽ താമസമാക്കിയ അദ്ദേഹം സ്വന്തം പുരയിടത്തിൽ ആട്, കോഴി, താറാവ്, പശു, മുയൽ എന്നിവയ്ക്ക് പുറമെ കവുങ്ങ്, തെങ്ങ്, കുരുമുളക്, വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. 

കാർഷികവൃത്തിയിൽ മാത്രമല്ല സഭാ പ്രവർത്തനങ്ങളിലും ഉത്സാഹിയായ ഇദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിലാണ് വയനാട് വൈത്തിരിയിൽ ചില വർഷങ്ങൾക്ക്  മുമ്പ് എ.ജി സഭാപ്രവർത്തനം ആരംഭിച്ചതും, സഭാ ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ക്രമീകരിച്ചതും. ശേഷം മലബാറിൽ വിവിധ ഇടങ്ങളില്‍ ഇടയശുശ്രൂഷയും പാലക്കാട്, കാസര്‍ഗോഡ് സെക്ഷന്‍ പ്രസ്ബിറ്ററായും സേവനം ചെയ്ത പാസ്റ്റര്‍ ബേബി, കോവിഡിന്റെ ആരംഭസമയത് വയനാട്ടിലേക്ക് തിരികെ വന്നു. തനിക്കു സ്വന്തമായുള്ള സ്ഥലത്തു ചെറിയ ഒരു വീട് പണിയുകയും സമീപ പ്രദേശമായ മേപ്പാടിയിൽ പുതിയ ഒരു സഭാ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി നേരിട്ട കോവിഡ് മഹാമാരിയിൽ എല്ലാം സംവിധാനങ്ങളും സ്തംഭിച്ചപ്പോൾ ആരംഭിച്ച ഈ കൃഷികളാണ് തനിക്കു ഉപജീവനമായതും, ഇന്ന് അവാർഡ് ലഭിക്കുവാൻ വരെ കാരണമായി തീർന്നതെന്നും അദ്ദേഹം ഗുഡ്‌ന്യൂസിനോട് പറഞ്ഞു. കൊറോണ പേടിയിൽ പലരും മാനസീകമായി തളർന്നു വീട്ടിൽ അടച്ചുപൂട്ടി ഇരുന്നപ്പോൾ, വ്യത്യസ്തമായി ചിന്തിച്ച്, സ്വന്തമായുള്ള ചെറിയ സാഹചര്യത്തിൽ കാർഷികവൃത്തിയിൽ ഏർപെട്ടതിൽ ഏറെ സംതൃപ്തനാണ് പാസ്റ്റർ ബേബി ജോൺ. അഭിരുചി മനസിലാക്കിയ സഹധർമ്മിണി ജിജി ബേബിയും പൂർണപിന്തുണ നൽകി വളരെ ഉത്സാഹത്തോടെ ഇദ്ദേഹത്തിനോടപ്പമുണ്ട്. പാസ്റ്റർ ബേബി ജോണിൽ നല്ലൊരു കർഷകൻ കൂടി ഒളിഞ്ഞിരിക്കുന്നുവെന്നു മനസിലാക്കിയ തന്റെ കൂട്ട് പ്രവർത്തകരും മികച്ച പ്രോത്സാഹമാണ് നൽകുന്നത്.

Advertisement