മെറിറ്റ് അവാർഡ് വിതരണവും കരിയർ ഗൈഡൻസും ശനിയാഴ്ച; മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും

മെറിറ്റ് അവാർഡ് വിതരണവും കരിയർ ഗൈഡൻസും ശനിയാഴ്ച; മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും

കായംകുളം: ഡിപിഎം ഇന്ത്യയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  എസ്എസ്എൽസി, പ്ലസ് ടു മെറിറ്റ് അവാർഡ് വിതരണവും സൗജന്യ കരിയർ ഗൈഡൻസ് ക്ലാസും ജൂൺ 20 ശനിയാഴ്ച നടക്കും. കായംകുളം മുൻസിപ്പൽ ടൗൺ ഹാളിൽ രാവിലെ 9 ന് ആരംഭിക്കുന്ന യോഗം സംസ്ഥാന സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും.

എഴുത്തുകാരൻ പാസ്റ്റർ ജെറി പൂവക്കാല അധ്യക്ഷത വഹിക്കും. ഏ. ജി കായംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ടി.വി. പൗലോസ് ലഘു പ്രഭാഷണം നിർവഹിക്കും. കായംകുളം മുൻസിപ്പൽ ചെയർമാൻ ഉൾപ്പെടെയുള്ള പ്രമുഖ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു (CBSE, ICSE, VHSE) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ കായംകുളത്തെയും സമീപപ്രദേശങ്ങളിലെയും 158 മിടുക്കരായ വിദ്യാർത്ഥികൾക്കാണ് ഡി.പി.എം ഇന്ത്യയുടെ മെറിറ്റ് അവാർഡും സ്പെഷ്യൽ ഗിഫ്റ്റും നൽകി ആദരിക്കുന്നത് എന്ന് ഡയറക്ടർ പാസ്റ്റർ വർഗ്ഗീസ് ബേബി അറിയിച്ചു.

അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ കരിയർ ഗുരു മനുകുമാർ ആലിയോട് ക്ലാസിന് നേതൃത്വം നൽകും. എൻട്രൻസ് പരീക്ഷകളുടെ പ്രാധാന്യം, രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കോളർഷിപ്പോടെ പഠിക്കാൻ സാധിക്കുന്ന വിവിധ അംഗീകൃത കോഴ്സുകൾ, ക്യാമ്പസുകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.