പ്രാർത്ഥന ലോകത്തെ വ്യത്യാസപ്പെടുത്തും: ജോസ് ജോർജ്; ഉണർവ്വിൻ്റെ ജ്വാല പകർന്ന് ഹോളിബീറ്റ്സ് പ്രാർത്ഥനാ സംഗമത്തിനു സമാപനം
കൊച്ചി: ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനാ സംഗമവും സ്തോത്ര ശുശ്രൂഷയും മാർച്ച് 20 ന് വെള്ളിയാഴ്ച മരടിൽ നടന്നു. ഹോളിബീറ്റ്സ് ഡയറക്ടർ ജോസ് ജോർജ്, ബിനോയ് ചാക്കോ എന്നിവർ നേതൃത്വം നൽകി.
ലോകം അത്യന്തം സംഘർഷഭരിതമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ ദൈവജനം സമാധാനത്തിനു വേണ്ടിയും ലോകനേതാക്കൾ ദൈവിക പരിജ്ഞാനത്താൽ രാഷ്ട്രങ്ങളെ നയിക്കേണ്ടതിനും പ്രാർത്ഥിക്കണമെന്ന് ജോസ് ജോർജ് പറഞ്ഞു. പ്രാർത്ഥന ലോകത്തെ വ്യത്യാസപ്പെടുത്തും. ദൈവജനം ഈ അന്ത്യകാലത്ത് പ്രാർത്ഥനയിൽ ഉറ്റിരിക്കണം - അദ്ദേഹം ഓർമിപ്പിച്ചു.

ഹോളി ബീറ്റ്സ് നാലു പതിറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി സംഘടിപ്പിച്ച "ഹോളി നൈറ്റ് 26" എന്ന മെഗാ സംഗീതസായാഹ്നത്തിൽ പങ്കെടുത്ത കലാകാരന്മാരെല്ലാം ഒത്തുകൂടിയ ഈ സമ്മേളനത്തിൽ പാസ്റ്റർമാരായ സാംസൺ കോട്ടൂർ, പോൾസൺ സ്റ്റീഫൻ, ജോൺ മാത്യു, ബിജു ജേക്കബ്, ബിനു ചാരുത എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ബ്ലെമിൻ, ഫെബിൻ, വി.ജെ. ട്രാവൻ, ലാൽ പ്രസാദ്, റീത്ത മാനുവൽ, ടെസി തോമസ് തുടങ്ങിയവർ സംഗീത ശുശ്രൂഷ നിർവഹിച്ചു.
പങ്കെടുത്ത എല്ലാ ഗായകരും സംഗീത പ്രവർത്തകരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഹോളിബീറ്റ്സിൻ്റെ സ്തോത്ര ശുശ്രൂഷാസംഗമമായ "ഹോളി നൈറ്റ് 26" അവിസ്മരണീയമാക്കിയ എല്ലാ കലാകാരന്മാർക്കും ജോസ് ജോർജ് നന്ദി അറിയിച്ചു. സംഗീതത്തിലൂടെയുള്ള സുവിശേഷഘോഷണ പ്രയാണത്തിൽ എല്ലാവരുടെയും പ്രാർത്ഥനയും പങ്കാളിത്തവും അദ്ദേഹം അഭ്യർത്ഥിച്ചു.
Advertisement



























































